Friday , October   19, 2018
Friday , October   19, 2018

കുരുമുളക് ഇറക്കുമതി കർഷകരെ പ്രതിസന്ധിയിലാക്കും

കൊച്ചി- ശ്രീലങ്കൻ കുരുമുളക് ഇറക്കുമതിക്ക് പുതിയ ലൈസൻസ് നൽകിയത് ഇന്ത്യൻ കർഷകർക്ക് കനത്ത തിരിച്ചടിയാവും. ഇത്  ആഭ്യന്തര ഉൽപാദകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കും. ഡ്യൂട്ടി ഫ്രീയായി 2500 ടൺ കുരുമുളക് ഇറക്കുമതിക്ക് 78 കമ്പനികൾക്കാണ് കേന്ദ്രം അനുമതി നൽകിയത്. പുതിയ ലൈസൻസ് പ്രകാരം ഓരോ കമ്പനികൾക്കും 32 ടൺ വീണ്ടും കുരുമുളക് ഇറക്കുമതി ചെയ്യാം. ഈ ചരക്ക് മൂല്യ വർധിത ഉൽപന്നമാക്കി റീ എക്‌സ്‌പോർട്ട് നടത്തണമെന്നാണ് വ്യവസ്ഥ. വിദേശ ചരക്ക് എത്തുമെന്ന് വ്യക്തമായതോടെ ആഭ്യന്തര വാങ്ങലുകാർ കേരളം, കർണാടക എന്നിവിടങ്ങളിൽ നിന്നുമുള്ള മുളക് സംഭരണം കുറച്ചു. വയനാട്, ഇടുക്കി, പത്തനംതിട്ട ഭാഗങ്ങളിൽ നിന്ന്  മാർക്കറ്റിലേക്കുള്ള ചരക്ക് വരവ് കുറവാണെങ്കിലും ഡിമാന്റ് മങ്ങിയത് മൂലം ഗാർബിൾഡിന് 500 രൂപ കുറഞ്ഞ് 38,400 രൂപയിൽ വാരാന്ത്യ ക്ലോസിങ് നടന്നു. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5900 ഡോളറാണ്.   
ടയർ ലോബി റബർ ഇറക്കുമതി തോത് ഉയർത്താൻ വീണ്ടും നീക്കം തുടങ്ങി. ഇറക്കുമതി വ്യവസ്ഥകളിൽ ഭേദഗതികൾക്കുള്ള ശ്രമം ദൽഹിയിൽ ആരംഭിച്ചിട്ടുണ്ട്. ടയർ ലോബിയിൽ നിന്നുള്ള സമ്മർദ്ദമാണ് ഇറക്കുമതി നിയന്ത്രണങ്ങളിൽ മാറ്റം വരുത്താനുള്ള അണിയറ നീക്കങ്ങൾക്ക് പിന്നിൽ. വാണിജ്യ മന്ത്രാലയം വ്യവസായികളുടെ താൽപര്യത്തിന് അനുസൃതമായി ചുവടുവെച്ചാൽ വിദേശ കുത്തകൾക്ക് വരും കാലങ്ങളിൽ ആഭ്യന്തര വിപണി നിഷ്പ്രയാസം നിയന്ത്രിക്കാനാവും. ചൈന-യു എസ് വ്യാപാര യുദ്ധം ഏഷ്യൻ റബർ മാർക്കറ്റിനെ തളർത്തി. ചൈനീസ് വ്യവസായികൾ റബർ ഇറക്കുമതി തോത് കുറച്ചത് ഷാങ്ഹായിലും ടോക്കോമിലും റബറിലെ നിക്ഷേപ താൽപര്യം കുറച്ചു. കോട്ടയത്ത് വാരത്തിന്റെ തുടക്കത്തിൽ 13,000 രൂപ വരെ കയറിയ  നാലാം റബർ ഡിമാന്റ് മങ്ങിയതോടെ 12,600 ലേക്ക് താഴ്ന്നു. അഞ്ചാം ഗ്രേഡ് 12,700 ൽ നിന്ന് 12,400 രൂപയായി. ലാറ്റക്‌സ് ക്ഷാമം രൂക്ഷമാണെങ്കിലും വ്യവസായികളുടെ സംഘടിത നീക്കം മൂലം നിരക്ക് 400 രൂപ ഇടിഞ്ഞ് 8600 രുപയായി. 
വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ഉയർന്നത് നാളികേരോൽപന്നങ്ങൾക്ക് തിരിച്ചടിയായി. രൂപയുടെ വിനമയ നിരക്ക് അൽപം മെച്ചപ്പെട്ട സാഹചര്യത്തിലാണ് വ്യവസായികൾ ഉയർന്ന അളവിൽ പാം ഓയിൽ, സോയ, സൂര്യകാന്തി എണ്ണകൾ വിറ്റുമാറാൻ തിടുക്കം കാണിച്ചത്. കാലവർഷം ശക്തമാക്കുന്നതോടെ കൊപ്ര വില ഉയരുമെന്ന കണക്ക് കൂട്ടലിലായിരുന്നു ഉൽപാദകർ. മാസാരംഭമാണെങ്കിലും പ്രദേശിക തലത്തിൽ വെളിച്ചെണ്ണ വിൽപന കുറവാണ്. വെളിച്ചെണ്ണ 17,900 രൂപയിൽ നിന്ന് 17,600 രൂപയായി. കൊപ്ര വില 11,925 രൂപയിൽ നിന്ന് 11,735 രൂപയായി.
ചുക്ക് സ്‌റ്റെഡി നിലവാരത്തിൽ നീങ്ങി. മീഡിയം ചുക്ക് 14,000 രൂപയിലും ബെസ്റ്റ് ചുക്ക് 15,500 രൂപയിലും കൈമാറ്റം നടന്നു. ഏലക്ക വിലയിൽ കാര്യമായ മാറ്റമില്ല. വാരത്തിന്റെ തുടക്കത്തിൽ തളർന്ന ഏലക്ക പിന്നീട് അൽപം കരുത്ത് കാണിച്ചു. ഓഫ് സീസണിൽ ഏലക്ക വില ഉയരുമെന്ന പ്രതീക്ഷയിലാണ് സ്‌റ്റോക്കിസ്റ്റുകൾ. വാരത്തിന്റെ തുടക്കത്തിൽ കിലോ 1048 രൂപയിലേക്ക് ഇടിഞ്ഞ ഏലക്ക പിന്നീട് 1273 രൂപയായി. 
കേരളത്തിൽ സ്വർണ വില പവന് 360 രൂപ കുറഞ്ഞു.  ഗ്രാമിന്റെ വില 2900 രൂപയിൽ നിന്ന് 2855 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1293 ഡോളർ. 

Latest News