Wednesday , May   23, 2018
Wednesday , May   23, 2018

ഗവർണർ ജനാധിപത്യത്തെ കശാപ്പ് ചെയ്തു -കോടിയേരി 

കണ്ണൂർ - കർണാടകയിൽ യെദിയൂരപ്പയെ സർക്കാർ രൂപീകരണത്തിനായി ക്ഷണിച്ചതിലൂടെ ഗവർണർ ജനാധിപത്യത്തെ കശാപ്പു ചെയ്തുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി. 
ആർ.എസ്.എസിന്റെ രാഷ്ട്രീയം തന്നെ കശാപ്പാണ്. മനുഷ്യരെ കശാപ്പ് ചെയ്തിരുന്ന ഇവർ ഇപ്പോൾ ജനാധിപത്യത്തേയും കശാപ്പ് ചെയ്തിരിക്കയാണ്. ആർ.എസ്.എസുകാരനെപ്പോലെയാണ് ഗവർണർ പെരുമാറിയത്. ഗോവയിലും മണിപ്പൂരിലും മേഘാലയയിലും കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചപ്പോൾ, അവിടെ പറഞ്ഞ ന്യായം ഭൂരിപക്ഷമുള്ളവർ സർക്കാരുണ്ടാക്കട്ടെ എന്നാണ്. മേഘാലയയിൽ രണ്ട് ബി.ജെ.പിക്കാർ മാത്രം ജയിച്ചിട്ടും അവിടെ സർക്കാർ ഉണ്ടാക്കാൻ സഹായിച്ചു. കർണാടകയിൽ തീർത്തും വ്യത്യസ്ത നിലപാടാണ് ഗവർണർ കൈക്കൊണ്ടത്. 117 സീറ്റു ലഭിച്ചവർ പുറത്തു നിൽക്കുമ്പോൾ, 104 സീററ് ലഭിച്ച ബി.ജെ.പിയെയാണ് ക്ഷണിച്ചത്. ഒരു കാരണവശാലും ബി.ജെ.പിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാൻ പാടില്ലായിരുന്നു. കുതിരക്കച്ചവടവും ചാക്കിട്ടു പിടിത്തവും നടത്തി ഭൂരിപക്ഷമുണ്ടാക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്തു -കോടിയേരി ആരോപിച്ചു. 
പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചിട്ടും അത് ചർച്ചക്കെടുക്കാനുള്ള ജനാധിപത്യ ബോധം പോലുമില്ലാത്ത സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ഗവർണർമാരെ ഉപയോഗിച്ച് ഭരണഘടനാ സംവിധാനം തകർക്കുകയാണ് ബി.ജെ.പി.  ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കർണാടകയിൽ കണ്ടത്. ഗവർണർമാരെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാതെ കൂട്ടിലടച്ച തത്തയായി മാറ്റുകയാണ് പ്രധാനമന്ത്രി മോഡി ചെയ്യുന്നത്. ഗവർണർമാരെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ദുരുപയോഗം ചെയ്യുന്നതിനെതിരെ ജനകീയ പ്രതിഷേധം ഉയരണമെന്നും കോടിയേരി പറഞ്ഞു.