Tuesday , May   21, 2019
Tuesday , May   21, 2019

കേരളം ആത്മഹത്യാ മുനമ്പിൽ

കേരള നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച കണക്കനുസരിച്ച് കഴിഞ്ഞ ഇരുപത് മാസത്തിനുള്ളിൽ 12,988 പേരാണ് ഇവിടെ ആത്മഹത്യ ചെയ്തിരിക്കുന്നത്. അതിൽ 2946 സ്ത്രികളും 401 കുട്ടികളും ഉൾപ്പെടുന്നു. വിദ്യാഭ്യാസ, ആരോഗ്യ, രാഷ്ട്രീയ മേഖലകളിലെല്ലാം അസൂയാവഹമായ പുരോഗതി നിലനിൽക്കുന്ന ദൈവത്തിന്റെ നാട്ടിലാണിതെന്നത് അത്ഭുതരമായി തോന്നാം. എല്ലാ വർഷവും സെപ്റ്റംബർ പത്ത് ലോക ആത്മഹത്യ പ്രതിരോധ ദിനമായി ആചരിക്കുമ്പോഴും ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ് കേരളത്തിലെ ആത്മഹത്യകളുടെ കണക്ക്. 

കുടുംബ ആത്മഹത്യകൾ
കുടുംബത്തിലെ മുഴുവൻ അംഗങ്ങളും ഒന്നിച്ചിരുന്നെടുക്കുന്ന ഒരു പൊതു തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കൂട്ടമായി ആത്മഹത്യകൾ ചെയ്യുന്നവരുണ്ട്. അങ്ങനെയുള്ള ആത്മഹത്യകൾ കേരളത്തിൽ കുറവാണ്. മറിച്ച് മക്കളെ കൊല്ലുക. അതിനു ശേഷം ആത്മഹത്യ ചെയ്യുകയെന്ന രീതിയാണ് ഇവിടെ കാണുന്നത്. അതായത് കൊലപാതക അത്മഹത്യകൾ. കാരണം, കുടുംബ ആത്മഹത്യകളെന്ന് നാം പറയുന്ന സംഭവങ്ങളിലെല്ലാം മരിക്കുന്നത് പിഞ്ചോമനകളാണ്. ആറു മാസം മുതലുള്ളവർ അത്മഹത്യ ചെയ്യുന്നുവെന്ന് കരുതാനാവില്ലല്ലോ. കുരുന്നുകളെ കൊല ചെയ്ത ശേഷം കൊലയാളികൾ ആത്മഹത്യ ചെയ്യുന്നു എന്ന് ചുരുക്കം. 
കുടുംബാത്മഹത്യകൾക്ക് വലിയൊരള വു വരെ വില്ലനാവുന്നത് കുടുംബ പ്രശ്‌നങ്ങളാണ്. കേരളത്തിലിന്ന് ആത്മഹത്യ ചെയ്യുന്ന സ്ത്രീകളിൽ അറുപത് ശതമാനവും കുടുംബിനിക ളാണ്. സാമ്പത്തിക പ്രശ്‌നങ്ങൾ, വിവാഹ ജീവിതത്തിലെ അപസ്വരങ്ങൾ, അവിഹിത ബന്ധങ്ങൾ തുടങ്ങി പലതും ഇതിനു കാരണമാവുന്നുണ്ട്. സാമ്പത്തികമായി എല്ലാ തട്ടുകളിൽ ഉള്ളവരിലും ആത്മഹത്യയുടെ വിഷയത്തിൽ വ്യത്യാസമൊന്നുമില്ല. ഡോക്ടർമാരും ബിസിനസുകാരും എല്ലാം ഒരു പോലെ തന്നെ അത്മഹത്യയെ സ്വീകരിക്കുന്നതായാണ് കാണുന്നത്. കുടുംബ ആത്മഹത്യ പോലെ തന്നെ കൂട്ട ആത്മഹത്യകളും പെരുകുകയാണ്. സുഹൃത്തുക്കൾ ഒന്നിച്ചും കാമുകീ കാമുകൻമാർ ചേർന്നും ജീവനൊടുക്കുന്നു. 

അഭ്യസ്തവിദ്യരും വൃദ്ധരും
സ്വയം ജീവനൊടുക്കുന്ന അഭ്യസ്തവിദ്യരുടെയും വൃദ്ധരുടെയും സംഖ്യ ഒരു സാമൂഹിക പ്രശ്‌നമായി കേരളത്തിൽ മാറിയിരിക്കുന്നു. സാക്ഷരതയിലും മറ്റു പല മേഖലകളിലും ഇതര സംസ്ഥാനങ്ങൾക്കു മാതൃകയായ കേരളത്തിൽ, ഉന്നത വിദ്യാഭ്യാസം നേടിയവർ ആത്മഹത്യ തെരഞ്ഞെടുക്കുന്നത് സാധാരണമായിരിക്കുന്നു. സർക്കാർ ജോലിക്കാരും സ്വകാര്യ സ്ഥാപനങ്ങളിൽ ഉയർന്ന ജോലി ചെയ്യുന്നവരും ഇതിൽ വരുന്നു.
അണുകുടുംബങ്ങൾ അധികരിച്ചതോടെ അനാഥരാകുന്ന വൃദ്ധജനങ്ങളിൽ ചിലർ വൃദ്ധസദനങ്ങളിൽ ശരണം പ്രാപിക്കുമ്പോൾ മറ്റു ചിലർ ആത്മഹത്യയിൽ അഭയം തേടുന്നു. 

തൊഴിലില്ലായ്മയും ദാരിദ്ര്യവും ആത്മഹത്യയുടെ മറ്റൊരു കാരണമായി വിദഗ്ധർ കാണുന്നു. വട്ടപ്പലിശയ്ക്കും ബ്ലെയിഡ് പലിശയ്ക്കും പണം കടമെടുത്ത് അവസാനം നിവൃത്തിയില്ലാതെ ജീവത്യാഗം ചെയ്യേണ്ടി വന്നവരും കുറവല്ല. പല കാരണങ്ങളാൽ ഗൾഫിൽ നിന്ന് ആളുകൾ കൂട്ടമായി നാട്ടിൽ തിരിച്ചെത്തുന്ന പുതിയ സാഹചര്യത്തിൽ ആത്മഹത്യാ. നിരക്ക് ഇനിയും കൂടാനാണ് സാധ്യതയെന്നും അഭിപ്രായമുണ്ട്. 

ആഗോളവത്കരണത്തിന്റെ അനാരോഗ്യ പ്രവണതകളും നിലവാരമില്ലാത്ത മാധ്യമങ്ങളും ആത്മഹത്യയ്ക്കു കാരണമാവുന്നു. ജീവിത പ്രശ്‌നങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടത്തിന് പറ്റിയ മാർഗം ആത്മഹത്യയാണെന്ന സന്ദേശം നൽകുന്ന സീരിയലുകൾക്കും മറ്റും നിരോധനം അത്യാവശ്യമായിരിക്കുകയാണ്. സ്‌ക്രീനിലെ ആത്മഹത്യയെ അനുകരിക്കുന്ന കുഞ്ഞുങ്ങൾ പോലുമുണ്ട്. ആത്മഹത്യ ചെയ്തത് അഭിനയിക്കുന്നതിനിടയിൽ അബദ്ധത്തിൽ മരണപ്പട്ട സംഭവങ്ങൾ വരെയുണ്ട് നമ്മുടെ നാട്ടിൽ. 

ആത്മഹത്യാ നിരക്ക് കുത്തനെ ഉയരുമ്പോഴും അവയ്‌ക്കെതിരെ സർക്കാർ തലത്തിൽ കാര്യമായൊന്നും നടക്കുന്നില്ല എന്നതാന്ന് ഖേദകരം. പത്രമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും നടക്കുന്ന ചർച്ചകളിൽ എല്ലാം ഒതുങ്ങുന്നു. അതിനപ്പുറം കൂട്ടായ ശ്രമങ്ങളാണവശ്യം. മനുഷ്യ സ്‌നേഹികളുടെ സജീവ ശ്രദ്ധ ആവശ്യമായി വരുന്നതോടൊപ്പം ഗവൺമെന്റ് തലത്തിൽ തന്നെ പരിഹാരമാർഗങ്ങൾ കണ്ടെത്തണം. അല്ലാത്തപക്ഷം കേരളം ഒരു ആത്മഹത്യാമുനമ്പായി മാറാൻ അധികകാലം വേണ്ടിവരില്ല.
 
 

Latest News