Wednesday , May   23, 2018
Wednesday , May   23, 2018

എബോള പകര്‍ച്ചവ്യാധി  നഗരത്തിലേക്കും; കോംഗോ ഭീതിയില്‍ 

കിന്‍ഷാസ- കോംഗോയിലെ ഒരു ഗ്രാമത്തില്‍ റിപ്പോര്‍ട്ട് ചെയ്ത എബോള സമീപത്തെ നഗരത്തിലേക്ക് വ്യാപിച്ചത് വന്‍ ഭീതിക്ക് കാരണമായി. ഈ മാസം ആദ്യം എബോള കേസ് റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തുനിന്ന് 130 കി.മീ അകലെയുള്ള എംബണ്ടക പട്ടണത്തില്‍ രോഗം സ്ഥിരീകരിച്ചതായി കോംഗോ ആരോഗ്യ മന്ത്രി ഒലി ലുംഗ കലെംഗ അറിയിച്ചു. പത്ത് ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന പട്ടണമാണിത്. തലസ്ഥാനമായ കിന്‍ഷാസയിലേക്കുള്ള പ്രധാന റൂട്ടുമാണിത്. എബോള ബാധിച്ച് 23 പേര്‍ മരിച്ചുവെന്നും 42 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ആഭ്യന്തര രക്തസ്രാവത്തിനും മരണത്തിനും കാരണമാകുന്ന മാരക പകര്‍ച്ചവ്യാധിയാണ് എബോള. അതിവഗേം പടരുന്ന രോഗത്തിന്റെ ലക്ഷണമായി പനി ബാധിക്കാറുണ്ടെങ്കിലും രോഗലക്ഷണങ്ങളില്ലാത്ത കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ 2014-2016 ല്‍ എബോള പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് 11,300 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.  ഗിനിയ, സിയറ ലിയോണ്‍, ലൈബീരിയ എന്നീ രാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങളിലാണ് രോഗം പടര്‍ന്നുപിടിച്ചിരുന്നത്. 
കോംഗോ പട്ടണമായ എംബണ്ടകയില്‍ രോഗം കണ്ടെത്തിയിരിക്കേ വന്‍തോതില്‍ പകര്‍ന്നേക്കുമെന്നാണ് ഭയപ്പെടുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പീറ്റര്‍ സലാമ പറഞ്ഞു. ഗ്രാമങ്ങളിലെ എബോളയില്‍നിന്ന് വ്യത്യസ്തമാണ് നഗരങ്ങളിലെ എബോളയെന്നും അതിവേഗം പടര്‍ന്നുപിടിക്കുമെന്ന് ഭയപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. 
ഗതാഗതത്തിന് വ്യാപകമായി ആശ്രയിക്കുന്ന കോംഗോ നദിക്കരയിലാണ് എംബണ്ടക പട്ടണം. സമീപ രാജ്യങ്ങളിലേക്കും രോഗം പടരുമെന്ന് ഭയപ്പെടുന്നു.