Tuesday , June   19, 2018
Tuesday , June   19, 2018

നോമ്പും മരുന്നും; തീരാത്ത സംശയങ്ങളുമായി ഡോക്ടര്‍മാര്‍ 

വ്രതമെടുത്തയാള്‍ക്ക് ഇന്‍ജക് ഷന്‍ നല്‍കാമോ, മൂക്കിലും ചെവിയിലും മരുന്ന് ഉറ്റിക്കാമോ തുടങ്ങി നിരവധി സംശയങ്ങളാണ് റമദാന്‍ കാലത്ത് ഉയര്‍ന്നുവരാറുള്ളത്. രോഗികളെ എങ്ങനെ ചികിത്സിക്കണമെന്ന് ഡോക്ടര്‍മാര്‍ ആശുയക്കുഴപ്പത്തിലാകുന്ന സന്ദര്‍ഭം.

നോമ്പെടുത്തയാള്‍ക്ക് ഞെരമ്പുകളിലും പേശികളിലും ഇന്‍ജക് ഷന്‍ നല്‍കുന്നതില്‍ തെറ്റുണ്ടോ എന്നാണ് ഒരു ഡോക്ടര്‍ ആദില്‍ സലാഹിയോട് ചോദിച്ച സംശയം. അടിയന്തര സാഹചര്യത്തില്‍ മാത്രമാണോ അനുവദനീയം, സാധാരണ ഗതിയില്‍തന്നെ വ്രതമെടുത്തയാള്‍ക്ക് ഇന്‍ജക്ഷന്‍ അനുവദനീയമാണോ, ആസ്ത്മ രോഗിക്ക് വ്രതമെടുത്താല്‍ പിന്നെ ഇന്‍ഹേലര്‍ ഉപയോഗിക്കാമോ, നോമ്പെടുത്തയാളില്‍നിന്ന് പരിശോധനകള്‍ക്കായി രക്തം എടുക്കാമോ അങ്ങനെ പോകുന്നു സംശയങ്ങളുടെ നീണ്ട പട്ടിക.


ഞെരമ്പിലായാലും പേശിയിലായാലും ഏതുസാഹചര്യത്തിലായാലും വ്രതമെടുത്ത രോഗിക്ക് ഇന്‍ജക്്ഷന്‍ നല്‍കാമെന്നാണ് ഉത്തരം. നോമ്പെടുത്തയാളില്‍നിന്ന് പരിശോധനക്കായി രക്തമെടുക്കുകയും ചെയ്യാം. പേശി ഇന്‍ജക്്ഷനെന്നും ഞെരമ്പ് ഇന്‍ജക്്ഷനെന്നും വേര്‍തിരിച്ച് രണ്ടാമത്തേത് നോമ്പുകാരന് അനുവദനീയമല്ലെന്ന് ചിലര്‍ പറയാറുണ്ട്. രണ്ട് രീതികളും മരുന്ന് നല്‍കുന്നതിനാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ ഇങ്ങനെ വേര്‍തിരിക്കുന്നതിന് അടിസ്ഥാനമൊന്നുമില്ല.


ആസ്്ത്മ രോഗികള്‍ക്ക് ശ്വാസിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് ഉപയോഗിക്കുന്ന എയറോസോള്‍ ഇന്‍ഹേലറും അനുവദനീയമാണ്. ഇത് കാരണം വ്രതം നഷ്ടപ്പെടുന്നില്ല. ഇത്തരം ഇന്‍ഹേലര്‍ ഉപയോഗം നോമ്പ് അസാധുവാക്കുമെന്ന് ചില പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആസ്്ത്മ ഗുരുതരമായാല്‍ നോമ്പ് തുടരുകയല്ല, ആവശ്യമായ ചികിത്സ തേടി മരുന്ന് ഉപയോഗിക്കുകയാണ് വേണ്ടതെന്ന് അവര്‍ വാദിക്കുന്നു. നോമ്പ് പിന്നീട് സാധിക്കുമ്പോള്‍ എടുത്തു തീര്‍ത്താല്‍ മതിയെന്നും അവര്‍ നിര്‍ദേശിക്കുന്നു.


 എന്നാല്‍ ആവശ്യം വരികയാണെങ്കില്‍ ഇന്‍ഹേലര്‍ ഉപയോഗിക്കുകയും നോമ്പ് തുടരുകയും ചെയ്യുന്നതാണ് അഭികാമ്യമെന്നാണ് പൊതുവെ സ്വീകാര്യമായ അഭിപ്രായം. ഒരാളുടെ വായിലൂടെയാണ് ഇന്‍ഹേലര്‍ ഉപയോഗിക്കന്നത് എന്ന കാര്യം ശരിയാണെങ്കിലും ശ്വാസകോശത്തില്‍ മരുന്ന് എത്തിക്കുകയാണ് അതിന്റെ ലക്ഷ്യം. മരുന്നിന്റെ അംശം വായയില്‍ അവശേഷിച്ചാല്‍ പോലും അതു ഭക്ഷണമല്ല. 


ചെവിയിലും മൂക്കിലും മരുന്ന് ഉറ്റിക്കുന്നതും സപ്പോസിറ്ററികള്‍ ഉപയോഗിക്കുന്നതും ഇന്‍ഹേലറിനേക്കാളും വിവാദ വിഷയമാണ്. കഴിഞ്ഞ തലമുറയിലെ പണ്ഡിതന്മാര്‍ ഇവ പാടേ നിഷേധിച്ചിരുന്നു. ശരീരത്തിന്റെ ഉള്ളിലെത്തുമെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് ഇത്തരം മരുന്നുകള്‍ നോമ്പ് ഇല്ലാതാക്കുമെന്ന് അവര്‍ പറഞ്ഞിരുന്നത്. അതല്ല, സ്ഥിതിയെന്ന് ഇന്ന് നമുക്ക് അറിയാം. 


ആളുകള്‍ ഇത്തരം അവയവങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്നില്ല എന്ന കാര്യം ഇമാം ഇബ്‌നു ഹസം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്രതമെടുത്താല്‍ അന്നപാനീയങ്ങളും ലൈംഗിക ബന്ധവും ഉപേക്ഷിക്കണണെന്നാണ് അല്ലാഹു കല്‍പിച്ചിരിക്കുന്നത്. കണ്ണിലും മൂക്കിലും മരുന്ന് ഉറ്റിക്കുമ്പോള്‍ ഈ കല്‍പന ലംഘിക്കുന്നില്ല. ഇവ അന്നപാനീയങ്ങളല്ലെന്നതു തന്നെയാണ് കാരണം. അതുകൊണ്ടുതന്നെ വ്രതം ഇല്ലാതാക്കുന്നുമില്ല. 


ഇതേക്കാളും പരിഗണിക്കേണ്ട മറ്റൊരു വിഷയമുണ്ട്. രോഗാവസ്ഥയില്‍ ഒരാള്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല. നഷ്ടപ്പെടുന്ന നോമ്പുകള്‍ പിന്നീട് നോറ്റുവീട്ടിയാല്‍ മതി. രോഗികള്‍ക്ക് അല്ലാഹു നല്‍കിയ ഇളവ് പ്രയോജനപ്പെടുത്തുന്നതാണ് ഉചിതം. ഇതോടൊപ്പം തന്നെ നോമ്പില്‍ ഇളവുള്ള രോഗാവസ്ഥയില്ലാത്ത ഒരാള്‍ക്കും ചിലപ്പോള്‍ കണ്ണിലും മൂക്കിലും മരുന്ന് ഉറ്റിക്കേണ്ടിവരാം.  

Latest News