Monday , January   21, 2019
Monday , January   21, 2019

പദയാത്രയുടെ സമര പഥങ്ങൾ

വായന

ഒരു പിടിമണ്ണ് സ്വന്തമായില്ലാത്ത മനുഷ്യർക്ക് ഭൂമി ലഭ്യമാക്കാനായി ജീവിതം സമർപ്പിച്ച മലയാളിയാണ് ഡോ. പി.വി. രാജഗോപാൽ. പി.വിയുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണ് 'മണ്ണിന്റെ മണമുള്ള മറ്റൊരാൾ'.  ഗാന്ധിയൻ രീതിയിലുള്ള സമര മാർഗങ്ങളാണ് രാജഗോപാൽ നടത്തുന്നത്. ഗാന്ധിയൻ മാർഗത്തിൽ രാജഗോപാലിന്റെ നേതൃത്വത്തിൽ ഏകതാ പരിഷത്ത് നടത്തുന്ന സമരങ്ങൾ ഇതിനോടകം രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധ പിടിച്ചെടുക്കുയുണ്ടായി.
സ്വാതന്ത്ര്യ സമര പശ്ചാത്തലമുള്ള കണ്ണൂരിലെ ഒരു കുടുംബത്തിലാണ് രാജഗോപാൽ ജനിച്ചത്. അച്ഛൻ ചാത്തുക്കുട്ടി നമ്പ്യാർ. അമ്മ മാധവിയമ്മ. അമ്മാവൻ അനന്തൻ നമ്പ്യാർ കമ്യൂണിസ്റ്റുകാരനും പാർലമെന്റംഗവുമായിരുന്നു. പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന രാധാകൃഷ്ണ മേനോനായിരുന്നു രാജഗോപാലിന്റെ ആദ്യ വഴികാട്ടി. കോഴിക്കോട്ടെ രാമനാട്ടുകരയിലെ സേവാ മന്ദിരമായിരുന്നു പ്രവർത്തന കേന്ദ്രം. ഇവിടെ വെച്ചാണ് ഒരു ജോലിക്കപ്പുറം തന്റെ ജീവിതത്തെ സമൂഹത്തിനായി എങ്ങനെ മാറ്റിപ്പണിയാനാകുമെന്ന് അദ്ദേഹം ചിന്തിക്കുന്നത്. ഗാന്ധിയന്മാരുമായുള്ള സമ്പർക്കം തന്റ മാർഗം ഗാന്ധി മാർഗമാണെന്നുറപ്പിക്കാൻ കാരണമാവുകയും ചെയ്തു.
വർഷങ്ങളുടെ സമർപ്പിതമായ പ്രവർത്തനത്തിലൂടെയാണ് ഇന്ന് ലോകമറിയുന്ന ഒരു സാമൂഹിക പ്രവർത്തകനായി രാജഗോപാൽ മാറുന്നത്. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയാണ് രാജഗോപാൽ ഭൂമിയില്ലാത്തവരുടെ നാവും ശബ്ദവുമായി മാറിയത്. 'സുഹൃത്തുക്കളും അനുയായികളും രാജാജിയെന്ന് സ്‌നേഹപൂർവ്വം വിളിക്കുന്ന രാജഗോപാലിന്റേത് സമൂഹത്തിന്റെ നന്മക്കായി പൂർണമായും സമർപ്പിക്കപ്പെട്ട ജീവിതമാണ്. സ്വാതന്ത്ര്യം നേടി അര നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും പരിഹരിക്കപ്പെടാതെ തുടരുന്ന ഭൂപ്രശ്‌നത്തെ സത്യസന്ധമായി അഭിമുഖീകരിക്കാതെ പാവപ്പെട്ട ഗ്രാമീണരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനാവില്ലെന്ന തിരിച്ചറിവ് ആ മേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഭൂമിയുടെ മേലുള്ള ജനങ്ങളുടെ അവകാശം സ്ഥാപിക്കാൻ രാജഗോപാലിന്റെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ സമീപകാലത്തെ ഐതിഹാസിക പോരാട്ടങ്ങളിൽ പെടുന്നു. പുസ്തകത്തിന്റെ അവതാരികയിൽ പ്രശസ്ത മാധ്യമ പ്രവർത്തനും ആക്ടിവിസ്റ്റുമായ ബിആർ.പി. ഭാസ്‌കർ എഴുതുന്നു-
പദയാത്രയെ ഒരു സമരപഥമായി മാറ്റിയെടുക്കുന്നതിൽ രാജഗോപാൽ വിജയിച്ചു. ഗാന്ധിയുടെ പദയാത്രയെ പിൻപറ്റിയാണ് ആയിരങ്ങളെ പങ്കെടുപ്പിച്ച് ഒരു പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പദയാത്രകൾ നടത്തിയത്. 25,000 പേരെ സംഘടിപ്പിച്ച 2007 ലെ ജനാദേശ്. 2012 ൽ ഒരു ലക്ഷം പേർ ദേശീയ പാതയിലിറങ്ങി ജനസത്യഗ്രഹ. ഇതൊക്കെ ഭൂമിയില്ലാത്തവർക്ക് ഭൂമിക്കായുള്ള സമരമായിരുന്നു.
മുപ്പത് കോടിയോളം മനുഷ്യർക്ക് നമ്മുടെ രാജ്യത്ത് സ്വന്തമായി ഭൂമിയില്ല. പതിനായിരക്കണക്കിന് ഹെക്ടർ ഭൂമി സമ്പന്ന കുടുംബങ്ങൾ കൈവശം വെച്ചിരിക്കുന്ന രാജ്യത്താണ് തല ചായ്ക്കാൻ ഒരു സെന്റ് ഭൂമി പോലുമില്ലാതെ കോടിക്കണക്കിന് മനുഷ്യർ ദുരിതക്കയത്തിൽ ജീവിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടു കഴിഞ്ഞിട്ടും ഭൂപരിഷ്‌കരണ നിയമം ഇനിയും രാജ്യത്തുണ്ടായിട്ടില്ല. ഭൂമിയില്ലാത്തവർക്ക് ഭൂമി ഉറപ്പ് വരുത്താനായിട്ടില്ല.
സ്വാതന്ത്ര്യ സമര കാലം മുതൽ ഭൂമി ഇല്ലാത്തവർക്ക് ഭൂമി ലഭ്യമാക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. വിനോബ ഭാവെ നയിച്ച ഭൂദാന ശ്രമദാന പ്രസ്ഥാനം ഒരു കാലത്ത് ഇന്ത്യയുടെ മനഃ:സാക്ഷിയെ പിടിച്ചുകുലിക്കിയിരുന്നു. ഭൂമിയുള്ളവരിൽനിന്ന് 10 ലക്ഷം ഏക്കർ ഭൂമി അദ്ദേഹം സമാഹരിച്ച് പാവപ്പെട്ടവർക്ക് നൽകി. എന്നാൽ ഇന്ത്യ പോലെയൊരു രാജ്യത്ത് ഇത് കൊണ്ടു മാത്രം ഒന്നുമാകില്ലെന്ന് ബോധ്യമായി. 
കേരളമാണ് ഇക്കാര്യത്തിൽ മാതൃക കാട്ടിയത്. ഒരാൾക്ക് കൈവശം വെയ്ക്കാവുന്ന പരമാവധി ഭൂമി 15 ഏക്കറാക്കി നിജപ്പെടുത്തി. നിയമം മൂലം ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കാനുള്ള ശ്രമം ഇവിടെ ഒരു പരിധി വരെ ലക്ഷ്യം കണ്ടു. എന്നാൽ ഈ മാതൃക രാജ്യം അനുകരിച്ചില്ലെന്നതാണ് ഭൂരഹിതരുടെ എണ്ണം ഇവിടെ കുതിച്ചുയരാനിടയാക്കിയത്. ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുമെന്ന നിശ്ചയദാർഢ്യത്തോടെയുള്ള ശ്രമങ്ങൾ രാജഗോപാൽ നടത്തിക്കൊണ്ടിരുന്നു.
1999 ൽ ഭൂപ്രശ്‌നങ്ങളിൽ മാധ്യപ്രദേശ് അതുവരെ കണ്ടിട്ടില്ലാത്ത സമരത്തിന് വേദിയായി. ആറു മാസക്കാലം കൊണ്ട് ഷോലാപ്പൂർ കലാനിൽനിന്ന് റായ്ഗാട്ട് വരെ 3500 കിലോമീറ്റർ രാജഗോപാലിന്റെ നേതൃത്വത്തിൽ നടത്തിയ പദയാത്ര ചരിത്രമായി. ഭൂരഹിതരായ 2,07,000 കുടുംബത്തിന് 3,83,000 ഹെക്ടർ ഭൂമിയുടെ സംയുക്ത രേഖ നൽകാനായി. 
രാജാഗോപാൽ പി.വി ഭൂരഹിതർക്കായുള്ള തന്റെ ശബ്ദം ഐക്യരാഷ്ട്ര സംഘടനയിലെത്തിക്കാൻ സംഘടനയുടെ ആസ്ഥാനമായ ജനീവയിലേക്ക് ഒരു നീണ്ട പദയാത്രക്ക് ഒരുങ്ങുകയാണ്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ 2020 ജനുവരി 30 ന് 150 പേർ ന്യൂദൽഹിയിലെ രാജ്ഘട്ടിൽനിന്ന് ജനീവയിലേക്ക് ബാ-ബാപു എന്ന മന്ത്രവുമായി നടക്കാനൊരുങ്ങുന്നത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, അർമേനിയ, നോർജിയ, ടർക്കി, കൊസോവ, ഇറ്റലി, ഫ്രാൻസ്, എന്നിങ്ങനെ 17 രാജ്യങ്ങൾ കടന്നാകും 6000 കിലോമീറ്റർ പദയാത്ര. ഇങ്ങനെ രാജഗോപാലിന്റെ പ്രവർത്തനങ്ങളുടെ രേഖപ്പെടുത്തലാണ് ഈ പുസ്തകം. ഞാനറിയുന്ന രാജഗോപാൽ എന്ന പേരിൽ നിരവധി പ്രമുഖരുടെ അനുഭവക്കുറിപ്പുകളും അനുബന്ധമായി ചേർത്തിട്ടുണ്ട്. മാധ്യമ പ്രവർത്തകനായ അനിൽ കുമാർ പി.ഐ ആണ് പുസ്തകം എഴുതിയിരിക്കുന്നത്.

ഡോ. രാജഗോപാൽ പി.വി
മണ്ണിന്റെ മണമുള്ള മറ്റൊരാൾ
അനിൽ കുമാർ പി.വൈ
സ്വദേശാഭിമാനി ബുക്‌സ്
തിരുവനന്തപുരം-
വില-280 

Latest News