Monday , June   17, 2019
Monday , June   17, 2019

അഭിമാനത്തിന്റെ രണ്ടു വർഷം; നിശ്ചയ ദാർഢ്യത്തോടെ മുന്നോട്ട്

ആക്രമണോൽസുക വർഗീയതയും കോർപറേറ്റുവൽക്കരണം ഉൾപ്പെട്ട നവ ഉദാരവൽക്കരണ നയങ്ങളുമാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന  പ്രശ്‌നങ്ങൾ. അവയ്‌ക്കെതിരെ ശക്തമായ  ജനകീയ ബദൽ നയങ്ങൾ മുന്നോട്ടുവെച്ച് പുതിയ പന്ഥാവ് വെട്ടിത്തുറന്ന് മുന്നോട്ടു പോകുകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. കൂടുതൽ പ്രകാശപൂർണവും ഐശ്വര്യ സമൃദ്ധവുമായ ഒരു നവ കേരളത്തിനായി ശരിയായ ദിശയിൽ നമുക്കൊന്നായി മുന്നേറാം.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭ അധികാര മേറ്റെടുത്തിട്ട് ഇന്ന് രണ്ടു വർഷം തികയുകയാണ്. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് സമാധാനവും ജനക്ഷേമവും വികസനവും ഉറപ്പു വരുത്തി മുന്നേറാനാണ് സർക്കാർ ശ്രമിച്ചത്. 
ഹ്രസ്വകാല അടിസ്ഥാനത്തിൽ ജനങ്ങളുടെ അടിയന്തര പ്രശ്‌നങ്ങളിൽ ആശ്വാസം പകരുകയും ദീർഘകാല അടിസ്ഥാനത്തിൽ അവരുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും വേണ്ട ഭാവനാപൂർണമായ പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്ന ദ്വിമുഖ രീതിയുമായാണ് സർക്കാർ മുമ്പോട്ടു കൊണ്ടുപോകുന്നത്. ഇത് ഫലം കാണുന്നുണ്ടുതാനും. 
സർക്കാരിന് വിഭവ പരിമിതിയുണ്ട്. എന്നാൽ ഓഖി പോലുള്ള ദുരന്തമുണ്ടായപ്പോഴോ അതിദുർബല വിഭാഗങ്ങൾ ജീവിത വൈഷമ്യങ്ങൾ നേരിട്ടപ്പോഴോ ആശ്വാസമെത്തിക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് തടസ്സമായില്ല. അത് തടസ്സമായിക്കൂടാ എന്ന കാര്യത്തിൽ സർക്കാരിന് പ്രത്യേക നിഷ്‌കർഷ ഉണ്ടായിരുന്നു. അടിസ്ഥാന വികസനം അടക്കമുള്ള പൊതുവികസനത്തിന്റെ കാര്യത്തിൽ നടപ്പു രീതിയിലുള്ള വിഭവ സമാഹരണം മതിയാകില്ല എന്ന് സർക്കാരിന് ബോധ്യമുണ്ടായിരുന്നു. 
അതുകൊണ്ടു തന്നെ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി വിഭവ സമാഹരണത്തിനായി മുമ്പൊരു കാലത്തും ഇല്ലാത്ത വിധം മൗലികമായ രീതികൾ ആവിഷ്‌കരിച്ചു. അതിന്റെ ദൃഷ്ടാന്തമാണ് ബജറ്റിനു പുറത്ത് അഞ്ചുവർഷം കൊണ്ട് അമ്പതിനായിരം കോടി രൂപ കണ്ടെത്തുന്നതിനായി ആവിഷ്‌കരിച്ച സംവിധാനം. അതിലൂടെ ആദ്യ രണ്ടു വർഷം കൊണ്ടു തന്നെ ഇരുപതിനായിരം കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത് രാജ്യത്തിനു തന്നെ മാതൃകയാണ്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതുമാണ്.
ആഗോളവൽക്കരണ സാമ്പത്തിക നയത്തിന്റെയും അതിന്റെ ചുവടു പിടിച്ചുള്ള കേന്ദ്ര വ്യവസ്ഥകളുടെയും വലിയ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് സർക്കാർ പ്രവർത്തിച്ചത്. ഈ പരിമിതികൾ മൂലം ഒന്നും ചെയ്യാനാവില്ല എന്നു കരുതി പിൻവാങ്ങുകയല്ല, മറിച്ച് സ്വന്തം നിലയിൽ പരിമിതികളെ ബദൽ ജനകീയ നയങ്ങൾ കൊണ്ട് മറികടക്കാൻ പരമാവധി ശ്രമിക്കുകയാണ് ചെയ്തത്. നോട്ടു നിരോധനത്തിന്റെയും തുടർന്ന് സഹകരണ സാമ്പത്തിക സ്ഥാപനങ്ങളെ ഞെരുക്കിയതിന്റെയും ഘട്ടത്തിൽ എങ്ങനെയാണ് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ബദൽ നയങ്ങളാൽ പ്രതിസന്ധികളെ മറികടക്കുക എന്നതിന്റെ പുതിയ മാതൃകകൾ സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞു. രാജ്യമാകെ അത് ശ്രദ്ധിക്കുകയും ചെയ്തു.
പൊതുവെ നാലു കാര്യങ്ങളിൽ ഊന്നി നിന്നുകൊണ്ട് മുന്നോട്ടു
പോകാനാണ് ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്. ഒന്ന്, അധികാരവും അഴിമതിയും അനാശാസ്യതയും ഒക്കെ കൂടിക്കലർന്ന് രാഷ്ട്രീയാന്തരീക്ഷം ജീർണി
ക്കുന്ന ഒരു സാഹചര്യത്തിലാണ് ഈ സർക്കാർ അധികാരത്തിൽ വന്നത്. അതിലൊക്കെ വ്യാപരിക്കുന്നവർ അധികാരത്തെ ഉപകരണമാക്കി രക്ഷപ്പെടുന്ന അവസ്ഥയും ഉണ്ടായിരുന്നു. എന്നാൽ കേരള സമൂഹത്തെ അത്തരം ജീർണതകളിൽ നിന്ന് മോചിപ്പിച്ച് പുതിയൊരു രാഷ്ട്രീയ സംസ്‌കാരം കൊണ്ട്  പകരം വെക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും പ്രധാനം.  ജീർണിച്ച ഭരണ സംവിധാനത്തെ നവീകരിച്ച് അതിനെ സുതാര്യവും ശക്തവുമാക്കി. സിവിൽ സർവീസ് ജനക്ഷേമകരവും വികസനനോന്മുഖവുമായ രീതിയിൽ നവീകരിച്ച് ശക്തിപ്പെടുത്തുന്നതിന് തുടക്കം കുറിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് അടക്കമുള്ള വിഷയങ്ങളിൽ ശരിയും ശക്തവുമായ തീരുമാനങ്ങൾ എടുത്തു. കെട്ടിക്കിടന്ന ജനകീയ പ്രശ്‌നങ്ങളിൽ കൃത്യമായി ഇടപെടാനും ഇച്ഛാശക്തിയോടെ മുന്നോട്ടു പോകാനും ഉദ്യോഗസ്ഥർക്ക് ആത്മ വിശ്വാസം പകർന്നു.
രണ്ട്, തടസ്സപ്പെട്ടു കിടന്നിരുന്ന അടിസ്ഥാന സൗകര്യ വികസനം അടക്കമുള്ള പൊതുവികസന പ്രവർത്തനങ്ങൾ നേരിടുന്ന തടസ്സങ്ങൾ നീക്കി ദ്രുതഗതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമമാരംഭിച്ചു. നാഷണൽ ഹൈവേയും മെട്രോ റെയിലും കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞം പദ്ധതിയും ഗെയിൽ പൈപ്പ് ലൈനും കൂടംകുളം ലൈനും എല്ലാം വേഗത്തിൽ തീർക്കും എന്നുറപ്പു വരുത്താനും പുതിയ നിരവധി പദ്ധതികൾ ഏറ്റെടുക്കാനും കഴിഞ്ഞു. പൊതുമേഖല ശക്തിപ്പെടുത്തുന്ന നിലപാടുകൾ എടുത്തു. അതിന്റെ ഫലമായി കഴിഞ്ഞ കാലത്ത് 131.6 കോടി മൊത്തം നഷ്ടം ഉണ്ടായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ 104  കോടി ലാഭം ഉണ്ടാക്കുന്ന സ്ഥിതിയിലേക്കു മാറി.  നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ വിറ്റഴിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ പലതും ഏറ്റെടുക്കാൻ തീരുമാനിച്ചു. കൂടുതൽ നിക്ഷേപം കൊണ്ടുവരുന്നതിന് പലവിധത്തിലുള്ള ഇടപെടലുകൾ നടത്തി. തൊഴിലാളി സംഘടനകളുടെ പൂർണമായ പിന്തുണ ഉറപ്പാക്കിക്കൊണ്ട് നോക്കുകൂലി നിർത്തലാക്കി. സുഗമമായ വ്യവസായ നിക്ഷേപങ്ങൾ
ക്കാവശ്യമായ സാഹചര്യമൊരുക്കാൻ 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' ഉറപ്പു വരുത്തി.
മൂന്ന്, സാമൂഹ്യ സുരക്ഷാ പദ്ധതികളാകെ വെട്ടിക്കുറയ്ക്കുക എന്ന കേന്ദ്ര സർക്കാർ സമീപനത്തിന് വിരുദ്ധമായി സാമൂഹ്യക്ഷേമ മേഖലയിൽ ശ്രദ്ധ ചെലുത്താനും സമൂഹത്തിലെ അടിസ്ഥാന വർഗത്തിന് പ്രയോജന കരമാകുന്ന തരത്തിലുള്ള തീരുമാനങ്ങളെടുക്കാനും സാധിച്ചു. സാമൂഹ്യക്ഷേമ പെൻഷൻ 1100 രൂപയായി വർധിപ്പിച്ചു. കുടിശ്ശിക കൊടുത്തു തീർക്കുകയും കൃത്യമായി വിതരണം ചെയ്യുകയും ചെയ്തു. പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിച്ചു. കശുവണ്ടി- മത്സ്യമേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിൽ ഉപേക്ഷ യില്ലാത്ത പ്രവർത്തനങ്ങൾ നടത്തി. കൈത്തറി പോലുള്ള പരമ്പരാഗത വ്യവസായങ്ങളുടെ വികസനത്തിനായുള്ള ശ്രമങ്ങൾ എൽപി, യുപി കുട്ടികൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നതിന് സഹായകമായി. അതിഥി തൊഴിലാളികൾക്ക് 'ആശ്വാസ്' എന്ന ഹെൽത്ത് ഇൻഷുറൻസ് സ്‌കീമും താമസത്തിനായി 'അപ്‌നാ ഘർ' എന്ന പദ്ധതിയും ആവിഷ്‌കരിച്ചു.
രോഗം വന്നാൽ നല്ല ചികിത്സ കിട്ടണമെങ്കിൽ സ്വകാര്യ ആശുപത്രികളിൽ പോയി ലക്ഷങ്ങൾ ചെലവഴിക്കണമെന്ന കാലങ്ങളായുള്ള പൊതുസ്ഥിതിക്ക് മാറ്റം വന്നുതുടങ്ങി. നിലവാരം കൂടിയ ആധുനിക സൗകര്യങ്ങളെല്ലാം പൊതു ആരോഗ്യ മേഖലയിൽ തന്നെ ഉറപ്പു വരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. മെഡിക്കൽ കോളേജുകളെല്ലാം ആധുനിക വൽക്കരിക്കപ്പെടുകയാണ്. 8 ജില്ലാ ആശുപത്രികളിൽ കാത്ത് ലാബുകളും 44 താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് സംവിധാനവും വന്നു കഴിഞ്ഞു. അതേസമയം കുറഞ്ഞ ചെലവിൽ കുടുംബത്തിനാകെ മികച്ച വൈദ്യ ശുശ്രൂഷ ലഭിക്കുന്ന സർക്കാർ ആശുപത്രികൾ സജ്ജീകരിക്കാനും ശ്രദ്ധ വെയ്ക്കുന്നുണ്ട്. 170 കുടുംബാരോഗ്യ കേന്ദ്രങ്ങൾ സജ്ജമായി ക്കഴിഞ്ഞു. അതാണ് 'ആർദ്രം' എന്ന പേരിലുള്ള മിഷനിലൂടെ ഈ സർക്കാർ മുമ്പോട്ടു വെച്ചിട്ടുള്ള പുതിയ ബദൽ.
ഭവന രഹിതരായ എല്ലാവർക്കും കിടപ്പാടവും ജീവനോപാധിയും സാധ്യമാക്കുക എന്ന പുതിയ ബദൽ നയമാണ് ലൈഫ് മുന്നോട്ടു വെയ്ക്കുന്നത്. നാളിതു വരെ നിരവധി പദ്ധതികളിലൂടെ ശ്രമിച്ചിട്ടും ഭവന രഹിതരില്ലാത്ത കേരളം എന്ന സ്വപ്‌നം സാക്ഷാൽക്കരിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. വീടില്ലാത്തവർക്ക് തല ചായ്ക്കാൻ ഒരിടം എന്ന നമ്മുടെ സ്വപ്‌നം സാക്ഷാത്ക്കരിച്ചു തുടങ്ങിയിരിക്കുന്നു. 
മുതലാളിത്തത്തിന്റെ സഹജ സ്വഭാവമായ രൂക്ഷമായ പ്രകൃതി വിഭവ ചൂഷണം കൊണ്ടും ഉദാരീകരണത്തിന്റെ തള്ളിക്കയറ്റം കൊണ്ടും രോഗാതുരമായ നമ്മുടെ മണ്ണിനെയും ജലത്തെയും കൃഷിയെയും തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ജനകീയ ബദൽ ആയാണ് ഹരിത കേരളം മിഷൻ അവതരിപ്പിക്കപ്പെട്ടത്. പുതിയ മാലിന്യ ശുചീകരണ രീതികൾ സ്വീകരിച്ചും ജലവും മണ്ണും സംരക്ഷിച്ചും പ്രകൃതിക്കനുകൂലമായ കൃഷി രീതികൾ അവലംബിച്ചും മരങ്ങൾ വെച്ചുപിടിപ്പിച്ചും ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പുതുപരീക്ഷണമാണിത്. വരട്ടാറും മീനച്ചിലാറും കാനാമ്പുഴയും ഉൾപ്പെടെ കേരളത്തിലെ നിരവധി പുഴകളും തോടുകളും കുളങ്ങളും കിണറുകളും വൃത്തിയാക്കാനും വ്യാപകമായ തോതിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്താനും കഴിഞ്ഞു. 
9200 കിലോമീറ്റർ പുഴകളും തോടുകളുമാണ് പുനരുജ്ജീവിപ്പിക്കപ്പെട്ടത്. 5000 കുളങ്ങൾ നിർമിക്കുകയും 11000 കുളങ്ങൾ നവീകരിക്കുകയും ചെയ്തു. 4500 കിണറുകൾ നവീകരിക്കുകയും 29,000 കിണറുകൾ റീചാർജ് ചെയ്യുകയും ചെയ്തു. 
സാമൂഹ്യ പിന്നോക്കാവസ്ഥ നേരിടുന്ന ജനവിഭാഗങ്ങളെ ചേർത്തുപിടിച്ചു
കൊണ്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. പ്രത്യേക കരുതൽ വേണ്ട ട്രാൻസ്‌ജെൻഡേഴ്‌സിനോടും സ്ത്രീകളോടും കുട്ടികളോടും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളോടും സർക്കാർ എടുത്തിട്ടുള്ള സമീപനം ആ വിഭാഗങ്ങളിൽ നവോന്മേഷം പ്രദാനം ചെയ്തിട്ടുണ്ട്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ ചെറുതല്ലാത്ത സംഭാവനയാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഉണ്ടായിട്ടുള്ളത്. 
എല്ലാ നിലവാരത്തിലും കേരളം മുന്നേറിയ രണ്ടു വർഷങ്ങളാണ് കടന്നുപോയത്. മാനവ വികസന സൂചികയിൽ കേരളത്തിന് ഉയർന്ന സ്ഥാനമാണ് ഐക്യരാഷ്ട്ര സഭ നൽകിയത്. മികച്ച ക്രമസമാധാന പാലനത്തിന് ഇന്ത്യാ ടുഡേ അവാർഡ് സംസ്ഥാനത്തിന് ലഭിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയതിന് ഇന്ത്യ ടുഡേയുടെ സ്റ്റേറ്റ് ഓഫ് ദി സ്റ്റേറ്റ്‌സ് അവാർഡും ലഭിച്ചു. വയോജന സംരക്ഷണത്തിനായി നാം നടപ്പാക്കിയ വയോമിത്രം പരിപാടിക്ക് വയോജന ശ്രേഷ്ഠ അവാർഡ് ലഭിച്ചു. 
രാജ്യത്ത് ഏറ്റവും ഉയർന്ന മിനിമം വേതനമുള്ള സംസ്ഥാനം, പട്ടിക വിഭാഗങ്ങൾക്കുള്ള വിഭവ വിഹിതം ജനസംഖ്യാനുപാതത്തിലും കൂടുതൽ വകയിരുത്തിയ സംസ്ഥാനം, ദളിത് വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തീരെ കുറഞ്ഞ സംസ്ഥാനം, ഏറ്റവും ഉയർന്ന ലിംഗാനുപാതമുള്ള സംസ്ഥാനം, വനിതാ-ശിശുക്ഷേമത്തിന് പ്രത്യേക വകുപ്പും ജെണ്ടർ ബജറ്റിങും ഉള്ള ഏക സംസ്ഥാനം, വെളിയിട വിസർജ്ജനവിമുക്ത സംസ്ഥാനം, ഉയർന്ന ആരോഗ്യ-ജീവിത സൂചികയുള്ള സംസ്ഥാനം, ജീവിത ശൈലീ രോഗങ്ങളെ ചെറുക്കാൻ സമഗ്ര പദ്ധതിയുള്ള സംസ്ഥാനം, ഇന്റർനെറ്റ് പൗരന്മാരുടെ അവകാശ മാക്കിയ സംസ്ഥാനം, സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കിയ സംസ്ഥാനം എന്നിങ്ങനെ കേരളത്തിന്റെ വിശേഷണങ്ങൾ ഏറെയാണ്. തീർച്ചയായും നമ്മുടെ കേരളം ഒന്നാം സ്ഥാനത്തു തന്നെയാണ്, എന്നാൽ ഈ നേട്ടങ്ങളിൽ ഒതുങ്ങിയിരിക്കാൻ പറ്റില്ല. നമുക്ക് ഇനിയും മുന്നേറേണ്ട മേഖലകളുണ്ട്.
അഴിമതിക്ക് അറുതി വരുത്തുന്നതു പോലെ തന്നെ പ്രധാനമാണ് ഭാവി കേരളത്തെ സൃഷ്ടിക്കുന്നത്തിനുള്ള അടിസ്ഥാന സൗകര്യ വികസനവും. നാടിന്റെ മുന്നോട്ടുള്ള പോക്കിന് വികസനം കൂടിയേ കഴിയൂ. എന്നാൽ ഇത് തകർക്കാൻ പല തരത്തിലുള്ള ശ്രമങ്ങളും നമ്മുടെ നാട്ടിൽ പതിവാണ്. അങ്ങനെയുള്ള ശ്രമങ്ങൾക്ക് കീഴടങ്ങി വികസനം തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. അത് അനുവദിച്ചുകൊടുക്കാൻ ഈ സർക്കാർ തയ്യാറല്ല എന്ന് ആദ്യം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സുതാര്യമായും ജനപങ്കാളിത്തത്തോടെയും വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുക തന്നെ ചെയ്യും. കേരള വികസനത്തിന് ലോകത്തിന്റെ ഏതു ഭാഗത്തുള്ള പ്രവാസിയുടെയും പണവും പ്രതിഭയും നൈപുണ്യവും ഉപയോഗിക്കാനും അവർക്ക് കൂടി അതിന്റെ പ്രയോജനമുറപ്പു വരുത്താനും ഉതകുന്ന തരത്തിൽ ലോക കേരളസഭ എന്ന സങ്കൽപം രൂപപ്പെടുത്തിയതും അത് നടപ്പിലാക്കിയതും ഈ സർക്കാരാണ്. 
അതിവേഗത്തിലുള്ള മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ ആശ്വാസത്തോടെയും പ്രതീക്ഷയോടെയും ഇന്ത്യയിലെ ജനങ്ങൾ ആകെ ഉറ്റുനോക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്. ഇത് ഞങ്ങളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുന്നു.  
ആക്രമണോൽസുക വർഗീയതയും കോർപറേറ്റുവൽക്കരണം ഉൾപ്പെട്ട നവ ഉദാരവൽക്കരണ നയങ്ങളുമാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന  പ്രശ്‌നങ്ങൾ. അവയ്ക്കെതിരെ ശക്തമായ  ജനകീയ ബദൽ നയങ്ങൾ മുന്നോട്ടുവെച്ച് പുതിയ പന്ഥാവ് വെട്ടിത്തുറന്ന് മുന്നോട്ടു പോകുകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. കൂടുതൽ പ്രകാശപൂർണവും ഐശ്വര്യ സമൃദ്ധവുമായ ഒരു നവ കേരളത്തിനായി ശരിയായ ദിശയിൽ നമുക്കൊന്നായി മുന്നേറാം.