Monday , January   21, 2019
Monday , January   21, 2019

ഹജ് തീർത്ഥാടകരുടെ മെഡിക്കൽ പരിശോധന കർശനമാക്കും

നിപ്പാ വൈറസ് കാണാപുറങ്ങൾ-3

നിപ്പാ വൈറസിൽ നിന്ന് സംസ്ഥാനം പൂർണമായും മുക്തമാവുമെന്നുള്ള പ്രതീക്ഷയാണ് നിലവിലുള്ളത്. ഇത് വഴി നിയന്ത്രണങ്ങൾ ഗൾഫ് രാജ്യങ്ങൾ പിൻവലിക്കുമെന്നുളള പ്രതീക്ഷയിലാണ് മലയാളികളത്രയും. അടുത്ത കാലത്തെ നിപ്പാ രോഗപരിശോധനകളുടെ ഫലങ്ങൾ നെഗറ്റീവാണ് എന്നതും വലിയ ആശ്വാസമാണ് പകരുന്നത്. സംസ്ഥാന ഗവൺമെന്റിന്റെ മുൻകരുതലും ജാഗ്രതയും ഇവിടെ അടിവരയിട്ടു പറയേണ്ടതുമുണ്ട്. 

 നിപ്പാ വൈറസ് മുൻനിർത്തി വിദേശ രാജ്യങ്ങൾ മുൻകരുതലെടുത്തു വരികയാണ്. ഇതിന്റെ ഭാഗമായാണ് കുവൈത്തും, യു.എ.ഇ എന്നീ രാജ്യങ്ങളും കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നത്. കേരളത്തിൽനിന്ന് കുവൈത്തിൽ എത്തുന്ന യാത്രക്കാരെ കുവൈത്ത് വിമാനത്താവളത്തിൽ തെർമൽ സ്‌കാനിങ്ങിന് വിധേയമാക്കി വരികയാണ്. യാത്രക്കാരന്റെ ശരീരോഷ്മാവ് 37 സെൽഷ്യസിൽ കൂടുതലാണെന്ന് വിമാനത്താവളത്തിലെ തെർമൽ സ്‌കാനർ വഴി കണ്ടെത്തിയാൽ ഇവരെ നിർദേശിക്കപ്പെട്ട ക്ലിനിക്കിലേക്ക് മാറ്റും. ശരീരോഷ്മാവ് 37 ഡിഗ്രി സെൽഷ്യസിൽ കൂടുതലില്ലെങ്കിൽ പ്രശ്‌നങ്ങളില്ല.
കേരളത്തിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങളിൽ വന്നിറങ്ങുന്നവർക്കാണ് വിമാനത്താവള കവാടത്തിൽ ഡോക്ടറും നഴ്‌സും ഉൾപ്പെട്ട സംഘം പ്രത്യേക ഫോം നൽകുന്നത്. യാത്രക്കാർ ഫോം  പൂരിപ്പിച്ച്  ക്ലിനിക്കിൽ സമർപ്പിക്കണം. കണക്ഷൻ വിമാനങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് ആവശ്യപ്പെടുന്നപക്ഷം ക്ലിനിക്കിൽ എത്തി ഫോം പൂരിപ്പിച്ചു നൽകിയാൽ മതി.
യു.എ.ഇയിലും കർശന നിയന്ത്രണങ്ങളണ്ട്. കേരളത്തിൽ നിന്നുള്ള വിമാനങ്ങളിലെ യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കുകയാണ്.  ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അവരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാൻ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുമായെത്തുവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. വിമാനക്കമ്പനികൾക്കും ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എയർഇന്ത്യ യാത്രക്കാരന് ആവശ്യമായ മെഡിക്കൽ ഫോമുകൾ വിമാനങ്ങളിൽ വിതരണം ചെയ്യുന്നുമുണ്ട്.
നിപ്പാ വൈറസ് മുൻനിർത്തി ഈ വർഷത്തെ ഹജ് തീർത്ഥാടകരുടെ മെഡിക്കൽ പരിശോധന കർക്കശമാക്കിയേക്കും. ഹജ് തീർത്ഥാടകർക്ക് പതിവ് പരിശോധനകൾക്ക് കുത്തിവെപ്പിനും പുറമെ ശരീരോഷ്മാവ് അടക്കം പരിശോധിച്ച് പ്രത്യേക മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കേണ്ടി വരുമെന്നാണ് ഹജ് കമ്മിറ്റിയുടെ വിലയിരുത്തൽ. എന്നാൽ സൗദി ഹജ് കാര്യാലയത്തിൽ ഇതുവരെ സർക്കുലറുകൾ എത്തിയിട്ടില്ലെന്ന് സംസ്ഥാന ഹജ് കമ്മിറ്റി അധികൃതർ പറഞ്ഞു.
ജൂലൈ മുതലാണ് ഇന്ത്യയിൽ നിന്നുള്ള ഹജ് സർവീസുകൾ ആരംഭിക്കുന്നത്. കേരളത്തിൽ ജൂലൈ 29 മുതലും തുടങ്ങും. സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതൽ പേർക്ക് ഹജിന് അവസരം ലഭിച്ചത് കോഴിക്കോട്, മലപ്പുറം ജില്ലയിൽ നിന്നുളളവർക്കാണ്. നിപ്പാ വൈറസ് കണ്ടെത്തിയത് കൂടുതലും കോഴിക്കോട്, മലപ്പുറം ജില്ലകളിലുമാണ്.
കേരളത്തിന് പുറമെ ലക്ഷദ്വീപ്, മാഹി എന്നിവടങ്ങളിൽ നിന്നുള്ള തീർത്ഥാടകരും സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിലാണ് ഹജിന് പോകുന്നത്. ഈ വർഷം 12,000 ഓളം പേരാണ് കേരളത്തിൽ നിന്ന് ഹജിന് പോകുന്നത്. സാധാരണയായി ഹജ് ത്ഥാടകർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റുകൾക്കൊപ്പം മെനിെൈഞ്ചറ്റിസ് രോഗത്തിനുള്ള കുത്തിവെപ്പ് എടുക്കണമെന്ന് നിർബന്ധമാണ്. ഇതിനു പുറമെ തുള്ളിമരുന്നും നൽകും.
1987 ഹജ് കാലയളവിൽ മക്കയിലും മദീനയിലും മെനിഞ്ചെറ്റിസ് രോഗം പടർന്നതിനെ തുടർന്ന് ഹജ്ജാജിമാർക്ക് യാത്രയുടെ 10 ദിവസം മുമ്പ് കുത്തിവെപ്പ് നിർബന്ധമാക്കിയത്.
  
വിദേശികളുടെ വരവ് കുറയുന്നു
കേരളത്തിലെ മൺസൂൺ ആസ്വദിക്കാൻ കൂടുതൽ എത്തിയിരുന്നത് അറബികളാണ്.
എന്നാൽ കേരളത്തിലേക്കുളള യാത്രകൾ നിർത്തിവെക്കണമെന്ന് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് അവരുടെ രാജ്യങ്ങൾ നിർദേശം നൽകിയിട്ടുണ്ട്.
മൺസൂൺ ആവുന്നതോടെ സാധാരണയായി മലബാറിലെ ബേപ്പൂർ,വയനാട്,കാപ്പാട് ടൂറിസ്റ്റ് മേഖലകളിലേക്ക് വിദേശികളുടെ വരവ് ക്രമാതീതമായി വർധിക്കാറുണ്ട്.
മലബാറിലെ ആയുർവേദ കേന്ദ്രങ്ങളിലേക്കുളള വിദേശികളായ ചികിൽസാർഥികളുടെ പ്രവാഹവും ഈയിടെയായി കുറഞ്ഞിട്ടുണ്ട്.
വിദേശികൾക്ക് പുറമെ ഗൾഫിൽ ജോലി ചെയ്യുന്ന മലയാളികൾ നാട്ടിലേക്കുളള മടക്ക യാത്രയും ഉപേക്ഷിക്കുന്നുണ്ട്. ആയതിനാൽ തന്നെ പെരുന്നാൾ തിരക്ക് വിമാനങ്ങളിൽ ഇത്തവണ കുറവാണ്.
നിപ്പാ വൈറസിൽ നിന്ന് സംസ്ഥാനം പൂർണമായും മുക്തമാവുമെന്നുള്ള പ്രതീക്ഷയാണ് നിലവിലുള്ളത്. ഇത് വഴി നിയന്ത്രണങ്ങൾ ഗൾഫ് രാജ്യങ്ങൾ പിൻവലിക്കുമെന്നുളള പ്രതീക്ഷയിലാണ് മലയാളികളത്രയും. അടുത്ത കാലത്തെ നിപ്പാ രോഗപരിശോധനകളുടെ ഫലങ്ങൾ നെഗറ്റീവാണ് എന്നതും വലിയ ആശ്വാസമാണ് പകരുന്നത്. സംസ്ഥാന ഗവൺമെന്റിന്റെ മുൻകരുതലും ജാഗ്രതയും ഇവിടെ അടിവരയിട്ടു പറയേണ്ടതുമുണ്ട്. (അവസാനിച്ചു) 
 

Latest News