Monday , January   21, 2019
Monday , January   21, 2019

മക്കയുടെ കവാടം

ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്ന് പുണ്യഭൂമിയും വിശുദ്ധ കഅ്ബാലയവും മസ്ജിദുൽ ഹറാമും ലക്ഷ്യമാക്കി ഒഴുകിയെത്തുന്ന കോടിക്കണക്കിന് തീർഥാടകരെ, ജിദ്ദയിൽ നിന്ന് മക്കയിലേക്കുള്ള യാത്രയിൽ ജിദ്ദ-മക്ക എക്‌സ്പ്രസ്‌വേയിൽ ആദ്യം സ്വീകരിക്കുന്നത് മാനവ കുലത്തിന് മാർഗദർശകമായും വെളിച്ചവുമായി ഏഴാനാകാശത്തിനു മുകളിൽ നിന്ന് ജിബ്‌രീൽ മാലാഖയെന്ന ദൂതൻ വഴി ലോകൈകനാഥൻ അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ) ക്ക് അവതരിപ്പിച്ചു കൊടുത്ത വിശുദ്ധ ഗ്രന്ഥത്തിന്റെ മാതൃകയിലുള്ള ശിൽപമാണ്. ഭംഗിയും സൃഷ്ടിപരതയും സമ്മേളിച്ച ഈ ശിൽപം മക്കയിലേക്കുള്ള പാതയിലെ ഏറ്റവും പ്രധാന അടയാളമാണ്. മക്കയുടെ പുരാതന പൈതൃകത്തിൽ നിന്ന് ഉൾക്കൊണ്ട കലാചാതുരിയിൽ കൊത്തുപണികൾ ചെയ്ത കൂറ്റൻ ശിൽപം വിശ്വാസികളുടെ അന്തരംഗങ്ങളിൽ വിശുദ്ധ ഖുർആൻ അവതരിച്ച പുണ്യഭൂമിയെയും ദൈവിക ഗ്രന്ഥം മാനവകുലത്തിന് എത്തിച്ച് നൽകിയ പ്രവാചകനെയും കുറിച്ച ഓർമകൾ സദാ ഉണർത്തി വിടുന്നു. 


ദീർഘനേരം വിശുദ്ധ ഖുർആൻ തുറന്നുവെച്ച് പാരായണം ചെയ്യുന്നതിന് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന മരത്തിൽ നിർമിച്ച സ്റ്റാന്റും അതിനു മുകളിൽ തുറന്നുവെച്ച ദൈവിക ഗ്രന്ഥത്തിന്റെ മാതൃകയും അടങ്ങിയ ശിൽപത്തെ മക്കയുടെ കവാടം എന്ന പേരിൽ പലരും വിളിക്കുന്നു. ഈ ശിൽപത്തിനു താഴെ കൂടിയാണ് ജിദ്ദയിൽ നിന്ന് മക്കയിലേക്കും തിരിച്ചും കോടിക്കണക്കിന് തീർഥാടകരും വിശ്വാസികളും സന്ദർശകരും സഞ്ചരിക്കുന്നത്. ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് സൗദിയിൽ ഏറ്റവും വാഹന തിരക്കേറിയ റോഡാണിത്. 


മുപ്പത്തിനാലു വർഷം മുമ്പ് ഹിജ്‌റ 1405 ൽ സൗദി കലാകാരൻ ദിയാ അസീസ് ആണ് ഈ ചാരുശിൽപം രൂപകൽപന ചെയ്തത്. അന്ന് 46 ദശലക്ഷം റിയാൽ ചെലവഴിച്ചാണ് 4712 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ശിൽപം നിർമിച്ചത്. ഇതിന് 153 മീറ്റർ നീളവും 31 മീറ്റർ വീതിയുമുണ്ട്. മക്കയിൽ നിന്ന് അഞ്ചു കിലോമീറ്റർ ദൂരെയാണ് ശിൽപം. പുണ്യനഗരി എത്താറായതിനെയും പ്രവാചകന്റെയും അനുചരന്മാരുടെയും പാദസ്പർശം പതിഞ്ഞ വിശുദ്ധ കഅ്ബാലയവും ഹറമും പുണ്യഭൂമിയും കൺകുളിർക്കെ കാണുന്നതിനുള്ള ആഗ്രഹം വൈകാതെ സഫലമാകാൻ പോകുന്നതിനെയും കുറിച്ച് തീർഥാടകരെയും സന്ദർശകരെയും ഈ ശിൽപം സദാ ഉണർത്തുന്നു. ഇരു ഭാഗത്തേക്കുമുള്ള റോഡുകളുടെ ഒത്ത നടുവിൽ വരുന്ന നിലയ്ക്കാണ് ശിൽപം നിർമിച്ചിരിക്കുന്നത്. ഇതുകൊണ്ടു തന്നെ ജിദ്ദയിൽ നിന്ന് മക്കയിലേക്ക് പോകുന്നവർക്കും മക്കയിൽ നിന്ന് ജിദ്ദയിലേക്ക് പോകുന്നവർക്കും ഏറ്റക്കുറച്ചിലുകളില്ലാതെ ഒരേപോലെ ശിൽപം ദർശിക്കുന്നതിന് സാധിക്കുമെന്ന് ദിയാ അസീസ് പറയുന്നു. വെറും ചിത്രകാരൻ മാത്രമല്ല ദിയാ അസീസ്. ഇദ്ദേഹം ഒരു സകലകലാ വല്ലഭനാണ്. വയലിനും ഓർഗനും അടക്കമുള്ള സംഗീതോപകരണങ്ങൾ വായിച്ചാണ് ഇദ്ദേഹം ജീവിതം ആരംഭിച്ചത്. സംഗീത തൃഷ്ണ കുട്ടിക്കാലം മുതൽ കൂടപ്പിറപ്പാണ്. പതിനഞ്ചാം വയസ്സിലാണ് ചിത്രരചനാ മേഖലയിൽ വൈഭവം പ്രകടിപ്പിക്കുന്നതിന് തുടങ്ങിയത്. 


ഹിജാസിൽ താൻ കണ്ടുവളർന്ന പരിസ്ഥിതിയിൽ നിന്നുള്ള ആശയങ്ങൾ ആവാഹിച്ച നിരവധി പെയിന്റിംഗുകൾ ഇദ്ദേഹം വരച്ചിട്ടുണ്ട്. പുരാതന കാലത്ത് ഭവനങ്ങൾക്കകത്തെ നിത്യ ജീവിതത്തിന്റെ ദൃശ്യങ്ങളും ഇദ്ദേഹം തന്റെ ബ്രഷുകൾ ചായങ്ങളിൽ മുക്കി കാൻവാസിലേക്ക് പകർത്തുന്നു. കെട്ടിടങ്ങൾ, ഗലികൾ, പരിസരങ്ങൾ എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ പെയിന്റിംഗുകൾക്ക് വിഷയങ്ങളാണ്. മരത്തിൽ കൊത്തുവേലകൾ നടത്തി ശിൽപങ്ങൾ നിർമിക്കുന്നതിനും ഇദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. മരത്തിൽ മനോഹരമായ ശിൽപങ്ങൾ കൊത്തിയുണ്ടാക്കിയതിനും ഇദ്ദേഹത്തെ പുരസ്‌കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. 
സാഹിത്യ, സാംസ്‌കാരിക മേഖലകളിൽ തങ്ങളുടേതായ ഇടം കണ്ടെത്തുകയും വ്യക്തിമുദ്രകൾ പതിപ്പിക്കുകയും ചെയ്ത കുടുംബത്തിലെ അംഗമാണ് ദിയാ അസീസ്. ഇദ്ദേഹത്തിന്റെ മാതാവ് തലയിണ ഉറകളും ബെഡ്ഷീറ്റുകളും ചിത്രപ്പണികളാൽ അലങ്കരിച്ചിരുന്നു. പിതാവ് സാഹിത്യകാരനായിരുന്നു. കലാഭിരുചികൾക്ക് വളം നൽകിയതും പ്രോത്സാഹിപ്പിച്ചതും പിതാവായിരുന്നു. എട്ടാം വയസ്സിലാണ് സംഗീതോപകരണങ്ങളിൽ മാസ്മരികത തീർക്കാൻ തുടങ്ങിയത്. 
1947 നവംബർ  28 ന് കയ്‌റോയിലാണ് ജനനം. പിതാവ് അസീസ് ദിയാ അറിയപ്പെട്ട സൗദി സാഹിത്യകാരനായിരുന്നു. മാതാവ് അസ്മാ സഅ്‌സൂഅ് റേഡിയോ നിലയത്തിൽ മാധ്യമ പ്രവർത്തകയായിരുന്നു. സാഹിത്യ, സാംസ്‌കാരിക മേഖലകളുമായി ബന്ധമുള്ള കുടുംബ പശ്ചാത്തലത്തിലെ വളർച്ച കുട്ടിക്കാലം മുതൽ തന്നെ വ്യത്യസ്ത കലകളിൽ അഭിവാഞ്ഛയുണ്ടാക്കി. തലയിണകളിലെയും ബെഡ് ഷീറ്റുകളിലെയും അലങ്കാരപ്പണികൾക്കു പുറമെ മാതാവ് ഓയിൽ പെയിന്റിംഗുകളും വരച്ചിരുന്നു. മാതാവിന്റെ വിരലുകൾ ചായക്കൂട്ടുകൾ ഉപയോഗിച്ച് മാസ്മരികതകൾ തീർക്കുന്നത് കുട്ടിക്കാലത്ത് അത്ഭുത്തോടെയും കൗതുകത്തോടെയും നോക്കിനിന്നിരുന്നു. ഇത് പിഞ്ചു പ്രായത്തിൽ തന്നെ ചിത്രരചനയോടുള്ള ആരാധന മനസ്സിലുണ്ടാക്കി. പിതാവ് രചിച്ച ഏതാനും പാട്ടുകൾ കുട്ടികൾക്കു വേണ്ടിയുള്ള സൗദി റേഡിയോ പ്രോഗ്രാമിൽ ദിയാ അസീസ് ആലപിച്ചിരുന്നു. 1960 ലാണ് ചിത്രരചനാ മേഖലയിൽ പ്രവേശിച്ചത്. ലോകപ്രശസ്ത ചിത്രകാരന്മാരെ അനുകരിച്ചുള്ള ചിത്രരചനയായിരുന്നു തുടക്കത്തിൽ പരീക്ഷിച്ചിരുന്നത്. പിന്നീട് അനുകരണം ഉപേക്ഷിച്ച് തനിക്കു ചുറ്റുമുള്ള പരിസ്ഥിതിയിലെ ദൃശ്യങ്ങൾ പ്രമേയമാക്കിയുള്ള ചിത്രരചനകൾ ആരംഭിച്ചു. സൗദിയിൽ അടിമത്തം അവസാനിപ്പിക്കുന്ന ഉത്തരവ് ഫൈസൽ രാജാവ് പുറപ്പെടുവിച്ചതിനു പിന്നാലെ 1963 ൽ 'അടിമകളുടെ വിമോചനം' എന്ന് പേരിട്ട പെയിന്റിംഗ് വരച്ച് ഫൈസൽ രാജാവിന് സമ്മാനിച്ചു. ഫൈസൽ രാജാവ് നൽകിയ പ്രോത്സാഹനം കലാ ജീവിത പ്രയാണത്തിൽ വലിയ സ്വാധീനം ചെലുത്തി. 


ജിദ്ദയിലെ അൽഥഗ്ർ മോഡൽ സ്‌കൂളിലായിരുന്നു ദിയാ അസീസിന്റെ പ്രാഥമിക വിദ്യാഭ്യാസം. ഇന്റർമീഡിയറ്റും സെക്കണ്ടറിയും ജിദ്ദയിലെയും കയ്‌റോയിലെയും ബോസ്റ്റണിലെയും വിവിധ സ്‌കൂളുകളിലായിരുന്നു. 1967 ൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്‌കോളർഷിപ്പോടെ റോമിലെ ഫൈൻ ആർട്‌സ് അക്കാദമിയിൽ ചേർന്നു. 1971 ൽ ഇവിടെ നിന്ന് ബിരുദം നേടി. ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം 1972 മുതൽ 1973 വരെ ജിദ്ദ അൽഥഗ്ർ മോഡൽ സ്‌കൂളിൽ കലാ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1974 ൽ സ്വന്തമായി ഫൈൻ ആർട്‌സ് സ്ഥാപനം ആരംഭിച്ചു. 
1979 വരെ സ്ഥാപനം നടത്തിക്കൊണ്ടുപോയി. 1980 ൽ സൗദി അറേബ്യൻ എയർലൈൻസിൽ ജോലിയിൽ പ്രവേശിച്ചു. 2004 ൽ വിരമിക്കുന്നതു വരെ സൗദിയയിൽ തുടർന്നു. സൗദിയിലെ വിവിധ നഗരങ്ങളിൽ നിരവധി ചിത്രരചനാ പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വിദേശങ്ങളിൽ ചിത്രരചനാ പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുമുണ്ട്. 1969 ൽ ജിദ്ദ പാലസ് ഹോട്ടലിലാണ് ആദ്യത്തെ പെയിന്റിംഗ് പ്രദർശനം സംഘടിപ്പിച്ചത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശൈഖ് ഹസൻ ആലുശൈഖ് ആണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. പെയിന്റിംഗുകൾക്ക് ദിയാ അസീസിനെ നിരവധി പ്രാദേശിക, അന്താരാഷ്ട്ര പുരസ്‌കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. 

Latest News