Monday , November   19, 2018
Monday , November   19, 2018

കർണാടക നിയമസഭയിൽ മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞു; ഏഴു എം.എൽ.എമാർ മാത്രം

ബംഗളൂരു- 224 അംഗ കർണാടക നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ചത് വെറും ഏഴു മുസ്‌ലിം സ്ഥാനാർത്ഥികൾ മാത്രം. എല്ലാവരും കോൺഗ്രസ് അംഗങ്ങൾ. ഒരു പതിറ്റാണ്ടിനിടെ കർണാടക നിയമസഭയിലെ ഏറ്റവും കുറഞ്ഞ മുസ്ലിം പ്രാതിനിധ്യമാണിത്.  സംസ്ഥാനത്ത് മുസ്‌ലിം ജനസംഖ്യ 13 ശതമാനമാണ്. 2008ൽ ഒമ്പതു മുസ്‌ലിം എംഎൽമാരുണ്ടായിരുന്നു. 2013ലെ തെരഞ്ഞെടുപ്പിൽ ഇത് 11 ആയി ഉയർന്നു. ഇവരിൽ ഒമ്പതു പേർ കോൺഗ്രസ് അംഗങ്ങളും രണ്ടു പേർ ജെഡിഎസ് അംഗങ്ങളുമായിരുന്നു. കർണാടക നിയമസഭയിലെ ഏറ്റവും ഉയർന്ന മുസ്ലിം പ്രാതിനിധ്യം 1978ലെ 16 എംഎൽഎമാരും ഏറ്റവും കുറവ് 1998ലെ രണ്ടു എംഎൽഎമാരുമായിരുന്നു.

ഇത്തവണ കോൺഗ്രസ് 17 മുസ്ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചു. ബിജെപി ഒരു മുസ്‌ലിം സ്ഥാനാർത്ഥിയെ പോലും മത്സരിപ്പിച്ചില്ല. ജനതാദൾ എട്ടു മുസ്‌ലിം സ്ഥാനാർത്ഥികളേയും മത്സരിപ്പിച്ചു. അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ ജെഡിഎസിനു പിന്തുണ നൽകിയിരുന്നു. ജെഡിഎസിന്റെ ഒരു മുസ്‌ലിം സ്ഥാനാർത്ഥിയും വിജയിച്ചില്ല. തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് ദുഷ്‌പേരുള്ള എസ് ഡി പി ഐ മൂന്ന് സീറ്റുകളിൽ മത്സരിച്ചെങ്കിലും നിലംതൊട്ടില്ല. 

കർണാടകയിൽ 19 മണ്ഡലങ്ങളിൽ വോട്ടർമാരിൽ 30 ശതമാനത്തിലേറെ മുസ്‌ലിംകളുണ്ട്. ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോൾ പ്രാതിനിധ്യം വളരെ കുറഞ്ഞത് സമുദായ നേതാക്കൾക്കിടയിൽ ചർച്ചാവിഷയമായിട്ടുണ്ട്.

Latest News