Monday , January   21, 2019
Monday , January   21, 2019

ക്രൂഡ് ഓയിൽ  വിലയിടിവിൽ ഓഹരി  വിപണിയിൽ പ്രതീക്ഷ 

ക്രൂഡ് ഓയിൽ ഉയർന്ന തലത്തിൽ നിന്ന് സാങ്കേതിക തിരുത്തൽ കാഴ്ച്ചവെച്ചത് ഓഹരി വിപണിയിൽ പ്രതീക്ഷ പകർന്നു. എൺപത് ഡോളറിൽ നിന്ന് എണ്ണ വിപണി താഴ്ന്ന റേഞ്ചിലേക്ക് തിരിയുമെന്ന് മുൻ വാരം ഇതേ കോളത്തിലെ വിലയിരുത്തൽ ശരിവെച്ച് നിരക്ക് 76.38 ഡോളറിലേയ്ക്ക് ഇടിഞ്ഞു. എണ്ണയുടെ ചൂട് കുറഞ്ഞത് ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയ്ക്ക് ആശ്വാസം പകർന്നതോടെ ബോംബെ സെൻസെക്‌സ് 76 പോയിന്റും നിഫ്റ്റി എട്ട് പോയിന്റും പ്രതിവാരനേട്ടം കൈവരിച്ചു. 
ഉത്തര കൊറിയ - യു എസ് ചർച്ച അടുത്ത മാസം നടക്കുമെന്ന സൂചനകൾ വരും ദിനങ്ങളിൽ വിപണിയിൽ അനുകൂല തരംഗമുളവാക്കും. അടുത്ത മാസം വിയെന്നയിൽ ഒപ്പെക്ക് യോഗം ചേരും. ഇതിനിടയിൽ ക്രൂഡ് ഓയിലിന്റെ കാര്യത്തിൽ സൗദി അറേബ്യയും റഷ്യയും നടത്തുന്ന നീക്കങ്ങളും വാരാന്ത്യം അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില രണ്ട് ശതമാനം കുറച്ചു. അതേ സമയം വെനിൻസൂല, ലിബിയ, ഇറാൻ എന്നീ രാജ്യങ്ങളുടെ ഉൽപാദനത്തെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നു. രാജ്യാന്തര എണ്ണ വിപണിക്ക് നിലവിൽ 75.26 ഡോളറിനും 72.75 ഡോളറിലും താങ്ങുണ്ട്.  
ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യം അൽപ്പം മെച്ചപ്പെട്ടു. 68.01 ൽ നിന്ന് 68.54 വരെ നീങ്ങിയെങ്കിലും കഴിഞ്ഞവാരം സൂചിപ്പിച്ച 68.72 വരെ എത്തും മുമ്പായി രൂപയുടെ മൂല്യം 67.73 ലേയ്ക്ക് മെച്ചപ്പെട്ടു. രൂപയുടെ  ശക്തിപ്രാപിക്കുന്നത് ഓഹരി സൂചികയ്ക്കും സാമ്പത്തിക മേഖലയ്ക്കും നേട്ടമാക്കുന്നത് നിക്ഷേപകരെ ആകർഷിക്കും. രൂപ ഈ വാരം 67.43-67.02 ലേയ്ക്ക്  മെച്ചപ്പെടാം. ഈ വർഷം ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം ആറ് ശതമാനം കുറഞ്ഞു. 
രൂപയുടെ നീക്കങ്ങൾ വിദേശ ഫണ്ടുകളെ വിൽപ്പനയിൽ നിന്ന് പിൻതിരിപ്പിക്കാം. പോയവാരം അവരുടെ വിൽപ്പന ഏകദേശം 3227.06 കോടി രൂപയാണ്. അതേ സമയം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 4364.93 കോടി രൂപയുടെ നിക്ഷേപം നടത്തി. 
ടെക്‌നോളജി, ബാങ്കിങ്, പി എസ് യു, കാപ്പിറ്റൽ ഗുഡ്‌സ്, ഹെൽത്ത്‌കെയർ, പവർ വിഭാഗങ്ങളിൽ നിക്ഷേപകർ താൽപര്യം കാണിച്ചു. അതേ സമയം റിയാലിറ്റി, ഓയിൽ ആന്റ ഗ്യാസ്, കൺസ്യൂമർ ഗുഡ്‌സ്, എഫ് എം സി ജി, സ്റ്റീൽ, ഓട്ടോമോബൈൽ വിഭാഗങ്ങൾ വിൽപ്പന സമ്മർദ്ദത്തെ അഭിമുഖീകരിച്ചു. 
എസ് ബി െഎ  ഓഹരി വില 11.60 ശതമാനം ഉയർന്ന് 267 രൂപയായി. ഏയർടെൽ നാല് ശതമാനം കയറി 376 രൂപയിലും ഇൻഫോസീസ് ടെക്‌നോളജി 1228 രൂപയിലും ഐ സി ഐ സി ഐ ബാങ്ക് 296 രൂപയിലും കോൾ ഇന്ത്യൻ 296 രൂപയിലുമാണ്. ഒ എൻ ജി സി ഓഹരി വില അഞ്ച് ശതമാനം കുറഞ്ഞ് 175 ലും ടാറ്റാ മോട്ടേഴ്സ് 171 രുപയായും ടാറ്റാ സ്റ്റീൽ 567 രൂപയായും ഐ റ്റി സി  294 രൂപയായും കുറഞ്ഞു. 
ബോംബെ സെൻസെക്‌സ് ഓപ്പണിങ് വേളയിെല 34,834 ൽ നിന്ന് വാരമധ്യം 34,315 ലേക്ക് ഇടിഞ്ഞ ശേഷം 34,925 ൽ വ്യാപാരം അവസാനിച്ചു. ഈ വാരം ആദ്യ പ്രതിരോധം 35,194 പോയിന്റിലാണ്. ഇത് മറികടക്കാൻ ക്ലേശിച്ചാൽ 34,479 ലെ ആദ്യ സപ്പോർട്ടിന്  ശ്രമം നടത്തും. ഈ റേഞ്ചിൽ പിടിച്ചു നിൽക്കാനായില്ലെങ്കിൽ 34,033 വരെ സൂചിക താഴാമെങ്കിലും വിദേശത്ത് നിന്നുള്ള അനുകുല വാർത്തകൾ ഫണ്ടുകൾ നിക്ഷേപകരായാൽ 35,463 പോയിന്റിനെ ലക്ഷ്യമാക്കി നീങ്ങാം.    ഡെറിവേറ്റീവ് മാർക്കറ്റിൽ മെയ് സീരീസ് സെറ്റിൽമെന്റ് ഈ വാരമാണ്. ഓപ്പറേറ്റർമാർ പൊസിഷനുകൾ  ജൂൺ സീരീസിലേയ്ക്ക് റോൾ ഓവറിന് നീക്കം നടത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. പിന്നിട്ടവാരം നിഫ്റ്റി 10,417-10,628 റേഞ്ചിൽ കയറി ഇറങ്ങി. വാരാന്ത്യം 10,605 ൽ നിലകൊള്ളുന്ന നിഫ്റ്റിക്ക് ഈ വാരം 10,683 ൽ പ്രതിരോധമുണ്ട്. ഇത് മറികടന്നാൽ 10,761 വരെ കയറാം. സൂചികയുടെ താങ്ങ് 10,472-10,339 പോയിന്റിലാണ്.  
അമേരിക്ക-ഉത്തര കൊറിയ ചർച്ചകൾ വഴിമുട്ടിയെന്ന വാർത്തകൾ വാരാന്ത്യം ഏഷ്യൻ മാർക്കറ്റുകളിൽ ആശങ്ക ഉളവാക്കിയെങ്കിലും പുതിയ സാഹചര്യത്തിൽ സൂചികൾ തിളങ്ങാം. ഇറ്റലിയിലെ രാഷ്ട്രീയ അനിശ്ചതത്വങ്ങൾ യുറോപ്യൻ ഇൻഡക്‌സുകളിൽ ചാഞ്ചമുളവാക്കി. അമേരിക്കയിൽ ഡൗ ജോൺസ്, എസ് ആന്റ പി ഇൻഡക്‌സുകൾ അൽപ്പം തളർന്നു. 

 

Latest News