Monday , March   25, 2019
Monday , March   25, 2019

ഏഴ് മക്കളുടെ അച്ഛന്മാർ

മാർക്കസ് റാഷ്ഫഡ്, കീലിയൻ എംബാപ്പെ, ഉസ്മാൻ ദെംബെലെ...ഇരുപത് കടന്നിട്ടില്ലാത്ത പയ്യന്മാർ. ലോകകപ്പ് കുട്ടിക്കളിയാണെന്ന് തോന്നും. എന്നാൽ ഇത് ക്രിസ്റ്റിയാനൊ റൊണാൾഡോയുടെയും ലിയണൽ മെസ്സിയുടെയും ലോകകപ്പാണ്. ക്രിസ്റ്റിയാനോക്ക് പ്രായം 33, നാലു മക്കൾ. അതിൽ മൂന്നും പിറന്നത് പോയ വർഷം. ലിയണൽ മെസ്സി ലോകകപ്പിനിടെ മുപ്പത്തൊന്നാം ജന്മദിനം ആഘോഷിക്കും. മൂന്ന് ആൺമക്കളിൽ രണ്ടു പേരും പിറന്നത് കഴിഞ്ഞ ലോകകപ്പിനു ശേഷം. ഒരു പെൺകുട്ടി കൂടി വേണം. ലോകകപ്പ് കഴിഞ്ഞ ശേഷം ശ്രമിക്കാമെന്ന് മെസ്സി പറയുന്നു. 
2014 ലോകകപ്പിനു ശേഷം മെസ്സിയും ക്രിസ്റ്റിയാനോയും വെറുംകൈയുമായാണ് മടങ്ങിയത്. അതിനു ശേഷം അവരുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി. ഇരുവർക്കും ഇത് നാലാം ലോകകപ്പാണ്, മിക്കവാറും അവസാനത്തേതും. 
നാലു വർഷത്തിനിടെ ഇരുവരും ഇരുനൂറിലേറെ ഗോളടിച്ചു. ഒരു ചാമ്പ്യൻസ് ലീഗ് കിരീടമെങ്കിലും അധികം നേടി. ഒരു ബാലൻഡോറെങ്കിലും കൂടുതൽ സ്വന്തമാക്കി. മെസ്സി രണ്ടു തവണ അർജന്റീനയെ കോപ അമേരിക്ക ഫൈനലിലേക്ക് നയിച്ചു, ക്രിസ്റ്റിയാനോയുടെ ക്യാപ്റ്റൻസിൽ പോർചുഗൽ 2016 ലെ യൂറോ കപ്പ് ജയിച്ചു. 
അവരുടെ ജീവിതവും അടിമുടി മാറി. മക്കളുണ്ടാവുമ്പോൾ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറുമെന്ന് മെസ്സി പറയുന്നു. ഒരുപാട് കിരീടങ്ങൾ നേടിയിട്ടുണ്ടാവാം മെസ്സി. എന്നാൽ അച്ഛനായതാണ് ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷമെന്ന് മെസ്സി പറയുന്നു. ഇങ്ങനെയൊരു സ്‌നേഹം നിലവിലുണ്ടെന്ന് അറിയുകയേ ഇല്ലായിരുന്നു എന്നാണ് കുടുംബത്തെക്കുറിച്ച് ക്രിസ്റ്റിയാനൊ പറയുന്നത്. അതെന്നെ ഒരുപാട് മയപ്പെടുത്തി, ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതെന്താണെന്നതിനെക്കുറിച്ച കാഴ്ചപ്പാട് മാറ്റി, ക്രിസ്റ്റിയാനൊ പറഞ്ഞു.
കഴിഞ്ഞ നവംബറിലാണ് പുതിയ പങ്കാളി ജോർജിന റോഡ്രിഗസിന്റെയും നവജാത പെൺകുഞ്ഞ് അലാന മാർടിനസിന്റെയും കിടക്കകരികിൽ ആശുപത്രി ഗൗണണിഞ്ഞ ക്രിസ്റ്റിയാനോയുടെയും ഏഴു വയസ്സുകാരൻ മകൻ ക്രിസ്റ്റിയാനൊ ജൂനിയറിന്റെയും ചിത്രം നാം കണ്ടത്. കഴിഞ്ഞ ക്രിസ്മസ് കാലം മെസ്സി അഞ്ചു വയസ്സുകാരൻ പുത്രൻ തിയാഗോയുമൊത്ത് സാന്താക്ലോസ് വേഷമിട്ട് ആഘോഷിച്ചു. എപ്പോഴും കളി, കളി എന്നു പറഞ്ഞ് അവനെന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു എന്ന് മെസ്സി പരിതപിക്കുമ്പോൾ ആരാധകർക്ക് ചിരി വരുന്നു. ഫിഫ അവാർഡുകൾ സ്വീകരിക്കാൻ ക്രിസ്റ്റിയാനോക്കൊപ്പം എന്നും ക്രിസ്റ്റിയാനൊ ജൂനിയർ വേദിയിലെത്തുന്നു. 2010 ലോകകപ്പിനിടയിലാണ് ക്രിസ്റ്റിയാനൊ ജൂനിയർ അമേരിക്കയിൽ ജനിച്ചത്. 12 ദിവസത്തിനു ശേഷം സ്‌പെയിനിനോട് തോറ്റ് പോർചുഗൽ പ്രി ക്വാർട്ടറിൽ പുറത്തായി. നാലു കളികളിൽ ക്രിസ്റ്റിയാനൊ നേടിയത് വെറുമൊരു ഗോൾ, അതും വടക്കൻ കൊറിയക്കെതിരായ 7-0 വിജയത്തിൽ അവസാന വേളയിൽ. 2016 ലെ യൂറോ ടൂർണമെന്റിനിടെ പാരിസിലെ പോർചുഗൽ താവളത്തിൽ ക്രിസ്റ്റിയാനോയുടെ കുടുംബമെത്തി. അവിടെ അവർ മകന്റെ ആറാം ജന്മദിനം ആഘോഷിച്ചു. അച്ഛനും മകനും തമ്മിലെ കുട്ടിക്കളി കണ്ട് ആരാധകർ പുഞ്ചിരിച്ചു. 2017 ലെ കോൺഫെഡറേഷൻസ് കപ്പിൽ ക്രിസ്റ്റിയാനൊ പോർചുഗലിനെ നയിക്കുമ്പോഴാണ് ഇരട്ടകൾ പിറന്നത്, ആൺകുഞ്ഞ് മാറ്റിയോയും പെൺകുട്ടി ഈവയും. പിറ്റേന്ന് പോർചുഗൽ സെമിയിൽ ചിലെയോട് ഷൂട്ടൗട്ടിൽ തോറ്റതിന് പിന്നാലെ മക്കളെ കാണാൻ ക്രിസ്റ്റിയാനൊ പറന്നു. അതിന്റെ പിറ്റേന്നാണ് മെസ്സി ദീർഘകാല ജീവിതപങ്കാളി ആന്റണല്ല റാകുസോയെ മിന്നു കെട്ടിയത്. ജന്മദേശമായ അർജന്റീനയിലെ റൊസാരിയോയിൽ പ്രിയ കൂട്ടുകാരെല്ലാമെത്തി. ആന്ദ്രെസ് ഇനിയെസ്റ്റ ബാഴ്‌സലോണ വിടുന്ന വാർത്ത പ്രഖ്യാപിച്ച പത്രസമ്മേളനത്തിൽ സഹതാരങ്ങളെല്ലാം എത്തി. മെസ്സി ഒഴികെ. മക്കളുടെ പാസ്‌പോർട് പുതുക്കുന്ന തിരക്കിലായിപ്പോയി മെസ്സി. 
ജീവിതത്തിലെ സംതൃപ്തി കളിക്കളത്തിലും പ്രതിഫലിച്ചു. നെയ്മാർ ക്ലബ്ബ് വിട്ടതോടെ തളർന്നു പോകുമെന്ന് കരുതിയ ബാഴ്‌സലോണ മെസ്സിയുടെ നേതൃത്വത്തിൽ സ്പാനിഷ് ലീഗിന്റെ അവസാന ഘട്ടം വരെ പരാജയമില്ലാതെ മുന്നേറി. ആദ്യ പത്തു കളികളിലും ഗോളടിച്ച ക്രിസ്റ്റിയാനൊ റയൽ മഡ്രീഡിനെ ചാമ്പ്യൻസ് ലീഗിൽ അഞ്ചു വർഷത്തിനിടെ നാലാം തവണ ഫൈനലിലെത്തിച്ചു. സോഷ്യൽ മീഡിയയിലും ചാമ്പ്യന്മാരാണ് ഇരുവരും. ലിയോമെസ്സിക്ക് ഇൻസ്റ്റഗ്രാമിൽ 9.1 കോടി ഫോളേവേഴ്‌സ് ഉണ്ട്. ക്രിസ്റ്റിയാനോക്ക് ട്വിറ്ററിൽ 7.3 കോടിയും. 
ബാലൻഡോർ നേട്ടത്തിൽ മെസ്സിയും ക്രിസ്റ്റിയാനോയും ഇപ്പോൾ 5 5 ഡ്രോയാണ്. ലോകകപ്പ് ഇരുവർക്കും സ്വപ്‌നം മാത്രം. 2006 ൽ പോർചുഗൽ സെമിയിൽ ഫ്രാൻസിനോട് തോറ്റു. 2014 ൽ ജർമനിയും അമേരിക്കയുമുൾപ്പെട്ട ഗ്രൂപ്പിൽ പോർചുഗൽ മൂന്നാം സ്ഥാനത്തായിരുന്നു. രണ്ട് തവണ ക്വാർട്ടർ ഫൈനലിലും കഴിഞ്ഞ ഫൈനലിലും ജർമനിയോട് അർജന്റീന മുട്ടുമടക്കി. രണ്ട് ടീമുകൾക്കും ഇത്തവണ പ്രയാസമുള്ള ഗ്രൂപ്പുകൾ അതിജീവിക്കണം. പോർചുഗലിന് സ്‌പെയിനിനെയും മൊറോക്കോയെയും ഇറാനെയും. അർജന്റീനക്ക് ഐസ്‌ലന്റിനെയും ക്രൊയേഷ്യയെയും നൈജീരിയയെയും. 

ചരിത്രം സാക്ഷിയാണെങ്കിൽ മെസ്സിക്കും ക്രിസ്റ്റിയാനോക്കും ഇത് അവസാന അവസരമാണ്. 2022 ലെ ഖത്തർ ലോകകപ്പാവുമ്പോഴേക്കും മെസ്സിക്ക് മുപ്പത്തഞ്ചാവും, ക്രിസ്റ്റിയാനോക്ക് മുപ്പത്തേഴും. 1930 ലെ പ്രഥമ ലോകകപ്പ് മുതലുള്ള ചരിത്രം പരിശോധിച്ചാൽ മുപ്പത്തഞ്ച് കഴിഞ്ഞ ഏഴ് പേരേ ലോകകപ്പ് നേടിയിട്ടുള്ളൂ. അതിൽ തന്നെ അഞ്ച് പേരും ഗോളിമാരായിരുന്നു. അവശേഷിച്ച രണ്ടു പേരിൽ നിൽറ്റൻ സാന്റോസിന്റേതാണ് എടുത്തു പറയേണ്ട നേട്ടം. 1958 ലും 1962 ലും ലോകകപ്പ് നേടിയ ബ്രസീൽ ടീമിലെ പ്രായമേറിയ കളിക്കാരനായിരുന്നു നിൽറ്റൻ. രണ്ടാം തവണ കപ്പുയർത്തുമ്പോൾ പ്രായം 37. എന്നിട്ടും രണ്ട് ലോകകപ്പിലും എല്ലാ മത്സരവും കളിച്ചു. രണ്ടാമത്തെയാൾ മിറോസ്‌ലാവ് ക്ലോസെയാണ്. കഴിഞ്ഞ ലോകകപ്പ് ജർമനി നേടുമ്പോൾ ക്ലോസെക്ക് പ്രായം 36. ക്ലോസെയെ പലപ്പോഴും സൂപ്പർ സബ്ബായാണ് ജർമനി ഉപയോഗിച്ചത്. ജർമനിയുടെ കിരീട വിജയത്തിലേക്കുള്ള പാതയിൽ ക്ലോസെയും രണ്ടു ഗോളടിച്ചു. മെസ്സിയും ക്രിസ്റ്റിയാനോയും 2022 ലെ ഖത്തറിലെ ലോകകപ്പിൽ തലയുയർത്തി നിൽക്കണമെങ്കിൽ ചരിത്രം വഴിമാറണം. ഇത്തവണ അവരുടെ അവസാന വണ്ടിയാണ്.
ഉജ്വലമാണ് ഇരുവർക്കും ഈ സീസൺ. ബാഴ്‌സലോണയുടെയും അർജന്റീനയുടെയും കുതിപ്പിൽ മെസ്സിയുടെ കാലടയാളം സ്പഷ്ടമാണ്. മങ്ങിയ തുടക്കത്തിനു ശേഷം ക്രിസ്റ്റിയാനോയും അടിച്ചു തിമിർക്കുകയാണ്. ഈ സീസണിലെ 47 കളികളിൽ ക്രിസ്റ്റിയാനൊ 48 ഗോളടിച്ചു, 10 ഗോളിന് വഴിയൊരുക്കി. ക്ലബ് ലോകകപ്പ്, സ്പാനിഷ് സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ് കിരീടങ്ങൾ സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗിൽ ഫൈനലിലെത്തിയിട്ടുണ്ട്.
ബാഴ്‌സലോണ, അർജന്റീന ജഴ്‌സികളിൽ മെസ്സി 56 കളികളിൽ 46 ഗോളടിച്ചു. 18 ഗോളിന് വഴിയൊരുക്കി. സ്പാനിഷ് ലീഗും കോപ ഡെൽറേയും നേടി. 
ഒളിംപിക് സ്വർണവും അണ്ടർ20 കിരീടവുമാണ് അർജന്റീന ജഴ്‌സിയിൽ മെസ്സിയുെട നേട്ടം. സീനിയർ ജഴ്‌സിയിൽ ഒന്നും എടുത്തു കാണിക്കാനില്ല. ക്രിസ്റ്റിയാനൊ കഴിഞ്ഞ യൂറോ കപ്പിൽ പോർചുഗലിനെ കിരീടത്തിലേക്ക് നയിച്ചു.
ക്രിസ്റ്റിയാനോക്കൊപ്പം പോർചുഗൽ ടീമിൽ നല്ലൊരു സ്‌ട്രൈക്കറില്ല. കൂട്ടായ യത്‌നം വേണ്ടി വരും പോർചുഗലിന് കുതിക്കാൻ. കിരീടസാധ്യതയുടെ വലിയ ഭാരമൊന്നും പോർചുഗലിനില്ല. സെർജിയൊ അഗ്വിരൊ, ഗോസാലൊ ഹിഗ്വയ്ൻ, എയിംഗൽ ഡി മരിയ, പൗളൊ ദിബാല... മെസ്സി ഇല്ലെങ്കിലും താരസമ്പന്നമാണ് അർജന്റീന. അതൊക്കെ എഴുതാൻ മാത്രമാണെന്നതാണ് പ്രശ്‌നം. മെസ്സി ഇല്ലെങ്കിൽ ഈ ടീം പൂജ്യമാണ്. അവസാന മത്സരത്തിൽ മെസ്സിയുടെ ഹാട്രിക് വേണ്ടിവന്നു ഈ ടീമിന് ലോകകപ്പിന് യോഗ്യത നേടിയെടുക്കാൻ. 
കഴിഞ്ഞ ലോകകപ്പിൽ കപ്പിനും ചുണ്ടിനുമിടയിലാണ് മെസ്സി കിരീടം കൈവിട്ടത്. ഫൈനലിൽ ജർമനിയോട് എക്‌സ്ട്രാ ടൈം ഗോളിൽ തോറ്റു. പിന്നീട് കോപ അമേരിക്കയിൽ മെസ്സിയുടെ പിഴവിൽ ചിലെയോട് ഷൂട്ടൗട്ടിൽ ഫൈനൽ തോറ്റു.
ഇരുവർക്കും നാലാം ലോകകപ്പാണ് ഇത്. 2006 ൽ സെമിയിലെത്തിയതാണ് ക്രിസ്റ്റിയാനോയുടെ ഏറ്റവും വലിയ നേട്ടം. ഫ്രാൻസിനോട് 0-1 ന് പോർചുഗൽ തോറ്റു. 2010 ൽ പ്രി ക്വാർട്ടറിൽ സ്‌പെയിനിനോടും അതേ മാർജിനിൽ കീഴടങ്ങി. കഴിഞ്ഞ തവണ ഗ്രൂപ്പ് ഘട്ടം പോലും കടന്നില്ല.
മെസ്സി മൂന്നു തവണ ലോകകപ്പ് കളിച്ചപ്പോഴും അർജന്റീന ക്വാർട്ടറിലെങ്കിലുമെത്തിയിട്ടുണ്ട്. 2006 ൽ ഷൂട്ടൗട്ടിലായിരുന്നു കീഴടങ്ങിയത്. 2014 ൽ ഫൈനലിൽ എകസ്ട്രാ ടൈമിലും. 
ഇത്തവണ പോർചുഗലിന് തുടക്കം തീച്ചൂളയിലാണ്, സ്‌പെയിനിനെതിരെ. കാലിടറിയാലും, ഇറാനെയും മൊറോക്കോയെയും തോൽപിക്കാൻ സാധിക്കണം. ക്രൊയേഷ്യയും ഐസ്‌ലന്റും നൈജീരിയയും അർജന്റീനക്ക് വലിയ വെല്ലുവിളിയാവേണ്ടതല്ല. എന്നാൽ തങ്ങളുടേതായ ദിനത്തിൽ ആരെയും വകവരുത്താൻ കെൽപുള്ള ടീമുകളാണ് മൂന്നുമെന്നത് അർജന്റീനക്ക് ഉൾഭയമുണ്ടാക്കും. സുഗമമായി ഇരു ടീമുകളും ഗ്രൂപ്പ് ഘട്ടവും പ്രി ക്വാർട്ടറും തരണം ചെയ്യുകയാണെങ്കിൽ ജൂലൈ ഏഴിന് സോചിയിൽ കാണാം ആ പോരാട്ടം, മെസ്സിയും ക്രിസ്റ്റിയാനോയും നേർക്കുനേർ.. അർജന്റീന പോർചുഗൽ ക്വാർട്ടർ ഫൈനൽ.

Latest News