Sunday , January   20, 2019
Sunday , January   20, 2019

വാട്‌സാപ്പ് കൈയടക്കിയ തെരഞ്ഞെടുപ്പ് 

റാലികൾക്കും ഗൃഹസമ്പർക്കത്തിനുമപ്പുറം വാട്‌സാപ്പിനെ വ്യാപകമായി ഉപയോഗപ്പെടുത്തിയ തെരഞ്ഞെടുപ്പാണ് ഇക്കുറി കർണാടകയിൽ നടന്നത്. 20,000 ലേറെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ 15 ലക്ഷത്തോളം അനുയായികൾക്ക് മിനിറ്റുകൾക്കകം സന്ദേശം കൈമാറാൻ സാധിച്ചുവെന്നാണ് പ്രധാന പാർട്ടികളായ ബി.ജെ.പിയും കോൺഗ്രസും അവകാശപ്പെടുന്നത്. വിളിക്കാനും ചാറ്റ് ചെയ്യാനും വിവരങ്ങൾ പങ്കുവെക്കാനും ഇന്ത്യയിൽ കോടിക്കണക്കിന് ഉപയോക്താക്കളാണ് ഫേസ് ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സാപ്പിനെ ആശ്രയിക്കുന്നത്. അതുകൊണ്ടു തെന്ന വാട്‌സാപ്പ് തെരഞ്ഞെടുപ്പിൽ മുഖ്യപ്രചാരണ ഉപാധിയായി. വ്യാജ വാർത്തകൾ  നൽകിയും മതവിദ്വേഷം പ്രചരിപ്പിച്ചും വോട്ടു പിടിക്കാനും വാട്‌സാപ്പ് തന്നെയാണ് പാർട്ടികളെ സഹായിച്ചത്. 
അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ സൂചനയാകുമെന്ന് നിരീക്ഷകർ വിലയിരുത്തിയ കർണാടക വോട്ടെടുപ്പ് വാട്‌സാപ്പ് പ്രചാരണത്തിന്റെ പരീക്ഷണം കൂടിയായിരുന്നു. രാഷ്ട്രീയ എതിരാളികളുടെ വാക്കുകൾ വളച്ചൊടിച്ചും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചും ഹിന്ദു-മുസ്‌ലിം ധ്രുവീകരണത്തിനും ആക്കം കൂട്ടിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വാട്‌സാപ്പ് അതിന്റെ ദൗത്യം നിർവഹിച്ചു.
റഷ്യൻ ഇടപെടലുകൾ പ്രതിരോധിക്കാനാവാതെ തെറ്റായ വാർത്തകളും വിദ്വേഷ പ്രസംഗങ്ങളും പ്രചരിപ്പിച്ചതിന് ഫേസ്ബുക്ക് പഴികേൾക്കുമ്പോൾ തന്നെയാണ് അതേ കമ്പനിക്കു കീഴിലുള്ള വാട്‌സാപ്പ് ഇന്ത്യയിൽ തെരഞ്ഞെടുപ്പിനായി വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. മ്യാന്മർ, ശ്രീലങ്ക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഫേസ്ബുക്കിലെ വ്യാജ വാർത്തകൾ കലാപത്തിനും മതസംഘർഷങ്ങൾക്കും വഴിമരുന്നിട്ടിരുന്നു. അമേരിക്കയിൽ റഷ്യക്കാർ കൈയടക്കിയ ഫേസ് ബുക്ക് അക്കൗണ്ടുകളിലൂടെ 126 ദശലക്ഷം ജനങ്ങളിലാണ് തെറ്റായ വിവരങ്ങൾ എത്തിച്ചത്. 
കമ്പനി ജീവനക്കാർക്കു പോലും വായിക്കാൻ പറ്റാത്ത എൻക്രിപ്റ്റഡ് മെസേജുകൾ വാട്‌സാപ്പിന്റെ സവിശേഷയതാണെങ്കിലും 150 കോടി ജനങ്ങൾ ഉപയോഗിക്കുന്ന വാട്‌സാപ്പാണ് ജനാധിപത്യത്തിനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ആക്ടിവിസറ്റുകൾ പറയുന്നു. ഉപയോക്താക്കളിൽ ധാരാളം പേർ ഇന്റർനെറ്റിൽ തുടക്കക്കാരും ഡിജിറ്റൽ നിരക്ഷരരുമായതിനാൽ വാട്‌സാപ്പ് തൽപരകക്ഷികൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. ചർച്ചകൾ പലതും നടക്കുന്നത് സ്വകാര്യ ഗ്രൂപ്പുകളിലായതിനാൽ അതിലെ അബദ്ധങ്ങൾ തിരുത്താനുള്ള  സാധ്യതകളും കുറയുന്നു. 
വാട്‌സാപ്പ് കൈവിട്ടുപോയെന്നും എന്തു ചെയ്യണമെന്ന് കമ്പനിക്കു തന്നെ അറിയില്ലെന്നും ഡിജിറ്റൽ റൈറ്റ്‌സ് ആക്ടിവിസ്റ്റ് നിഖിൽ പഹ്‌വ പറയുന്നു.  തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കണമെന്ന് ഒരു രാഷ്ട്രീയ പാർട്ടി തീരുമാനിച്ചാൽ വാട്‌സാപ്പ് വഴി അത് മിനിറ്റുകൾക്കകം സാധിക്കും. 
അമേരിക്കയിൽ വാട്‌സാപ്പ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ല. 2014 ൽ വാട്‌സാപ്പിനെ വാങ്ങുന്നതിനായി ഫേസ്ബുക്ക് 1900 കോടി ഡോളർ നൽകിയപ്പോൾ അത് നിരീക്ഷകരെ ഞെട്ടിച്ച വിലയയായിരുന്നു. എന്നാൽ വാട്‌സാപ്പിന്റെ ആഗോള തലത്തിലുള്ള പ്രചാരമാണ് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർ ബർഗിനെ വൻതുക മുടക്കാൻ പ്രേരിപ്പിച്ചത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരാൻ ഫേസ്ബുക്കിനേക്കാളും സാധിക്കുക വാട്‌സാപ്പിനായിരിക്കുമെന്നതായിരുന്നു ആ തിരിച്ചറിവ്. 
ബ്രസീൽ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ സുഹൃത്തുക്കളും കുടുംബങ്ങളും തമ്മിൽ ചാറ്റ് ചെയ്യാനും വിളിക്കാനും മാത്രമല്ല, ബിസിനസിനും വ്യാപകമായി ഉപയോഗിക്കുന്നത് വാട്‌സാപ്പാണ്. ഡോക്ടർമാർ മുതൽ ബാർബർമാർ വരെ തങ്ങളുടെ ഇടപാടുകാരുമായി ആശയ വിനിമയം നടത്തുന്നത് വ്ടാസാപ്പ് വഴിയാണ്. 
വാട്‌സാപ്പിന് ഇന്ത്യ മികച്ച വിപണിയാണ്. 20 കോടിയിലേറെയാണ് ഉപയോക്താക്കൾ. ഈ വർഷം ഇന്ത്യക്കാർ വാട്‌സാപ്പ് വഴി കൈമാറിയത് 2000 കോടി പുതുവത്സര സന്ദേശങ്ങളായിരുന്നു. പുതിയ പേയ്മന്റ് ഫീച്ചറുകളും വാട്‌സാപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. 
ആൾക്കൂട്ടത്തെ ഇളക്കിവിടാൻ ഇന്ത്യയിൽ തുടക്കം മുതൽ തന്നെ വാട്‌സാപ്പ് സന്ദേശങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് വാട്‌സാപ്പിലൂടെ അഭ്യൂഹങ്ങൾ പ്രചരിച്ചതിനെ തുടർന്ന് മൂന്ന് പേരാണ് കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിൽ കൊല്ലപ്പെട്ടത്.