Monday , June   17, 2019
Monday , June   17, 2019

രോഗാതുരമായ കേരളം

ലോകത്തിന് മാതൃകയായ കേരളത്തിന്റെ ആരോഗ്യ രംഗത്തിന് മുകളിൽ കരിനിഴൽ വിരിച്ചു പറക്കുകയാണ് വവ്വാലുകൾ. നിപ്പാ വൈറസിന്റെ ഭീതിയിൽ കേരളം ഉഴലുമ്പോൾ, പകർച്ചവ്യാധികളുടെ തലസ്ഥാനമായി മാറിയ നാടിനെക്കുറിച്ച് ആശങ്ക മാത്രം. സാമൂഹികാരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങളെയെല്ലാം കാറ്റിൽ പറത്തുന്ന പ്രതിലോമപരമായ സമീപനമാണ് ആരോഗ്യ കാര്യത്തിൽ ഇപ്പോൾ നാം പിന്തുടരുന്നത്. ഇതിന് മാറ്റമുണ്ടായേ മതിയാകൂ.

ഏറെ പുകൾപെറ്റ കേരള വികസന മാതൃകക്ക് വലിയ സംഭാവന നൽകിയത് നമ്മുടെ ആരോഗ്യ രംഗമായിരുന്നു. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ആരോഗ്യ സംരക്ഷണ മേഖല കേരളത്തിന് എന്നും മകുടച്ചാർത്തായി നിലകൊണ്ടു. 
കുടുംബാസൂത്രണ പദ്ധതികളുടെ വിജയം, ശിശുമരണ നിരക്കിലെ കുറവ്, ആയുർദൈർഘ്യം, മികച്ച ചികിത്സാ സംവിധാനങ്ങൾ, പൊതുമേഖലയിൽ സാധാരണക്കാർക്ക് പ്രാപ്യമാകുന്ന വിധത്തിലുള്ള മികച്ച ആരോഗ്യ സേവനം, കഴിവും സേവന മനോഭാവവുമുള്ള ഡോക്ടർമാർ, മികച്ച മെഡിക്കൽ വിദ്യാഭ്യാസ മേഖല, ഇംഗ്ലീഷ് മരുന്നുകൾ കൂടാതെ, ബദൽ ചികിത്സാ രീതികൾക്കുള്ള സ്വീകാര്യതയും അംഗീകാരവും ഇവയെല്ലാം ചേർന്ന് കേരളത്തിന്റെ ആരോഗ്യ മേഖലക്ക് അനന്യമായ സംഭാവന നൽകി. വിദ്യാഭ്യാസ രംഗമായിരുന്നു മറ്റൊന്ന്. 
കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, എല്ലായിടത്തും വിദ്യാലയങ്ങൾ, മികച്ച വിദ്യാഭ്യാസ പദ്ധതികൾ, സ്വകാര്യ മേഖലയുടെ ആശാവഹമായ പങ്കാളിത്തം, ലാഭേച്ഛയില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം ചേർന്ന് കേരളത്തെ രാജ്യത്തിന്റെ തന്നെ വിദ്യാഭ്യാസ തലസ്ഥാനമാക്കി. ഈ രണ്ടു മേഖലകളുമാണ് വാസ്തവത്തിൽ കേരള വികസന മാതൃകയുടെ ആണിക്കല്ലായി നിലകൊണ്ടത്. ഇവക്ക് സംഭവിച്ച അപചയം തന്നെയാണ് ഇന്ന് കേരള വികസന മാതൃകക്കേറ്റ വിപര്യയത്തിനും കാരണം.
എല്ലാത്തരം പകർച്ചവ്യാധികളുടേയും തലസ്ഥാനമായി മാറിയിരിക്കുകയാണ് ഇന്ന് കേരളം. കഴിഞ്ഞ ഒരു ദശാബ്ദമായി കേരളത്തിൽ വന്നുപോകാത്ത പകർച്ചവ്യാധികളില്ല എന്നതാണ് സത്യം. നിർമാർജനം ചെയ്തു എന്ന് അവകാശപ്പെട്ടിരുന്ന പല രോഗങ്ങളും വീണ്ടും പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു. ലോകത്തിന്റെ ഏതൊരു ഭാഗത്തും ഏതെങ്കിലും പുതിയ രോഗം പ്രത്യക്ഷപ്പെട്ടാൽ അധികം വൈകാതെ അത് കേരളത്തിലുമെത്തും. കേരളീയന്റെ ലോക സഞ്ചാരത്തിന്റെ മേന്മമായി അത് അവകാശപ്പെടാമെങ്കിലും അതല്ല കാരണമെന്ന് വ്യക്തമാണ്. രോഗങ്ങളെ തടുത്തു നിർത്താനും വ്യാപനം തടയാനുമുള്ള നമ്മുടെ ശേഷി നഷ്ടമായിരിക്കുന്നു. ആരോഗ്യ രംഗം ഇന്ന് പിടിപ്പുകേടിന്റെയും കാര്യക്ഷമതാ രാഹിത്യത്തിന്റെയും കൂടാരമാണ്. കഴിഞ്ഞ രണ്ട് ദശാബ്ദമായി ആരോഗ്യ വകുപ്പിനെ നയിക്കാനെത്തിയവർ, നയപരമായോ, പ്രായോഗികമായി ഉൾക്കാഴ്ചയുള്ളവരോ, ദീർഘവീക്ഷണത്തോടെ സമൂഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ചവരോ ആയിരുന്നില്ല എന്നത് ഒരു കാരണമായിരിക്കാം. എങ്കിലും നാം കൈവരിച്ച ആരോഗ്യ നേട്ടങ്ങളെ അപ്രസക്തമാക്കും വിധം ഈ രംഗത്ത് നമ്മുടെ സർക്കാരുകൾ വരുത്തിക്കൂട്ടിയ വിനാശകരവും പ്രതിലോമപരവുമായ നയങ്ങളാണ് ഈ തകർച്ചക്ക് അടിസ്ഥാന കാരണം. 
ചിക്കുൻഗുനിയ, ഡെങ്കി, എലിപ്പനി, തക്കാളിപ്പനി തുടങ്ങി ഏറ്റവുമൊടുവിൽ ഭീതിയുടെ ചിറകുവിരിച്ച് പറക്കുന്ന നിപ്പാ വൈറസ് വരെ, കേരളീയന്റെ രക്തസഞ്ചാരത്തിലേക്ക് കടന്നുവന്ന രോഗാണുക്കൾ ചില്ലറയല്ല. ഓരോ പനിക്കാലവും കേരളത്തിന് വലിയ ആഘാതമുണ്ടാക്കിയാണ് കടന്നുപോയത്. ജനങ്ങളുടെ പ്രതിശീർഷ ചികിത്സാ ചെലവിലുണ്ടായ വർധന മാത്രമല്ല, ഇത്തരം പകർച്ചപ്പനികൾ സമൂഹത്തിനേൽപിച്ച ആരോഗ്യ ക്ഷയം കൂടി നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതായിരുന്നു. 
ചിക്കുൻഗുനിയ തന്നെയെടുക്കാം. അഞ്ചാറു വർഷം മുമ്പ് കേരളീയ ഗ്രാമങ്ങളെയാകമാനം പിടികൂടിയ ഈ പകർച്ചപ്പനി, നിത്യരോഗികളായി മാറ്റിയവരുടെ കണക്കെടുത്താൽ ഒരു പക്ഷേ നാം നടുങ്ങിപ്പോകും. പൂർണ ആരോഗ്യവാന്മാരായിരുന്നവരെ ഒന്നിനും കൊള്ളാത്തവരായി മാറ്റിയ ഈ രോഗം, പല കുടുംബങ്ങളുടേയും തകർച്ചയിലേക്ക് നയിച്ചു. മനുഷ്യന്റെ അധ്വാന ശേഷി ഇല്ലാതാക്കി, അവരെ വീടുകളിൽ തളച്ചിടുന്ന രീതിയിലാണ് ചിക്കുൻഗുനിയയുടെ അനന്തര ഫലങ്ങൾ പ്രത്യക്ഷപ്പെട്ടത്. 
പ്രതിരോധ ശേഷി ഇല്ലാതാക്കി, പിന്നീട് ചെറിയ രോഗങ്ങൾക്കു പോലും കീഴടങ്ങേണ്ടി വരുന്ന നില. സന്ധിബന്ധങ്ങളിലെ വേദനയും അസ്വസ്ഥതകളും മൂലം ജോലിയെടുക്കാൻ കഴിയാത്ത അവസ്ഥ. ചികിത്സയില്ലാത്ത ഇത്തരം ശാരീരിക പ്രശ്‌നങ്ങൾ സൃഷ്ടിച്ചാണ് ഓരോ രോഗിയേയും പനി വിട്ടുപോകുന്നത്. കൂടുതൽ നീണ്ടുനിൽക്കുന്നതും മാരകവുമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് ഇത് നയിച്ചതെന്ന് സാരം.
ഇത്തരം അസുഖങ്ങളുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് നാം വേണ്ടത്ര പഠിക്കുകയോ ഗവേഷണം നടത്തുകയോ ചെയ്തിട്ടില്ല. അപ്പോഴപ്പോൾ, എന്തെങ്കിലുമൊക്കെ ചെയ്ത് താൽക്കാലികമായി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഭരണപക്ഷത്തിന് മേൻമ നടിക്കാനോ, പ്രതിപക്ഷത്തിന് വിമർശിക്കാനോ ഒക്കെയുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളായി മാറുകയാണ് ഓരോ പനിക്കാലവും. പരിസര ശുചീകരണത്തിന്റെയും മാലിന്യ നിർമാർജനത്തിന്റെയുമൊക്കെ പ്രശ്‌നങ്ങൾ ഇതിൽ അന്തർഭവിച്ചിട്ടുണ്ട്. 
അവയൊന്നും കൃത്യമായും ശാശ്വതമായും പരിഹരിക്കാൻ നമുക്കാവുന്നില്ല. നഗര മാലിന്യങ്ങളുടെ വിഴുപ്പു ഭാണ്ഡങ്ങളായി ഗ്രാമങ്ങളെ മാറ്റുന്ന തരത്തിലുള്ള വികലമായ പരിശ്രമങ്ങളാണ് പലേടത്തും നടക്കുന്നത്. ഇതാകട്ടെ, വലിയ ജനകീയ എതിർപ്പുകൾ നേരിടുകയും മാലിന്യ നിർമാർജന പദ്ധതികൾ പരാജയപ്പെടാൻ ഇടയാക്കുകയും ചെയ്യുന്നു. ഇക്കാര്യങ്ങളിലൊക്കെ സമഗ്രമായ ഒരു ആരോഗ്യ നയത്തിന്റെ അഭാവം മുഴച്ചുനിൽക്കുന്നുണ്ട്.
രോഗാണുക്കളെ  കണ്ടെത്താനും വേർതിരിച്ചെടുക്കാനും അതുവഴി അതിവേഗം രോഗങ്ങൾ തിരിച്ചറിയാനുമുള്ള ഫലപ്രദമായ സംവിധാനം ഇപ്പോഴും കേരളത്തിലില്ലെന്നത് ലജ്ജിപ്പിക്കേണ്ടതാണ്. പുതിയ രോഗാണുക്കളെക്കുറിച്ച സംശയം തീർക്കാൻ പൂനെയിലേയും മണിപ്പാലിലേയും ചിലപ്പോൾ ഹൈദരാബാദിലേയുമൊക്കെ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടുകളിലേക്ക് പായുകയാണ് നാം. വി.എം. സുധീരൻ ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് ഈ ദുരവസ്ഥക്ക് ഫലം കാണാൻ നടത്തിയ ശ്രമത്തിന്റെ ഫലമാണ് ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റിയൂട്ട്. എന്നാൽ ആവശ്യത്തിന് ഫണ്ടോ, വിപുലീകരണ ശ്രമങ്ങളോ ഇല്ലാതെ,  ഈ സ്ഥാപനം നശിക്കുകയാണ്. ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി, എന്തുകൊണ്ടും സമകാലീന സാഹചര്യത്തിൽ വികസിപ്പിക്കേണ്ടിയിരുന്ന ഈ സ്ഥാപനത്തിന്റെ ദുർഗതിയിലും കക്ഷിരാഷ്ട്രീയത്തിന്റെ സ്വാർഥ താൽപര്യങ്ങൾ അടയിരിക്കുന്നുണ്ട്. 
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി ലാബ് ആകട്ടെ, ഇക്കാര്യത്തിന് ഫലപ്രദമായി ഉപയോഗിക്കാനുമാകുന്നില്ല. അതിന്റെ രൂപീകരണ ലക്ഷ്യവും പ്രവർത്തന രീതിയും മറ്റ് തരത്തിലായതിനാൽ, കേരളത്തിന്റെ ആരോഗ്യ മേഖലയുമായി അതിനെ നേരിട്ട് കൂട്ടിക്കെട്ടാനുമാവില്ല. നിരവധി വർഷങ്ങളായി പനിമരണങ്ങളുടെ പിടിയിലമർന്ന കേരളം എന്തുകൊണ്ട് നമുക്കുള്ള വൈറോളജി ഇൻസ്റ്റിറ്റിയൂട്ട് വിപുലീകരിക്കാതെ അലസത വിചാരിക്കുന്നു എന്നത് ആരേയും അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്.
ഏറെ നാളുകൾക്ക് ശേഷമാണ് ആരോഗ്യ രംഗത്തെ ഒരു പുതിയ നയപരിപാടിയുമായി ഒരു സർക്കാർ രംഗത്തു വന്നത്. പിണറായി സർക്കാർ കൊണ്ടുവന്ന ആർദ്രം മിഷൻ, കാഴ്ചപ്പാടു കൊണ്ടും പ്രായോഗികത കൊണ്ടും കേരളത്തിന്റെ ഗ്രാമീണ ആരോഗ്യ രംഗത്തിന് വലിയ മുതൽക്കൂട്ടായി മാറേണ്ടതാണ്. എന്നാൽ തുടക്കത്തിൽ തന്നെ കല്ലുകടിയാണ്. ഒരു ഗ്രാമത്തിന് ഒരു ചികിത്സാലയം, ഒരു കുടുംബത്തിന് ഒരു ഡോക്ടർ എന്ന പരമ്പരാഗതി ചിന്താഗതി തന്നെ ആധുനിക മാനേജ്‌മെന്റ് സംവിധാനത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. ക്യൂബയിൽനിന്ന് പ്രചോദനമുൾക്കൊണ്ട പരിപാടിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ആശുപത്രികളുടേയും ഡോക്ടർമാരുടേയും ഭാഗത്തുനിന്ന് ഇപ്പോൾ തന്നെ തുടങ്ങിക്കഴിഞ്ഞു. 
സംഘടിത ശേഷിക്ക് ഏത് നല്ല കാര്യത്തേയും ഇല്ലാതാക്കാൻ കഴിയുന്ന കേരളത്തിലെ സവിശേഷമായ സാമൂഹികാവസ്ഥ ഇതിനും തുരങ്കമാകുമോ എന്ന് കണ്ടറിയണം. സമൂഹം അറിയുന്നതും ആദരിക്കുന്നതുമായ വിദഗ്ധ ഡോക്ടർമാരെല്ലാം സ്വന്തമായി ആശുപത്രികൾ സ്ഥാപിച്ച് ആതുര ശുശ്രൂഷാ വ്യവസായത്തിന്റെ ഭാഗമായി  മാറിയതോ അല്ലെങ്കിൽ വൻകിട ആശുപത്രികളുടെ ഭാഗമായി അവരുടെ ചികിത്സാക്കൊള്ളക്ക് കുട പിടിക്കുന്നവരോ ആയി മാറിയതും കേരളത്തിന്റെ ശാപമാണ്. 
ഇത്തരം ഡോക്ടർമാരെ പ്രലോഭനങ്ങളും വൻ ശമ്പളവുമായി പിടികൂടിയിരിക്കുന്ന സ്വകാര്യ മേഖലയെ നേരിടാൻ സർക്കാരിനാകട്ടെ കെൽപില്ലതാനും. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ അതിരില്ലാത്ത സ്വകാര്യവത്കരണവും, കോഴയുടേയും കാപ്പിറ്റേഷൻ ഫീസിന്റേയുമൊക്കെ കഥകൾ മാത്രം കേൾക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ രംഗവും സൃഷ്ടിച്ചുവിടുന്ന മൂല്യബോധമില്ലാത്ത, പണക്കൊതിയന്മാരായ ഡോക്ടർമാർ കൂടിയാകുമ്പോൾ ചിത്രം പൂർത്തിയായി. 
എന്തായാലും സമഗ്രമായ അഴിച്ചുപണി ആവശ്യപ്പെടുകയാണ് കേരളത്തിന്റെ സാമൂഹികാരോഗ്യ രംഗം. പനിക്കാലത്തേക്ക്  മാത്രമായുള്ള ആരോഗ്യ സംരക്ഷണ പരിപാടികൾ മാത്രമല്ല, ഭീഷണികൾ മുൻകൂട്ടി കണ്ട് പ്രതിരോധ നടപടികൾ സ്വീകരിക്കാനുള്ള ശേഷിയും നമുക്കുണ്ടാകണം. വ്യത്യസ്തമായ ചികിത്സാരീതികളുടെ ശരിയായ സമന്വയവും ഭിഷഗ്വര സമൂഹത്തിന്റെ ആത്മാർഥമായ പിന്തുണയുമുണ്ടെങ്കിൽ അനായാസം കൈവരിക്കാവുന്നതേയുള്ളൂ ഈ ലക്ഷ്യം. അതിന് ഇച്ഛാശക്തിയും നയങ്ങളിൽ തെളിമയുമുള്ള ഒരു സർക്കാരുണ്ടായാൽ മതി. അതല്ല, ഇനിയും കണ്ണടച്ച് ഉറങ്ങാനാണ് ഭാവമെങ്കിൽ, കേരളം കൂടുതൽ രോഗാതുരമായി മാറും.