Sunday , January   20, 2019
Sunday , January   20, 2019

സൗദികളിൽ 73 ശതമാനം പേർ റമദാനിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നു

റിയാദ്- സൗദികളിൽ 73 ശതമാനം പേരും വിശുദ്ധ റമദാനിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നതായി ഇതുമായി ബന്ധപ്പെട്ട സർവേ വ്യക്തമാക്കുന്നു. കിംഗ് അബ്ദുൽ അസീസ് സെന്റർ ഫോർ നാഷണൽ ഡയലോഗിനു കീഴിലെ നാഷണൽ സെന്റർ ഫോർ പബ്ലിക് ഒപീനിയൻ പോൾ നടത്തിയ അഭിപ്രായ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. റമദാനിൽ ഉംറ നിർവഹിക്കുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചവരിൽ 82 ശതമാനം പേരും കാർ മാർഗം മക്കയിലേക്ക് പോകുന്നതിനും 13 ശതമാനം പേർ വിമാന മാർഗം ജിദ്ദ വഴി മക്കയിലേക്ക് പോകുന്നതിനും അഞ്ചു ശതമാനം പേർ ബസ് മാർഗം മക്കയിലേക്ക് പോകുന്നതിനുമാണ് മുൻഗണന നൽകുന്നത്. 
ഈ വർഷത്തെ റമദാനിൽ ഉംറ നിർവഹിക്കുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചവരിൽ 76 ശതമാനവും എല്ലാ വർഷവും റമദാൻ മാസങ്ങളിൽ ഉംറ നിർവഹിക്കുന്നതിന് ആഗ്രഹിക്കുന്നവരാണ്. സർവേയിൽ പങ്കെടുത്തവരിൽ 66 ശതമാനവും ഉംറ യാത്രയിൽ ആയിരം റിയാലിൽ കുറവ് മാത്രം ചെലവഴിക്കുന്നവരാണ്. എട്ടു ശതമാനം പേർ അയ്യായിരം റിയാലിൽ കൂടുതൽ ചെലവഴിക്കുന്നു. ഉംറ നിർവഹിക്കുന്ന സൗദികൾ ശരാശരി 1,200 റിയാൽ വീതമാണ് ചെലവഴിക്കുന്നതെന്നും സർവേ വ്യക്തമാക്കുന്നു. 
 

Tags