Monday , June   17, 2019
Monday , June   17, 2019

പാവകളിയും ഹർത്താൽ സമരങ്ങളും

'പാവകളി' എന്നൊരു കലാരൂപമുണ്ട്. വടക്കൻ ജില്ലകളിലാണ് പട്ടിണി മാറ്റാൻ കുറച്ചു പരിപാടികൾ കിട്ടുന്നത്. ബാക്കിയെല്ലാം വിദേശത്തേക്കു വെച്ചു പിടിക്കും. എന്നാൽ രാഷ്ട്രീയത്തിൽ അതല്ല സ്ഥിതി. കശ്മീർ ടൂ കന്യാകുമാരി പാവക്കളിയാണ്. 'മുന്നണി' സമ്പ്രദായം ഭൂമിയിൽ അവതരിച്ച കാലം മുതൽക്കേണ്ടയുണ്ട് സംഗതി. എങ്കിലും ബി.ജെ.പി കേന്ദ്ര ഭരണത്തിൽ കയറിയതോടെയാണ് ഈ കലാരൂപത്തിനു മാർക്കറ്റ് ഏറിയത്. കർണാടകയിൽ കളി തകർത്തു മുന്നേറി. ഇലക്ഷൻ റിസൽട്ടറിഞ്ഞപ്പോൾ നനഞ്ഞ പടക്കമായി മാറിയ ആഘോഷങ്ങളെല്ലാം അണിയറയിൽ വീണ്ടും മേക്കപ്പിടുന്നു. അയൽവാസിയുടെ വീട്ടിലേക്ക് എറിയാൽ വേണ്ടുന്ന ഗുണ്ടുകൾ, സന്തോഷം സഹിക്കാൻ വയ്യാതെ റോഡിൽ പൊട്ടിക്കാനുള്ള സോഡാക്കുപ്പികൾ, ജലാറ്റിൻ സ്റ്റിക്കുകൾ എല്ലാം റെഡിയായിരുന്നു. പക്ഷേ എന്ത് ഫലം? 


എല്ലാ കേന്ദ്ര മന്ത്രിമാരും കൂടി ഒത്തുപിടിച്ചാൽ രാഹുൽ ഗാന്ധി പോലും വീണേനേ. എന്തു ചെയ്യാം! കോൺഗ്രസിന്റെയും നമ്മുടെ പാർട്ടിയുടെയും പൊതുശത്രുവിനെ മഷിയിട്ടു നോക്കിയിട്ടും കാണാനില്ല. മാർക്‌സിസ്റ്റ് പാർട്ടി തന്നെ. 19 സീറ്റുകളിൽ മത്സരിച്ചു, 0.2 ശതമാനം വോട്ടുകൾ നേടി. ലോക റെക്കോർഡുകളുടെ ഗിന്നസ് ബുക്കിൽ പ്രവേശനത്തിന് ഇനി മറ്റെന്തു യോഗ്യത വേണം? സി.പി.ഐയാകട്ടെ, അപകടം മണത്തറിഞ്ഞു. പണ്ടേ ഘ്രാണശക്തി കൂടുതലുള്ള പാർട്ടിയാണ്. നെഹ്‌റുജിയുടെ കാലത്ത് ഡാങ്കേ സഖാവ് മുതൽ തുടങ്ങിയ ദീർഘദൃഷ്ടി! എല്ലാ മക്കളെയും മരുമക്കളെയും പേരക്കിടാങ്ങളെയും സ്‌നേഹിച്ചു, സേവിച്ചു. ഒടുവിൽ കർണാടകയിൽ രാഹുൽ കോൺഗ്രസിന്റെ ഓരം പറ്റിനിന്ന് മഴ നനയാതെയും സൂക്ഷിച്ചു. ആകെ മൂവായിരം വോട്ടു കിട്ടിയെങ്കിൽ അതു തന്നെ മാനം. ആകെ കൂടി നോക്കുമ്പോൾ, 'ആയുധം പോയാലുണ്ടാക്കീടാം, കായം കിട്ടുകിലതു ബഹുലാഭം' എന്നു കുഞ്ചൻ നമ്പ്യാരാശാൻ പാടിയതു പോലെയാണ് ഇടതു പാർട്ടികളുടെ അവസ്ഥ. ഗാന്ധിജിയോടു വല്ലാത്ത സ്‌നേഹം തോന്നുമ്പോഴാക്കെ, അദ്ദേഹത്തിന്റെ വചനങ്ങൾ പൊടിതട്ടിയെടുത്ത് നമ്മൾ ഉരുവിടാറുള്ള ഒരു പ്രയോഗമുണ്ട്- കോൺഗ്രസ് പിരിച്ചുവിടണം (എന്ന് ഗാന്ധിജി അന്നു പറഞ്ഞു!) വാക്കുകൾ ബൂമറാംഗ് ആയി തിരിച്ചടിക്കുന്ന ലക്ഷണമുണ്ട്! എങ്കിലും പേടിക്കാനില്ല; വിശാല സഖ്യത്തിന്റെ ആലോചനാ യോഗത്തിനായി ഒരു വലിയ ഓഡിറ്റോറിയം ബുക്കു ചെയ്യാനുള്ള നെട്ടോട്ടത്തിലാണ് രാഹുലനും കൂട്ടരും. ആർക്കും എവിടെ നിന്നും പ്രവേശിക്കാം. വാതിൽപാളികൾ ഉണ്ടായിരിക്കില്ല. ഭാവി കാര്യങ്ങൾ മൂന്നു വനിതകൾ ചേർന്നു തീരുമാനിക്കും- സോണിയ - മമത, മായാവതിമാർ. അവരെ ബി.ജെ.പിക്കും ഉള്ളിൽ ഭയമുണ്ട്. സ്ത്രീശാക്തീകരണ കാലമാണല്ലോ.

*** *** ***
സ്വന്തം സംഘടനാ സമ്മേളനത്തിൽ പോലീസുകാർ ചുവന്ന യൂനിഫോം ധരിച്ചുവന്നത് മഹാപരാധമായിപ്പോയെന്നു തോന്നും ചെന്നിത്തലജിയുടെ പ്രസ്താവന കേട്ടാൽ. വേഷം മാത്രമല്ല, രക്തസാക്ഷി മണ്ഡപവും തൽക്കാലം ഒരെണ്ണം ചുവപ്പിൽ പണിതെടുത്തു. ചൈന, റഷ്യ, ക്യൂബ, ഉത്തര കൊറിയ തുടങ്ങിയ ആവാസ കേന്ദ്രങ്ങളിലെല്ലാം നിണമണിഞ്ഞ യൂനിഫോറങ്ങളാണ് മാർച്ചിൽ പങ്കെടുക്കാറുള്ളത്. ഇവിടെ ഒന്നു പരീക്ഷിച്ചുവെന്നേയുള്ളൂ. കാറ്റുള്ളപ്പോഴല്ലേ തൂറ്റാൻ കഴിയൂ! നൂറുകണക്കിനു പോലീസുകാർ ഡ്യൂട്ടി ചെയ്തു മരിച്ചു വീണിട്ടുണ്ട്. ചുവന്ന വാരിക്കുന്ത ഏറ്റ് എത്ര പോലീസുകാരാണ് പുന്നപ്ര - വയലാർ സമരക്കാലത്ത് വീണു മണ്ണടിഞ്ഞത്! ജോലി അമിത ഭാരമായപ്പോൾ ആത്മഹത്യ ചെയ്തു ഭാരമിറക്കിയവരുണ്ട്. അവരെ ഓർമിക്കാൻ ഈ സമ്മേളന വേദിയല്ലാതെ മറ്റെവിടെയാണ് അവസരം? ഈ മേള കഴിഞ്ഞാൽ ആരാണ് അവരെ ഓർക്കുക? കടം കൊടുത്തത് തിരിച്ചു കിട്ടുവാനുള്ള ചിലർ ഓർത്തെന്നുവരും. ഇനി ചുകപ്പിനെക്കുറിച്ച് ഓർക്കാനുള്ളത് 'ചുവപ്പു കണ്ട കാളയെപ്പോലെ' എന്ന പ്രയോഗമാണ്. 
നമ്മുടെ പോലീസ് മുഴുവൻ ചുവക്കുന്നു എന്നു കുരുതുക. ഇന്നു സാധാരണയായി കാണപ്പെടുന്ന പോലീസിനു നേരെയുള്ള ആക്രമണങ്ങളൊക്കെ അതോടെ നാമാവശേഷമാകും. കുറ്റവാളികൾ ചുവപ്പു കണ്ട കാളയെപ്പോലെ കുത്താൻ ആഞ്ഞുവന്നാലും ഭയന്ന് അടിപതറി വീഴും. ഇനിയുമുണ്ട് കാര്യം- കാക്കിവേഷം പോലീസിന്റെ കുത്തകയൊന്നുമല്ല. ദരിദ്രരായ കെ.എസ്.ആർ.ടി.സിക്കാരും സ്വകാര്യ സ്ഥാപനങ്ങളിലെ സെക്യൂരിറ്റിക്കാരും മുനിസിപ്പൽ ജീവനക്കാരുമൊക്കെ 'കാക്കി'ക്കാരാണ്. പിന്നെന്തു മഹിമ? പോലീസ് ചുവപ്പണിഞ്ഞാൽ അതിന്റെ ഗുണം വേറെ. ചുവന്ന പോലീസ് വിളിപ്പാടകലെയെത്തും മുമ്പേ, 'നിറ'ത്തിന്റെ അപായ സിഗ്നൽ കിട്ടും. കള്ളന്മാർക്ക് ഇഷ്ടമുള്ളിടത്തേക്ക് ഓടിയൊളിക്കാം. പോലീസുകാരുടെ 'ഇഷ്ടക്കാരി'കളുടെ അടുത്ത് ആകാതിരുന്നാൽ മതി. പിന്നെയുള്ള 'കള്ളനും പോലീസും' കളി നല്ല രസപ്രദമാക്കാൻ ഇരുകൂട്ടരും മുൻകൂർ ധാരണയിലെത്തിയാൽ മതി. അതിൽപരം ആനന്ദം മറ്റെന്തുണ്ട്? കണ്ണൂർ ജില്ലയിൽ ഇത്തരം പരീക്ഷണങ്ങൾ കഴിഞ്ഞ് 'ഡ്യൂപ്ലിക്കേറ്റ്' പ്രതികളെ ഉൽപാദിപ്പിക്കുന്ന രീതി കൊലപാതക രംഗത്തുപോലും എന്നേ നടപ്പിലാക്കിക്കഴിഞ്ഞു!

*** *** ***
ടോമിൻ തച്ചങ്കരി എന്ന ഡയറക്ടറെക്കൊണ്ട് തോറ്റുവെന്നു പറഞ്ഞാൽ മതി! 2500 പേരെ സ്ഥലം മാറ്റിയാൽ കോർപറേഷൻ നന്നാകുമെന്നാണ് അദ്ദേഹത്തിന്റെ പൂതി! ബസിൽ കയറാൻ തക്കവണ്ണം ജനസംഖ്യ കേരളത്തിലുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടതല്ലേ? വീടുകൾ തോറും കാറുകളോ, ഇരുചക്ര വാഹനങ്ങളോ സുലഭം! ആർക്കെങ്കിലും വണ്ടിയിൽ കയറാൻ തോന്നണമെങ്കിൽ കൈ കാണിക്കുന്നിടത്തു വണ്ടി നിൽക്കണം. അതിനു പറ്റിയ ബ്രേക്ക് ഉണ്ടോ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്. കെ.എസ്.ആർ.ടി.സിയെ ബന്ദിലും ഹർത്താലിലും നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചിരുന്നുവത്രേ! പ്രായാധിക്യം എന്നല്ലാതെന്തു പറയാൻ! ഐ.എ.എസിലും സാഹിത്യത്തിലുമൊക്കെ കൊടികെട്ടിവാണ മലയാറ്റൂർ രാമകൃഷ്ണനും അടിയന്തരാവസ്ഥ ഫെയിം ജയറാം പടിക്കലും, ശിങ്കാരവേലുവും മറ്റു പല ശിങ്കങ്ങളും അടക്കിവാണ കൊടുംകാടാണ് മേൽപടി കോർപറേഷൻ. അവരാരും ഇത്ര ദയനീയമായി ഒന്നും പ്രസ്താവിച്ചിട്ടില്ല. വിപ്ലവ കേരളത്തിന്റെ നാഡീഞരമ്പുകളിലെ ചോര ഒന്നു ചൂടാകണമെങ്കിൽ ഒരു ഹർത്താലെങ്കിലും മാസം തേറും വേണം. നാല് ബസെങ്കിലും എറിഞ്ഞു പൊട്ടിക്കണം. പണ്ടൊക്കെ തീയിടുമായിരുന്നു. തീപ്പെട്ടിയുടെയും മണ്ണെണ്ണയുടെയും വില ഓർത്താണ് ആ ധൂർത്ത് കുറച്ചു ഒഴിവാക്കിയത്.


ഒരുപക്ഷേ, ടോമിൻ പ്രസ്താവന ചില പിള്ളേർ മാനിച്ചെന്നുവരാം. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് പിള്ളേർ ഈയിടെയായി ബൂർഷ്വാ ആയി മാറിയിട്ടുണ്ട്. രക്ഷിതാക്കൾ ഭരണത്തിലാണല്ലോ. പക്ഷേ, കെ.എസ്.യുവിനും എം.എസ്.എഫിനും ഇനി ഒന്നും തന്നെ പ്രതീക്ഷിക്കാനില്ല. പുതുശ്ശേരിയും ഹരിയാനയും കഴിച്ചാൽ കോൺഗ്രസിനെ കാണാനില്ല. 
ബി.ജെ.പിയുടെ ഭരണ മാഹാത്മ്യം നിമിത്തം തങ്ങൾക്കു തിരിച്ചുപിടക്കാമെന്നു കരുതുന്നിടത്തൊക്കെ ജെ.ഡി.എസും യാദവന്മാരും തൃണമൂലുകളും മായാവതിയുമൊക്കെയാണ് മുന്നിൽ കയറി നടക്കുന്നത്. കുരുത്തംകെട്ട വർഗം! 'അന്തംവിട്ട പ്രതി എന്തും ചെയ്യു'മെന്നു പറഞ്ഞ മാതിരി, കോൺഗ്രസിന്റെ കുട്ടിപ്പട്ടാളമായ കെ.എസ്.യു, പ്രൈവറ്റ് ബസുകൾ നിഷേധിച്ച കൺസെഷൻ ടിക്കറ്റിന്റെ പേരിൽ കൈയിൽ കല്ലുമായി കാത്തുനിൽക്കുകയാണ്. ജൂൺ ഒന്ന് കഴിഞ്ഞാൽ ഇടവപ്പാതിയാണോ കല്ലേറാണോ ആദ്യം തുടങ്ങുക എന്നു പറയാൻ കഴിയില്ല. കൈയിൽ നിന്നു പുറപ്പെട്ടാൽ പിന്നെ കല്ലിന് പ്രൈവറ്റ് ബസെന്നോ സർക്കാർ ബസെന്നോ തിരിച്ചറിയാനുള്ള കഴിവില്ലലോ. പതുങ്ങി കാത്തുനിന്നു കാണാം!