Monday , January   21, 2019
Monday , January   21, 2019

മെകുനു ചുഴലിക്കാറ്റ്: സൗദിയിൽ ജാഗ്രതാ നിർദേശം

സലാല - മെകുനു ചുഴലിക്കാറ്റ് സൗദിയുടെ ചില ഭാഗങ്ങളെയും ബാധിക്കുമെന്ന് മുന്നറിയിപ്പ്. കിഴക്കൻ പ്രവിശ്യയുടെ തെക്കു ഭാഗങ്ങൾ (റുബ്ഉൽഖാലി മരുഭൂമി), നജ്‌റാൻ പ്രവിശ്യയുടെ കിഴക്കു ഭാഗങ്ങൾ (അൽഖർഖീർ), ശറൂറ എന്നിവിടങ്ങളിൽ അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു. 75 കിലോമീറ്ററിലേറെ വേഗതയിൽ കാറ്റ് ആഞ്ഞുവീശുന്നതിനാൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. മെകുനു ചുഴലിക്കാറ്റ് നാശം വിതക്കാൻ സാധ്യതയുള്ള ശറൂറയിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ മുൻകരുതലുകൾ നടപടികൾ സ്വീകരിക്കുന്നതിന് നജ്‌റാൻ ഗവർണർ ജലവി ബിൻ അബ്ദുൽ അസീസ് ബിൻ മുസാഅദ് രാജകുമാരൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. ശറൂറ ഗവർണർ ഇബ്രാഹിം ആലു ആതിഫിന്റെ അധ്യക്ഷതയിൽ ശറൂറ സിവിൽ ഡിഫൻസ് കമ്മിറ്റി അടിയന്തര യോഗം ചേർന്ന് ബന്ധപ്പെട്ട വകുപ്പുകൾ നടത്തിയ തയാറെടുപ്പുകൾ വിലയിരുത്തി. 
മെകുനു ചുഴലിക്കാറ്റിൽ സലാലയിൽ പന്ത്രണ്ടു വയസുള്ള പെൺകുട്ടി മരിച്ചു. ശക്തിയായ കാറ്റിൽ മതിലിൽ ഇടിച്ചിലാണ് മരണം സംഭവിച്ചത്. അതിനിടെ ചുഴലിക്കാറ്റ് ശക്തിയേറി ഒമാൻ തീരത്തേക്ക് അടുക്കാൻ തുടങ്ങിയതോടെ സലാല എയർപോർട്ട് അടച്ചു. ഇന്നലെ അടച്ച വിമാനത്താവളം ഇന്നും അടഞ്ഞുകിടക്കും. ഒമാനിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളമായ സലാല എയർപോർട്ട് വ്യാഴാഴ്ച അർധരാത്രിയാണ് ഇരുപത്തിനാലു മണിക്കൂർ നേരത്തേക്ക് ആദ്യം അടച്ചത്. വിമാനത്താവളം ഇന്നും അടച്ചിടാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. 
സലാലയിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. വ്യാഴാഴ്ച വൈകീട്ട് ആരംഭിച്ച മഴ ഇന്നലെ വൈകീട്ടോടെ ശക്തി പ്രാപിച്ചു. ചുഴലിക്കാറ്റ് സലാല തീരത്തേക്ക് അടുക്കുന്നതോടെ 800 മില്ലിമീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത്. ദോഫാറിലെ മറ്റേതാനും നഗരങ്ങളിലും ഇന്നലെ രാവിലെ കനത്ത മഴ പെയ്തു. പോലീസിനെയും സൈന്യത്തെയും സുസജ്ജമാക്കി നിർത്തിയ ഒമാൻ തിങ്കളാഴ്ച വരെ സ്‌കൂളുകൾക്ക് അവധി നൽകി. 
ദോഫാർ പ്രവിശ്യയുടെ തലസ്ഥാനമായ സലാലക്കു സമീപത്തെ ചെറുദ്വീപിൽ നിന്ന് നൂറു കണക്കിന് താമസക്കാരെ അധികൃതർ ഒഴിപ്പിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സലാല തെരുവുകൾ വിജനമായി. ആളുകൾ താമസസ്ഥലങ്ങളിൽനിന്ന് പുറത്തിറങ്ങുന്നില്ല. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നു. 2007 ൽ ഗോനു ചുഴലിക്കാറ്റ് ഒമാനിൽ വ്യാപകമായ നാശം വിതച്ചിരുന്നു. ഒമാനിൽ മാത്രം 400 കോടി ഡോളറിന്റെ നാശനഷ്ടങ്ങളാണ് ഗോനു ചുഴലിക്കാറ്റിലുണ്ടായത്. ചുഴലിക്കാറ്റിൽ അന്ന് മിഡിൽ ഈസ്റ്റിൽ 70 ലേറെ പേർ മരണപ്പെട്ടിരുന്നു. മെകുനു ചുഴലിക്കാറ്റ് യു.എ.ഇയിൽ എത്താൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഈർപ്പമുള്ള കാറ്റുണ്ടാകുന്നതിന് സാധ്യതയുണ്ട്. യെമൻ തീരത്തെ സുഖുത്‌റ ദ്വീപിൽ മെകുനു ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ദ്വീപിൽ പല ഭാഗങ്ങളും വെള്ളത്തിലായി. ഇന്ത്യക്കാരും സുഡാനികളും യെമനികളും അടക്കം നാൽപതു പേരെ കാണാതായി. 230 കുടുംബങ്ങളെ അധികൃതർ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയിലും പ്രളയത്തിലും സുഖുത്‌റയിലെ തെരുവുകളും ആയിരക്കണക്കിന് കാലികളും ഒലിച്ചുപോയി. വൈദ്യുതിയും വാർത്താ വിനിമയ സംവിധാനങ്ങളും മുറിഞ്ഞു. ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞതോടെ സൗദിയിൽനിന്നും യു.എ.ഇയിൽ നിന്നുമുള്ള റിലീഫ് വസ്തുക്കൾ സുഖുത്‌റയിൽ എത്തി. സുഖ്ത്‌റയിൽ ചുഴലിക്കാറ്റിനും മഴക്കും ശക്തി കുറഞ്ഞതോടെ യെമനിലെ കിഴക്കേയറ്റത്തെ പ്രവിശ്യയായ അൽമഹ്‌റയിൽ കനത്ത മഴ ആരംഭിച്ചിട്ടുണ്ട്. 
ഇന്ന് പുലർച്ചെ മുതൽ ചൊവ്വാഴ്ച വരെ സൗദിയുടെ ചില ഭാഗങ്ങളിൽ ചുഴലിക്കാറ്റ് അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു. 

Latest News