Sunday , January   20, 2019
Sunday , January   20, 2019

വിധാൻ സൗധയിലെ വിജയ പതാക

കർണാടകയിൽ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിനു ശേഷമുള്ള സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രതികരണങ്ങളിൽ പ്രധാനം ജനാധിപത്യത്തിന്റെ അപഹാസ്യതയെ കുറിച്ചായിരുന്നു. ജനാധിപത്യത്തെ പൂർണമായി വിഴുങ്ങി ഇന്ത്യയിൽ ഫാസിസം അധികാരം പിടിച്ചെടുത്തു എന്ന രീതിയിലായിരുന്നു പല പ്രതികരണങ്ങളും.  പണാധിപത്യത്തിനു മുന്നിൽ ജനാധിപത്യം  നിസ്സഹായമാണെന്നും. ജനാധിപത്യത്തേക്കാൾ മെച്ചപ്പെട്ടതും ചലനാത്മകവുമായ മറ്റൊരു സാമൂഹ്യ വ്യവസ്ഥ ചൂണ്ടിക്കാട്ടാൻ കഴിയാത്തവരും ജനാധിപത്യത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്നവരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ സംഘ്പരിവാർ അടിമുടി ഒരു ഫാസിസ്റ്റ് ശക്തിയാണെങ്കിലും ഇന്ത്യൻ ജനാധിപത്യത്തെ തകർത്തെറിയാനുള്ള കരുത്ത് അതിനു നേടാനായിട്ടില്ലെന്നു വ്യക്തമാക്കുന്ന ദിശയിലായിരുന്നു പിന്നീട് സംഭവങ്ങളുടെ പോക്ക്.  ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനായി സുപ്രീം കോടതി തന്നെയാണ് രംഗത്തിറങ്ങിയെന്നത് വളരെ പ്രധാനമാണ്. 
ജനാധിപത്യ വിരുദ്ധമായി അധികാരത്തിലെത്തിയ യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ റദ്ദാക്കിയില്ലെങ്കിലും 19 ന് നാലു മണിക്ക് മുമ്പ് തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന കോടതി ഉത്തരവ് ബി.ജെ.പിയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിയെ ഫലത്തിൽ റദ്ദാക്കുന്നതു തന്നെയായിരുന്നു. കുതിരക്കച്ചവടത്തിനായി കൂടുതൽ സമയം വേണമെന്ന ബിജെപിയുടെ വാദമാണ് കോടതി തള്ളിയത്. ഒരു വോട്ട് കൂടുതൽ ലഭിക്കാനായി ആംഗ്‌ളോ ഇന്ത്യൻ പ്രതിനിധിയുടെ നോമിനേഷനും കോടതി തടഞ്ഞു. യെദിയൂരപ്പ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതും കോടതി തടഞ്ഞു. മാത്രമല്ല എം എൽ എമാർക്ക് സംരക്ഷണം നൽകണമെന്ന് ഡിജിപിയോടാണ് കോടതി ആവശ്യപ്പെട്ടത്. തലേ ദിവസം കോൺഗ്രസ്  ജെഡിഎസ് എംഎൽഎമാർ താമസിച്ചിരുന്ന ഹോട്ടലിനുള്ള പോലീസ് സുരക്ഷ സർക്കാർ റദ്ദാക്കിയ പശ്ചാത്തലത്തിലായിരുന്നു ആ നിർദ്ദേശം. ഫലത്തിൽ ഗവർണറുടെ നടപടിയെ പ്രത്യക്ഷത്തിൽ റദ്ദാക്കിയില്ലെങ്കിലും യെദൂരിയപ്പയെ പാവ മുഖ്യമന്ത്രിയാക്കുകയാണ് സുപ്രീം കോടതി ചെയ്തത്. കുറച്ചു ദിവസങ്ങളിലായി സംഘപരിവാറിനും കേന്ദ്ര സർക്കാരിനുമനുകൂലമായി നിലപാടുകൾ എടുക്കുന്നു എന്ന വിമർശനം നേരിടുന്ന സുപ്രീം കോടതി അതിനുള്ള മറുപടി കൂടിയായിരുന്നു ഈ വിധിയിലൂടെ നൽകിയത്. പ്രതീക്ഷിക്കാത്തയിടങ്ങളിൽ നിന്നുള്ള ഇത്തം ഇടപെടലുകളും ചലനാത്മകതയുമാണ് ജനാധിപത്യത്തെ മറ്റെല്ലാ സാമൂഹ്യ സംവിധാനങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നതെന്നു തെളിയിക്കുന്നതായിരുന്നു പിന്നീട് നടന്ന സംഭവങ്ങൾ. 20-20 ക്രിക്കറ്റ് മാച്ച് പോലെ  ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനും സംരക്ഷിക്കാനും വേണ്ടിയുള്ള മത്സരം. എന്തായാലും ഇപ്പോൾ വിജയിച്ചിരിക്കുന്നത് ജനാധിപത്യം തന്നെ. പണാധിപത്യത്തേയും അധികാരത്തേയും അഴിമതിയേയുമെല്ലാം അത് അതിജീവിച്ചിരിക്കുന്നു. ഫാസിസത്തിനെതിരായ പോരാട്ടം തുടരാൻ ജനാധിപത്യ ശക്തികൾക്ക് ചില്ലറ കരുത്തൊന്നുമല്ല കർണാടക സംഭവങ്ങൾ നൽകിയത്. ആ കരുത്തിനു മുന്നിൽ മോഡിയും അമിത് ഷായും യെദിയൂരപ്പയും ഗവർണറുമെല്ലാം മുട്ടുകുത്തിയിരിക്കുന്നു.
ഇപ്പറഞ്ഞതിനർത്ഥം ഇന്ത്യയിൽ ഫാസിസ്റ്റ് ഭീഷണി നിലനിൽക്കുന്നില്ല, അടിയറ പറഞ്ഞു എന്നല്ല. തീർച്ചയായും എല്ലാ വിധ ഫാസിസ്റ്റ് ലക്ഷണങ്ങളും തികഞ്ഞ സംവിധാനമാണ് ആർ എസ് എസ് നിയന്ത്രിക്കുന്ന സംഘ്പരിവാർ എന്നതിൽ സംശയമില്ല. അതിന് ചെറിയ ഒരു പോറൽ മാത്രമാണ് ഈ സംഭവങ്ങൾ. ഇറ്റലിയിലും ജർമ്മനിയിലും മറ്റും നാം കണ്ട ക്ലാസിക്കൽ ഫാസിസത്തേക്കാൾ ശക്തമാണ് സത്യത്തിൽ ഇന്ത്യൻ ഫാസിസം. കാരണം അതിന്റെ പ്രത്യയശാസ്ത്രം നൂറ്റാണ്ടുകൾക്കു മുമ്പ് രൂപം കൊണ്ട മനുസ്മൃതിയും സവർണ മൂല്യങ്ങളും ജാതി വ്യവസ്ഥയുമാണ് എന്നതാണ്. ഔപചാരികമായി രൂപം കൊണ്ട് ഒരു നൂറ്റാണ്ടായില്ലെങ്കിലും അതിന്റെ വേരുകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതേസമയം ജനാധിപത്യത്തിനും മതേതരത്വത്തിനും സാമൂഹ്യ നീതിക്കുമൊക്കെയായി പോരാടിയ നിരവധി ധാരകളും നമുക്കുണ്ട്. അവയുടെയെല്ലാം പ്രവർത്തനങ്ങളുടെ ആകത്തുകയാണ് നമ്മുടെ ജനാധിപത്യ സംവിധാനവും ഭരണഘടനയും. അവ അത്ര പെട്ടെന്ന് തകരുമെന്നു കരുതുന്നത് മൗഢ്യമാണ്. കർണാടക സംഭവങ്ങളിൽ ഗുണാത്മകമായി ഒന്നും കാണാതിരിക്കുന്നതും മൗഢ്യമാണ്.
സമകാലിക രാഷ്ട്രീയ അവസ്ഥ തന്നെ പരിശോധിക്കുക. കോൺഗ്രസിനും ജെ ഡി എസിനും സാമാന്യം ശക്തിയുള്ള കർണാടകയിൽ ഏറ്റവും വലിയ കക്ഷിയായി ബിജെപി മാറിയതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇനിയൊരു പ്രതീക്ഷക്കു സാധ്യതയില്ല എന്ന ധാരണ തെറ്റാണ്. തെരഞ്ഞെടുപ്പിൽ പലയിടത്തും ജെഡിഎസും ബിജെപിയുമായി രഹസ്യ ധാരണയുണ്ടായിരുന്നു എന്നതുറപ്പാണ്. കോൺഗ്രസിനേക്കാൾ കൂടുതൽ സീറ്റ് ബിജെപി നേടിയെങ്കിലും വോട്ട് കൂടുതൽ കോൺഗ്രസിനാണെന്നത് ചെറിയ കാര്യമല്ല. ജെ.ഡി.എസും കോൺഗ്രസും കൂടുമ്പോഴാകട്ടെ വോട്ടിന്റെ എണ്ണം വളരെ കൂടുതലുമാണ്. ഇതിനു പുറമെയാണ് ഉർവ്വശീ ശാപമെന്നപോലെ തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം കർണാടകയിൽ നടന്ന സംഭവങ്ങൾ. തീർച്ചയായും അതിന്റെയെല്ലാം രാഷ്ട്രീയമായ നഷ്ടം ബി.ജെ.പിക്കും ലാഭം കോൺഗ്രസിനുമാണ്. ബിജെപി എത്രമാത്രം ജനാധിപത്യ വിരുദ്ധ പാർട്ടിയാണെന്ന് എത്ര പറഞ്ഞിട്ടും വിശ്വസിക്കാത്തവർക്ക് ഇപ്പോഴെങ്കിലും യാഥാർത്ഥ്യം ബോധ്യപ്പെടാൻ ഈ സംഭവങ്ങൾ സഹായിച്ചിട്ടുണ്ട്. ഇത്തരമൊരു പാർട്ടിക്ക് ഇന്ത്യയുടെ അടുത്ത 5 വർഷത്തെ ഭരണമേൽപിച്ചാൽ എന്തായിരിക്കും സംഭവിക്കുക എന്ന് ചിന്തിക്കാനൊരവസരമാണ് ബിജെപി തന്നെ നൽകിയിരിക്കുന്നത്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം മറ്റു രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യത്തിനു നേരെ ബിജെപി ഉയർത്തുന്ന വെല്ലുവിളിയുടെ ഗൗരവം മനസ്സിലാക്കാൻ തയ്യാറാകുന്നു എന്നും അതനുസരിച്ച് വിശാലമായ പ്രതിപക്ഷ ഐക്യത്തിനായി എന്തു വിട്ടുവീഴ്ചക്കും തയ്യാറാകുമെന്ന രീതിയിൽ വരുന്ന റിപ്പോർട്ടുകളാണ്. പ്രതിപക്ഷം ഒന്നിച്ചുനിന്നാൽ ലോക്‌സഭയിൽ നാലിലൊന്നു സീറ്റുകൾ പോലും നേടാൻ ബിജെപിക്കാവില്ല എന്നുറപ്പ്. ഓരോ സംസ്ഥാനത്തും അതാതിടത്തെ രാഷ്ട്രീയ കാലാവസ്ഥയനുസരിച്ചുള്ള ഐക്യത്തിനാണ് ഓരോ പ്രസ്ഥാനവും തയ്യാറാകേണ്ടത്. കർണാടകയിൽ കോൺഗ്രസും ജെ ഡി എസും ഒന്നിച്ചുനിന്നാൽ ബിജെപിയുടെ നില പരുങ്ങലിലാകുമെന്ന പോലെ തന്നെയാണ് യുപിയിൽ എസ്പിയും ബിഎസ്പിയും ഒന്നിച്ചുനിന്നാൽ സംഭവിക്കുക. തമിഴ്നാട്, കേരളം, ബംഗാൾ, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ ബിജെപിക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനാകില്ല. ആന്ധ്രാപ്രദേശിന്റെ അവസ്ഥയും ഇപ്പോഴങ്ങനെയാണ്. ബിഹാർ, രാജസഥാൻ, ഗുജറാത്ത്, തെലങ്കാന, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലൊന്നും പഴയ പോലെ സീറ്റുകൾ കൊയ്തെടുക്കാൻ ബി.ജെ.പിക്കാവില്ല എന്നുറപ്പ്. എസ്പി, ബിഎസ്പി, ഇടതുപക്ഷം, ജനതാ പരിവാർ, ടി.ആർ.എസ്. ടി.ഡി.പി, തൃണമൂൽ, ഡി.എം.കെ. എ.പി, മുസ്‌ലിം ലീഗ്, ദളിത് പാർട്ടികൾ, വടക്ക് കിഴക്കൻ പാർട്ടികൾ ഇവയുടെയെല്ലാം സഖ്യം രൂപീകരിക്കണം. അതിനു മുൻകൈ എടുക്കേണ്ടത് കോൺഗ്രസ് തന്നെ. ഇത്തരമൊരു ഫെഡറൽ മുന്നണിക്ക് ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണത്തിന് താൽക്കാലികമായെങ്കിലും തടയിടാൻ കഴിയുമെന്നുറപ്പാണ്. അത്തരമൊരു നീക്കത്തിനു ശക്തി കൂട്ടാൻ കർണാടക സംഭവങ്ങൾ സഹായിച്ചിട്ടുണ്ടെന്നുറപ്പ്. അതേസമയം അതിനായി കടക്കേണ്ട കടമ്പകൾ നിരവധിയാണ്. സീറ്റുകളുടെ കാര്യത്തിലുണ്ടാകുന്ന തർക്കം മുതൽ പ്രധാനമന്ത്രിയായി ആരെ ഉയർത്തിക്കാണിക്കുമെന്നതു വരെയുള്ള കടമ്പകൾ കടക്കണം. ഓരോ സംസ്ഥാനത്തും ശക്തിയുള്ള പാർട്ടികൾ പരസ്പരം മത്സരിക്കാനിടവരരുത്. തെരഞ്ഞെടുപ്പിനു ശേഷമാകാം ഐക്യമെന്ന നിലപാടും തെറ്റാണ്. കർണാടക നൽകുന്ന പ്രധാന പാഠവും അതാണ്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ പ്രശ്നമാണ് ഏറ്റവും വലിയ കടമ്പ. മറുവശത്ത് മോഡിയെ പോലൊരാൾ നിൽക്കുമ്പോൾ ഇപ്പുറത്തും ഒരാളെ ജനം പ്രതീക്ഷിക്കും. തീർച്ചയായും മോഡിയെ പോലെ 'നെഞ്ചളവു'ള്ള ഒരാൾ മറുപക്ഷത്തില്ല. സ്വാഭാവികമായും ആദ്യ നമ്പർ പോകുക രാഹുൽ ഗാന്ധിയുടെ നേർക്കു തന്നെ. തീർച്ചയായും പഴയ രാഹുലല്ല ഇന്നുള്ളത്. രാജ്യത്തെ നയിക്കാനുള്ള കരുത്തൊക്കെ ഇന്നദ്ദേഹത്തിനുണ്ട്. താനതിനു തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി മോഹികളുടെ നീണ്ടനിര തന്നെ പ്രതിപക്ഷത്തുണ്ട്. കോൺഗ്രസിൽ തന്നെയുള്ള പവാർ, മായാവതി, മമതാ ബാനർജി, ചന്ദ്രബാബു നായിഡു എന്നിങ്ങനെ പട്ടിക നീളുന്നു. ഒരുപക്ഷേ സമവായ സ്ഥാനാർത്ഥിയായി കെജ്രിവാൾ തന്നെ വരാം. എന്തായാലും പ്രതിപക്ഷം നേരിടുന്ന വലിയ വെല്ലുവിളിയായിരിക്കും ഇത്. മിക്കവാറും പ്രധാനമന്ത്രി ആരെന്ന് തെരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കാമെന്ന തീരുമാനമായിരിക്കും വരിക.
പറഞ്ഞുവരുന്നത് ഫാസിസ്റ്റ് ശക്തികൾ ഇപ്പാഴും ഇന്ത്യയിൽ ന്യൂനപക്ഷം തന്നെയാണ് എന്നാണ്. ഒന്നിച്ചുനിന്നാൽ ജനാധിപത്യപരമായി പ്രതിരോധിക്കാവുന്ന ന്യൂനപക്ഷം. തീർച്ചയായും വർഗീയ വികാരങ്ങൾ ഇളക്കിവിട്ടായിരിക്കും അവർ വെല്ലുവിളികളെ നേരിടുന്നത്. അതുണ്ടാക്കുന്ന നാശങ്ങൾ ചെറുതായിരിക്കുകയുമില്ല. അധികാരത്തിലെത്തിയില്ലെങ്കിലും ഫാസിസ്റ്റുകൾ ഉയർത്തുന്ന വെല്ലുവിളി തുടരുകയും ചെയ്യും. അപ്പോഴും ഇതെല്ലാം ചൂണ്ടിക്കാട്ടി ജനാധിപത്യത്തെ തള്ളിപ്പറയുന്നത് വസ്തുനിഷ്ഠമായ നിലപാടായിരിക്കില്ല എന്നു മാത്രം.