Wednesday , May   23, 2018
Wednesday , May   23, 2018

ഭൂമി വിണ്ടുകീറൽ പ്രതിഭാസം വീട് നശിച്ച കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകും -റവന്യൂ മന്ത്രി

മലപ്പുറം- കോട്ടക്കലിനടുത്ത പെരുമണ്ണ ക്ലാരിയിൽ ഭൂമി പിളർന്നതു മൂലം വീട് നശിച്ച രണ്ടു  കുടുംബങ്ങൾക്കും അടിയന്തരമായി നാലു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. ദുരന്ത സാധ്യതയുള്ള ഈ പ്രദേശം ആളുകൾക്ക് പ്രവേശിക്കാനാവാത്ത വിധം വേലി കെട്ടി സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. പെരുമണ്ണ ക്ലാരി കഞ്ഞിക്കുഴങ്ങരയിലെ സംഭവ സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിഭാസത്തെ തുടർന്ന് ഭൂമി ഉപയോഗ്യശൂന്യമായിരിക്കുകയാണ്. ഭൂമിയുടെ കാര്യത്തിൽ എന്തു ചെയ്യാൻ കഴിയുമെന്ന് ആലോചിക്കും. പ്രശ്‌നവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്യും. ഭൂമിക്കടിയിലെ മണ്ണൊലിപ്പു മൂലമാണ് ഭൂമി വിണ്ടുകീറിയിട്ടുള്ളത്. സ്ഥലത്ത് അപകട സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. സ്ഥലത്ത് അടിയന്തരമായി വേലി കെട്ടാനും പൊതുജനങ്ങൾ പ്രവേശിക്കുന്നത് തടയാനും മന്ത്രി ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, ജില്ലാ കലക്ടർ അമിത് മീണ, തിരൂർ ആർ.ഡി.ഒ മോബി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും മന്ത്രിയെ അനുഗമിച്ചു.
നാലു വർഷം മുമ്പായിരുന്നു പ്രദേശത്ത് വിള്ളലുണ്ടായി തുടങ്ങിയത്. ആദ്യം വിള്ളൽ കണ്ടത് പരുത്തിക്കുന്നൻ സൈനുദ്ദീന്റെ വീട്ടിലായിരുന്നു. അധികൃതരുടെ നിർദേശമനുസരിച്ച് സൈനുദ്ദീനും കുടുംബവും ഇവിടെ നിന്ന് താമസം മാറി. അതേ സ്ഥലത്ത് തന്നെയാണ് വീണ്ടും ഭൂമി പിളരുന്നത്. ഇവിടെ പറമ്പിൽ മേയുകയായിരുന്ന പരുത്തിക്കുന്നൻ സമദിന്റെ ആട്ടിൻകുട്ടി കഴിഞ്ഞ ദിവസം വിള്ളലിലൂടെ ഭൂമിക്കടിയിലേക്കു വീണു പോയിരുന്നു. ഇതിനെ രക്ഷിക്കാൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണുനീക്കിയെങ്കിലും ശ്രമം പരാജയപ്പെട്ടു. തൊട്ടടുത്ത പൊട്ടംചോല റഹീമിന്റെ വീടാണ് ഇപ്പോൾ വീണ്ടു കീറിയിട്ടുള്ളത്. സംഭവത്തെ തുടർന്ന് റഹീമിന്റെ ഭാര്യയും നാലു കുട്ടികളും ഇവിടെ നിന്ന് രണ്ടു ദിവസം മുമ്പ് താമസം മാറി. എപ്പോൾ വേണമെങ്കിലും നിലംപതിക്കാമെന്ന നിലയിലാണ് വീട് നിൽക്കുന്നത്. ഏകദേശം 70 മീറ്റർ നീളത്തിലാണ് ഭൂമിയുടെ വിള്ളൽ. ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിലെ സീനിയർ കൺസൾട്ടൻറായ ജി. ശങ്കറിൻെറ നേതൃത്വത്തിലുള്ള സംഘം പ്രതിഭാസത്തെക്കുറിച്ച് പഠിക്കുന്നതിനായി സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനാ മെമ്പർ സെക്രട്ടറി ശേഖർ ലൂക്കോസ് കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ദുരന്ത നിവാരണ സേനയും സംഭവ സ്ഥലത്തുണ്ട്.