Friday , September   21, 2018
Friday , September   21, 2018

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞു  

തിരുവനന്തപുരം- കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ടാഗോർ തീയേറ്ററിൽ തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്.  ഇത്തരം മേളകൾ ഭാവിയിലെ പ്രതിഭകളെ കണ്ടെത്താനുള്ള വേദിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഇത്തരം ചലച്ചിത്ര മേളകളിൽ പങ്കെടുക്കുന്നതോടെ അത് ബോധ്യപ്പെടും.
 കുട്ടികൾ പല തരം ദൃശ്യങ്ങൾ കണ്ടുകൊണ്ടാണ് ഇപ്പോൾ വളരുന്നത്. ചെറിയ കുട്ടികൾ വരെ ഫോണിലും ഐപാഡിലുമൊക്കെ പലതരം ദൃശ്യങ്ങൾ കണ്ടു വളരുന്ന സ്ഥിതിയാണുള്ളത്. നേരത്തേ കുട്ടികൾ അഭിനയിക്കുന്ന സിനിമകളാണ് നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ ഇന്ന് ആ സ്ഥിതി മാറി. കുട്ടികൾ തന്നെ നിർമ്മാണവും സംവിധാനവും ഉൾപ്പെടെ സിനിമയുടെ എല്ലാ മേഖലകൾക്കും നേതൃത്വം കൊടുക്കാൻ തുടങ്ങിയിരിക്കുന്നു. അത്തരം സിനിമകൾ നിരവധി പുറത്തു വരുന്നുണ്ട്. എന്താണ് കുട്ടികളുടെ സിനിമകളുടെ പ്രത്യേകതയെന്ന് ഇത്തരം ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നതിലൂടെ നമുക്ക് ബോധ്യപ്പെടും. പ്രതിഭകളുള്ള പലരും അറിയപ്പെടാതെ ഇരിക്കുകയാണ്. അതുകൊണ്ടുതന്നെ വലിയ പ്രതിഭകളെ കണ്ടെത്താനുള്ള വേദികൂടിയാണ് ചലച്ചിത്ര മേളകളെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം.മുകേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. വി.എസ്.ശിവകുമാർ എം.എൽ.എ, സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, ആദ്യകാല സംവിധായകൻ  ശിവൻ, ചിൽഡ്രൻസ് ഫിലിം സൊസൈറ്റീസ് ഓഫ് ഇൻഡ്യ സി.ഇ.ഒ. സ്വാതി പാണ്‌ഡേ,  നടൻ സുധീർ കരമന എന്നിവർ സന്ദേശം നൽകി. 2017 ലെ ശിശുദിനത്തിലെ കുട്ടികളുടെ പ്രധാനമന്ത്രി അഭിനവമിരാഗ് ചലച്ചിത്രമേളയുടെ സന്ദേശം നൽകി. 
ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ലെനിൻ  രാജേന്ദ്രൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ബീനാ പോൾ, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, ചലച്ചിത്ര സംവിധായകൻ ഉത്പൽ ബോർപൂജാരി, മോനിക്ക വഹി, 2017 ലെ സംസ്ഥാന ബാലതാരങ്ങളായ അഭിനന്ദ്, നക്ഷത്ര മനോജ്, ചാരുകിരൺ ജി.കെ എന്നിവർ സന്നിഹിതരായിരുന്നു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ദീപക് എസ്.പി സ്വാഗതവും ട്രഷറർ ജി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
 

Latest News