Monday , June   17, 2019
Monday , June   17, 2019

മലബാറിന്റെ സിരകളിൽ ഇനി ഫുട്‌ബോളിന്റെ ഉന്മാദം

ലോകകപ്പിന് പന്തുരുളാൻ വിരലിലെണ്ണാവുന്ന ദിനങ്ങൾ  മാത്രമാണ് ബാക്കി. അതുകൊണ്ടാവാം മലബാറിലെ കവലകളിൽ ചെങ്ങന്നൂരും കർണാടകയിലെ രാഷ്ട്രീയ നാടകീയതകളും ചൂടേറിയ ചർച്ചയായി മാറാത്തത്. മലബാർ പണ്ട് മുതലേ അങ്ങനെയാണ്. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം ലോകകപ്പ് ഫുട്‌ബോളിന്റെ സമയമടുത്താൽ, അത് തെരഞ്ഞെടുപ്പായാലും ഓണമായാലും പെരുന്നാളായാലും  അവരുടെ ചിന്തകളിലും ഹൃദയത്തിലും ലോക കപ്പ് എന്ന മഹാമാമാങ്കം മാത്രമാണ് കാണാനാവുക. ഏത്  രാജ്യത്താണോ ലോകകപ്പ് നടക്കുന്നത് ആ രാജ്യത്തിന്റെ ചരിത്ര വഴികൾ പോലും ഏതൊരു  സാധാരണക്കാരനും അന്വേഷിക്കും എന്നുള്ളതും രസകരമാണ്. ഇത്തവണ റഷ്യയിലായതിനാൽ കരിപിടിച്ച ചായ മക്കാനിയിൽ ഇരുന്നുകൊണ്ട് റഷ്യയുടെ ആത്മാവായ മോസ്‌കോയെ കുറിച്ച് അവർ വാതോരാതെ സംസാരിക്കും. 
ക്രെംലിൻ മതിലിനെ  കുറിച്ചും വോൾഗാ നദിയെ കുറിച്ചും പറഞ്ഞുകൊണ്ട് അവർ ചരിത്രകാരൻമാരുമാകും. ഫുട്‌ബോൾ മലബാറുകാർക്ക് അങ്ങനെയാണ്. അവരതിന് ആത്മാവിന്റെ ഉള്ളറകളിലാണ് സ്ഥാനം കൊടുത്തിട്ടുള്ളത്. പ്രബല ടീമുകളുടെ ആരാധകരുടെ കാര്യമാണ് രസകരവും കൗതുകകരവുമായി തോന്നാറുള്ളത്. ആയിരങ്ങളും പതിനായിരങ്ങളും മുടക്കി കവലകളിൽ സ്ഥാപിക്കുന്ന വലിയ ബാനറുകൾ, അതത് രാജ്യങ്ങളുടെ ദേശീയ പതാകകൾ ഇങ്ങനെയൊക്കെയായി നിറങ്ങൾ ചാലിച്ച് നിലകൊള്ളുകയായിരിക്കും ഓരോ കവലകളും. വടക്കൻ കേരളത്തിൽ നിന്നോ തെക്കൻ കേരളത്തിൽ നിന്നോ മലബാറിൽ വന്നെത്തുന്ന ഏതൊരാളും അത്ഭുതത്തോടെ നോക്കി നിൽക്കാറുണ്ട് ഈ കാഴ്ചകൾ. 
ലോകകപ്പിൽ മിക്ക ടീമുകൾക്കും ആരാധകരേറെ ഉണ്ടെങ്കിലും  അംഗസംഖ്യയിൽ മുന്നിൽ നിൽക്കുന്നത് ബ്രസീലും അർജൻറീനയുമാണെന്ന് പറയാതെ വയ്യ. ഇരു രാജ്യങ്ങൾ തമ്മിൽ ഒരു ശത്രുതയും ഇല്ലെങ്കിലും മലബാറിലെ ആരാധകർ തമ്മിൽ എന്നും കടുത്ത ശത്രുതയിലാണ്. ബ്രസീലിന് പെലെയുടെയും ഗാരിഞ്ചയുടെയും റൊണാൾഡോയുടെയുമൊക്കെ  ചരിത്ര കഥകൾ പറയാനുണ്ടാകും. മറഡോണയുടെയും ബാറ്റിസ്റ്റിയുട്ടയുടെയുമൊക്കെ  വിസ്മയ കഥകൾ പറഞ്ഞുകൊണ്ടായിരിക്കും അർജന്റീനൻ ആരാധകർ അവരെ ചെറുക്കുക. 
അപൂർവമായെങ്കിലും ചില കയ്യാങ്കളിയിലേക്കും കടന്നു പോയിട്ടുണ്ട് ഇത്തരം ചർച്ചകൾ. മറ്റു ടീമുകൾക്കും ആരാധകർ കുറവല്ല. ജർമനി, ഇംഗ്ലണ്ട്, ഫ്രാൻസ്, പോർച്ചുഗൽ, സ്‌പെയിൻ -അങ്ങനെ  പോകുന്നു ടീമുകളുടെ നിര. പക്ഷേ നിർഭാഗ്യകരമെന്ന് പറയട്ടെ, യൂറോപ്പിലെ പ്രബല ടീമുകളായ ഇറ്റലിയുടെയും ഹോളണ്ടിന്റെയും ആരാധകർ കടുത്ത നിരാശയിലാണ്. ഈ രണ്ട് ടീമുകൾക്കും ഇത്തവണ ലോക കപ്പ് യോഗ്യത നേടാനായിട്ടില്ലല്ലോ. അവർ ഇത്തവണ ഏത് ടീമുകളെയാണ് പിന്തുണക്കുക എന്നതും കണ്ടറിയണം. 
ലാറ്റിനമേരിക്കയും യൂറോപ്പും കഴിഞ്ഞാൽ പിന്നെ ഫുട്‌ബോൾ ആരാധകരുടെ ഇഷ്ട ടീമുകൾ ആഫ്രിക്കൻ വൻകരയിൽ നിന്നുള്ളവരായിരിക്കും. പക്ഷേ ആഫ്രിക്കൻ ടീമുകൾ ഇത് വരെ ലോക കപ്പിൽ വലിയ ചലനങ്ങൾ  ഉണ്ടാക്കിയിട്ടില്ലെങ്കിലും യൂറോപ്പിലെ ക്ലബ്ബ് മത്സരങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ സലാഹിലൂടെ ഈജിപ്ത് ഇത്തവണ ആരാധകരുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്. പക്ഷേ  കളിക്കമ്പക്കാരുടെ ഇഷ്ട ടീമുകളായിരുന്ന കാമറൂണും ഐവറി കോസ്റ്റുമെല്ലാം യോഗ്യത നേടാനാവാതെ പോയത് അവരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. ഇത് വരെ നടന്ന ഇരുപത് ലോക കപ്പുകളും യൂറോപ്പും ലാറ്റിനമേരിക്കയും പങ്കിട്ടെടുത്ത ചരിത്രമാണുള്ളത്. പക്ഷേ ഇത്തവണ ഫുട്‌ബോൾ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് അത് ആഫ്രിക്കയിലേക്കോ ഏഷ്യയിലേക്കോ വന്നണയുമെന്ന് കരുതുന്ന കളിക്കമ്പക്കാരുമുണ്ട്. ഏതായാലും ജൂൺ രണ്ടാം വാരം മുതൽ ഒരു മാസക്കാലം മലബാർ കവലകളിൽ ആവേശത്തിന്റെ  രാപ്പൂരങ്ങളായിരിക്കും. പുറത്തു നിന്നും വന്നെത്തുന്ന ഒരാൾക്ക് താൻ എത്തിച്ചേർന്നത് മോസ്‌കോയിലോ എകാത്തറിൻ ബർഗിലോ കസാനിലോ എന്ന ചിന്ത ഉണ്ടായാൽ പോലും അത്ഭുതപ്പെടാനില്ല. കാരണം മലബാറിന് ഫുട്‌ബോളിനോടുള്ള പ്രണയം അത്ര മേൽ അഗാധമാണ്.