Tuesday , June   19, 2018
Tuesday , June   19, 2018

നടനചാരുതയുടെ ചുവടുവെപ്പുകൾ

അഞ്ചാം വയസ്സിൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ ഉണ്ണിമായാ രാജീവ് നായർ ജിദ്ദയിലെ സഹൃദയർക്കിടയിൽ സുപരിചിതയായ നർത്തകിയായി ഉയർന്നത് കഠിനമായ സാധനയും അർപ്പണ ബോധവും കൊണ്ടു തന്നെയെന്ന് ഈ ഒമ്പതാം ക്ലാസുകാരിയുടെ ചടുലമായ ചുവടുവെപ്പുകളിൽ നിന്ന് വ്യക്തമാകും. കേരള കലാസാഹിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മാസം ഇന്ത്യൻ കോൺസുലേറ്റിൽ അവതരിപ്പിച്ച കളേഴ്‌സ് ഓഫ് ഇന്ത്യ -2018 എന്ന പരിപാടിയിൽ സ്വയം ചിട്ടപ്പെടുത്തിയ കഥക് നൃത്തവുമായി അരങ്ങിലെത്തിയ ഉണ്ണിമായയും കൂട്ടുകാരികളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. നിരവധി സഹൃദയരുടെ പ്രശംസ പിടിച്ചുപറ്റിയ ഈ കഥക് നൃത്തം ഉത്തരേന്ത്യൻ നൃത്തശൈലിയുടെ എല്ലാ ഭാവങ്ങളേയും സമന്വയിപ്പിച്ചു. അർധനാരീശ്വരി എന്ന നൃത്തശിൽപം വേൾഡ് മലയാളി ഫോറം, ട്രാക്ക് ജിദ്ദ എന്നിവയുടെ വേദികളിൽ അരങ്ങ് തകർക്കാനും ഉണ്ണിമായക്ക് സാധിച്ചു. 2016 ൽ ഗുരുവായൂരിൽ നടന്ന നൃത്തപരിപാടിയിലും ഈ മിടുക്കി ചിലങ്ക കെട്ടി. ഒമ്പതാം വയസ്സ് മുതൽ ജിദ്ദയിലെ പ്രശസ്ത നർത്തകിയും നൃത്താധ്യാപികയുമായ പുഷ്പാ സുരേഷിന്റെ ശിക്ഷണത്തിൽ ശാസ്ത്രീയ നൃത്തം അഭ്യസിച്ചുതുടങ്ങി. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും വൈഭവം തെളിയിച്ചു. 


കലാസാഹിതിക്കു പുറമെ സർഗം എന്ന സാംസ്‌കാരിക കൂട്ടായ്മയിലും ഉണ്ണിമായക്ക് അംഗത്വമുണ്ട്. പാട്ടിലും ചിത്രരചനയിലും ഇതിനകം കഴിവ് തെളിയിച്ചു. ജിദ്ദ പേയ്‌സ് എക്‌സൽ ഗാവൽ ക്ലബ്ബിലും ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ്ബിലും സജീവമാണ് ഉണ്ണിമായ. വ്യക്തിത്വ വികസനം സംബന്ധിച്ച് പഠനത്തിൽ തൽപരയായ ഈ നർത്തകിക്ക് പിതാവ് രാജീവ് നായരും മാതാവ് ശാലിനയും അച്ഛമ്മ ഗൗരി നായരും ഒപ്പം അനിയത്തി വിഷ്ണു മായയും ഉറച്ച പിന്തുണ നൽകുന്നു. വിഷ്ണുമായയും നല്ല കലാകാരിയാണ്. നൃത്തത്തോടൊപ്പം പാട്ടിലും ചിത്രരചനയിലുമാണ് വിഷ്ണുമായയ്ക്ക് താൽപര്യം.

കോഴിക്കോട് ജില്ലയിലെ വടകര കുളങ്ങരത്ത് വീട്ടിൽ രാജീവ് നായർ ജിദ്ദയിൽ മുഹമ്മദ് യൂസുഫ് നാഗി മോട്ടോഴ്‌സിൽ സീനിയർ ഫൈനാൻസ് മാനേജരാണ്. പഠനത്തോടൊപ്പം കഥക്, ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് ഉണ്ണിമായയുടെ ഇനിയുള്ള ശ്രമം. 

Latest News