Monday , January   21, 2019
Monday , January   21, 2019

ഇവരും വീട്ടിലിരുന്ന് കളി കാണും

സ്വീഡൻ ലോകകപ്പിന് യോഗ്യത നേടിയതോടെ വിരമിക്കൽ റദ്ദാക്കി തിരിച്ചുവരാനൊരുങ്ങിയെങ്കിലും സ്ലാറ്റൻ ഇബ്രഹിമോവിച്ചിന്റെ പ്രസ്താവന കോച്ച് കേട്ട ഭാവം നടിച്ചില്ല. കഴിഞ്ഞ തവണ സ്വീഡൻ യോഗ്യത നേടാതിരുന്നപ്പോൾ താനില്ലാത്ത ലോകകപ്പിന് എന്ത് ഹരമെന്ന് ചോദിച്ചയാളാണ് ഇബ്ര. പെറു ക്യാപ്റ്റൻ പോളൊ ഗുരേരോയുടെ കാര്യം അതിനെക്കാൾ കഷ്ടമാണ്. ലഹരിമരുന്ന് അടിച്ചതിന്റെ പേരിൽ വിലക്കനുഭവിക്കുകയാണ് സ്‌ട്രൈക്കർ.

ഏറ്റവുമധികം പേർ വീക്ഷിക്കുന്ന കായിക മാമാങ്കമാണ് ലോകകപ്പ് ഫുട്‌ബോൾ. ഇത്തവണ കളി കാണാൻ പ്രമുഖരുടെ പടയുണ്ട്. അവരുടെ കളി നാം കാണേണ്ടതായിരുന്നു. എന്നാൽ അവർ നമ്മോടൊപ്പം കളി കാണാൻ വിധിക്കപ്പെട്ടിരിക്കുകയാണ്. 
ഇറ്റലി യോഗ്യത നേടാതിരുന്നതോടെ കഴിഞ്ഞ തവണ മികച്ച ഗോളിയായി ഫിഫ തെരഞ്ഞെടുത്ത ജിയാൻലൂജി ബുഫോൺ ഉണ്ടാവില്ല. എന്നാൽ കഴിഞ്ഞ രണ്ട് ലോകകപ്പിലും 2016 ലെ യൂറോ കപ്പിലും ഇംഗ്ലണ്ടിന്റെ വല കാത്ത ജോ ഹാർടിന്റെ അഭാവം അമ്പരപ്പായി. മാഞ്ചസ്റ്റർ സിറ്റിയുടെ അനിഷേധ്യ ഒന്നാം നമ്പറായിരുന്ന ഹാർടിനെ പെപ് ഗാഡിയോള കോച്ചായി വന്നതോടെയാണ് തട്ടിയത്. വെസ്റ്റ്ഹാമിലെത്തിയ ശേഷം മോശം ഫോമിലായിരുന്നു മുപ്പത്തൊന്നുകാരൻ. എവർടന്റെ ജോർദാൻ പിക്‌ഫോഡ് ഇംഗ്ലണ്ടിന്റെ ഒന്നാം ഗോളിയാവുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ലോകകപ്പിലെ മികച്ച ഗോളിയായി തെരഞ്ഞെടുക്കപ്പെട്ട മാന്വേൽ നോയർ ജർമനിയുടെ പ്രാഥമിക ടീമിലുണ്ട്. അന്തിമ ടീമിലുണ്ടാവുമോയെന്ന് സംശയമാണ്.
പ്രതിരോധ നിരയിലെ പ്രധാന അഭാവം ബ്രസീലിന്റെ ഡാനി ആൽവേസ് തന്നെ. ലോകകപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ആൽവേസിന് പരിക്കേൽക്കുകയായിരുന്നു. ഫ്രാൻസിന്റെ ലോറന്റ് കോസിയൻലിയും പരിക്കു കാരണം വിട്ടുനിൽക്കും. അലക്‌സ് സാൻഡ്രോയെ മാറ്റിനിർത്തേണ്ടി വന്നത് ജീവിതത്തിലെ ഏറ്റവും പ്രയാസപ്പെട്ട തീരുമാനമായിരുന്നുവെന്നാണ് ബ്രസീൽ കോച്ച് ടിറ്റി പറഞ്ഞത്. മാഴ്‌സെലോയുടെ റിസർവായിരുന്നു സാൻഡ്രൊ. പക്ഷെ ബ്രസീൽ ടീമിൽ ഒഴിവില്ല. ജർമനിയുടെ ജെറോം ബൊയതെംഗും പരിക്കിന്റെ പിടിയിലാണ്. 
ഇംഗ്ലണ്ടിന് മധ്യനിരയിൽ അലക്‌സ് ഓക്‌സാൽഡ് ചെയ്മ്പർലെയ്‌നിനെ പരിക്കു കാരണം നഷ്ടപ്പെട്ടു. ആഴ്‌സനലിന്റെ ഇരുപത്താറുകാരൻ ജാക്ക് വിൽഷയറിനെ തഴയുകയും ചെയ്തു. ബ്രസീലിനെതിരായ സന്നാഹ മത്സരത്തിൽ നെയ്മാറിനെ നിശ്ശബ്ദനാക്കി നിർത്തിയ ജോ ഗോമസും ഇംഗ്ലണ്ട് നിരയിലുണ്ടാവില്ല. പരിക്കു തന്നെ കാരണം.
ജർമനിയുടെ ലാർസ് സ്റ്റിൻഡിലാണ് മുന്നേറ്റനിരയിലെ പ്രധാന അഭാവം. കഴിഞ്ഞ കോൺഫെഡറേഷൻസ് കപ്പിൽ ജർമനിയുടെ ആക്രമണം നയിച്ച സ്റ്റിൻഡിൽ ജർമൻ ക്ലബ് ബൊറൂഷ്യ മോഞ്ചൻഗ്ലാഡ്ബാക്കിൽ ഉജ്വല ഫോമിലായിരുന്നു. പക്ഷെ അസമയത്ത് പരിക്കെത്തി. റയൽ മഡ്രീഡ് താരം ഗാരെത് ബെയ്‌ലിന് കളിക്കാനാവാത്തത് വെയ്ൽസ് യോഗ്യത നേടാത്തതിനാലാണ്. എന്നാൽ സഹ താരം കരീം ബെൻസീമയുടെ കാര്യമാണ് കഷ്ടം. ഫ്രഞ്ച് ടീമിലെ സഹതാരത്തിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ കൂട്ടുനിന്നുവെന്ന ആരോപണം നേരിടുന്ന ബെൻസീമയെ കോച്ച് മാറ്റിനിർത്തിയിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പിൽ ജർമനിക്ക് കിരീടം നേടിക്കൊടുത്ത ഗോളടിച്ച മാരിയൊ ഗോട്‌സെക്ക് ഇത്തവണ കളി വീട്ടിലിരുന്നു കാണാം, ഗോട്‌സെ ഫോമിലല്ല. അതേസമയം ബയേൺ മ്യൂണിക്കിന്റെ സാന്ദ്രൊ വാഗ്‌നറെ ജർമനി തഴഞ്ഞത് അമ്പരപ്പുണർത്തി. യോഗ്യതാ റൗണ്ടിൽ അഞ്ച് ഗോളടിച്ചിരുന്നു വാഗ്‌നർ.
സ്വീഡൻ ലോകകപ്പിന് യോഗ്യത നേടിയതോടെ വിരമിക്കൽ റദ്ദാക്കി തിരിച്ചുവരാനൊരുങ്ങിയെങ്കിലും സ്ലാറ്റൻ ഇബ്രഹിമോവിച്ചിന്റെ പ്രസ്താവന കോച്ച് കേട്ട ഭാവം നടിച്ചില്ല. കഴിഞ്ഞ തവണ സ്വീഡൻ യോഗ്യത നേടാതിരുന്നപ്പോൾ താനില്ലാത്ത ലോകകപ്പിന് എന്ത് ഹരമെന്ന് ചോദിച്ചയാളാണ് ഇബ്ര. 
പെറു ക്യാപ്റ്റൻ പോളൊ ഗുരേരോയുടെ കാര്യം അതിനെക്കാൾ കഷ്ടമാണ്. ലഹരിമരുന്ന് അടിച്ചതിന്റെ പേരിൽ വിലക്കനുഭവിക്കുകയാണ് സ്‌ട്രൈക്കർ.
ഹവിയർ പസ്‌റ്റോറെ, കാർലോസ് ടെവെസ് എന്നിവരെ മാറ്റിനിർത്തിയ അർജന്റീന മോറൊ ഇകാർഡിയെയും അവസാന സ്‌ക്വാഡിൽ നിന്ന് തഴയുമെന്നാണ് റിപ്പോർട്ട്. 
 

Latest News