Friday , October   19, 2018
Friday , October   19, 2018

ക്രൂഡ് ഓയിൽ വിലയിലെ മാറ്റം ഓഹരി വിപണിക്ക് ഉണർവേകി

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ സാങ്കേതിക തിരുത്തൽ ഇന്ത്യൻ ഓഹരി വിപണിക്ക് പുത്തൻ ഉണർവ് പകർന്നു. ആഭ്യന്തര ഫണ്ടുകൾ മുൻ നിര ഓഹരികളിൽ നിക്ഷേപത്തിന് മത്സരിച്ചത് ബോംബെ സെൻസെക്‌സ് 302 പോയന്റും നിഫ്റ്റിക്ക് 91 പോയന്റും ഉയരാൻ അവസരം ഒരുക്കി.
റിസർവ് ബാങ്ക് ബുധനാഴ്ച വായ്പാ അവലോകനം നടത്തും. വാരമധ്യത്തിലെ യോഗത്തിൽ കേന്ദ്ര ബാങ്ക് പലിശ നിരക്കുകളിൽ ഭേദഗതികൾക്ക് നീക്കം നടത്തുമെന്ന കണക്ക് കൂട്ടലിലാണ് സാമ്പത്തിക മേഖല. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ കുറച്ച് വളർച്ചക്ക് വേഗത പകരാം. അതേ സമയം പലിശ നിരക്കുകൾ ഓഗസ്റ്റ് യോഗത്തിൽ മാത്രം മാറ്റം വരുത്തുമെന്ന് വിലയിരുത്തുന്നവരും രംഗത്തുണ്ട്. പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റം പണപ്പെരുപ്പത്തിന്റെ വേഗത വർധിപ്പിക്കുന്നതിനാൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ ആർ ബി ഐ നീക്കം നടത്താം. 
നിലവിൽ വിൽപനക്ക് മുൻതൂക്കം നൽകുന്ന വിദേശ ഫണ്ടുകൾ മൺസൂണിന്റെ വരവോടെ ബ്ലൂചിപ്പ് ഓഹരികളിൽ നിക്ഷേപകരാകാം. മാസത്തിന്റെ രണ്ടാം പകുതിയിലാവും ഉത്തരേന്ത്യയിൽ കാലവർഷമാരംഭിക്കുക. ഇതിനിടയിൽ മുംബൈയിൽ മഴ പ്രവേശിക്കുന്ന വേളയിൽ ഓഹരി സൂചികയിൽ ബുൾ തരംഗം ഉടടെലടുക്കാം.
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 2160 കോടി രൂപയുടെ നിക്ഷേപം നടത്തി. വിദേശ ഫണ്ടുകൾ ഇന്ത്യയിൽ പോയവാരം 2707 കോടി രൂപയുടെ ഓഹരികൾ വിറ്റു. വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 77 പൈസ വർധിച്ചു. 67.73 ൽ നിന്ന് വിനിമയ മുല്യം 66.99 ലേക്ക് ശക്തി പ്രാപിച്ചു.
ഡെറിവേറ്റീവ് മാർക്കറ്റിൽ മെയ് സീരീസ് സെറ്റിൽമെന്റ് വേളയിലെ ഷോട്ട് കവറിങിൽ കുതിച്ചു. മുൻവാരം സൂചിപ്പിച്ച സാങ്കേതിക തടസ്സമായ 
10,761 പോയന്റ് മറികടന്ന് 10,764 വരെ കയറിയ ശേഷം 10,696 ൽ ക്ലോസിങ് നടന്നു. നിക്ഷേപർക്ക്  പോവാരം ഇതേ കോളത്തിൽ നൽകിയ ടാർജറ്റിൽ തന്നെയാണ് സൂചിക സഞ്ചരിക്കുന്നത്. ഈ വാരം നിഫ്റ്റി 10,586 ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 10,785-10,874 ലേയ്ക്ക് മുന്നേറാം. ഈ പ്രതിരോധം മറികടന്നാൽ വിപണിയുടെ ലക്ഷ്യം 10,984 ലേയ്ക്ക് ഉയരുമെങ്കിലും അതിന് മുമ്പായി തന്നെ ലാഭമെടുപ്പിന് ഓപറേറ്റർമാർ രംഗത്ത് ഇറങ്ങാം. പ്രതികൂല വാർത്തകൾക്ക് ശക്തിയേറിയാൽ 10,467 ലും 10,387 ലും താങ്ങുണ്ട്.
ബോംബെ സൂചിക 34,735 ൽ നിന്ന് 35,438 വരെ ഉയർന്ന ശേഷം 35,227 പോയന്റിൽ ക്ലോസിങ് നടന്നു. ഇന്ന് സെൻസെക്‌സിന് 35,110 പോയന്റിൽ ശക്തമായ താങ്ങ് പ്രതീക്ഷിക്കാം. ഇത് നില നിർത്തിയാൽ 35,531-35,836 വരെ തുടർന്ന് ഉയരാം. ഈ തടസ്സം മറികടന്നാൽ ലക്ഷ്യം 35,234 ലേയ്ക്ക് തിരിയും. സാങ്കേതിക തിരുത്തലിന് തുനിഞ്ഞാൽ 34,828-34,430 താങ്ങുണ്ട്. 
ഓയിൽ ആന്റ് ഗ്യാസ്, ബാങ്കിങ്, കാപിറ്റൽ ഗുഡ്‌സ്, സ്റ്റീൽ വിഭാഗങ്ങളിൽ നിക്ഷേപ താൽപര്യം ദൃശ്യമായി. ടെക്‌നോളജി, റിയാലിറ്റി, പവർ, എഫ് എം സി ജി, ഹൈൽത്ത് കെയർ, കൺസ്യൂമർ ഗുഡ്‌സ് വിഭാഗം ഓഹരികളിൽ ഓപപ്പറേറ്റർമാർ ലാഭമെടുപ്പിന് ഉത്സാഹിച്ചു. 
മുൻ നിര ഓഹരിയായ കോൾ ഇന്ത്യയുടെ നിരക്ക്  6.56 ശതമാനം വർധിച്ച് 294 രൂപയായി. എം ആന്റ് എം 5.16  ശതമാനം നേട്ടവുമായി 901 ലേക്ക് കയറി. എച്ച് ഡി എഫ് സി ബാങ്ക് 2109 രൂപയിലും ബജാജ് ഓട്ടോ 2893 രൂപയിലും സൺ ഫാർമ്മ 482 രൂപയായും ഉയർന്നു. അതേ സമയം റ്റി സി എസ് ഓഹരി വില 3.48 ശതമാനം താഴ്ന്ന് 1732 രൂപയായി. ടാറ്റാ മോട്ടോഴ്‌സ് 287 രൂപയിലും ഐ സി ഐ സി ഐ ബാങ്ക് 289 രൂപയിലും വിപ്രോ 260 രൂപയിലുമാണ് വാരാന്ത്യം. 

 

Latest News