Wednesday , May   23, 2018
Wednesday , May   23, 2018

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കില്ല- മുഖ്യമന്ത്രി 

തിരുവനന്തപുരം- സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ യുവജന സംഘടനാ നേതാക്കളുമായി തൈക്കാട് ഗസ്റ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കിയത്. പെൻഷൻ പ്രായം വർധിപ്പിക്കില്ലെന്നത് സർക്കാരിന്റെ പ്രതിജ്ഞാബദ്ധമായ നിലപാടാണ്. ഡോക്ടർമാരെ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് അവരുടെ പെൻഷൻ പ്രായം വർധിപ്പിക്കേണ്ടിവന്നത്. സർക്കാർ സർവീസിലെ ഒഴിവുകൾ മുൻകൂറായി കണക്കാക്കുന്നതിന് സംവിധാനം ഏർപ്പെടുത്തും. ഒഴിവ് വരുന്നതനുസരിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് സോഫ്റ്റ്‌വെയർ സംവിധാനം ഒരുക്കുന്നത് പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു.  
കെ.എസ്.ആർ.ടി.സിയിൽ അഡൈ്വസ് മെമ്മോ നൽകിയവർക്ക് ജോലി ലഭിക്കാത്തത് പൊതുപുനരുദ്ധാരണവുമായി ബന്ധപ്പെട്ട വിഷയമാണ്. ഇത് നല്ല രീതിയിൽ പരിഹരിക്കാനാവുമെന്നാണ് കരുതുന്നത്. തൊഴിലില്ലായ്മ വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ട് യുവജന സംഘടനകളുമായി ചർച്ച നടത്തും. താത്കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാക്കും. സീനിയോറിറ്റി പാലിക്കാതെ നിയമനം നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച് പഠനം നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഇതിനുള്ള നടപടി സ്വീകരിച്ചു വരുന്നു. 
യുവജനത സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം. വാട്‌സ്ആപ് പോലെയുള്ള മാധ്യമങ്ങളിലൂടെ ബോധപൂർവമായ വ്യാജപ്രചാരണം നടക്കുന്നുണ്ട്. പലരും യഥാർഥ ഉദ്ദേശ്യം മനസിലാക്കാതെ കെണിയിൽപെടുന്ന അവസ്ഥയാണ്. വാട്‌സ്ആപ് ഹർത്താൽ അത്തരത്തിൽ സംഭവിച്ചതാണ്. ആരാണ് അതിന് തുടക്കം കുറിച്ചതെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. നമ്മൾ പ്രതീക്ഷിക്കാത്ത അവസ്ഥയിലേക്ക് സമൂഹത്തെയാകെ തള്ളിവിടുകയായിരുന്നു ഇതിന് മുൻകൈ എടുത്തവരുടെ ലക്ഷ്യം. ഇത്തരം നീക്കങ്ങൾക്കെതിരെ യുവജന സംഘടനകൾ പ്രത്യേകം ശ്രദ്ധിക്കണം. ശാസ്ത്രവിരുദ്ധ കാര്യങ്ങളും ഇത്തരത്തിൽ പ്രചരിപ്പിക്കാൻ ശ്രമങ്ങളുണ്ട്. നാടിനെ പിറകോട്ട് കൊണ്ടുപോകാനുള്ള നീക്കത്തിനെതിരെ നിലപാട് സ്വീകരിക്കണം. 
നാട്ടിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ചു വരികയാണ്. ഇതിനെതിരെ ശക്തമായ പ്രചാരണം നടത്തേണ്ടതുണ്ട്. നാനാത്വത്തിൽ ഏകത്വം എന്ന സമൂഹത്തിന്റെ സത്ത സംരക്ഷിക്കുന്നതിന് പ്രാധാന്യം നൽകണം. സംസ്ഥാനത്ത് വർഗീയത ഇളക്കിവിടാനുള്ള നീക്കത്തിനെതിരെ കർശന നിലപാട് സ്വീകരിക്കും. സർക്കാർ മേഖലയിൽ 70,000 ഒഴിവുകൾ രണ്ടു വർഷത്തിൽ നികത്താനായി. അതേ കാലഘട്ടത്തിൽ 13,000 തസ്തികകൾ സൃഷ്ടിക്കാനായി. സർക്കാർ സർവീസിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് രൂപീകരിക്കാൻ തീരുമാനിച്ചു. ഇതിന്റെ റിക്രൂട്ട്‌മെന്റ് പെട്ടെന്ന് ആരംഭിക്കും. ഇത് യുവജനങ്ങൾക്ക് കൂടുതൽ മികച്ച തൊഴിൽസാധ്യത നൽകും.
ഐ.ടി മേഖലയിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് മുൻഗണന നൽകി. ഹൈസ്പീഡ് ഇന്റർനെറ്റ് വീടുകളിലും ഓഫീസുകളിലും ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പൊതുയിടങ്ങൾ, ലൈബ്രറികൾ, പാർക്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ വൈഫൈ സംവിധാനം ഏർപ്പെടുത്തും. ഐ.ടി പാർക്കുകൾ വികസിപ്പിക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള നടപടി മൂലം നിരവധി പുതിയ സംരംഭങ്ങൾ വരുന്നുണ്ട്. പുതിയ തൊഴിൽ സംസ്‌കാരം വളർത്തുന്നതിൽ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
വ്യവസായ മന്ത്രി എ.സി. മൊയ്തീൻ, യുവജനകാര്യ സെക്രട്ടറി ടി. ഒ. സൂരജ്, യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം, യുവജനക്ഷേമ ബോർഡ് അധ്യക്ഷൻ പി. ബിജു, വിവിധ യുവജന സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.