Friday , October   19, 2018
Friday , October   19, 2018

ബിനാമി ബിസിനസ്: സ്വദേശിക്കും  വിദേശിക്കും തടവും പിഴയും

റിയാദ്- ബിനാമി ബിസിനസ് നടത്തിയ കേസിൽ സൗദി പൗരനെയും ചൈനക്കാരനെയും റിയാദ് ക്രിമിനൽ കോടതി ശിക്ഷിച്ചു. ബിനാമിയായി ഫർണിച്ചർ ബിസിനസ് നടത്തുന്നതിന് വിദേശിക്ക് കൂട്ടുനിന്ന സൗദി പൗരൻ സാമി ബിൻ അവദ് ബിൻ ഉവൈനാൻ അൽ അനസിക്കും സ്ഥാപനം നടത്തിയ ചൈനക്കാരൻ ലിയോ ജിൻ ബുംഗിനും രണ്ടു ലക്ഷം റിയാൽ പിഴയാണ് ചുമത്തിയത്. വിദേശിക്ക് രണ്ടു മാസം തടവും വിധിച്ചു. ശിക്ഷ പൂർത്തിയാക്കിയ ശേഷം വിദേശിയെ നാടു കടത്തുന്നതിനും തൊഴിൽ വിസയിൽ വീണ്ടും സൗദിയിൽ പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തുന്നതിനും കോടതി ഉത്തരവിട്ടു. ബിനാമി സ്ഥാപനം അടച്ചു പൂട്ടുന്നതിനും വിധിയുണ്ട്. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. നിയമ ലംഘകർക്കുള്ള ശിക്ഷയും അവർ നടത്തിയ നിയമ ലംഘനവും അവരുടെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി വിധിച്ചു. അനധികൃത രീതിയിൽ പത്തു ലക്ഷം റിയാൽ വിദേശത്തേക്ക് കടത്തുന്നതിന് ശ്രമിക്കുന്നതിനിടെയാണ് ചൈനക്കാരൻ സുരക്ഷാ വകുപ്പുകളുടെ പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൗദി പൗരന്റെ പേരും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും ഉപയോഗിച്ച് വിദേശി ബിനാമിയായി ഫർണിച്ചർ സ്ഥാപനം നടത്തുന്നതായി കണ്ടെത്തിയത്. 
ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവു ശിക്ഷയുമാണ്, ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്കും അവർക്ക് ഒത്താശകൾ ചെയ്തു കൊടുക്കുന്ന സൗദികൾക്കും ഒരുപോലെ ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ നാടു കടത്തുകയും ചെയ്യും. ഏതാനും മലയാളികൾ അടക്കം നിരവധി ബിനാമി ബിസിനസ് കേസ് പ്രതികളെ വിവിധ പ്രവിശ്യകളിലെ കോടതികൾ അടുത്ത കാലത്ത് ശിക്ഷിച്ചിരുന്നു. ബിനാമി ബിസിനസ് കേസുകളിൽ നിയമ ലംഘകർക്ക് പിഴ ഉയർത്തുന്നതിന് നീക്കമുള്ളതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ബിനാമി ബിസിനസുകൾ കണ്ടെത്തുന്നതിനുള്ള പരിശോധനാ സംവിധാനം പരിഷ്‌കരിക്കാനും നീക്കമുണ്ട്. ബിനാമി ബിസിനസുകളെ കുറിച്ച് മന്ത്രാലയത്തിന് ലഭിക്കുന്ന പരാതികളിൽ വലിയ വർധനവുള്ള പശ്ചാത്തലത്തിലാണ് ബിനാമി ബിസിനസ് പ്രവണതക്ക് തടയിടുന്നതിന് ശ്രമിച്ച് പിഴ ഉയർത്താനും പരിശോധനാ സംവിധാനം പരിഷ്‌കരിക്കാനും മന്ത്രാലയം ആലോചിക്കുന്നത്. 
ദേശീയ പരിവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തി, വാണിജ്യ വഞ്ചനയും സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മയും വർധിക്കുന്നതിന് പ്രധാന കാരണമായ ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് ആറിന പദ്ധതി നടപ്പാക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം നീക്കം തുടങ്ങിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിന് സ്ഥാപനങ്ങളെ നിർബന്ധിക്കുക, മുഴുവൻ ഇടപാടുകളും ബില്ലുകൾ വഴിയാക്കുന്നതിന് നിർബന്ധിക്കൽ, ഉപയോക്താക്കൾക്ക് നൽകുന്ന സേവന നിലവാരം ഉയർത്തൽ, ബിനാമി വിരുദ്ധ മേഖലയിൽ വ്യത്യസ്ത വകുപ്പുകൾ നടത്തുന്ന ശ്രമങ്ങൾ ഏകീകരിക്കൽ, സ്വദേശിവൽക്കരണം, വാണിജ്യ മേഖലയിൽ നീതിപൂർവമായ മത്സരം ഉറപ്പുവരുത്തൽ, നിയമ വിരുദ്ധ ബിസിനസുകളെ കുറിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമാക്കി ഓരോ മേഖലയിലെയും ബിനാമി പ്രവണതക്ക് പരിഹാരം കാണുന്നതിന് പ്രത്യേകം പ്രത്യേകം നടപടിയെടുക്കൽ എന്നീ നടപടികളാണ് ബിനാമി പ്രവണത അവസാനിപ്പിക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം സ്വീകരിക്കുക. 

 

Latest News