Friday , October   19, 2018
Friday , October   19, 2018

ആൻഫ്രാങ്ക് മറച്ചുവെച്ചു; ഡിജിറ്റൽ വിദ്യ പുറത്തെടുത്തു 

ആൻഫ്രാങ്കിന്റെ ഡയറിയിലെ രണ്ട് പേജ് ലൈംഗിക തമാശകൾ ഇനി രഹസ്യമല്ല

ആൻ ഫ്രാങ്ക് തന്റെ ഡയറിയിൽ ബ്രൗൺ പേപ്പർ ഒട്ടിച്ചു മറച്ച രണ്ട് പേജുകളിൽ എഴുതിയ കാര്യങ്ങൾ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വായിച്ചു. ലൈംഗിക കാര്യങ്ങളെന്ന പേരിൽ എഴുതിയ അശ്ലീല തമാശകളും മറ്റുമാണ് ആരും വായിക്കാതിരിക്കാൻ പേപ്പറുകൾ കൊണ്ട് ഒട്ടിച്ചിരുന്നത്. എന്നാൽ പുതിയ സാങ്കേതിക വിദ്യകളുടെ സാധ്യതകൾ മനസ്സിലാക്കിയ ഗവേഷകർ വെറുതെ ഇരുന്നില്ല. അവർ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആൻഫ്രാങ്ക് മറച്ചുവെച്ച കാര്യങ്ങൾ വള്ളിപുള്ളി തെറ്റാതെ വായിച്ചു.  നാസികളിൽനിന്ന് രക്ഷ തേടി ഒളിവിൽ കഴിഞ്ഞിരുന്ന കൗമാരക്കാരിയായ ആൻ ഫ്രാങ്കിന്റെ ലോക പ്രശസ്തമായ ഡയറിക്കുറിപ്പുകൾ അവരുടെ മരണ ശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പ്രസിദ്ധീകരിക്കാത്ത രണ്ട് പേജുകളിലെ രഹസ്യമാണ് സാങ്കേതിക വിദ്യ പുറത്തെത്തിച്ചിരിക്കുന്നത്. 
തന്റെ 13 ാം വയസ്സിൽ ഒളിജീവിതം ആരംഭിച്ച് അധികം ദിവസങ്ങൾ പിന്നിടുന്നതിന് മുമ്പ് 1942 സെപ്റ്റംബർ 28 ന് എഴുതിയ അശ്ലീല ചുവയുള്ള കുറിപ്പുകൾ അവരുടെ കുടുംബത്തിൽനിന്നും മറച്ചു വെക്കുകയായിരുന്നു. തനിക്ക് അറിയാവുന്ന അശ്ലീല തമാശകൾ കുറിക്കാൻ ഈ പേജുകൾ ഉപയോഗപ്പെടുത്തുമെന്ന് ആരംഭിക്കുന്ന കുറിപ്പിനു ശേഷം ഇത്തരത്തിലുള്ള നാല് പ്രയോഗങ്ങളും ആൻ രേഖപ്പെടുത്തുന്നു. ലൈംഗിക വിദ്യഭ്യാസത്തെക്കുറിച്ചുള്ള വരികളും ഉൾപ്പെടുന്ന കുറിപ്പിൽ ലൈംഗിക തൊഴിലാളികളെ കുറിച്ച് തന്റെ പിതാവ് പറഞ്ഞിരുന്ന കാര്യങ്ങളും ആൻ രേഖപ്പെടുത്തിയിട്ടുണ്ട്.
നിരുപദ്രവപരമായ ലൈംഗികതയെ കുറിച്ചാണ് ആൻ ഫ്രാങ്കിന്റെ കുറിപ്പുകളെന്നും എല്ലാ കൗമാരക്കാരേയും പോലെ ലൈംഗികതയിൽ ജിജ്ഞാസയുള്ളവളായിരുന്നു ആനെന്നും ആംസ്റ്റർഡാമിലെ ആൻ ഫ്രാങ്ക് ഹൗസ് മ്യൂസിയത്തിലെ റൊണാൾഡ് ലിയോപോൾഡ് പറയുന്നു.
ആൻ ഫ്രാങ്കിന്റെ കുറിപ്പുകളെ ഒരു പുഞ്ചിരിയോടു കൂടിയല്ലാതെ വായിച്ചു പൂർത്തീകരിക്കാനാവില്ലെന്നാണ് പേജുകൾ വായിച്ചു മനസ്സിലാക്കാൻ സഹായിച്ച നിയോഡ് ഇൻസ്റ്റിറ്റിയൂട്ട് ഡയരക്ടർ ഫ്രാങ്ക് വാൻ വെരേയുടെ പ്രതികരണം. ആൻ നൽകിയ മികച്ച സംഭാവനകൾക്കിടയിലും അവരൊരു സാധാരണ പെൺകുട്ടിയാണെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് കുറിപ്പുകളെന്നും അദ്ദേഹം പറയുന്നു.
1942 ൽ നാസികളിൽനിന്ന് രക്ഷ തേടി പിതാവിന്റെ വ്യവസായ കേന്ദ്രത്തിലുള്ള രഹസ്യ കേന്ദ്രത്തിൽ രണ്ട് വർഷത്തിലധികം ഒളിവിൽ കഴിഞ്ഞിരുന്ന കാലമാണ് ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളിലെ വിഷയം. പതിമൂന്നാം പിറന്നാളിന് സമ്മാനമായി ലഭിച്ച ഡയറിലായിരുന്നു ആൻ കുറിപ്പുകളെഴുതിത്തുടങ്ങുന്നത്. പിന്നീട് പട്ടാളക്കാരുടെ പിടിയിലായ ആൻ ഫ്രാങ്കും കുടുംബവും 1945 ൽ നാസി ക്യാമ്പിൽ കൊല്ലപ്പെടുകയായിരുന്നു. കൂട്ടക്കൊലയിൽനിന്ന് രക്ഷപ്പെട്ട കുടുംബത്തിലെ ഏക വ്യക്തിയായ ആനിന്റെ പിതാവാണ് 1947 ൽ ഡയറിക്കുറിപ്പുകൾ കണ്ടെത്തി പ്രസിദ്ധീകരിച്ചത്.

Latest News