Monday , January   21, 2019
Monday , January   21, 2019

ബാല്യവിസ്മയങ്ങളുടെ നോമ്പ്കാലം

റമദാനിൽ സ്‌കൂളുകൾ അടക്കുന്നതിലും അവധിയിൽ കുടുംബങ്ങളുടെ വീട് തേടിപ്പോകുന്നതുമാണ് കുട്ടിക്കാലത്തെ ഏറ്റവും വലിയ സന്തോഷം. കുടംബ വീടുകളിൽ ഒരാഴ്ചയിൽ കൂടുതൽ താമസിച്ച് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ നോമ്പുകാലത്താണ് കഴിയുക. ബന്ധുവീടുകളിൽ സമപ്രയക്കാരായ കുട്ടികളുമുണ്ടാകും. പിന്നീട് അവരോടൊത്ത് മൽസരിച്ച് നോമ്പ് നോൽക്കും.
20 കൊല്ലമായി അത്താഴത്തിന് എനിക്ക് നേന്ത്രപ്പഴവും പച്ചവെളളവും മാത്രമാണ്. എന്നാൽ കുട്ടിക്കാലത്ത് ഉമ്മ വയറ് നിറയെ ഭക്ഷണം കഴിപ്പിക്കും. നോമ്പ് കാലത്ത് മാത്രം ജീരകക്കഞ്ഞിയും തരിക്കഞ്ഞിയും വീട്ടിലുണ്ടാകും. നോമ്പെടുത്തതിലെ ശാരീരിക ക്ഷീണം അകറ്റാനാണിത്. എന്നാൽ നോമ്പല്ലാത്ത സമയത്തും നമുക്ക് ക്ഷീണമില്ലേ? 
നോമ്പു കഴിഞ്ഞാൽ തരിക്കഞ്ഞിയും ജീരകക്കഞ്ഞിയും നമ്മൾ മറക്കുന്നു. അത് പോലെ നോമ്പിലെ അത്താഴത്തിൽ ഉണക്ക സ്രാവ് പൊരിച്ചത് നിർബന്ധമാണ്. ഇന്ന് കരിച്ചതും പൊരിച്ചതും തീൻമേശയിൽ നിറയുന്ന കാഴ്ചയാണല്ലോ.
റമദാൻ മാസത്തിൽ നാടിന് തന്നെ പുതിയ മുഖമാണ്. എളേറ്റിൽ അങ്ങാടി വൈകുന്നേരത്തോടെ വിജനമാകും. നോമ്പ്തുറക്ക് ശേഷം ചില മക്കാനികൾ മാത്രമാണ് തുറക്കുക. വലിയ ടൗണുകളിൽ നാടിന്റെ മാറ്റം അറിയാനാവില്ലെങ്കിലും മുസ്‌ലിം ഭൂരിപക്ഷമുളള ചെറിയ അങ്ങാടികൾ സന്ധ്യയാവുന്നതോടെ വിജനമായിരിക്കും.
റമദാൻ അവസാന പത്തിൽ വാപ്പ പളളിയിൽ ഇഹ്തിക്കാഫിന് പോകും. പത്ത് ദിവസം കഴിഞ്ഞാണ് വീട്ടിൽ മടങ്ങിയെത്തുക. വാപ്പക്കുളള അത്താഴവും നോമ്പുതുറ വിഭവും പള്ളിയിലേക്ക് കൊണ്ടുപോകുന്ന ചുമതല എനിക്കാണ്. ഒരു സഹായിയും കൂടെയുണ്ടാകും. നോമ്പ് കാലത്ത് പൂർവികരുടെ രീതികളും വിശ്വാസാനുഷ്ഠാനങ്ങളും പുതുതലമുറ കണ്ടുപഠിക്കണം എന്ന് തോന്നാറുണ്ട്. തറാവീഹ് നമസ്‌കാരത്തിന് 'ഹാഫിദു'കൾ നേതൃത്വം നൽകുന്ന രീതിയാണിപ്പോഴുളളത്. എന്നാൽ നമ്മുടെ പൂർവികരായ ഉസ്താദുമാർ സ്വീകരിച്ചിരുന്ന രീതി വ്യത്യസ്തമായിരുന്നു. നിസ്‌കാരത്തിനിടയിലെ ദിക്‌റുകളും മറ്റും കൂടുതൽ ഭക്തിയിലേക്ക് നമ്മെ നയിക്കുന്നുവെന്ന് തോന്നിയിട്ടുണ്ട്.
മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട് ടെലിവിഷൻ പ്രോഗ്രാമുകൾ ഉണ്ടാവുന്നതോടെ റമദാനിൽ വർഷങ്ങളായി തിരക്കാണ്. എന്നാൽ അടുത്തകാലത്തായി ഇവയുമില്ല. ചെറിയ പെരുന്നാൾ മുൻനിർത്തി ഗൾഫ് പ്രോഗ്രാമിന് പോകുന്നത് ഒഴിവാക്കാറാണ് പതിവ്. പെരുന്നാളും അവസാന പത്തുമൊക്കെ കുടംബത്തോടൊപ്പം വേണമെന്ന് നിർബന്ധമാണ്. ആയതിനാൽ വലിയ പെരുന്നാളിനാണ് ഗൾഫ് പ്രോഗ്രാമിന് പോകാറുള്ളത്. 
ഈ വർഷത്തെ നോമ്പ് തുടങ്ങുന്നത് സൗദിയിൽ നിന്നാണ്. പരിശുദ്ധ ഹറമിൽ ഉംറ നിർവ്വഹിക്കാൻ കഴിഞ്ഞതും സുഹൃത്തുക്കളോടൊപ്പം നോമ്പ് തുറയിൽ പങ്കെടുക്കാനായതും പുണ്യമായി കരുതുന്നു. സൗദിയിൽ രാത്രികൾ പകലാക്കുന്ന റമദാൻ കാലം വലിയ അനുഭവമായി. വിവിധ രാജ്യങ്ങളിലുളളവർ ഒരേ സ്ഥലത്ത് പ്രാർത്ഥനക്കും നോമ്പ് തുറക്കും ഒരുമിക്കുന്നതും ഇസ്‌ലാമിന്റെ മാനവികത വിളിച്ചോതുന്നതാണ്. 
ജിദ്ദയിൽ നിന്ന് പിന്നീട് ദുബായിലുമെത്തി പ്രോഗ്രാമിൽ പങ്കെടുത്താണ് നാട്ടിലെത്തിയത്. ഇളം പ്രായത്തിൽ കൂട്ടുകുടുംബത്തിൽ നഷ്ടപ്പെട്ട കൂട്ടായ്മയാണ് വിദേശത്തെ റമദാൻ കാലയളവിൽ തിരിച്ചെടുക്കാനായത്.

(തയാറാക്കിയത്: അഷ്‌റഫ് കൊണ്ടോട്ടി)

Latest News