Thursday , December   13, 2018
Thursday , December   13, 2018

ഫ്രാൻസിന് സുഗമ പാത

ഫ്രാൻസിനെ സംബന്ധിച്ചിടത്തോളം ഇതിനെക്കാൾ മികച്ച ഗ്രൂപ്പ് ലഭിക്കാനില്ല. മൂന്ന് എതിരാളികളും അവർക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയില്ല. ഡെന്മാർക്ക് കഷ്ടിച്ചാണ് ഫൈനൽ റൗണ്ടിൽ കടന്നു കൂടിയത്. ക്രിസ്റ്റിയൻ എറിക്‌സന്റെ ഫോമിനെ അനുസരിച്ചായിരിക്കും അവരുടെ കുതിപ്പ്. പെറു 36 വർഷത്തിനു ശേഷമാണ് ലോകകപ്പിൽ തിരിച്ചെത്തുന്നത്. ജെഫേഴ്‌സൻ ഫർഫാനാണ് അവരുടെ പ്രധാന ആയുധം. റഷ്യയിൽ ലോക്കോമൊട്ടിവിന് കളിക്കുന്നു എന്നതിനാൽ പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ച് ജെഫേഴ്‌സന് നല്ല പിടിപാടുണ്ട്. ഓസ്‌ട്രേലിയ ഈ ഗ്രൂപ്പിൽ വലിയ വെല്ലുവിളിയാവാൻ സാധ്യതയില്ല.
ഫോമും കളിക്കാരുടെ മികവും പരിഗണിക്കുമ്പോൾ ഡെന്മാർക്കിനെ അവസാന ഗ്രൂപ്പ് മത്സരത്തിൽ നേരിടും മുമ്പെ ഫ്രാൻസ് നോക്കൗട്ട് ഉറപ്പിച്ചിരിക്കേണ്ടതാണ്. പെറുവും ഡെന്മാർക്കും തമ്മിൽ ശക്തമായ മത്സരം നടക്കും രണ്ടാം സ്ഥാനത്തിന്. ഫ്രാൻസ് ഒന്നാം സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ പെറു-ഡെന്മാർക്ക് മത്സരമായിരിക്കും ഗ്രൂപ്പിലെ നിർണായക കളി. അവസാനം ഫ്രാൻസിനെ നേരിടുന്നു എന്നതിനാൽ ഡെന്മാർക്കിന് ചെറിയ മുൻതൂക്കമുണ്ട്. 
ഫ്രാൻസും ഡെന്മാർക്കും ലോകകപ്പിൽ രണ്ടു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടു തവണ കളിച്ചപ്പോഴും ഗ്രൂപ്പിലെ അവസാന മത്സരമായിരുന്നു, ഇത്തവണത്തേതു പോലെ. 1998 ൽ കിരീടത്തിലേക്കുള്ള വഴിയിൽ ഫ്രാൻസ് 2-1 ന് ജയിച്ചു. 2002 ൽ ഡെന്മാർക്ക് 2-0 ജയത്തോടെ പകരം വീട്ടി. 
ഫ്രാൻസും പെറുവും ഒരിക്കലേ ഏറ്റുമുട്ടിയിട്ടുള്ളൂ. 1982 ലെ ലോകകപ്പിന് മുമ്പ്. പാരിസിൽ മിഷേൽ പ്ലാറ്റീനിയുടെ ഫ്രാൻസിനെ പെറു 1-0 ന് മുട്ടുകുത്തിച്ചു. 
നാല് ലോകകപ്പുകളിൽ ഗോളടിച്ച മൂന്നു പേരേയുള്ളൂ, ഊവെ സീലർ, പെലെ, മിറോസ്‌ലാവ് ക്ലോസെ. ഇത്തവണ ഗോളടിക്കാൻ കഴിഞ്ഞാൽ ഓസ്‌ട്രേലിയയുടെ ടിം കഹീലിന് ആ അപൂർവ ഗ്രൂപ്പിൽ സ്ഥാനം നേടാം.
 

Latest News