Wednesday , August   22, 2018
Wednesday , August   22, 2018

ഉപവാസ പുണ്യത്തിന്റെ  നിറവിൽ..

തിരൂർ ചമ്രവട്ടത്തെ തറവാട്ടുവീട്ടിൽ ഞങ്ങളുടെ അയൽക്കാരനായ മൊയ്തുപ്പാപ്പയും എന്റെ മുത്തച്ഛനും കുട്ടിക്കാലം തൊട്ടേ ചങ്ങാതിമാരാണ്. ഓണത്തിനും പെരുന്നാളിനും പരസ്പരം വിരുന്നൂട്ടുന്നവർ. അതിനേക്കാൾ ഏറെ ഓർമയിൽ തെളിയുന്നത് ഒരു നോമ്പ് തുറയാണ്. എല്ലാ റമദാനിലും ഉപ്പാപ്പാന്റവിടെ ഞങ്ങൾക്ക് നോമ്പുതുറ. ഇരുകൂട്ടരുടേയും സൗകര്യം നോക്കി ആ ദിനം നേരത്തെ നിശ്ചയിക്കും. അന്ന് മുത്തച്ഛന് നോമ്പായിരിക്കും.
 ഒരാണ്ടിൽ ഈ നോമ്പുതുറ ഒരു സവിശേഷ സംഭവമായി. ഉപ്പാപ്പാന്റെ പേരക്കുട്ടിയും എന്റെ കളിക്കൂട്ടുകാരനുമായ വാവ എന്ന ബാവ നോമ്പ് നോൽക്കാൻ തുടങ്ങിയ കൊല്ലം. അഞ്ചു വയസ്സായതിനാൽ ഞങ്ങൾ ഇരുവരും സ്‌കൂളിൽ ചേർന്നിരുന്നു. നോമ്പുതുറ അതിന് മുമ്പത്തെ വർഷം വരെ ആഘോഷിച്ചിരുന്നെങ്കിലും ഞങ്ങൾക്ക് നോമ്പില്ലായിരുന്നു. വാവ ആദ്യമായി നോമ്പു നേറ്റു. വാവക്ക് താൽപര്യമുള്ള എല്ലാ കളിയിലും എനിക്കും താൽപര്യം സ്വാഭാവികം. അങ്ങനെ ഞാനും നോമ്പു നേറ്റു.
 ഞാൻ ഭക്ഷണം കഴിക്കാതെയായപ്പോൾ അമ്മയും അച്ഛമ്മയും നോമ്പുകാരായി. മുത്തച്ഛന് അല്ലെങ്കിലേ നോമ്പാണല്ലോ എല്ലാ വർഷവും ആ ദിവസം. ഉച്ച കഴിഞ്ഞപ്പോൾ വിശേഷിച്ചും അമ്മ കൂടെക്കൂടെ തിരക്കി.
  ....വിശപ്പുണ്ടോ വല്ലാതെ...?
  ഇല്ലെന്ന് ഇരട്ട മൂളൽ ആവർത്തിച്ചെങ്കിലും കലശമായ വിശപ്പുണ്ടായിരുന്നു. മൂന്ന് മണിയായപ്പോൾ കളികളൊക്കെ മടുത്ത് ഞാനും വാവയും മയങ്ങിപ്പോയി.
ആ വിശപ്പിന്റെയും നോമ്പ് തുറന്ന് വെള്ളം കുടിക്കുമ്പോഴുളള പരമാനന്ദത്തിന്റെയും അനുഭവം ജന്മസമ്പത്തായി, ഏറ്റവും വലിയ പാഠമായി. പ്രാർത്ഥിക്കാൻ ഏറ്റവും പറ്റിയ നേരം നന്നായി വിശക്കുമ്പോഴാണ്. ദൈവത്തിന് ഏറ്റവും ആത്മാർത്ഥമായി നന്ദി പറയാൻ ഉചിത നേരം ആ വിശപ്പ് മാറുമ്പോഴാണെന്നും മനസ്സിലായി.
ഇന്നോളം എല്ലാ ആണ്ടിലും ആ ഒരു നോമ്പ് ശീലമായി. ആ ദിവസം ഇന്ന് വെള്ളിയാഴ്ചാണ്. ഓർമകൾ പറയാൻ ആ നല്ല ദിവസമാകട്ടെ എന്ന് വെച്ചു.


ജീവിത ചുറ്റുപാടിൽ ചെറുപ്പം മുതൽ വിശപ്പ് സഹിക്കാൻ ഞാൻ ശീലിച്ചിരുന്നു. പഠന വേളയിൽ അതുകൊണ്ട് തന്നെ പ്രയാസങ്ങളില്ലെന്ന് തോന്നി. വറുതിയുടെ കാലത്ത് സ്‌കൂളിൽ എത്തുന്ന മിക്ക കുട്ടികളും വിശപ്പ് സഹിച്ചാണ് പഠനം നടത്തുന്നത്. എനിക്ക് വിശപ്പിനൊപ്പം സ്‌കൂളിലെത്താൻ അഞ്ച് കിലോമീറ്റർ നടക്കുകയും വേണം. ഹൈസ്‌കൂൾ പഠന കാലത്ത് മഹാകവി വള്ളത്തോളിന്റെ കൂടെ പുസ്തക വിൽപനക്ക് വഴികാട്ടിയായി നടന്നിട്ടുണ്ട് ഞാൻ.
പിൽക്കാലത്ത് ഹിരോഷിമ-നാഗസാക്കി ദുരന്തത്തിൽ പ്രതിഷേധിക്കാൻ ഓഗസ്റ്റ് 6 മുതൽ 9 വരെ നിരാഹാരമനുഷ്ഠിച്ചതും നോമ്പനുഭവത്തിന്റെ ബലത്തിലും വെളിച്ചത്തിലുമാണ്.

(തയാറാക്കിയത് അഷ്‌റഫ് കൊണ്ടോട്ടി) 
 

Latest News