Monday , March   25, 2019
Monday , March   25, 2019

ആ സെമിയുടെ ഓർമകളിൽ

1998 ലെ അരങ്ങേറ്റത്തിൽ ലോക ഫുട്‌ബോളിനെ വിസ്മയിപ്പിച്ച് മൂന്നാം സ്ഥാനം നേടിയ ടീമാണ് ക്രൊയേഷ്യ. അതിനു ശേഷം മൂന്നു തവണ യോഗ്യത നേടി, 2002 ലും 2006 ലും 2014 ലും. മൂന്നു തവണയും ഗ്രൂപ്പ് ഘട്ടം കടന്നില്ല. ഇപ്പോൾ തുടർച്ചയായ രണ്ടാം തവണയും പ്ലേഓഫിന്റെ ദുർഘട പാത താണ്ടിയാണ് യോഗ്യത നേടിയത്. റയൽ മഡ്രീഡ് പ്ലേമേക്കർ ലൂക്ക മോദ്‌റിച്, ബാഴ്‌സലോണ മിഡ്ഫീൽഡർ ഇവാൻ റാകിറ്റിച്, യുവന്റസ് സ്‌ട്രൈക്കർ മാരിയൊ മൻസൂകിച്ച് എന്നിവരൊക്കെയുള്ള ടീം ഗോളിനായി ബുദ്ധിമുട്ടേണ്ടതില്ല. എന്നാൽ ഉറച്ച പ്രതിരോധമാണ് ക്രൊയേഷ്യയെ ഫൈനൽ റൗണ്ടിലെത്തിച്ചത്. വെറും 15 ഗോളാണ് അവർക്ക് സ്‌കോർ ചെയ്യാനായത്.
കോച്ച് 
സ്ലാറ്റ്‌കൊ ദാലിച് യു.എ.ഇയിലും സൗദി അറേബ്യയിലും നിരവധി ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. അണ്ടർ21 ക്രൊയേഷ്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ചെന്ന നിലയിൽ ഈ കളിക്കാരിൽ പലരുടെയും വളർച്ചയിൽ പങ്കുവഹിച്ചിട്ടുണ്ട്. യോഗ്യതാ റൗണ്ടിൽ ഒരു മത്സരം ശേഷിക്കെ നിർണായക ഘട്ടത്തിലാണ് ക്രൊയേഷ്യയുടെ ചുമതലയേൽക്കുന്നത്. ഉക്രൈനെ തോൽപിച്ച് പ്ലേഓഫ് സ്ഥാനമുറപ്പിച്ചു. ഗ്രീസിനെ മൊത്തം 4-1 ന് പ്ലേഓഫിൽ കെട്ടുകെട്ടിക്കുകയും ചെയ്തു.
ഗോൾകീപ്പർമാർ
ഫ്രാൻസിൽ ലിയോണിന് കളിക്കുന്ന ഡാനിയേൽ സുബാസിച്ചാണ് ഒന്നാം ഗോളി. ഗെന്റിന്റെ ലോവ്‌റെ കാലിനിച്ചാണ് റിസർവ് ഗോളി.

ഡിഫന്റർമാർ
വെറും നാലു ഗോളാണ് യോഗ്യതാ റൗണ്ടിൽ ക്രൊയേഷ്യ വഴങ്ങിയത്. നിലവിലെ ചാമ്പ്യന്മാരായ ജർമനിയും യൂറോപ്യൻ ചാമ്പ്യന്മാരായ പോർചുഗലും വഴങ്ങിയ അത്ര. വെദ്‌റാൻ കോർലുക്ക പരിക്കിൽ നിന്ന് മോചിതനായി എത്തുന്നതോടെ പ്രതിരോധം കൂടുതൽ ശക്തമാവും. 97 തവണ ക്രൊയേഷ്യക്കു കളിച്ച കോർലുക്കക്ക് റഷ്യയിൽ ലോക്കൊമോട്ടിവിന് കളിക്കുന്നതിന്റെ പ്രാദേശിക പരിചയവുമുണ്ട്. ടോട്ടനമിൽ മോദ്‌റിച്ചിനൊപ്പം കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെയും കളിക്കാരനായിരുന്നു. ദോമഗോജ് വിദ, ജോസിപ് പിവാരിച്, ലിവർപൂളിന്റെ ദെജാൻ ലോവ്‌റാൻ എന്നിവരും യോഗ്യതാ റൗണ്ടിൽ അടച്ചുറപ്പുള്ള പ്രതിരോധമൊരുക്കി.
മിഡ്ഫീൽഡർമാർ
ക്രിയേറ്റിവ് മിഡ്ഫീൽഡർമാരായ മോദ്‌റിച്ചിനും റാകിറ്റിച്ചിനും ലോകകപ്പിൽ മുദ്ര പതിപ്പിക്കാനുള്ള അവസാന അവസരമാണ് ഇത്. 104 തവണ കളിച്ച മോദ്‌റിച്ചിന് 32 വയസ്സായി. 90 തവണ കളിച്ച റാകിറ്റിച്ചിന് മുപ്പതും. യൂറോ 2008 ൽ ക്വാർട്ടറിലെത്തിയതാണ് അവരുടെ പ്രധാന നേട്ടം. എങ്കിലും ക്ലബ് തലത്തിൽ അവർ നേടാത്തതൊന്നുമില്ല. ഫിയറന്റീന ക്യാപ്റ്റൻ മിലാൻ ബാദെൽജ്, അത്‌ലറ്റിക്കൊ മഡ്രീഡിന്റെ സിമെ വെർസാലികൊ, ഇന്റർ മിലാന്റെ മാർസെലൊ ബ്രോസൊവിച്, റയലിൽ മോദ്‌റിച്ചിന്റെ കൂട്ടാളിയായ മാറ്റിയൊ കൊവാസിച് തുടങ്ങി വൻ താരനിരയുണ്ട് മധ്യനിരയിൽ
ഫോർവേഡുകൾ
4-2-3-1 ശൈലിയിൽ മൻസൂകിച്ചായിരിക്കും ആക്രമണം നയിക്കുക. ഇന്റർ മിലാന്റെ ഇവാൻ പെരിസിച്ചും എ.സി മിലാന്റെ നിക്കോള കാലിനിച്ചും പിന്നിലുണ്ടാവും. നിർണായകമായ അവസാന മത്സരത്തിൽ ഉക്രൈനെതിരെ രണ്ടു ഗോളടിച്ച് ആന്ദ്രെ ക്രെമാരിച് യോഗ്യതാ റൗണ്ടിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 
പെരിസിച്ചിന്റെ തല ആരാധകരുടെ ശ്രദ്ധാകേന്ദ്രമാണ്. യൂറോ 2016 ൽ ക്രൊയേഷ്യൻ ഭൂപടം തലയിൽ വരച്ചാണ് പെരിസിച് കളിച്ചത്. പെരിസിച് രണ്ടു ഗോളടിച്ചു. പോർചുഗലിനെതിരായ കളിയിൽ ഭൂപടത്തിനു പകരം ക്രൊയേഷ്യൻ പതാക വരച്ചപ്പോൾ നിർഭാഗ്യമായിരുന്നു. പെരിസിച് ഗോളടിച്ചില്ല, ക്രൊയേഷ്യ പുറത്തായി.
മത്സരങ്ങൾ
അർജന്റീനക്കെതിരായ സുപ്രധാന മത്സരം ജൂൺ 21 നാണ്. നൈജീരിയയെ ജൂൺ 16 നും ഐസ്‌ലന്റിനെ ജൂൺ 26 നും നേരിടും.