Monday , January   21, 2019
Monday , January   21, 2019

നീതിപീഠത്തിന്  ചിതലരിക്കുമ്പോൾ...

വയനാട് ജില്ലയ്ക്ക് പുൽപള്ളി പോലെയാണ് കോഴിക്കോടിന് പേരാമ്പ്രയും പരിസര ഗ്രാമങ്ങളും. കാർഷികോൽപന്നങ്ങൾക്ക് വിലയുണ്ടായിരുന്ന വേളകളിലെല്ലാം ഐശ്വര്യം കളിയാടിയ പ്രദേശം. കോട്ടയം പാലാ മേഖലയിൽ നിന്ന് കുടിയേറിയവരും പ്രദേശത്ത് താമസിച്ചിരുന്നവരുടെ തലമുറകളും കഠിനാധ്വാനത്തിലൂടെയാണ് പന്തിരിക്കരയും കൂരാച്ചുണ്ടും പെരുവണ്ണാമൂഴിയും മാറ്റിയെടുത്തത്. സാംസ്‌കാരിക വിനിമയത്തിന്റെ സവിശേഷത എല്ലാ വിഭാഗങ്ങളുടെയും ജീവിത രീതിയിൽ പ്രകടമാണ്. പള്ളി പെരുന്നാളും ഓണവും ക്രിസ്മസും ഈദും സൗഹാർദത്തോടെ ആഘോഷിക്കുന്ന ജനവിഭാഗം. 
അപ്രതീക്ഷിതമായെത്തിയ നിപ്പാ വൈറസ് ഈ മേഖലയിലെ ജീവിതത്തിന്റെ താളം തെറ്റിച്ചു. അങ്ങാടികൾ വിജനമായി. കോഴിക്കോട്, വടകര എന്നീ പട്ടണങ്ങളിൽ നിന്ന് വരുന്ന ബസുകളിൽ യാത്രക്കാർ തീരെ കുറവ്. സൂപ്പിക്കടയിലെ ഒരു വീട്ടുകാർക്ക് ഗൃഹനാഥനുൾപ്പെടെ മൂന്ന് പേരെയാണ് നഷ്ടമായത്. ദൃശ്യമാധ്യമങ്ങൾ കർണാടക തെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാൽ ആദ്യ മരണം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ക്യാമറ കോഴിക്കോടിന്റെ കിഴക്കൻ മലയോര ഗ്രാമത്തിലേക്ക് തിരിഞ്ഞത്. കണ്ണൂർ-കോഴിക്കോട് ജില്ലകളിൽ പലപ്പോഴുമുണ്ടാവുന്ന രാഷ്ട്രീയ സംഘർഷങ്ങളിൽ നിരവധി കുടുംബങ്ങളാണ് അനാഥമായത്. പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെ എരിഞ്ഞടങ്ങുന്ന ജീവിതങ്ങൾ. നിപ്പാ വൈറൽ പനിക്കിടയിൽ മലയാളികളെയാകെ കരയിപ്പിച്ച ഒരു വിട വാങ്ങലുണ്ടായി. പനി ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം പിടിപെട്ടാണ് നഴ്‌സ് ലിനി മരിച്ചത്. ആതുര ശുശ്രൂഷയ്ക്കിടെ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന ഈ മാലാഖയുടെ മൃതദേഹം വീട്ടിലെത്തിക്കുക പോലും ചെയ്യാതെ കോഴിക്കോട് മാവൂർ റോഡിലെ വൈദ്യുത ശ്മശാനത്തിൽ സംസ്‌കരിക്കുകയാണ് ചെയ്തത്. ലിനിയുടെ ഭർത്താവിനെയും അടുത്ത ബന്ധുക്കളെയും മാത്രമാണ്  മൃതദേഹം കാണാൻ അനുവദിച്ചത്. അമ്മയെ അവസാനമായി ഒരു നോക്കു കാണാൻ മക്കൾക്കും അവസരം ലഭിച്ചില്ല. മാരകമായ നിപ്പാ വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്താണ് വീട്ടുകാരുടെ സമ്മതത്തോടെ ലിനിയുടെ മൃതദേഹം ആരോഗ്യ വകുപ്പു തന്നെ ഏറ്റെടുത്തു സംസ്‌കരിച്ചത്. 
പേരാമ്പ്ര താലൂക്കാശുപത്രിയിലെ താൽക്കാലിക നഴ്‌സായിരുന്നു ചെമ്പനോട സ്വദേശിയായ ലിനി. താൽക്കാലികമെങ്കിലും, ഏറെക്കാലമായി കൊതിച്ച ജോലിയിൽ പ്രവേശിച്ച് ഏഴ് മാസമായപ്പോഴാണ് വിധി ലിനിയുടെ ജീവൻ കവർന്നത്. നിപ്പാ വൈറൽ പനി  ബാധിച്ചു മരിച്ച ചങ്ങരോത്ത് സൂപ്പിക്കട  മൂസയുടെ മക്കളായ സാബിത്തിനെയും  സ്വാലിഹിനെയും പേരാമ്പ്ര ആശുപത്രിയിൽ ശുശ്രൂഷിച്ചിരുന്നത്  ലിനിയാണ്. ഇതാണ് കേരളം. ജാതിയുടേയും മതത്തിന്റേയും മനുഷ്യരെ അകറ്റുന്നവർ ലിനിയുടെ മാതൃകാ ജീവിതത്തിൽ നിന്ന് പാഠമുൾക്കൊള്ളണം. കോഴിക്കോട് മെഡിക്കൽ കോളേജിലെ മരണക്കിടക്കയിൽ വെച്ച് ലിനി ഭർത്താവിനെഴുതിയ കത്ത് മിക്കവാറും എല്ലാ അച്ചടി, ദൃശ്യ മാധ്യമങ്ങളിലുമുണ്ടായിരുന്നു. സംഭവത്തിന് ശേഷം കേരള സർക്കാരും ചില സ്വകാര്യ സ്ഥാപനങ്ങളും പ്രഖ്യാപനങ്ങളുമായി രംഗത്തെത്തി. ലിനിയുടെ ഓർമ നിലനിർത്താൻ കേരളത്തിലെ ഏറ്റവും മികച്ച നഴ്‌സിന് സംസ്ഥാന പുരസ്‌കാരം ഏർപ്പെടുത്തുന്ന കാര്യം സർക്കാരിന് പരിഗണിക്കാവുന്നതാണ്.
*** *** ***
സുപ്രീം കോടതിയിലെ ജസ്റ്റിസുമാർ വാർത്താ സമ്മേളനം നടത്തി കാര്യങ്ങൾ വിളിച്ചു പറഞ്ഞിട്ട് അധികമായിട്ടില്ല. ജസ്റ്റിസ് ചെലമേശ്വറിനെ പോലൊരാളുടെ പ്രാധാന്യം പലരും തിരിച്ചറിഞ്ഞത് അപ്പോഴാണ്. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കമുണ്ടാവുകയെന്നത് തന്നെ അപൂർവ അനുഭവമാണ്. ഇപ്പോഴിതാ കേരളത്തിൽ തുറന്നു പറച്ചിലുമായി ജസ്റ്റിസ് കമാൽ പാഷ. മാതൃഭൂമി ന്യൂസിൽ ചോദ്യം ഉത്തരം പംക്തിയിലാണ് അദ്ദേഹം അപ്രിയ സത്യങ്ങൾ വിശദീകരിച്ചത്. തലേ ദിവസം ഒരു ചടങ്ങിൽ  ജഡ്ജി നിയമനം ജാതിയുടെയോ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വീതം വെപ്പാകരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശരിയാണെങ്കിൽ ഇപ്പോൾ പരിഗണിക്കുന്ന പേരുകളിൽ ചിലർ ആ സ്ഥാനത്തിന് അർഹരല്ലെന്നും കമാൽ പാഷ പറഞ്ഞു. 
ഹൈക്കോടതിയിൽ നൽകിയ യാത്രയയപ്പ് സമ്മേളനത്തിലാണ് കമാൽ പാഷ ഇക്കാര്യം പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഹൈക്കോടതിയിലെ മുഴുവൻ ജഡ്ജിമാരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ജഡ്ജി നിയമനം കുടുംബ കാര്യമല്ലെന്ന് പറഞ്ഞ കമാൽ പാഷ കോടതിയുടെ മഹനീയത എപ്പോഴും ഉയർത്തിക്കാട്ടുന്ന പ്രവർത്തനമാകണം ജുഡീഷ്യറിയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതെന്നും അഭിപ്രായപ്പെട്ടു. വിരമിച്ചതിനു ശേഷം പ്രതിഫലം പറ്റുന്ന സർക്കാർ പദവികൾ ഏറ്റെടുക്കാറുണ്ട്.  ഇത്തരം പദവി ഏറ്റെടുക്കൽ പലപ്പോഴും വിമർശനത്തിന് കാരണമാകും. ഇത് കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുവിൽ പാലിക്കുന്ന തത്വങ്ങൾ അനുസരിച്ച് വിരമിച്ച് മൂന്നു വർഷങ്ങൾക്കു ശേഷം മാത്രമേ ഇത്തരം പദവികൾ ഏറ്റെടുക്കാവൂ എന്ന നയം പാലിക്കാൻ എല്ലാവരും തയ്യാറാകണം. താൻ വിരമിക്കുന്നത് തല ഉയർത്തിപ്പിടിച്ചാണ്. 100 ശതമാനം നീതി നടപ്പാക്കാൻ പറ്റി എന്നാണ് വിശ്വാസം. വിധിന്യായങ്ങൾ സ്വാധീനിക്കാൻ ജുഡീഷ്യറിക്ക് പുറത്ത് ബാഹ്യ ശക്തികളുണ്ട്.  അത് ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും പദവികളിൽ വിരമിക്കുന്ന താൻ ഉൾപ്പെടെയുള്ള ജഡ്ജിമാർ എത്തരുതെന്നും കമാൽ പാഷ പറഞ്ഞു. സമകാലിക സംഭവങ്ങൾ ജുഡീഷ്യറിയുടെ അന്തസ്സ് കളഞ്ഞു. കൊളീജിയം നിർദേശിച്ചവരെല്ലാം ജഡ്ജിമാരുടെ ബന്ധുക്കളാണെന്നും അതിനാൽ ഇപ്പോൾ നിയമനത്തിന് പരിഗണിക്കുന്ന ആരും സ്ഥാനത്തിന് യോഗ്യരല്ലെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി  
 *** *** ***
മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിലവിൽ നിയമമില്ലെന്നും സ്വയം നിയന്ത്രണം മതിയെന്നുമാണ് ഈ രംഗത്തെ പ്രഗത്ഭർ പറയുന്നത്. കോടതി റിപ്പോർട്ടിംഗിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഹരജികളിൽ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ചു. കേസ് മൂന്നംഗ ബെഞ്ചിൽ നിന്ന് വിശാല ബെഞ്ചിന്റെ പരിഗണനയിലേക്ക് മാറ്റി. മാധ്യമങ്ങൾ സ്വയം നിയന്ത്രിച്ചാൽ മതിയെന്നും നിയന്ത്രണമേർപ്പെടുത്താനാവില്ലെന്നുമുള്ള സഹാറാ കേസിലെ സുപ്രീം കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ നിലവിലെ ബെഞ്ചിനു തീരുമാനമെടുക്കാനാവില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.ഹൈക്കോടതി അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനു പിന്നാലെയാണ് മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജികളെത്തിയത്.
ഇതേത്തുടർന്ന് ജസ്റ്റിസ് പി. എൻ രവീന്ദ്രൻ, എ. എം ഷഫീഖ്, കെ. ഹരിലാൽ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് രൂപീകരിക്കുകയായിരുന്നു. മാധ്യമ സ്ഥാപനങ്ങൾ, പത്രപ്രവർത്തക യൂണിയൻ, മീഡിയ അക്കാദമി എന്നിവരടക്കം കക്ഷി ചേർന്ന കേസിൽ വിശദമായ വാദത്തിനു ശേഷമാണ് കോടതി വിധി പറഞ്ഞത്. മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാവില്ലെന്നും നിലവിൽ നിയന്ത്രണമേർപ്പെടുത്തിയാൽ അത് ജനാധിപത്യ വിരുദ്ധ നടപടിയാവുമെന്നുമായിരുന്നു കേസിൽ മാധ്യമങ്ങളുടെ ഭാഗത്തു നിന്നുള്ള പ്രധാന വാദം.
*** *** ***
കോട്ടയത്തെ പത്രസ്ഥാപനത്തിൽ അതിക്രമിച്ചു കയറി ബഹളമുണ്ടാക്കിയ തോക്ക് സ്വാമിയെ മറക്കുന്നതെങ്ങനെ? കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴാണ് അദ്ദേഹം സ്റ്റാറായത്. കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് സ്വാമി പ്രവചിക്കുകയും അത് ഫലിക്കുകയും ചെയ്തു. 38 സീറ്റുകളുടെ പിൻബലത്തിൽ മുഖ്യമന്ത്രിയാവുന്നതെങ്ങനെയെന്ന് ആശ്ചര്യപ്പെട്ടവരെയെല്ലാം ഞെട്ടിച്ചതാണ് തുടർന്നുണ്ടായ സംഭവങ്ങൾ. കുമാര സ്വാമി കർണാടക മുഖ്യമന്ത്രിയാകുമെന്ന് തോക്ക് സ്വാമിയെന്ന ഹിമവൽ ഭദ്രാനന്ദ  നേരത്തെ പ്രവചിച്ചിരുന്നു. 
കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ കാര്യങ്ങൾ മാറിമറിഞ്ഞു.  സത്യപ്രതിജ്ഞ ചെയത് യെദിയൂരപ്പ രാജി വെച്ചൊഴിഞ്ഞു. സ്ഥിതിഗതികൾ സ്ഥിതി മാറി മറിഞ്ഞ് കുമാരസ്വാമിക്ക് മുഖ്യമന്ത്രിയാകാനുള്ള നറുക്ക് വീഴുകയും ചെയ്തതോടെ തോക്കുസ്വാമിയുടെ വാക്കുകൾ സത്യമാകുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് കർണാടകയിലെ സുവർണ ചാനലിൽ  ഇത്തരമൊരു പ്രവചനം നടത്തിയത്. ഏതായാലും തോക്ക് സ്വാമി കോളടിച്ചു. വേഷ വിധാനങ്ങൾ വെച്ചുനോക്കുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ വരെ സാധ്യത കൂടുതലാണ്. മൂന്നുനാല് ദിവസമായി ദൽഹിയിൽ നിന്ന് ബിജെപിക്ക് വേണ്ടി ചിലർ ബന്ധപ്പെടുന്നുണ്ടെന്ന് ഹിമവൽ ഭദ്രാനന്ദ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ലേറ്റസ്റ്റ് പ്രവചനം എന്തെന്ന് നോക്കിയിരിക്കുകയാണ് കന്നഡ ചാനലുകൾ.
*** *** ***
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷത്തോളം അവശേഷിച്ചിരിക്കേ മോഡിയേയും കൂട്ടരേയും വീണ്ടും അധികാരത്തിലേറ്റാനുള്ള ശ്രമം സജീവമായി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും മോഡിക്ക് അനുകൂലമായിരിക്കുമെന്ന്  എബിപി ന്യൂസ്‌സിഎസ്ഡിഎസ് സർവേ. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാറിന്റെ നാല് വർഷം വിലയിരുത്തിയാണ് എബിപി ന്യൂസ്-സിഎസ്ഡിഎസ് സർവേ  നടത്തിയത്. ഈ സമയത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ മോഡിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 274 സീറ്റ് ലഭിക്കുമെന്നാണ് സർവേ വ്യക്തമാക്കിയത്. 
യുപിഎയ്ക്ക് ലഭിക്കുക 164 സീറ്റ് ലഭിക്കും. മറ്റുള്ളവർക്ക് 105 സീറ്റ് ലഭിക്കും. 
2014 ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 336 സീറ്റായിരുന്നു ബിജെപിക്ക് ലഭിച്ചത്. സർവേയിൽ പങ്കെടുത്ത 47 ശതമാനം പേരും 2019 നു ശേഷം മോഡി സർക്കാരിന് ഭരിക്കാനുള്ള അവസരമുണ്ടാകില്ലെന്ന് അഭിപ്രായപ്പെടുന്നവരാണ്. തൊഴിലില്ലായ്മ, ജിഎസ്ടി, കുറഞ്ഞ വരുമാന നിരക്ക്, ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരെയുള്ള ആക്രമണം തുടങ്ങിയവയാണ് എൻഡിഎക്ക് വെല്ലുവിളി ഉയർത്തുന്നത്. ന്യൂനപക്ഷങ്ങൾക്കിടയിൽ, പ്രത്യേകിച്ച് മുസ്ലിംകൾക്കിടയിൽ മോഡി ഭരണത്തിൽ അസംതൃപ്തിയാണുള്ളത്. കഴിഞ്ഞ് നാല് വർഷത്തിൽ അവർ നേരിടേണ്ടിവന്ന ആക്രമണങ്ങളാണ് ഇതിന് കാരണം. ഭൂരിപക്ഷം ഹിന്ദു സമുദായത്തിൽ നിന്നുള്ളവരിലും സർക്കാർ വിരുദ്ധ മനോഭാവമാണ് കാണാൻ സാധിച്ചത്. ജനപ്രീതിയിൽ നരേന്ദ്ര മോഡിയുടെ ഗ്രാഫ് താഴ്ന്നാണിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജനപ്രീതിയിൽ ഉയർന്നിരിക്കുന്നെന്ന് സർവേയിൽ വ്യക്തമായി. ബിജെപി അധികാരത്തിലിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ വോട്ട് ശതമാനത്തിൽ വൻ കുറവ് രേഖപ്പെടുത്തുമെന്നും രണ്ടിടങ്ങളിലും അധികാരം നിലനിർത്താൻ ബിജെപിക്ക് കഴിയില്ലെന്നും മധ്യപ്രദേശിൽ പാർട്ടിക്ക് ഭരണ വിരുദ്ധ വികാരം നേരിടേണ്ടി വരുമെന്നും സർവേ വിലയിരുത്തുന്നുണ്ട്. കർണാടക തെരഞ്ഞെടുപ്പിനു ശേഷം കൂടുതൽ കടുത്ത വർഗീയ ധ്രുവീകരണത്തിന് ബിജെപി തയ്യാറെടുക്കുന്നതിന്റെ സൂചന നൽകി റിപ്പബ്ലിക് ടിവിയിൽ  അന്തിച്ചർച്ച. രാജ്യത്തെ ജനാധിപത്യം ഭീഷണി നേരിടുന്ന സന്ദർഭത്തിൽ രാജ്യത്തിനു വേണ്ടി ഒരു നേരത്തെ ഭക്ഷണമെങ്കിലും ഒഴിവാക്കി പ്രാർഥന നടത്താൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ദില്ലി ആർച്ച് ബിഷപ്പ് പുറത്തിറക്കിയ കത്താണ് സംഘപരിവാർ അനുകൂല നിലപാടുകളെടുക്കാറുള്ള ചാനൽ  വിവാദമാക്കാൻ ശ്രമിക്കുന്നത്.

Latest News