Wednesday , May   23, 2018
Wednesday , May   23, 2018

ഗ്രൂപ്പ് ചാറ്റ് ഫീച്ചറുമായി വാട്‌സാപ്പ്; അഡ്മിന് കൂടുതൽ  അധികാരങ്ങൾ 

വാട്‌സാപ്പ് ഗ്രൂപ്പുകളിലെ അധികാരം നഷ്ടമാകുമെന്ന് ഇനി സ്ഥാപക അഡ്മിൻമാർ ഭയക്കേണ്ടതില്ല. ഗ്രൂപ്പ് തുടങ്ങിയ അഡ്മിൻമാരെ പുറത്താക്കാനുള്ള നീക്കങ്ങളെ തടയുന്ന മാറ്റങ്ങളുമായി പുതിയ ഗ്രൂപ്പ് ചാറ്റ് ഫീച്ചർ വാട്‌സാപ്പ് പുറത്തിറക്കി. ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ പുതിയ ഫീച്ചർ ഉടൻ തന്നെ ലഭിക്കുമെന്ന് വാട്‌സാപ്പ് ഔദ്യോഗിക ബ്ലോഗിൽ അറിയിച്ചു. 
ഗ്രൂപ്പിൽനിന്നു പുറത്തു പോകുന്ന അംഗത്തെ അനുമതിയില്ലാതെ വീണ്ടും ഗ്രൂപ്പിൽ തിരിച്ചെടുക്കുന്നതു തടയാനും ചാറ്റ് ഫീച്ചർ സഹായിക്കും. ഗ്രൂപ്പിന്റെ പേര്, ഐക്കൺ തുടങ്ങിയവ മാറ്റാനുള്ള അധികാരം അഡ്മിനിൽ പരിമിതപ്പെടുത്താനും പുതിയ ഫീച്ചറിൽ സാധിക്കും. ഗ്രൂപ്പ് അംഗങ്ങളായിരിക്കുന്ന ആർക്കും ഇപ്പോൾ ഗ്രൂപ്പിന്റെ പേരും ഐക്കണും മാറ്റാൻ സാധിക്കുന്നുണ്ട്. 
ഗ്രൂപ്പ് ആരംഭിച്ചതിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്ന വിവരണം രേഖപ്പെടുത്താനും ഗ്രൂപ്പ് ചാറ്റ് ഫീച്ചർ എത്തുന്നതോടെ സാധിക്കും. അംഗങ്ങൾക്കുള്ള മാർഗദിർദേശങ്ങളും ഗ്രൂപ്പിന്റെ ഉള്ളടക്കവും ഉൾപ്പെടുത്താം. ഗ്രൂപ്പ് ചാറ്റിൽ 256 പേർക്ക് പങ്കെടുക്കാൻ കഴിയും.  ചാറ്റ് ബോക്‌സിന്റെ വലത്ത് ഭാഗത്തുള്ള @ ബട്ടൺ ഉപയോഗിച്ച് ഒരു ഉപയോക്താവിനെ പരാമർശിച്ചുള്ള സന്ദേശം അയാൾക്കു വേഗത്തിൽ കണ്ടെത്താനും സൗകര്യമുണ്ടാകും. ഗ്രൂപ്പിലുള്ളവരെ അവരുടെ പേരുകൾ നൽകി സെർച്ച് ചെയ്യാനും കഴിയും. 
കോടിക്കണക്കിനു സജീവ വാട്‌സാപ്പ് ഉപയോക്താക്കളുള്ള ഇന്ത്യയിൽ കർണാടക തെരഞ്ഞെടുപ്പിൽ ഗ്രൂപ്പുകൾ വ്യാപകമായി പ്രചാരണത്തിനു ഉപയോഗിച്ച പശ്ചാത്തലത്തിലാണ് ഗ്രൂപ്പുകൾക്ക് ബാധകമാകുന്ന മാറ്റങ്ങൾ ഉടൻ കൊണ്ടുവരാൻ വാട്‌സാപ്പിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ഇലക്ഷനു മുന്നോടിയായി ആയിരക്കണക്കിനു വാട്‌സാപ്പ് ഗ്രൂപ്പുകളാണ് നിലവിൽവന്നത്. മിക്കതിന്റേയും ലക്ഷ്യം വോട്ടർമാരിലെത്തുകയായിരുന്നു. എന്നാൽ ജനങ്ങൾക്കിടയിൽ ഭിന്നത വളർത്താനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുമാണ് ഭൂരിഭാഗം ഗ്രൂപ്പുകളും ഉപയോഗിച്ചത്. 
ഇന്ത്യയിൽ യാന്ത്രികമായി വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ നിർമിക്കാനുള്ള ശ്രമം വാട്‌സാപ്പ് കണ്ടെത്തിയിരുന്നു. ടെക്സ്റ്റ് മെസേജുകൾ അയക്കാൻ വേണ്ടി മാത്രം തുടക്കം കുറിച്ച വാട്‌സാപ്പ് ഇപ്പോൾ നൽകാത്ത സേവനങ്ങളിലെന്നു തന്നെ പറയാം. വീഡിയോകളും ചിത്രങ്ങളും ഫോൺ കാളുകളുമൊക്കെയായി വളരെ വേഗത്തിലാണ് ഇതിന്റെ സേവനങ്ങളും ഉപയോക്താക്കളും വ്യാപിച്ചത്. ഗ്രൂപ്പ് വീഡിയോ കാളിംഗും സ്റ്റിക്കറുകളും വരാനിരിക്കുന്നു. സ്‌നാപ് ചാറ്റിലേതിനു സമാനമായി 24 മണിക്കൂറിനു ശേഷം അപ്രത്യക്ഷമാകുന്ന സ്റ്റാറ്റസ്, മൾട്ടി മീഡിയ സ്‌റ്റോറീസ് എന്നിവ വാട്‌സാപ്പ് ആരംഭിച്ചത് കഴിഞ്ഞ വർഷമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച സ്റ്റോറീസിന്  ഇപ്പോൾ പ്രതിദിനം 450 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ട്.