Tuesday , June   19, 2018
Tuesday , June   19, 2018

ജിസാനിൽ ജയിലിലായിരുന്ന മലയാളി മരിച്ചു 

ജിസാൻ-  സെൻട്രൽ ജയിലിൽ തടവിലായിരുന്ന മലയാളി മസ്തിഷ്‌കാഘാതം മൂലം ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ നിര്യാതനായി.തൃശൂർ പഴയന്നൂർ കുമ്പളക്കോട് ഒത്തിയൻകോട്ട് വീട്ടിൽ വേലായുധന്റെ മകൻ ഉണ്ണികൃഷ്ണ(54)നാണ് മരിച്ചത്. ഇന്നലെ കാലത്ത് ജയിലിൽ കുഴഞ്ഞുവീണ ഉണ്ണികൃഷ്ണനെ ഉടൻ തന്നെ ജയിൽ അധികൃതർആശുപത്രിയിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം ഉച്ചയോടെയാണ് മരിച്ചത്. എട്ടു മാസമായി ജിസാൻ സെൻട്രൽ ജയിലിൽ തടവിലായിരുന്നു. വിചാരണത്തടവുകാരനായി ജയിലിൽ എത്തിയ ഉണ്ണികൃഷ്ണനെ പിന്നീട് ശിക്ഷിക്കുകയായിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞ് അടുത്തു തന്നെ ജയിൽ മോചിതനാകാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. എട്ടു വർഷമായി ജിസാൻ പെട്രോമിൻ റോഡിലുള്ള ക്ലാസിക് ഫർണിച്ചർ വർക്ക്‌ഷോപ്പിൽ കാർപെന്ററായിരുന്നു. രണ്ടു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയി വന്നത്. ജിസാനിൽ വരുന്നതിനു മുമ്പ് അഞ്ചു വർഷം ദുബായിലും ജോലി ചെയ്തിട്ടുണ്ട്.വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. രതിയാണ് ഭാര്യ. മക്കളായ വിവേക്, അഭിഷേക് എന്നിവർ നാട്ടിൽ വിദ്യാർഥികളാണ്. നാട്ടുകാരും സുഹൃത്തുക്കളും ഉണ്ണികൃഷ്ണനെ വിഷ്ണുവെന്നാണ് വിളിച്ചിരുന്നത്. ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലയക്കാൻ സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും ശ്രമിച്ചു വരികയാണ്. 

Latest News