Monday , January   21, 2019
Monday , January   21, 2019

വ്യാധികള്‍ പിടിമുറുക്കുമ്പോള്‍ വേണം, മികവുള്ള ചികിത്സ

നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ആരോഗ്യ പരിപാലന രംഗത്ത് കേരളം അശ്രദ്ധമാകുന്ന ഒരു സ്ഥിതിവിശേഷം കാലം ചെല്ലുന്തോറും കൂടി കൂടി വരികയാണ്. പലപ്പോഴും നാം വിദ്യാഭ്യാസ, സാമൂഹിക, സാങ്കേതിക രംഗത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് നൂതനമായ പദ്ധതികള്‍ ആവിഷ്കരിക്കാറുണ്ട്. പക്ഷെ സമൂഹ ജീവിയായ മനുഷ്യന്റെ അസ്തിത്വത്തെ ബാധിക്കുന്ന ആരോഗ്യ രംഗം കാര്യക്ഷമമാക്കേണ്ട ഉത്തരവാദിത്വത്തില്‍ ഗവണ്‍മെന്റിന് അശ്രദ്ധ അരുത്. ജനങ്ങളും മാധ്യമങ്ങളും ഇതിന് മറ്റെന്തിനേക്കാളും വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. പകര്‍ച്ചവ്യാധികള്‍ വരുമ്പോള്‍ മാത്രമാണ് നാം അതിനെ കുറിച്ച് ആശങ്കാകുലരാകുന്നത്. വിവിധ തരം പകര്‍ച്ചാവ്യാധികള്‍ പല തവണ നമ്മെ ഗ്രസിച്ചെങ്കിലും ഇപ്പോഴും ഒരു അടിയന്തിര സാഹചര്യത്തെ നേരിടാന്‍ സിസ്റ്റവും സമൂഹവും പര്യാപ്തമല്ല എന്ന് നാം അനുഭവത്തിലൂടെ അറിയുകയാണ്.

നിപ്പാ വൈറസ് ബാധിച്ചു ഒമ്പത് പേരോളം മരണപ്പെട്ടിരിക്കുന്നു കേരളത്തില്‍! ആരോഗ്യ രംഗത്തെ വിദഗ്ദ്ധ സംഘമെത്തുകയും ഏറെക്കുറെ ആശങ്കകളകറ്റുകയുമൊക്കെ ചെയ്തിരിക്കുന്നുവെന്നത് കുറച്ചെങ്കിലും ആശ്വാസകരമാണ്. പക്ഷേ രോഗിയെ പരിചരിച്ച ഒരു നഴ്‌സിന് പോലും രോഗം പടര്‍ന്ന് ദാരുണ മരണം സംഭവിച്ചുവെന്നത് നമ്മുടെ ആരോഗ്യരംഗത്തെ സുരക്ഷിതത്വമില്ലായ്മയുടെ നടുക്കമുളവാക്കുന്ന ഉദാഹരണമാണ്.

പലപ്പോഴും നമ്മുടെ ഗവണ്‍മെന്റ് ആതുരാലയങ്ങളുടെ ശോചനീയാവസ്ഥ വളരെയധികം വേദനയുണ്ടാക്കിയിട്ടുണ്ട്. ഒരു പരിധി വരെ മെഡിക്കല്‍ കോളേജുകളിലൊക്കെ സൗകര്യങ്ങള്‍ കൂട്ടിയെങ്കിലും ഈയടുത്ത് പോലും കാഷ്വാലിറ്റിയില്‍ പോയപ്പോള്‍ അവിടുത്തെ കാഴ്ച ഏറെ നൊമ്പരപ്പെടുത്തുകയുണ്ടായി. വഴിയില്‍ കിടക്കുന്ന രോഗികള്‍,ഒരു ബെഡ്ഡില്‍ തന്നെ രണ്ടും മൂന്നും പേര്‍,പരിതാപകരമായ നിലയില്‍ ഐസിയു. തീര്‍ത്തും നിരാലംബരും സാധാരണക്കാരുമായ മനുഷ്യരുടെ ആരോഗ്യ സുരക്ഷിതത്വത്തിന്റെ അവസ്ഥയാണിത്.
സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ക്ക് അനേകം പണം ചെലവഴിക്കുന്നുണ്ട്. എന്നാല്‍ ആരോഗ്യ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ സാധാരണക്കാരായ ആളുകള്‍, ഗവണ്‍മെന്റിന്റെ ആരോഗ്യ സംവിധാനങ്ങളെ ആശ്രയിക്കുന്നവര്‍ എന്നും രണ്ടാം തരം പൗരന്മാരായി വിഭജിക്കപ്പെടുന്ന അവസ്ഥയാണുള്ളത്.എന്നാല്‍ വിദേശ രാജ്യങ്ങളിലൊക്കെയും കുറ്റമറ്റ ആരോഗ്യ സംവിധാനങ്ങളാണ് ഗവണ്മെന്റുകള്‍ സ്വന്തം പൗരന്മാര്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്.ഇത് നമുക്ക് മാതൃകയാണ്.

കേരളത്തില്‍ ഭൂരിപക്ഷം സാധാരണക്കാരാണ്.ഏതെങ്കിലുമൊരു അടിയന്തര സാഹചര്യത്തില്‍ ഒരു സ്വകാര്യ ഹോസ്പിറ്റലിനെ അവര്‍ക്ക് ആശ്രയിക്കേണ്ടി വന്നാല്‍ മൂന്നും നാലും ലക്ഷമാണ് അവിടെ ബില്‍ വരുന്നത്. അന്നന്നത്തെ കാര്യങ്ങള്‍ കഷ്ടിച്ചു കഴിഞ്ഞു പോകുന്ന ആളുകള്‍ക്ക് ഈ തുക എങ്ങനെയാണ് നല്‍കാന്‍ സാധിക്കുക.. ആശുപത്രി മാനേജ്‌മെന്റ്‌നെ സംബന്ധിച്ച് സ്ഥാപനത്തിന്റ നിലനില്‍പ് മുഖ്യമായി വരുമ്പോള്‍ അവര്‍ക്കതില്‍ വേണ്ടത്ര ഇളവുകള്‍ നല്‍കുക എന്നതും സാധ്യമല്ല.കാരണം അതൊരു കൊമേഴ്‌സ്യല്‍ സ്ഥാപനമാണ്.

ഈയാവസ്ഥയില്‍ എല്ലാവര്‍ക്കും നല്ല ചികിത്സ കിട്ടാനുള്ള സാഹചര്യങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്. ഗവണ്‍മെന്റിന്റ ഭാഗത്ത് നിന്നും കുറഞ്ഞ നിരക്കിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ സാധാരണക്കാരുടെ ആരോഗ്യ സുരക്ഷയെ കരുതി ലളിതവും ഫലപ്രദവുമായ രീതിയില്‍ കൂടുതല്‍ ജനകീയമായി ആവിഷ്കരിക്കാവുന്നതാണ്.മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ, ലിവര്‍ പ്ലാന്റേഷന്‍, കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍, ലിവര്‍ ട്രാന്‍സ്പ്ലാന്റഷന് പോലുള്ളവ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത ഭീമമായ തുക ആവശ്യമുള്ള ചികിത്സകളാണ്. പതിമൂന്നും പതിനഞ്ചും നാല്പതുമൊക്കെ ലക്ഷങ്ങളാണ് ഇതിന്റെയൊക്കെചിലവുകള്‍.ഇവിടെ ആരോഗ്യ വകുപ്പ് ഫലപ്രദമായ ചികിത്സ സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാക്കുന്നതിനാവശ്യമായ ഒരു പുനര്‍വിചിന്തനത്തിന് ഇത്തരത്തില്‍ അടിയന്തിരമായി തയ്യാറാകേണ്ടതുണ്ട്. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ ബദ്ധശ്രദ്ധ ഇക്കാര്യത്തില്‍ അത്യാവശ്യമാണ്.

ജനങ്ങളില്‍ നിന്ന് നിഷ്കരുണം ഈടാക്കുന്ന ടാക്‌സുകള്‍ ജനക്ഷേമത്തിനെന്ന് ഗവണ്‍മെന്റുകള്‍ പറയാറുണ്ട്.അനിയന്ത്രിതമായി വില വര്‍ദ്ധിപ്പിക്കുന്ന പെടോള്‍ ഡീസല്‍ ടാക്‌സുകള്‍ മുതല്‍ വാഹന നികുതി, ഇന്‍കം ടാക്‌സ്, സെയില്‍ ടാക്‌സ്, ജി എസ് ടി തുടങ്ങി ലക്ഷകണക്കിന് രൂപ പൗരനില്‍ നിന്ന് പിടിച്ചു വാങ്ങുകയും അതത്രയും ജനക്ഷേമത്തിനാണെന്ന് പറയുകയും ചെയ്യുമ്പോഴും സാധാരണക്കാരായ ആളുകള്‍ക്ക് അവരുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള സംവിധാനം പോലും കാര്യക്ഷമമല്ലെന്നതിന്റെ തെളിവാണ് ഓരോ അടിയന്തിര സാഹചര്യങ്ങള്‍ വരുമ്പോഴും വ്യക്തമാവുന്നത്.

സാധാരണക്കാരായ ആളുകളുടെ പൊതുവായ കാര്യങ്ങള്‍, ഗുണനിലവാരമുള്ള വിദ്യഭ്യാസം, കുറ്റമറ്റ ആരോഗ്യ പരിപാലനം, ഔഷധ ലഭ്യത, അതുപോലെ ഭവന, ഭൂരഹിതരുടെ പുന:സ്ഥാപനം തുടങ്ങിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഗവണ്‍മെന്റിന്റെ മുഖമുദ്രയാകേണ്ടതുണ്ട്.
ഇപ്പോള്‍ ഞങ്ങളുടെ പിതാവിന്റെ പേരിലുള്ള 'ബൈത്തുറഹ്മ' പദ്ധതി പ്രകാരം നാലായിരത്തോളം വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ സാധിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ടു ഭവനരഹിതരായ ആളുകളുടെ ഇടയിലേക്ക് ഇറങ്ങി ചെന്നപ്പോഴാണ് അതിന്റെയൊരു ഭീകരാവസ്ഥ നമുക്ക് പ്രായോഗികമായി മനസ്സിലാവുന്നത്.

എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ ക്ഷേമ പ്രവര്‍ത്തനങ്ങളും ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയോ അതല്ലെങ്കില്‍ മറ്റ് ഏജന്‍സികളോ മാത്രം വിചാരിച്ചാല്‍ നടപ്പാകുന്ന കാര്യമല്ല. ഭവനരഹിതരും ഭൂ രഹിതരും രോഗം കൊണ്ട് പ്രയാസമനുഭവിക്കുന്നവരുമായ അനേകമാളുകള്‍ നമ്മേയും സംഘടനയേയുമൊക്കെ നിരന്തരമായി സമീപിക്കുന്നുണ്ട്. ഈ യാഥാര്‍ഥ്യങ്ങളത്രയും സര്‍ക്കാരുകള്‍ ഉള്‍ക്കൊള്ളണം. സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങളുടെ ജീവിത നിലവാരമുയര്‍ത്താന്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ യോജിച്ച പ്രവര്‍ത്തനം നടത്തണം.

സംവിധാനങ്ങളുടെ അപര്യാപ്തത കൊണ്ട് ഒരാള്‍ക്കും ഇനിയെങ്കിലും അപകടം സംഭവിക്കരുത്.കാരണം ഓരോ മനുഷ്യനും അതുല്യമാണ്.ഓരോ ജീവനും മറ്റെന്തിനേക്കാളും ഉന്നതമാണ്.ഈ തിരിച്ചറിവ് ബന്ധപ്പെട്ട വര്‍ക്കുണ്ടാകണമെന്ന അപേക്ഷയാണ് ഈ സന്ദര്ഭത്തിലുള്ളത്.

 

Latest News