Monday , March   25, 2019
Monday , March   25, 2019

ഏത് നിയമമാണ് നമ്മുടെ  കുട്ടികളുടെ രക്ഷക്കെത്തുക? 

കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വ്യാപകമാകുന്നതായാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. അതിക്രമങ്ങൾ മിക്കവാറും അടുപ്പമുള്ളവരിൽ നിന്നായതിനാൽ പത്തിലൊന്നുപോലും പുറത്തുവരില്ല എന്നതാണ് യാഥാർത്ഥ്യം. അതിൽ തന്നെ വളരെ കുറച്ചേ നിയമനടപടികളിലേക്കെത്തൂ. അവയിൽ തന്നെ പത്തിലൊന്നിൽ പോലും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല. ബാലപീഡനങ്ങൾക്കെതിരെ അതിശക്തമായ പോക്‌സോ എന്ന നിയമം നിലനിൽക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത് എന്നതാണ് ജനാധിപത്യവാദികളേയും മനുഷ്യസ്‌നേഹികളേയും ഞെട്ടിക്കുന്നത്.
കശ്മീരിൽ നടന്ന രാഷ്ട്രീയ ബലാൽസംഗ - കൊലയുടെ ആഘാതം തീരുംമുമ്പാണ് കേരളത്തിൽ എടപ്പാളിൽ നിന്ന് തിയേറ്റർ പീഡനം എന്നു മാധ്യമങ്ങൾ പേരിട്ടിരിക്കുന്ന ഞെട്ടിപ്പിക്കുന്ന പീഡനവാർത്ത പുറത്തുവന്നത്. 10 വയസ്സു മാത്രം പ്രായമുള്ള കുട്ടി രണ്ടു മണിക്കൂറിൽ കൂടുതൽ അനുഭവിച്ച വാർത്ത പുറത്തുവന്നത് തിയേറ്ററുടമ അൽപ്പം മനുഷ്യത്വവും ധൈര്യവുമുള്ള വ്യക്തിയായതിനാൽ മാത്രം. എന്നിട്ടും കേസെടുക്കാൻ പോലീസ് മടിച്ചു എന്നതാണ് പീഡനത്തിനൊപ്പം ഞെട്ടിപ്പിക്കുന്നത്. ഒപ്പം കുട്ടിയുടെ അമ്മയും പീഡനത്തെ സഹായിച്ചു എന്നതും. വാർത്ത പുറത്തുവന്നപ്പോൾ വലിയ കോലാഹലമൊക്കെ നടക്കുന്നുണ്ടെങ്കിലും കുറ്റവാളി ശിക്ഷിക്കപ്പെടുമോ എന്നത് കാത്തിരുന്നു കാണാം. 
ദുർബ്ബലവിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കാലാകാലങ്ങളിൽ ശക്തമായ നിയമങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ അതുകൊണ്ടൊന്നും പീഡനങ്ങൾ കുറയുകയോ കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നതാണ് അമ്പരിപ്പിക്കുന്ന യാഥാർത്ഥ്യം. പട്ടികജാതി/പട്ടികവർഗ പീഡന നിരോധന നിയമമായാലും സ്ത്രീപീഡനവിരുദ്ധ നിയമങ്ങളായാലും ബാലിപീഡനനിയമങ്ങളായാലും ഇതുതന്നെ അവസ്ഥ. പെൺകുട്ടികളുടെ ജീവിതാവസ്ഥയിൽ വളരെ മുന്നിലെന്നഭിമാനിക്കുന്ന പ്രദേശമാണ് കേരളം. എന്നാൽ മറ്റു പല മേഖലകളിലുമെന്ന പോലെ ഈ മേഖലയിലും കേരളം പുറകോട്ടു പോവുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാമൂഹ്യനീതി ഡയറക്ടറേറ്റ് തന്നെ പുറത്തുവിട്ടിരിക്കുന്ന പല കണക്കുകളും ഞെട്ടിപ്പിക്കുന്നവയാണ്. പെൺകുട്ടികളുടെ ആത്മഹത്യതന്നെ ഉദാഹരണം. സംസ്ഥാനത്തെ സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് 22.97 ആയിരിക്കുമ്പോൾ പെൺകുട്ടികളുടെ ആത്മഹത്യ 57. 8 ആണ്. ആൺകുട്ടികളുടേത് വളരെ കുറവാണ്. എന്താണിതിനു കാരണം? ആൺകുട്ടിക്കില്ലാത്ത പങ്കില ബോധം പെൺകുട്ടിയിലേക്ക് അടിച്ചേൽപ്പിക്കുന്ന കേരളീയ പൊതുബോധമാണ് കാരണം എന്നാണ് സാമൂഹ്യനീതി വകുപ്പ് തന്നെ പറയുന്നത്.
കൊട്ടിഘോഷിക്കുന്ന മറ്റൊന്ന് ആൺകുട്ടി- പെൺകുട്ടി അനുപാതമാണ്.
ആൺ-പെൺ അനുപാതത്തിൽ ഇപ്പോഴും കേരളം വളരെ മുന്നിലാണ്. പക്ഷെ ആ കാലം മാറുകയാണ്. ആറ് വയസ്സുവരെയുള്ള 1000 ആൺകുട്ടികൾക്ക് 963 പെൺകുട്ടികളാണ് ഇപ്പോൾ കേരളത്തിലുള്ളത്. മറ്റു സംസ്ഥാനങ്ങളെപോലെ കേരളത്തിലും പെൺകുട്ടികളുടെ എണ്ണം കുറയുന്നു എന്നു സാരം. തീർച്ചയായും ഗർഭസ്ഥശിശുവിന്റെ ലിംഗപരിശോധനയും ഗർഭച്ഛിദ്രവും ഇവിടേയും വ്യാപകമായിട്ടുണ്ട് എന്നു കരുതാം.
ഏറ്റവും ആശങ്കയുള്ള വിഷയം പെൺകുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ വർദ്ധിച്ചു വരുന്നതു തന്നെ. ആൺകുട്ടികൾക്കെതിരേയും ലൈംഗിക പീഡനങ്ങൾ ഉണ്ട്.  2016 ൽ മാത്രം പോക്സോ നിയമപ്രകാരം 2122 കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. 2017ൽ എണ്ണം കൂടിയിരിക്കുകയാണ്. 
കുട്ടികളെ ലൈംഗികാതിക്രമത്തിൽനിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2012ലാണ് പോക്സോ നിയമത്തിനു രൂപം കൊടുത്തത്. അതുവരെ ഇന്ത്യൻ ശിക്ഷാനിയമവും ക്രിമിനൽ നടപടി നിയമവുമൊന്നും കുട്ടി എന്ന പ്രത്യേക പരിഗണന നൽകിയിരുന്നില്ല. അതിനാൽതന്നെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ്സുകളിൽ നീതി ലഭിക്കുക എളുപ്പമായിരുന്നില്ല. പോക്സോ പ്രകാരം പ്രവേശിത ലൈംഗികാതിക്രമം, ഗൗരവകര പ്രവേശിത ലൈംഗികാതിക്രമം, ലൈംഗികാതിക്രമം, ലൈംഗിക പീഡനം, കുട്ടിയെ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ, വീഡിയോ, പുസ്തകം എന്നിവ നിർമ്മിക്കുന്നത്, കാണിക്കുന്നത്, സൂക്ഷിക്കുന്നത് എല്ലാം ലൈംഗിക കുറ്റകൃത്യങ്ങളാണ്. ലൈംഗികാതിക്രമത്തിന്റെ ഫലമായി കുട്ടിക്ക് ഗുരുതരമായ പരിക്കുകളോ ശാരീരിക അസ്വാസ്ഥ്യമോ ജനനേന്ദ്രിയങ്ങൾക്ക് ക്ഷതമോ സംഭവിക്കുക, ഗർഭിണിയാകുക, ശാരീരിക വൈകല്യം സംഭവിക്കുക, ദൈനംദിന കാര്യങ്ങൾ ചെയ്യുവാൻ സാധിക്കാതെ വരുക, എച്ച്.ഐ.വി. ബാധിതയാകുക, ജീവന് ഭീഷണിയുണ്ടാക്കുന്ന അസുഖങ്ങളോ അണുബാധയോ ഉണ്ടാകുക, മാരകായുധങ്ങൾ, തീ, ചൂടുള്ള വസ്തുക്കൾ എന്നിവ ഉപയോഗിച്ചുകൊണ്ട് അക്രമം നടത്തുക എന്നിവക്ക് 6-ാം വകുപ്പനുസരിച്ച് 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തംവരെ കഠിനതടവും പിഴയും ലഭിക്കും. 
ഇത്രമാത്രം ശക്തമായ നിയമമുണ്ടായിട്ടും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വർധിക്കുന്നു എന്നതാണ് ഖേദകരം. സ്വന്തം വീടും സ്‌കൂളും വാഹനങ്ങളുമടക്കം എല്ലായിടത്തും കുട്ടികൾ സുരക്ഷിതമല്ലാത്ത സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ഇപ്പോഴിതാ മാതാവിന്റെ കരങ്ങളിൽ പോലും സുരക്ഷിതയല്ലാത്ത കുട്ടിയുടെ അനുഭവവും കേരളം കാണുന്നു. പ്രതി പണച്ചാക്കായതിനാൽ കേസൊതുക്കാൻ പോലീസ് ശ്രമിക്കുന്നു. സമൂഹത്തിന്റെ പൊതുബോധം പോലീസിനേയും ബാധിച്ചിരിക്കാം എന്ന് വനിതാ കമ്മീഷൻ അധ്യക്ഷപോലും പറയുന്നു. പൊതുബോധമല്ല, നിയമമാണ് പോലീസ് നടപ്പാക്കേണ്ടത് എന്നതുപോലും തിരിച്ചറിയാൻ വനിതാ കമ്മീഷൻ അധ്യക്ഷക്കുപോലും കഴിയുന്നില്ലെങ്കിൽ നമ്മുടെ കുട്ടികളുടെ ഭാവിയെന്തായിരിക്കും? ഐക്യരാഷ്ട്രസഭ അംഗീകരിച്ച ബാലാവകാശങ്ങൾ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരായ ഒരു രാഷ്ട്രത്തിലാണ് ഇതെല്ലാം നടക്കുന്നത്. 
പോക്‌സോവിന്റെ കാര്യത്തിൽ ക്രൂരമായ തമാശയും കേരളത്തിൽ നടക്കുന്നുണ്ട്. നിയമപ്രകാരം  ജയിലിൽ കിടക്കുന്നവരിൽ പലരും ആദിവാസികളാണെന്നതാണത്.  
പൊതു സമൂഹത്തിന്റെ ശീലങ്ങളിൽ നിന്നും വേറിട്ട് ഗോത്ര ആചാരങ്ങളിൽ കഴിയുന്ന ആദിവാസി സമൂഹം നാം പലപ്പോഴും നിർമ്മിച്ചിറക്കുന്ന നിയമങ്ങളോ അതിന്റെ നൂലാമാലകളോ അറിയുന്നില്ല. ആദിവാസികളെയും സമൂഹത്തെയും ബന്ധിപ്പിക്കുന്ന മുഖ്യ കണ്ണികളിൽ ഒന്നാണ് ട്രൈബൽ പ്രമോട്ടർമാർ. നിയമങ്ങളേ കുറിച്ച് അവരെ ബോധവൽക്കരിക്കുകയും കുറ്റകൃത്യങ്ങളേ ശരിയായ ദിശയിൽ മനസിലാക്കി കൊടുക്കുകയും ചെയ്യേണ്ടവർ. എന്നാൽ അത്തരം പ്രൊമോട്ടർമാർ കിട്ടുന്ന കൂലിക്ക് നാളിതുവരെ തൊഴിൽ ചെയ്തതായി ഒരു തെളിവും ആദിവാസി ഊരുകളിൽ കാണാൻ കഴിയില്ല.  ആദിവാസി പെൺകുട്ടികൾ ഭൂരിഭാഗവും  പതിനാറോ പതിനേഴോ  വയസ്സായാൽ  ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ജീവിതം തുടങ്ങുന്നു. അതാണവിടുത്തെ ശൈലി. 
എന്നാൽ തങ്ങളുടെ വിവാഹം നിയമവിരുദ്ധമാണെന്ന് അവർ അറിയുന്നത് പ്രൊമോട്ടർക്കൊപ്പമോ അംഗൻവാടി ടീച്ചർക്കൊപ്പമോ കടന്ന് വരുന്ന പോലീസ് പിടിച്ച് കൊണ്ടുപോയി പോക്സോ കോടതിയിൽ ഹാജരാക്കി വിധി വാങ്ങി കൊടുക്കുമ്പോൾ മാത്രമാണ്. അത്തരത്തിൽ പല ആദിവാസിയുവാക്കളും ഇപ്പോൾ ജയിലിലാണ്. എന്നാൽ 'ബെൻസ് കാറുടമ'കൾക്കെതിരെ ഇത്തരത്തിൽ ശക്തമായ നിയമങ്ങൾ നടപ്പാക്കാൻ പോലീസ് പോലും മടിക്കുന്നു. ഈ സാഹചര്യത്തിൽ ഏതു നിയമമാണ് നമ്മുടെ കുട്ടികളുടെ രക്ഷക്കെത്തുക...?