Monday , March   25, 2019
Monday , March   25, 2019

നിപ്പാ തീർത്ത പ്രതിസന്ധി

ഏതു കാര്യത്തിലും ജാഗ്രത വേണം. എന്നാൽ ജാഗ്രതയുടെ പേരിലുള്ള അമിത പ്രചാരണം ആശങ്കക്കു വഴിവെക്കും. ഭയപ്പാടിന്റെ അന്തരീക്ഷം സൃഷ്ടിക്കും. അനിശ്ചിതത്വവും നിശ്ചലതയും ഉണ്ടാക്കും. അങ്ങനെ അത് ജീവിതത്തിന്റെ സർവ മേഖലകളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. നിപ്പാ വൈറസ് ബാധയുടെ പേരിൽ പ്രവാസ ലോകത്തുണ്ടായ അനുരണങ്ങൾ ഇതിന്റെ പ്രതിഫലമായിരുന്നു. നാട്ടിലെ ഭീതി ഏതാണ്ട് കെട്ടടങ്ങാനും ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും തുടങ്ങിയെങ്കിലും ഗൾഫ് മേഖലയിൽ അതിന്റെ പ്രതിഫലന തോത് ശക്തമാവുകയാണ്. കേരളത്തിൽ നിന്നുള്ള പഴം പച്ചക്കറി ഇറക്കുമതി നിരോധം, അനിവാര്യകാരണങ്ങളാലല്ലാതെ കേരളത്തിലേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്ന് തങ്ങളുടെ പൗരൻമാർക്ക് ഗൾഫ് രാജ്യങ്ങൾ നൽകിയ നിർദേശം, എന്തിനേറെ സ്വന്തം നാട്ടിലേക്ക് അവധിക്ക് പോകാനുള്ള തീരുമാനം റദ്ദാക്കപ്പെടുന്ന പ്രവാസികൾ ഇതെല്ലാം കാണിക്കുന്നത് നിപ്പാ സൃഷ്ടിച്ച ആശങ്ക ഗൾഫ് മേഖലയിൽ നിന്നു മാറാൻ ഇനിയും സമയമെടുക്കുമെന്നാണ്. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും കേരളത്തിൽ നിലനിൽക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് പ്രഖ്യാപിച്ചാലും ഗൾഫ് രാജ്യങ്ങളിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ആശങ്ക നീങ്ങിക്കിട്ടാൻ ഇനിയും കാലമെടുക്കും. അതിന് ലോകാരോഗ്യ സംഘടനയുടെ ഇടപെടലുകൾ തന്നെ വേണ്ടി വന്നേക്കും. നിലവിൽ നിരീക്ഷണത്തിലുള്ള വരിൽ രണ്ടു പേരൊഴികെ മറ്റാരിലും നിപ്പാ വൈറസ് ബാധയുടെ ലക്ഷണമില്ലെന്നും, രോഗവ്യാപനം ഉണ്ടാവുന്നില്ലെന്നുമാണ് പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നതെന്നുമുള്ള സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും പ്രസ്താവനകൾ ഉണ്ടെങ്കിലും, 
ഇക്കാര്യങ്ങൾ വിലയിരുത്തി ലോകാരോഗ്യ സംഘടന പോലുള്ള അംഗീകൃത ഏജൻസികളുടെ പ്രതികരണം ഉണ്ടാകുന്നതുവരെ ഗൾഫ് മേഖലയിൽ രൂപപ്പെട്ടിട്ടുള്ള സംശയങ്ങളും ആശങ്കകളും നീങ്ങുക പ്രയാസമായിരിക്കും. അതു നീങ്ങുന്നതുവരെ കേരളത്തിനുണ്ടാക്കാവുന്ന നഷ്ടങ്ങൾ ചില്ലറയല്ല. പഴം, പച്ചക്കറി ഇറക്കുമതി നിരോധത്തിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഇതിനകം ഉണ്ടായി കഴിഞ്ഞു. ഇത് കയറ്റുമതി, ഇറക്കുമതിക്കാരെ മാത്രമല്ല സാധാരണക്കാരായ കർഷകരെ പോലും ബാധിച്ചു. മൺസൂൺ കാല വിനോദസഞ്ചാര, ചികിത്സാ രംഗമാണ് മറ്റൊരു മേഖല. മൺസൂൺകാല സീസൺ ആസ്വദിക്കുന്നതിനും സുഖചികിത്സക്കുമായി ഗൾഫ് മേഖലയിൽ നിന്ന് ആയിരക്കണക്കിന് അറബികളാണ് എത്താറുള്ളത്. ഈ സീസണിൽ അവർ കേരളത്തിലേക്കു വരാനുള്ള സാധ്യത വിരളമാണ്. ഇത് വഴി ലക്ഷണങ്ങളുടെ നഷ്ടം വിനോദ സഞ്ചാര മേഖലക്കുമുണ്ടാകും. സ്‌കൂൾ അവധിക്കാലത്ത് നാട്ടിലെത്തേണ്ട പ്രവാസികൾ നാട്ടിൽ എത്താതിരുന്നാൽ അതും സാമ്പത്തിക മേഖലക്ക് കനത്ത തിരിച്ചടിയാവും. ഏതെങ്കിലും സാഹചര്യത്തിൽ യാത്രാബാൻ ഉണ്ടായാൽ അവധിയിൽ നാട്ടിലുള്ളവർക്ക് തിരിച്ചുപോരുന്നതിനും പ്രയാസം ഉണ്ടാക്കും. അങ്ങനെ എല്ലാംകൊണ്ടും കൂനിൻമേൽ കുരുപോലെയായിരിക്കുകയാണ് കാര്യങ്ങൾ. 
ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിൽ പ്രവാസികൾക്കും പങ്കുണ്ടെന്നു പറഞ്ഞാൽ ആരേയും കുറ്റപ്പെടുത്താനാവില്ല. നിപ്പായെക്കുറിച്ച് ഭീതി ജനിപ്പിക്കുന്ന ചില സന്ദേശങ്ങളുടെ ഉറവിടങ്ങളും പ്രചാരകരായി അറിഞ്ഞോ, അറിയാതെയോ പ്രവാസികളും മാറിയിരുന്നു. നിപ്പാ റിപ്പോർട്ട് ചെയ്ത വേളയിൽ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീതിജനകമായ സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു. നിപ്പായുടെ ഉറവിടം യഥാർത്ഥത്തിൽ ഇനിയും കണ്ടെത്തിയിട്ടില്ല. എന്നാൽ ഉറവിടം കണ്ടെത്തുന്നതിനും അതിന്റെ വ്യാപന വ്യാപ്തി തിരിച്ചറിയുന്നതിനും മുൻപെ ട്രാവൽബാൻ ഉൾപ്പെടെ ഗൾഫ് മേഖലയിൽ ഇതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്ന പ്രചാരണം ശക്തമായിരുന്നു. ഗൾഫ് രാജ്യങ്ങളുടെ ഭരണ കർത്താക്കൾ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനു മുൻപെ തന്നെ ഇത്തരം സന്ദേശങ്ങൾക്ക് ലഭിച്ച പ്രചാരണം വളരെ വ്യാപകമായിരുന്നു. 
ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ മുന്നിൽ പ്രവാസികളായിരുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കാൻ ശ്രമിക്കല്ലേയെന്ന പ്രതിപ്രചാരണങ്ങളൊക്കെ ഉണ്ടായെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞിരുന്നു. ഒരു സന്ദേശത്തിന്റെ വ്യാപ്തി എന്തുമാത്രമായിരിക്കുമെന്നോ, അതിലെ ശരിതെറ്റുകൾ എന്താണെന്നോ, അതു സൃഷ്ടിക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്നോ എന്നു നോക്കാതെ കൈമാറിയാലുണ്ടാകാവുന്ന ഭവിഷ്യത്തുകൾ പ്രതീക്ഷകൾക്കുമപ്പുറമായിരിക്കുമെന്നതിന്റെ സൂചനയാണിപ്പോൾ ഉണ്ടായിരിക്കുന്നത്. ജീവൻ പണയം വെച്ചും നിപ്പാവൈറസ് നിയന്ത്രണ വിധേയമാക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പ് അധികൃതരും സർക്കാർ അധികൃതരുമെല്ലാം തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആവർത്തിച്ച് അഭ്യർഥിച്ചു കൊണ്ടിരിക്കുന്നതിന് കാരണം അനാവശ്യ പ്രചാരണങ്ങളിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭവിഷ്യത്ത് വളരെ വലുതായതിനാലാണ്. രോഗഭീതി അകന്നാലും പൂർവ സ്ഥിതിയിലേക്ക് കാര്യങ്ങളെത്താൻ ഇനിയുമേറെ സമയമെടുക്കും.
എന്തായാലും നിപ്പാ വൈറസ് മനുഷ്യന് ഒട്ടേറെ ഗുണപാഠങ്ങൾ നൽകുന്നുണ്ട്.  എന്തൊക്കെ തന്നെയുണ്ടായാലും നാം വെറും നിസ്സാരന്മാരാണെന്ന് ഇത് ബോധ്യപ്പെടുത്തി. റമദാന്റെ സന്ദേശം തന്നെ ആർഭാട രാഹിത്യത്തിന്റെതാണെങ്കിലും അതു വിസ്മരിച്ച് ഇഫ്താറിന്റെ പേരിൽ റമദാന്റ ദിനരാത്രങ്ങളെ അമിതഭക്ഷണത്തിന്റെയും ധൂർത്തിന്റെതുമാക്കി മാറ്റിയവർക്കും പുനരാലോചനക്ക് റമദാൻ വേളയിൽ കടന്നു വന്ന നിപ്പാ വഴിയൊരുക്കി. ഏതു കാര്യത്തിലും സൂക്ഷ്മതയും മര്യാദകളും പാലിക്കപ്പെടാൻ ഓർമപ്പെടുത്തുന്നത് കൂടിയായി നിപ്പാ വൈറസ്.
 

Latest News