Monday , June   17, 2019
Monday , June   17, 2019

നഴ്‌സറി  കുഞ്ഞുങ്ങളെപ്പോലെ എം.എൽ.എമാർ 

വക്രദൃഷ്ടി

ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന സുഖവാസ കേന്ദ്രങ്ങളാണ് കൊടൈക്കനാലും മടിക്കേരിയും ഊട്ടിയും മറ്റും. വർഷത്തിൽ മിക്കവാറും എല്ലാ സീസണിലും കൊടും തണുപ്പാണ് ഇവിടങ്ങളിൽ അനുഭവപ്പെടുന്നത്. കേരള-തമിഴ് നാട് തലസ്ഥാനങ്ങളെ പോലെ തീരദേശത്തല്ല കർണാടകയുടെ ആസ്ഥാനമായ ബംഗളുരു നഗരം. ഉദ്യാന നഗരമെന്നാണ് വിളിപ്പേര്. ചുറ്റും മുന്തിരി തോട്ടങ്ങൾ. തെക്കൻ കേരളത്തിൽ നിന്നെത്തുന്ന ഐലണ്ട് എക്‌സ്പ്രസും വടക്കു നിന്നുള്ള യശ്വന്ത്പുര ട്രെയിനുകളും എത്തിച്ചേരുന്നത് പുലർകാലത്ത്. ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് തന്നെ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങും. പിന്നിട്ട നൂറ്റാണ്ടിൽ 90 കളുടെ തുടക്കത്തിൽ ആദ്യമായി ബംഗളുരു നഗരം കാണാൻ ചെന്നപ്പോൾ താമസിച്ചത് മെജസ്റ്റിക്കിലെ ഒരു സാദാ ഹോട്ടലിൽ. വിനോദ സഞ്ചാര വ്യവസായം എങ്ങിനെ വിജയകരമായി നടത്താമെന്ന് നമുക്ക് കർണാടകയിൽ നിന്ന് പഠിക്കാവുന്നതാണ്. 
മൈസുരുവിൽ താമസിച്ചപ്പോഴെന്നത് പോലെ ബംഗളുരുവിലും തലേ ദിവസം രാത്രി തന്നെ ഹോട്ടൽ കൗണ്ടറിൽ വെച്ച് അടുത്ത പ്രഭാതത്തിലെ യാത്ര ഉറപ്പാക്കി. കണ്ടക്റ്റഡ് ടൂറിന് ഗൈഡ് കൂട്ടിനുണ്ടാവും. പല ഹോട്ടലുകളിൽ നിന്ന് ആളെ എടുത്താണ് ബസുകൾ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന യാത്ര പുറപ്പെടുന്നത്. നൂറ് രൂപ ബജറ്റിൽ കാര്യം നടക്കും. താൽപര്യമുണ്ടെങ്കിൽ പത്തോ ഇരുപതോ ഗൈഡിന് ടിപ്പ് കൊടുക്കാം. വടക്കേ ഇന്ത്യയിൽ നിന്നു ധാരാളം ടൂറിസ്റ്റുകളുള്ളതിനാൽ ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് ഗൈഡിന്റെ വിവരണം. നമ്മുടെ മിഠായിതെരുവിന്റെ വലിപ്പമുള്ള ഒരു സ്ട്രീറ്റിലെത്തിയപ്പോൾ  ഇവിടെയാണ് കഴിഞ്ഞ ദിവസം കർണാടക സർക്കാർ അമ്പത് സ്വകാര്യ മെഡിക്കൽ കോളജിന് അനുവാദം നൽകിയതെന്ന് വഴികാട്ടിയായ യുവാവ് പറഞ്ഞു. ഇത് തള്ളാണെന്ന് തന്നെ വെക്കാം. എന്നാലും അഞ്ച് മെഡിക്കൽ കോളജുകൾ നഗര മധ്യത്തിലെ തെരുവിൽ ഒരുമിച്ചു പ്രവർത്തിക്കാൻ മാത്രം സ്‌കോപ്പുണ്ടാവുമോ? പ്രാതലിന് ശേഷം ആദ്യമായി സ്റ്റോപ്പ് ചെയ്തത് വിധാൻ സൗധയ്ക്ക് മുമ്പിൽ, ഇതാണ് കർണാടകയുടെ നിയമസഭാ മന്ദിരം. അന്നേ കർണാടക രാഷ്ട്രീയം കൂറുമാറ്റത്തിന്റേയും കുതിര കച്ചവടത്തിന്റേയും  കേന്ദ്രമായിരുന്നു. കോടികളും വെട്ടിച്ച് ഇന്ത്യയെ പറ്റിച്ച് മുങ്ങിയ വിജയ് മല്യയുടെയൊക്കെ തറവാടല്ലേ. ഒരാഴ്ച മുമ്പാണ് കർണാടകയിലെ ജനങ്ങൾ വിധി എഴുതിയത്. വൈകുന്നേരം വന്ന എക്‌സിറ്റ് പോളുകളാണ് രസകരം. റിപ്പബ്ലിക് ടിവി പ്രവചിച്ചത് പോലെയാണ് കാര്യങ്ങളെങ്കിൽ നൂറ്റി അമ്പത് സീറ്റുകളുമായി യെദ്യൂരപ്പ സുഖമായി ഭരിെേച്ചനെ. ടൈംസ് നൗ എൺപതിനടുത്ത് സീറ്റുകളുമായി കോൺഗ്രസ് ഏറ്റവും വലയ ഒറ്റകക്ഷിയാവുമെന്നും തൂക്കുസഭയാവുമെന്നും കണ്ടെത്തി. ഇതാണ് യാഥാർഥ്യത്തിനടുത്ത് നിൽക്കുന്നത്. 
ഏതായാലും ഫല പ്രഖ്യാപനം കഴിഞ്ഞപ്പോൾ കോൺഗ്രസും ജനതാദളും സഖ്യകക്ഷിയായി. വൈകിയെത്തിയ ബുദ്ധിയുമായി ചെന്നപ്പോൾ ഗുജറാത്ത് ബ്രാൻഡ് കർണാടക ഗവർണർ കടക്കു പുറത്ത് പറഞ്ഞു. യെദ്യൂരപ്പയാണ് നല്ലതെന്ന് മൂപ്പർക്ക് തോന്നി. അതനുസരിച്ച് പ്രവർത്തിച്ചു. പണവും പ്രലോഭനവുമായി മുകളിൽ നിന്ന് ആളെത്തിയാൽ എല്ലാം ശരിയാവുമെന്ന് അദ്ദേഹമങ്ങ് വിചാരിച്ചു.ആലസ്യം വിട്ടു മാറിയ കോൺഗ്രസ് നേതാക്കൾ അർധ രാത്രി സുപ്രീം കോടതിയെ വിളിച്ചുണർത്തി. പുലരുവോളം നീണ്ട വിചാരണ കാര്യങ്ങൾ ഇന്ത്യക്കാരിലെത്തിക്കാൻ ദേശീയ ചാനലുകൾക്കൊപ്പം മലയാളത്തിൽ ന്യൂസ് 18, ഏഷ്യാനെറ്റ്, മാതൃഭൂമി ന്യൂസ്, മീഡിയാ വൺ എന്നീ ചാനലുകൾ സജീവമായി രംഗത്തുണ്ടായിരുന്നു. രണ്ടാഴ്ചക്കാലം എം.എൽ.എമാരെ മാറ്റി പാർപ്പിക്കാനുള്ള വെപ്രാളമായി. കേരളത്തിൽ വേണോ, ഹൈദരബാദിലോ, പുതുച്ചേരിയിലോ വേണോ എന്നായി ചർച്ചകൾ. എം.എൽ.എയുടെ വില ഒറ്റയടിക്ക് നൂറ് കോടി വരെയായി ഉയർന്നു. രണ്ട് ലക്ഷം രൂപ കൈമാറണമെങ്കിൽ പാൻ കാർഡും ആധാരും വേണ്ട നാട്ടിലാണ് ഇതൊക്കെ നടക്കുന്നത്.  റിസോർട്ട് രാഷ്ട്രീയത്തിന് കർണാടകയും  സാക്ഷ്യം വഹിച്ചു.  ഏത് പാളയത്തിൽ നിന്നു വേണമെങ്കിലും എംഎൽഎമാർ ചോർന്ന് പോകാമെന്ന സാഹചര്യത്തിൽ  കോൺഗ്രസും ജെഡിഎസും ഒരു പോലെ കരുതലിൽ ആയിരുന്നു. 104 എംഎൽഎമാരുടെ മാത്രം പിന്തുണയുള്ള ബിജെപിക്ക് വിശ്വാസ വോട്ടെടുപ്പിൽ ജയിക്കണമെങ്കിൽ 8 എംഎൽഎമാരെക്കൂടി കൂടെ കൂട്ടണം. ആദായനികുതി വകുപ്പിനേയും സിബിഐയേയുമെല്ലാം ഉപയോഗിച്ച് എംഎൽഎമാരെ ഭയപ്പെടുത്തി മറുകണ്ടം ചാടിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് ജെഡിഎസും കോൺഗ്രസും ആരോപിച്ചു.   റിസോർട്ട് രാഷ്ട്രീയത്തെ ട്രോളി നടൻ പ്രകാശ് രാജ് രംഗത്ത് എത്തിയത് സുപ്രീം കോടതി ഹാളിൽ വരെയെത്തി. ട്വിറ്ററിലാണ് പ്രകാശ് രാജിന്റെ പരിഹാസം. 'കർണാടക ബ്രേക്കിംഗ് ന്യൂസ്! റിസോർട്ട് മാനേജർമാർ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. അവർക്കൊപ്പം 116 എംഎൽഎമാരുണ്ടെന്നതാണ് കാരണം. കളി ഇപ്പോൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്നു. എല്ലാവരും രാഷ്ട്രീയം കളിക്കുകയാണ്' എന്നായിരുന്നു  പ്രകാശ് രാജിന്റെ ട്രോൾ. റിസോർട്ട് രാഷ്ട്രീയത്തെ പരിഹസിച്ചു തള്ളാൻ വരട്ടെ. കേരളമുൾപ്പെടെ എല്ലാവർക്കും സാധ്യതകളുള്ള ഫീൽഡാണിത്. 
 
***    ***    ***

മലയാളത്തിലെ എന്റർടെയ്ൻമെന്റ് ചാനലുകൾക്കിടയിൽ ചുരുങ്ങിയ കാലത്തിനിടെ ജനപ്രീതിയാർജിച്ചതാണ് ഫ്‌ളവേഴ്‌സ്. ഏഷ്യാനെറ്റ്, സൂര്യ, മഴവിൽ മനോരമ എന്നിവയെ പിന്തള്ളിയായിരുന്നു മുന്നേറ്റം. ഉള്ളടക്കത്തെ പറ്റി  കൂടുതൽ ചർച്ച ചെയ്യുന്നതിൽ കാര്യമില്ല. പണ്ട് മനോരമ, മംഗളം വാരികകൾ പത്തും പതിനഞ്ചും ലക്ഷം കോപ്പികൾ വിറ്റഴിച്ചത് വായനക്കാരുടെ അഭിരുചിക്കൊത്ത് നീങ്ങിയാണല്ലോ. മാസ് എന്റർടൈനർ എന്ന നിലയിലാണ് ശ്രീകണ്ഠൻ നായരുടെ ചാനലിനും സ്വീകാര്യത ലഭിച്ചത്. ഇതിനിടയ്ക്ക് ചാനലിന് ചീത്ത പേരുണ്ടാക്കാൻ കൊച്ചിയിൽ കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തു.  ഏറെ കൊട്ടിഘോഷിച്ചാണ് ഫഌവഴ്‌സ് ചാനൽ എആർ റഹ്മാൻ ഷോ കൊച്ചിയിൽ സംഘടിപ്പിച്ചത്. പരിപാടിയാകട്ടെ മഴയിൽ പൊളിഞ്ഞ് പാളീസാവുകയും ചെയ്തു. ഏക്കർ കണക്കിന് വരുന്ന പാടം നികത്തിയുണ്ടാക്കിയ ചളി നിറഞ്ഞ ഇടമാണ് റഹ്മാനെ പോലൊരു പ്രതിഭയ്ക്ക് വേണ്ടി ഫഌവഴ്‌സ് ഒരുക്കിയത്.  പരിപാടിക്കെത്തിയവർക്ക് പണം തിരികെ  നൽകുമെന്നും പരിപാടി മറ്റൊരു ദിവസം നടത്തുമെന്നും സംഘാടകർ പറയുന്നു. 
പിന്നിട്ട വാരത്തിൽ ചാനലുകളിലെ തലവാചകമായിരുന്നു മലപ്പുറത്തെ തിയേറ്റർ പീഡന വിഷയം. ഇത് സംഭവിച്ചത് എടപ്പാളിൽ. വിസ്തൃതമായ മലപ്പുറം ജില്ല തൃശൂർ, പാലക്കാട് ജില്ലകളുമായി അതിര് പങ്കിടുന്ന പ്രദേശം. പ്രശ്‌നക്കാരൻ വന്നത് പാലക്കാട് ജില്ലയിലെ തൃത്താല ഗ്രാമത്തിൽ നിന്നും.എന്നിട്ടും മലപ്പുറം ഹെഡ്‌ലൈൻസിൽ ആവർത്തിക്കുകയുണ്ടായി. ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽ കരുതലോടെ മാതൃഭൂമി ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്. മലപ്പുറത്തെ രാമനാട്ടുകരയിൽ വാഹനാപകടം നാല് മരണമെന്ന് മീഡിയ വൺ ചാനലിൽ തിങ്കളാഴ്ച ഉച്ച 1.30നുള്ള ബുള്ളറ്റിനിലെ തലവാചകം. പിന്നീട് ലേഖികയുടെ വോയ്‌സ് ഓവറിൽ ജില്ലയെ പറ്റി പറയുന്നില്ല. മലപ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്ത കുടുംബമാണ് അപകടത്തിൽ പെട്ടതെന്നാണ് വിശദീകരിച്ചത്. കോഴിക്കോട്ടു നിന്ന് സംപ്രേഷണം ചെയ്യുന്ന ചാനലാണ് രാമനാട്ടുകരയെ മലപ്പുറത്തിന് കൊടുത്തത്. അല്ലെങ്കിൽ തന്നെ എടപ്പാളും തൃത്താലയും ഏത് ജില്ലയിലാണെന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ തർക്കം നടക്കുന്ന സമയവുമാണ്.
 
***    ***    ***

റിയാലിറ്റി ഷോകൾ അരങ്ങ് തകർക്കുന്ന കാലഘട്ടമാണിത്. സിനിമയിലും സീരിയലിലുമൊക്കെയായി നിറഞ്ഞു നിൽക്കുന്നവരിൽ പലരും ഇന്ന് ഇത്തരം വേദികളിൽ സജീവമാണ്. ചാനലിന്റെ റേറ്റിങ്ങ് നിലനിർത്തുന്നതിനായി പല തരത്തിലുള്ള ശ്രമങ്ങളാണ് ചാനലുകൾ നടത്തുന്നത്. കഴിവും ആഗ്രഹവും കഠിനപ്രയത്‌നവുമൊക്കെയായി വിവിധ മേഖലകളിൽ പ്രവർത്തിക്കാനാഗ്രഹിക്കുന്നവർക്ക് ലഭിക്കുന്ന മികച്ച അവസരം കൂടിയാണ് ഇത്തരം അവസരങ്ങൾ. പാട്ടിലും അഭിനയത്തിലും മികവ് തെളിയിച്ചവരെത്തേടി നിരവധി റിയാലിറ്റി ഷോയാണ് നേരത്തെ അരങ്ങേറിയത്. ഇപ്പോഴും നടക്കുന്നുമുണ്ട്. ഇതിൽനിന്ന് വ്യത്യസ്തമായി  താരങ്ങൾ ഒരുമിച്ചെത്തി മാറ്റുരയ്ക്കുന്ന പരിപാടിയാണ് ബിഗ് ബോസ്. തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ സൂപ്പർഹിറ്റായി മാറിയതാണ്  പരിപാടി. മലയാളത്തിൽ ഇത് പോലൊരു പരീക്ഷണത്തിനൊരുങ്ങുകയാണ് ഏഷ്യാനെറ്റ്. മോഹൻലാലാണ് അവതാരകൻ. പരിപാടി സംപ്രേഷണം ചെയ്ത് ചാനലിന്റെ റേറ്റിങ്ങ് കൂട്ടാമെന്നാണ് കണക്കുകൂട്ടൽ. അതേ സമയം തമിഴകത്തെ ബിഗ് ബോസ് സംബന്ധിച്ച് അത്ര നല്ല വാർത്തകളല്ല.  കമൽഹാസൻ അവതാരകനായി എത്തിയ ബിഗ്‌ബോസ് തമിഴ് പതിപ്പ്. തമിഴ് സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന്  ആരോപിച്ച് രാഷ്ട്രീയ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഷോ നിർത്തിവെയ്ക്കണമെന്നുള്ള ആവശ്യം വരെ ഇവർ ഉന്നയിച്ചിരുന്നു. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച സ്വീകാര്യതയാണ് ബിഗ് ബോസ് തമിഴ് പതിപ്പ് ലഭിച്ചത് .