Monday , January   21, 2019
Monday , January   21, 2019

iOS 12 ആപ്പിളിൽ പുതിയ അധ്യായം

ആപ്പിൾ വാർഷിക ഡെവലപ്പർ സമ്മേളനമായ ഡബ്ല്യൂ. ഡബ്ല്യൂ.ഡി.സി (വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസ്) യിൽ പതിനാലോളം സുപ്രധാന പ്രഖ്യാപനങ്ങൾ. 
ആപ്പിളിന്റെ എല്ലാ ഉൽപന്നങ്ങളിലും ശ്രദ്ധേയമായ അപ്‌ഡേറ്റുകൾ പ്രഖ്യാപിക്കാറുള്ളത് വാർഷിക ഡെവലപ്പർ കോൺഫറൻസിലാണ്. 
കെട്ടിലും മട്ടിലും സവിശേഷ മാറ്റങ്ങളുമായാണ് ആപ്പിളിന്റെ ഐ.ഒ.എസ് 12 ഉപയോക്താക്കളിലെത്തുക. ഐ.ഒ.എസ് 11 ൽ തുടക്കമിട്ട പ്രതീതി യാഥാർഥ്യം (ഓഗ്മെന്റഡ് റിയാലിറ്റി), എആർ കിറ്റ്, സിരി എന്നിവയിൽ ഊന്നൽ നൽകിക്കൊണ്ടുള്ളതാണ് പുതിയ പതിപ്പും. ഐ.ഒ.എസ് 11 ലഭ്യമായ എല്ലാ ഐഫോണിലും ഐപാഡിലും ഐ.ഒ.എസ് 12 ലഭ്യമാവും. 2013 മുതൽ ഇതുവരെ പുറത്തിറക്കിയ എല്ലാ ഐഫോൺ, ഐപാഡ് പതിപ്പുകളിലും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കും.
ആപ്പിളിന്റെ പുതിയ തലമുറ ഐഫോൺ ഓപറേറ്റിംഗ് സിസ്റ്റമാണ് ഐ.ഒ.എസ് 12. ഗ്രൂപ്പ് ഫേസ് ടൈം, പുതിയ അനിമോജി, സിരിയിൽ സുപ്രധാന മാറ്റം എന്നിവക്കു പുറമെ, പഴയ ഫോണുകളുടെ പ്രകടനം മെച്ചപ്പെടുത്താനും ഐ.ഒ.എസ് 12 നു കഴിയും.  
പുതിയ ഒ.എസിലേക്ക് അപ്‌ഡേറ്റ് ചെയ്യുമ്പോൾ ഫോണിന്റെ പ്രവർത്തന ക്ഷമത കൂടുതൽ മികച്ചതാവും. ആപ്ലിക്കേഷനുകൾ തുറക്കുന്നതിന്റെ വേഗത 40 ശതമാനവും കീബോഡ് തുറന്നുവരുന്ന വേഗത 50 ശതമാനവും ക്യാമറ തുറന്നുവരുന്ന വേഗതയിൽ 70 ശതമാനവും വർധനയാണ് ആപ്പിൾ വാഗ്ദാനം ചെയ്യുന്നത്. ബാറ്ററി ശേഷി നിലനിർത്തുന്നതിന് സി.പി.യു പ്രവർത്തനങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്.


ഐഫോണിൽ പ്രതീതി യാഥാർഥ്യ അനുഭവം കൂടുതൽ മെച്ചപ്പെടുത്താനായി എ.ആർകിറ്റ് 2.0 പുറത്തിറക്കുകയാണ്. മിക്ക കമ്പനികളും പ്രതീതി യാഥാർഥ്യവുമായി രംഗത്തുണ്ടെങ്കിലും ത്രിമാന ചിത്രങ്ങളിലും അവ പങ്കുവെക്കുന്നതിലും പുത്തൻ അനുഭവം സമ്മാനിക്കാനാണ് ആപ്പിൾ ഒരുങ്ങുന്നത്. പോയവർഷം മുഴുവൻ ആപ്പിൾ മേധാവികൾ പറഞ്ഞുകൊണ്ടിരുന്നത് പ്രതീതി യാഥാർഥ്യത്തെ കുറിച്ചായിരുന്നു. അതുകൊണ്ടു തന്നെ അതിന്റെ എല്ലാ സാധ്യതകളും ഉൾപ്പെടുത്തിയുള്ളതായിരിക്കും എ.ആർ.കിറ്റ്. വരും ദിവസങ്ങളിൽ ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകും. 
ആപ്പിളിന്റെ  മെഷർ ആപ്പും പുതിയൊരു അനുഭവമാവും. എ.ആർ സാങ്കേതിക വിദ്യ വഴി ഒരു പ്രതലത്തിന്റെയോ വസ്തുവിന്റെയോ അളവുകളെടുക്കാൻ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് സാധിക്കും. സാധാരണ ഉപയോക്താക്കളിലേക്ക് ഈ ആപ്പ് എത്തുന്നതോടെ പ്രതീതി യാഥാർഥ്യം എന്ന ആശയത്തിന് കൂടുതൽ പ്രചാരം ലഭിക്കും. 
ഒരേ സമയം ഒന്നിൽ കൂടുതൽ ആളുകൾക്ക് എആർ സംവിധാനം ഉപയോഗിക്കാൻ കഴിയും വിധത്തിൽ എ.ആർ കിറ്റിൽ പുതുമകൾ കൊണ്ടുവന്നിട്ടുണ്ട്. ഗെയിമിങ് മേഖലയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മാറ്റങ്ങൾ അവതരിപ്പിക്കാൻ പുതിയ സൗകര്യം അവസരമൊരുക്കും.
സിരി സ്മാർട്ട് അസിസ്റ്റന്റിന്റെ ഷോട്ട്കട്ടുകളാണ് മറ്റൊരു സവിശേഷത. ആമസോൺ അലക്‌സയിൽ ഇതിന് സമാനമായ സൗകര്യം ലഭ്യമാണ്. സിരി ഉപയോഗിച്ച് പെട്ടെന്ന് കാര്യങ്ങൾ ചെയ്യാൻ ഈ പുതിയ ഷോട്ട് കട്ടുകൾ സഹായിക്കും. അതായത് ഒരു കാര്യം ആവശ്യപ്പെടാനുള്ള ശബ്ദനിർദേശം നിങ്ങൾക്ക് മുൻകൂട്ടി നിശ്ചയിച്ചുവെക്കാനാവും. ദിനചര്യകൾ സംബന്ധിച്ചും കലണ്ടറിൽ രേഖപ്പെടുത്തിയ പരിപാടികൾ സംബന്ധിച്ചുമുള്ള നിർദ്ദേശങ്ങൾ തരാനും സിരിക്ക് സാധിക്കും. തേഡ് പാർട്ടി ആപ്ലിക്കേഷനുകളിലേക്ക് സിരി ഷോട്ട്കട്ട് ചേർക്കാനും ആപ്പിൾ സൗകര്യമൊരുക്കിയിട്ടുണ്ട്.


സമയം, സ്ഥലം എന്നിവയ്ക്കനുസരിച്ച് നോട്ടിഫിക്കേഷനുകളും കോളുകളും തടയുന്ന ഡുനോട്ട് ഡിസ്റ്റർബ് ഫീച്ചറും പുതിയ പതിപ്പിലുണ്ടാവും. ഡെലിവർ ക്വയറ്റ്‌ലി എന്ന ഫീച്ചർ വഴി ചില ആപ്ലിക്കേഷനുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ ഹോം സ്‌ക്രീനിൽ കാണിക്കാതെ പ്രത്യേകം പട്ടികയിൽ പെടുത്താൻ കഴിയും. ഇതിൽ ഒരോ ആപ്പിൽനിന്നുമുള്ള നോട്ടിഫിക്കേഷനുകളെ പ്രത്യേകം ഗ്രൂപ്പുകളായി വേർതിരിക്കുന്ന ഗ്രൂപ്പ്ഡ് നോട്ടിഫിക്കേഷൻ സൗകര്യവുമുണ്ട്.
ആപ്ലിക്കേഷൻ ഉപയോഗം നിയന്ത്രിക്കാനുള്ള സൗകര്യങ്ങളും ഐഒഎസ് 12 ൽ അവതരിപ്പിക്കുന്നുണ്ട്. ഇതുവഴി  ഐഫോൺ അല്ലെങ്കിൽ ഐപാഡ് ഉപയോഗിക്കാൻ എത്ര സമയം ചെലവിട്ടു എന്ന് കാണിക്കുന്ന കണക്കുകൾ ലഭിക്കും. ഫോൺ എത്ര തവണ ഉപയോഗിക്കുന്നു, ഏത് ആപ്ലിക്കേഷനാണ് കൂടുതൽ  ഉപയോഗിക്കുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം ഡാഷ്‌ബോഡിൽ കാണാൻ സാധിക്കും. ചില ആപ്ലിക്കേഷനുകളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള സൗകര്യവും സ്‌ക്രീൻ ടൈം ഫീച്ചറിലുണ്ടാകും.  ഈ ഫീച്ചർ ഉപയോഗിച്ച് മാതാപിതാക്കൾക്ക് കുട്ടികളുടെ ഫോൺ ഉപയോഗം നിരീക്ഷിക്കാനും കഴിയും.
ആപ്പിൾ ന്യൂസ്, സ്‌റ്റോക്ക്‌സ് എന്നീ ആപ്ലിക്കേഷനുകളും ഐ.ഒ.എസ് 12 ൽ പരിഷ്‌കരിക്കുന്നുണ്ട്. ഇവ കൂടുതൽ സൗകര്യപ്രദവും ലളിതവുമാക്കാനുതകുന്ന മാറ്റങ്ങളാണ് ആപ്പിൾ ഒരുക്കിയിരിക്കുന്നത്. നാവിഗേഷൻ എളുപ്പമാക്കുന്ന വിധത്തിൽ ന്യൂസ് ആപ്പിന് പുതിയ സൈഡ് ബാറുണ്ടാവും. സ്‌റ്റോക്‌സ് ആപ്പിൽ പ്രധാനപ്പെട്ട തലക്കെട്ടുകൾ കാണാനുള്ള സൗകര്യവുമുണ്ടാവും. വോയ്‌സ് മെമോയും പുതിയ മാറ്റങ്ങളോടെ അവതരിപ്പിച്ചിട്ടുണ്ട്. വോയ്‌സ് മെമോ ഐപാഡിലും ലഭ്യമാവും.
ഐ.ഒ.എസ് 12 ൽ അനിമോജികളോടൊപ്പം മീമോജികളും ലഭ്യമാണ്. ഉപയോക്താവിന്റെ മുഖം തന്നെ പ്രത്യക്ഷപ്പെടുന്നതാണ് മീമോജി. മുഖം മാത്രമല്ല നാവിന്റെ ചലനങ്ങൾ പോലും തിരിച്ചറിയാൻ കഴിയുമെന്നതാണ് ഇതിന്റെ സിവിശേഷത. ഫേസ് ടൈം ഉപയോഗിക്കുമ്പോഴും ചാറ്റ് ചെയ്യുമ്പോഴും അനിമോജികൾ ഉപയോഗിക്കാൻ സാധിക്കും. ഈ സൗകര്യം ഐ ഫോൺ 10 ൽ മാത്രമാണ് ലഭിക്കുക. ഫേസ് ടൈമിൽ പുതുതായി അവതരിപ്പിക്കുന്ന ഗ്രൂപ്പ് വീഡിയോയിൽ മീമോജികൾ ഉപയോഗിക്കാം.
ഒരേ സമയം 32 പേർക്ക് പങ്കാളികളാവാൻ കഴിയുന്നതാണ് ഐ.ഒ.എസ് 12 വൽ അവതരിപ്പിക്കുന്ന ഗ്രൂപ്പ് വീഡിയോകോൾ സൗകര്യം.  ഗ്രൂപ്പ് ചാറ്റിൽ ഓഡിയോ വീഡിയോ ഓപ്ഷനുകളുണ്ടാവും.
ഫോർ യു എന്ന ടാബ് കൂടി ചേർക്കുന്നതോടെ ഐഫോണിൽ ഫോട്ടോ ഷെയറിംഗ് കൂടുതൽ ലളിതവും എളുപ്പവുമാകും. ഒരു ചടങ്ങിൽനിന്നാണ് നിങ്ങൾ ഫോട്ടോ സുഹൃത്തിന് അയക്കുന്നതെങ്കിലും ഫോട്ടോസ് ആപ്പ് ഉപയോഗിച്ച് അത് ഷെയർ ചെയ്യാൻ ആവശ്യപ്പെടും. 
ഫോട്ടോസ് ആപ്ലിക്കേഷനിലെ സെർച്ചിലും മാറ്റമുണ്ട്. സെർച്ച് ചെയ്യാൻ ടൈപ്പ് ചെയ്യുന്നതിന് മുമ്പ് തന്നെ, പ്രത്യേക നിമിഷങ്ങൾ, ആളുകൾ, ചിത്രങ്ങൾ എടുത്ത സ്ഥലങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള നിർദേശങ്ങൾ നിങ്ങൾക്ക് ലഭിക്കും. സീൻ റെക്കഗ്‌നിഷൻ സംവിധാനം വഴി വാഹനങ്ങൾ, പൂക്കൾ പോലുള്ള സമാനമായ ചിത്രങ്ങൾ തിരിച്ചറിഞ്ഞ് പ്രത്യേകമായി ക്രമീകരിക്കുന്നു. 

Latest News