Monday , March   25, 2019
Monday , March   25, 2019

ഒരു തോൽവിയിൽ തീർന്നു നൂറ്റാണ്ടിന്റെ നേട്ടം 

മഡ്രീഡ് - ഒരു നൂറ്റാണ്ടിലെ അപൂർവ നേട്ടം ബാഴ്‌സലോണ പടിക്കൽ വെച്ച് തുലച്ചു. അപരാജിതരായ സ്പാനിഷ് ലീഗ് ഫുട്‌ബോൾ സീസൺ അവസാനിപ്പിക്കുന്ന ആദ്യ ടീമാവാനുള്ള അവരുടെ ശ്രമങ്ങൾക്ക് ലെവാന്റെയിൽ ഞെട്ടിക്കുന്ന അന്ത്യം. ലിയണൽ മെസ്സിയെ റിസർവ് ബെഞ്ചിൽ പോലും ഇരുത്താതെയും ജെറാഡ് പിക്വെയെ ഉൾപെടെ കളിപ്പിക്കാതെയും ലാഘവത്തോടെ മത്സരത്തെ സമീപിച്ച ബാഴ്‌സലോണക്ക് ലെവാന്റെ കണക്കിന് കൊടുത്തു. ഒമ്പതു ഗോൾ ത്രില്ലറിൽ ലെവാന്റെ 5-4 ന് ജയിച്ചു. നിരവധി റെക്കോർഡുകളാണ് ബാഴ്‌സലോണ ഈ രാത്രിയിൽ തുലച്ചത്. സീസണിലെ മുപ്പത്തേഴാമത്തെ കളിയിലാണ് ബാഴ്‌സലോണക്ക് പിഴച്ചത്. 
ഒരു കളി മാത്രം ശേഷിക്കെ അവർ അപരാജിത മുന്നേറ്റത്തിന്റെ ലാ ലിഗ റെക്കോർഡിന് അരികിലായിരുന്നു. കഴിഞ്ഞ സീസണും പരിഗണിച്ചാൽ ലീഗിൽ 43 കളികൾക്കു ശേഷമാണ് ബാഴ്‌സലോണയുടെ തോൽവി. കഴിഞ്ഞ 20 കളികളിൽ ലെവാന്റെയോട് ബാഴ്‌സലോണ തോറ്റിട്ടുണ്ടായിരുന്നില്ല. 15 വർഷം മുമ്പാണ് അവസാനമായി ബാഴ്‌സലോണക്കെതിരെ ലീഗിൽ ഒരു ടീം അഞ്ചു ഗോളടിച്ചത്. 13 വർഷത്തിനു ശേഷമാണ് ബാഴ്‌സലോണക്കെതിരെ എതിർ ടീം ഹാട്രിക് നേടുന്നത്.
ഇരു പ്രതിരോധവും ചിന്നിച്ചിതറിയ കളിയിൽ 7, 71 മിനിറ്റുകൾക്കിടയിലാണ് ഒമ്പത് ഗോൾ പിറന്നത്. ലെവാന്റെക്കെതിരെ സമനില നേടുകയും ഹോം ഗ്രൗണ്ടിൽ റയൽ സൊസൈദാദിനെ സമനിലയിൽ തളക്കുകയും ചെയ്താൽ മതിയായിരുന്നു ബാഴ്‌സക്ക് ലാ ലിഗയിലെ ആദ്യ അപരാജിത ടീമാവാൻ. പകരം സൊസൈദാദിനെതിരായ അടുത്ത കളിയിൽ നൗകാമ്പ് ആഘോഷമൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാവും. 
ലീഗിൽ ഈ സീസണിൽ എല്ലാം തകർത്തെറിഞ്ഞ് മുന്നേറുകയും നാലു മത്സരങ്ങൾ നേരത്തെ കിരീടമുറപ്പിക്കുകയും ചെയ്ത ബാഴ്‌സലോണക്ക് ദുർബലരായ ലെവാന്റെക്കു മുന്നിൽ കാലിടറി. ഒമ്പതു ഗോൾ ത്രില്ലറിൽ 5 4 ന് ലെവാന്റെ ജയിച്ചു. ഒരു ഘട്ടത്തിൽ 5 1 ന് മുന്നിലായിരുന്നു ലെവാന്റെ. ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ പുറത്തായ ബാഴ്‌സലോണ ഈ സീസണിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി കണ്ടത് അപരാജിതരായി മുന്നേറുകയെന്നതായിരുന്നു. കഴിഞ്ഞ കളിയിൽ പത്തു പേരുമായി അവർ റയൽ മഡ്രീഡിനെ തളച്ചിരുന്നു. ഇമ്മാനുവേൽ ബൊയതെംഗിന്റെ ഹാട്രിക്കും എനിസ് ബാർദിയുടെ ഇരട്ട ഗോളുമാണ് ചരിത്രം സൃഷ്ടിക്കാൻ ലെവാന്റെയെ സഹായിച്ചത്. ബാഴ്‌സലോണ ജഴ്‌സിയിൽ ഫെലിപ്പെ കൗടിഞ്ഞോയുടെ കന്നി ഹാട്രിക് നിരാശയുടേതായി. ലൂയിസ് സോറസാണ് പെനാൽട്ടിയിലൂടെ നാലാം ഗോൾ നേടിയത്. അവസാന 15 മിനിറ്റിൽ സമനില ഗോളിനായി ബാഴ്‌സലോണ നടത്തിയ ശ്രമങ്ങളെല്ലാം ലെവാന്റെ പ്രതിരോധം ചെറുത്തു. 
ബാഴ്‌സലോണക്ക് ഗാഡ് ഓഫ് ഓണർ നൽകിയാണ് ലെവാന്റെ തുടങ്ങിയത്. പതിവ് പോലെ ബാഴ്‌സലോണ ആക്രമിച്ചു. എന്നാൽ പത്തു മിനിറ്റിനിടയിൽ അപ്രതീക്ഷിതമായി ലെവാന്റെ മുന്നിലെത്തി. പക്ഷെ അത് ബാഴ്‌സലോണ ഗൗരവത്തിലെടുത്തതായി തോന്നിയില്ല. അര മണിക്കൂർ പിന്നിടുമ്പോഴേക്കും ആതിഥേയർ ലീഡ് വർധിപ്പിച്ചു. ലാഘവബുദ്ധിയാണ് ഇത്തവണയും അവർക്ക് വിനയായത്. തോമസ് വെർമയ്‌ലൻ പരിക്കേറ്റ് പുറത്തായിരുന്നു, പിക്വെ പകരക്കാരനായി കളത്തിലിറങ്ങാൻ കാത്തുനിൽക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ ബാഴ്‌സലോണ ഉണർന്നു. കൗടിഞ്ഞൊ ആദ്യ ഗോളടിച്ചതോടെ 1-2 ന് ബാഴ്‌സലോണ ഇടവേളക്കു പോയി. 
രണ്ടാം പകുതിയിൽ വീണ്ടും പിഴച്ചു. തുടക്കത്തിൽ തന്നെ ലെവാന്റെ മൂന്നാം ഗോൾ നേടി. വൈകാതെ ബൊയതെംഗ് ഈ സീസണിൽ ബാഴ്‌സലോണക്കെതിരെ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനായി. അഞ്ചു മിനിറ്റിനു ശേഷം ലെവാന്റെ വീണ്ടും ഗോളടിച്ചപ്പോൾ ഭൂകമ്പത്തിൽ പെട്ടതു പോലെയായി ബാഴ്‌സലോണ കളിക്കാർ. കളി തീരാൻ 25 മിനിറ്റ് ശേഷിക്കെ കൗടിഞ്ഞോയുടെ ഹാട്രിക് സ്‌കോർ 3-5 ലെത്തിച്ചു. പെനാൽട്ടിയിലൂടെ സോറസും ലക്ഷ്യം കണ്ടു. എന്നാൽ മൂന്നു മിനിറ്റിനു ശേഷം സോറസ് തുറന്ന അവസരം പാഴാക്കി. പിന്നീട് ബാഴ്‌സ സർവം മറന്നാക്രമിച്ചപ്പോൾ ലെവാന്റെക്കായിരുന്നു അവസരങ്ങൾ തുറന്നു കിട്ടിയത്. 
 

Latest News