Friday , October   19, 2018
Friday , October   19, 2018

പൊന്നാനിയിലെ നോമ്പുകാലം

പരമ്പരാഗതമായി സമുദായങ്ങൾ പങ്കുവെച്ച സ്‌നേഹ വിശ്വാസങ്ങളിൽ നിന്നാണ് അടിയുറച്ച മത സൗഹാർദ്ദങ്ങൾ ഉടലെടുത്തിട്ടുളളത്. അതിന് ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും സാംസ്‌കാരികമായി കൂടിക്കഴിയണം.
കുടുംബങ്ങൾ തമ്മിൽ ആഹ്ലാദവും ദുഃഖവും പങ്കുവെക്കണം. കുട്ടികൾ എന്റേയും നിന്റേയും എന്ന വ്യത്യാസമില്ലാതെ വളരണം. അങ്ങനെയൊരു അന്തരീക്ഷത്തിൽ ജനിച്ചു വളർന്ന ബാല്യകാലമാണെനിക്ക്. 'കേരളത്തിലെ മക്ക'യെന്നറിയപ്പെടുന്ന പൊന്നാനിക്കളരിയിൽ ജീവിക്കാനായതാണ് എന്റെ ഭാഗ്യം. എക്കാലത്തും മത മൈത്രി നിലനിർത്തിപ്പോന്ന നാടാണ് പൊന്നാനി. സഹോദരീ സഹോദരങ്ങളില്ലാതെ ഒറ്റക്കായിപ്പോയ എനിക്ക് അയൽവാസി അബ്ദുൾ ഖയ്യൂമായിരുന്നു ഏക കളിക്കൂട്ടുകാരനും കൂടെപ്പിറപ്പും. ഒന്നുകിൽ ഞാൻ ഖയ്യൂമിന്റെ വീട്ടിൽ അല്ലെങ്കിൽ എന്റെ വീട്ടിൽ ഖയ്യൂം. ഞങ്ങളെ ഒറ്റയ്ക്ക് കണ്ടാൽ എവിടെ രാമനുണ്ണി..? അല്ലെങ്കിൽ എവിടെ ഖയ്യൂം..? -നാട്ടുകാരും വീട്ടുകാരും ചോദിച്ചുകൊണ്ടേയിരിക്കും.
നോമ്പ് കാലത്താണ് കൂടുതൽ ആനന്ദം. നോമ്പുതുറ സമയത്ത് ഖയ്യൂമിന്റെ വീട്ടിൽ നിന്ന് എന്നെ തേടിയുള്ള വിളി വരും. ഞാൻ കൡക്കളം വിട്ട് പോയാലും എന്നെ അവർ കാത്തിരിക്കും. ഒരിക്കൽ റമദാനിൽ ഞാനും ഖയ്യൂമും സ്റ്റ്പ്പ് ഡൗൺ ട്രാൻസ്‌ഫോർമർ വെച്ച് കളിക്കുകയായിരുന്നു. ഖയ്യൂമിന്റെ വീട്ടിലെ ഫ്യൂസ് അടിച്ചു പോയി. വീട്ടിൽ പ്രശ്‌നമായി. നോമ്പൂകാരനായ ഖയ്യൂം കരഞ്ഞു കൊണ്ടിരുന്നു. അവനു പിന്തുണയുമായി ഞാനും എന്റെ വീട്ടിൽ നോമ്പുകാരനായി വൈകുംവരെ കിടന്നു. ഒടുവിൽ ഖയ്യൂമിന്റെ പിതാവ്  ട്രാൻസ്‌ഫോർമർ തിരിച്ചു തന്നു. നോമ്പുതുറ സമയത്തെ ഖയ്യൂമിന്റെ ബാപ്പയുടെ പ്രഖ്യാപനം ഞങ്ങളെ ആനന്ദത്തിലാക്കി. എന്നേയും ഒരുമിച്ചിരുത്തി നോമ്പു തുറപ്പിച്ചു. നോമ്പ് എടുത്തുളള നോമ്പുതുറയാണ് നോമ്പെടുക്കാതെയുളള നോമ്പുതുറയേക്കാൾ നല്ലതെന്ന് അന്നാണ് എനിക്ക് ബോധ്യമായത്.
പൊന്നാനിയിലെ പൗരപ്രമുഖനായിരുന്നു ഖയ്യൂമിന്റെ ബാപ്പ അബ്ദുല്ല ഹാജി. സാത്വികനും തികഞ്ഞ ഭക്തനുമായിരുന്നു അദ്ദേഹം. സംസ്‌കാരത്തിന്റെ പടികൾ കയറിപ്പോകാൻ താങ്ങാവുന്ന കൈവരികളായിരിക്കണം മത വിശ്വാസവും ദൈവ വിശ്വാസവും എന്ന് തന്റെ ചെറുതും വലുതുമായ എല്ലാ പ്രവൃത്തികളിലൂടെയും അദ്ദേഹം ഉദാഹരിച്ചു. ചെറുപ്പത്തിലെ അച്ഛൻ മരിച്ചു പോയ എന്നോട് അദ്ദേഹത്തിന് പ്രത്യേക സ്‌നേഹമായിരുന്നു. ചെസ്സ് കളിയിൽ ഖയ്യൂമിനെതിരെ എന്നോടൊപ്പം നിൽക്കാനാണ് അദ്ദേഹത്തിനിഷ്ടം. അച്ഛനില്ലാത്ത ഞാൻ തോൽക്കരുതെന്ന് ഹാജിക്ക് നിർബന്ധമായിരുന്നു.റമദാനിൽ പെന്നാനിക്കാഴച വളരെ മനോഹരമാണ്. പാനീസ് വിളക്കിന്റെ വെട്ടമാണ് ഇതിൽ പ്രധാനം. നോമ്പുതുറ വിഭവങ്ങൾ ഇന്ന് അങ്ങാടി നിലവാരത്തിലാണെങ്കിലും ഖയ്യൂമിന്റെ കൂടെയിരുന്ന് കഴിച്ച പത്തിരിയോളം വരില്ല ഒന്നും.    സ്‌നേഹത്തിൽ ഊട്ടപ്പെട്ട വിഭവങ്ങളായിരുന്നു അവ. ഓരോ നോമ്പുകാലത്തും ഒളിമങ്ങാത്ത ഓർമയായി ഖയ്യൂമും ബാപ്പയും ഒക്കെ കടന്നുവരും. ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും വേലികൾക്കപ്പുറം ദൈവത്തോളം അത്യുന്നതമായ ഒന്നാണ് സ്‌നേഹം. അതുകൊണ്ട് എന്റ കണ്ണുകൾ ഈറനാക്കുന്ന, മരിച്ചവരുടെ ചുരുക്കം സ്മൃതികളിൽ ഖയ്യൂമിന്റ ബാപ്പ അബ്ദുല്ല ഹാജിയും പ്രശോഭിക്കുന്നു.                
 തയാറാക്കിയത്:  അഷ്‌റഫ് കൊണ്ടോട്ടി
 

Latest News