Sunday , August   19, 2018
Sunday , August   19, 2018

മലയാളി ഡോക്ടർക്ക് സൗദി ഗവർണറുടെ ആദരം

ഡോ. എം.എച്ച്.സൈഫുദ്ദീന് ഹരീഖ് ഗവർണർ മുഹമ്മദ് അബ്ദുൽ അസീസ് അൽ താഖിബ് പ്രശംസാപത്രം സമ്മാനിക്കുന്നു.

റിയാദ്- ആതുര സേവന രംഗത്തെ മികവിന് മലയാളി ഡോക്ടറെ അൽഹരീഖ് ഗവർണറേറ്റ് ആദരിച്ചു. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ അൽഹരീഖ് അൽ മുഫേജർ ആരോഗ്യ കേന്ദ്രത്തിലെ ഡോ. എം.എച്ച് സൈഫുദ്ദീനെയാണ് ഗവർണർ മുഹമ്മദ് അബ്ദുൽ അസീസ് അൽ താഖിബ് പ്രശംസാ പത്രവും ഉപഹാരവും നൽകി ആദരിച്ചത്. 
23 വർഷമായി ഹരീഖിൽ ഫാമിലി ഫിസിഷ്യനാണ് ഡോ.സൈഫുദ്ദീൻ. സേവനത്തിലെ മികവും പ്രതിബദ്ധതയും പരിഗണിച്ചാണ് മികച്ച ഡോക്ടറായി തെരഞ്ഞെടുത്തത്. പ്രവിശ്യയിലെ സ്വദേശികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് സൈഫുദ്ദീനെയാണ്. 2014 ലും മികച്ച ഡോക്ടർക്കുളള പുരസ്‌കാരം ലഭിച്ചിരുന്നു. വിദേശികൾക്കിടയിലും ആരോഗ്യ പ്രവർത്തനങ്ങളുമായി ഡോക്ടർ സജീവമാണ്.
തിരുവനന്തപുരം ശ്രീകാര്യം റോസ് നഗർ നിനാസിൽ താമസിക്കുന്ന ഡോ.സൈഫുദ്ദീൻ കൊല്ലം ചിതറ പെരുങ്ങാട്ട് മുഹമ്മദ് ഹനീഫ-ഫാത്തിമാ ബീവി ദമ്പതികളുടെ മകനാണ്. റിയാദ് ബത്ഹ അൽ റയാൻ പോളിക്ലിനിക്കിലെ ഡോ.കുഞ്ഞുമോൾ ആണ് ഭാര്യ. ഡോ.നിഖിത, മെഡിക്കൽ വിദ്യാർഥിനി നമിത എന്നിവർ മക്കളാണ്. ഹരീഖ് ഗവർണറേറ്റിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡപ്യൂട്ടി ഗവർണർ ഫഹദ് സഅദ് അൽ ഹുവേലി, ഉമർ സഅദ് അൽ ഹുസൈൻ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
 

Latest News