Monday , March   25, 2019
Monday , March   25, 2019

ഇത് സ്‌പെയിനിന്റെ ഊഴമോ?

ബ്രസീലിനെ പരിക്ക് അലട്ടുന്നു, അർജന്റീന പ്രവചനാതീതമാണ്, ജർമനി ദൗർബല്യങ്ങൾ പ്രകടമാക്കിത്തുടങ്ങി, ഇറ്റലി യോഗ്യത നേടിയില്ല, ഫ്രാൻസിന്റേത് യുവനിരയാണ്, ഇത്തവണ സ്‌പെയിനിന്റെ ഊഴമായിരിക്കുമോ? സ്‌പെയിനിന്റെ സുവർണ തലമുറക്ക് ഇത് അവസാന അവസരമാണ്. എന്നാൽ സമീപകാലത്ത് ടൂർണമെന്റുകളിൽ പ്രതീക്ഷക്കൊത്തുയരാൻ അവർക്ക് സാധിച്ചിട്ടില്ല. 2008 മുതൽ 2012 കാലഘട്ടത്തിൽ രണ്ട് തവണ യൂറോ കപ്പും ഒരിക്കൽ ലോകകപ്പും നേടി അവർ. എന്നാൽ 2014 ലെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടന്നില്ല, യൂറോ 2016 ൽ പ്രി ക്വാർട്ടറിൽ വീണു.
കോച്ച്
സ്‌പെയിനിന് ലോകകപ്പ് ബെർത്ത് നേടിക്കൊടുക്കാൻ യൂലൻ ലോപറ്റേഗിക്ക് സാധിക്കുമോയെന്നു പോലും സംശയമുണ്ടായിരുന്നു. എന്നാൽ ഇറ്റലി ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് അവർ അനായാസം മുേന്നറി. പരിചയസമ്പത്തുള്ള പടക്കുതിരകളെയും പ്രതിഭാധനരായ യുവത്വത്തിനെയും വിളക്കിച്ചേർത്ത ലോപറ്റേഗി തുടർച്ചയായ പതിനൊന്നാമത്തെ ലോകകപ്പിലേക്കാണ് സ്‌പെയിനിന് ബെർത്തുറപ്പിച്ചത്. 
2016 ൽ വിസെന്റെ ഡെൽബോസ്‌കിന്റെ പിൻഗാമിയായാണ് മുൻ ഗോൾകീപ്പറായ ലോപറ്റേഗി പരിശീലക സ്ഥാനമേറ്റെടുത്തത്. യൂത്ത് തലത്തിൽ പലതവണ സ്‌പെയിനിനെ കിരീടമണിയിച്ച പരിചയസമ്പത്തുണ്ട്. അണ്ടർ-19, അണ്ടർ-21 യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ സ്‌പെയിനിനെ ചാമ്പ്യന്മാരാക്കിയിട്ടുണ്ട്. സീനിയർ തലത്തിൽ വലിയ അനുഭവ പരിചയമുണ്ടായിരുന്നില്ല. പോർടോയിലെ രണ്ടു സീസണിൽ പരാജയമായിരുന്നു. എന്നാൽ മിതഭാഷിയായ കോച്ചിനു കീഴിൽ സ്‌പെയിൻ തുടർച്ചയായ 18 കളികളിൽ പരാജയമറിഞ്ഞില്ല. 
ഗോൾകീപ്പർമാർ
കഴിഞ്ഞ ലോകകപ്പുകളിൽ ഗോൾ വല കാത്ത ഇകർ കസിയാസിനെ തിരിച്ചുവിളിക്കണമെന്ന ശക്തമായ ആവശ്യം മാഞ്ചസ്റ്റർ യുനൈറ്റഡിലും ദേശീയ ടീമിലും ഡേവിഡ് ഡി ഗിയ കാഴ്ചവെച്ച മിന്നുന്ന പ്രകടനത്തിലൂടെ അലിഞ്ഞില്ലാതായി. യൂറോ 2016 ൽ ആദ്യമായി കസിയാസിനെ റിസർവ് ബെഞ്ചിലിരുത്തി. ലോകകപ്പ് ടീമിൽ സ്ഥാനം പോലും ലഭിക്കാൻ സാധ്യത കുറവാണ്. അത്‌ലറ്റിക് ബിൽബാവോയുടെ കേപ അരിസബലാഗ, നാപ്പോളിയുടെ പെപ്പെ റയ്‌ന എന്നിവരാണ് ഡി ഗിയ കഴിഞ്ഞാൽ കോച്ചിന്റെ പരിഗണനയിലുള്ള ഗോളിമാർ. 
ഡിഫന്റർമാർ
പതിറ്റാണ്ടോളമായി പ്രതിരോധത്തിന്റെ നെടുന്തൂണുകളായിരുന്ന സെർജിയൊ റാമോസിനും ജെറാഡ് പിക്വെക്കും ഇത് അവസാന ലോകകപ്പായിരിക്കും. ലോകകപ്പ് കഴിഞ്ഞാൽ സ്‌പെയിനിന് കളിക്കില്ലെന്ന് മുപ്പത്തൊന്നുകാരനായ പിക്വെ പ്രഖ്യാപിച്ചു കഴിഞ്ഞു. മുപ്പത്തിരണ്ടുകാരനായ റാമോസും അധികകാലം തുടരാൻ സാധ്യതയില്ല. 2010 ലെ ലോകകപ്പ് മുതൽ ഇരുവരും ഒരുമിച്ചു കളിക്കുന്നുണ്ട്. അക്കാലത്ത് റാമോസ് റൈറ്റ് ബാക്കായിരുന്നു. ബാഴ്‌സലോണയിൽ പിക്വെയുടെ കൂട്ടാളിയായ ജോർദി ആൽബയായിരിക്കും ലെഫ്റ്റ് ബാക്ക്. റയൽ മഡ്രീഡിൽ റാമോസിന്റെ സഹതാരം ഡാനി കർവഹാൽ വലതു വിംഗിൽ കളിക്കും. 
മിഡ്ഫീൽഡർമാർ
ആന്ദ്രെസ് ഇനിയെസ്റ്റക്ക് 34 വയസ്സായി. ലോകം കണ്ട മികച്ച പ്ലേമേക്കർമാരിലൊരാളായ ഇനിയെസ്റ്റയുടെ അവസാന രാജ്യാന്തര ടൂർണമെന്റാവും ലോകകപ്പ്. അസാധ്യമായ പന്തടക്കവും കിടയറ്റ പാസുകളുമായി ഇനിയെസ്റ്റ മധ്യനിര ഭരിക്കുന്നത് ഏറെക്കാലമായി ചന്തമുള്ള കാഴ്ചയായിരുന്നു. മൂന്ന് പ്രധാന ടൂർണമെന്റുകളിൽ സ്‌പെയിൻ കിരീടം ചൂടിയതിന് പ്രധാന കാരണക്കാരിലൊരാളായിരുന്നു ഇനിയെസ്റ്റ. സ്‌പെയിൻ ഒരേയൊരിക്കൽ ചാമ്പ്യന്മാരായ 2010 ലെ ലോകകപ്പ് ഫൈനലിൽ നെതർലാന്റ്‌സിനെതിരെ വിജയ ഗോളടിച്ചത് ഇനിയെസ്റ്റയായിരുന്നു. 
സെർജിയൊ ബുസ്‌ക്വെറ്റ്‌സും തിയാഗൊ അൽകന്ററയും ജോർജെ കൊക്കെയും ഫോം വീണ്ടെടുത്തിട്ടുണ്ട്. അറ്റാക്കിംഗ് മിഡ്ഫീൽഡർമാരായി നിരവധി പുതുപ്രതിഭകളുണ്ട്. ഫ്രാൻസിസ്‌കൊ ഇസ്‌കൊ അലാക്രോൺ, മാർക്കൊ അസൻസിയൊ, സൗൾ നിഗേസ് എന്നിവർക്കൊപ്പം പഴയ പടക്കുതിര ഡാവിഡ് സിൽവയുമുണ്ടാവും. 
ഫോർവേഡുകൾ
സ്‌ട്രൈക്കർമാരുടെ കാര്യത്തിലാണ് ലോപറ്റേഗിക്ക് സംശയം. രണ്ടു വർഷത്തിനിടെ 10 കളിക്കാരെ പരീക്ഷിച്ചു. അത്‌ലറ്റിക്കൊ മഡ്രീഡിന്റെ ഡിയേഗൊ കോസ്റ്റ, സെൽറ്റവീഗോയുടെ ഇയാഗൊ അസ്പാസ്, വലൻസിയയുടെ റോഡ്രിഗൊ എന്നിവർ ലോകകപ്പ് ടീമിൽ ഇടം കണ്ടെത്താനാണ് സാധ്യത. റയൽ മഡ്രീഡിന്റെ ലുക്കാസ് വാക്‌സ്വേസ്, ചെൽസിയുടെ അൽവാരൊ മൊറാറ്റ, നാപ്പോളിയുടെ ഹോസെ കാലയോൺ, അത്‌ലറ്റിക്കോയുടെ വിക്‌ടോർ വിറ്റോലോ മാഖിൻ എന്നിവരും പരിഗണനയിലുണ്ട്. മൊറാറ്റയെ സമീപകാലത്ത് സ്‌പെയിനിന്റെ സൗഹൃദ മത്സരങ്ങളിൽ ടീമിലുൾപെടുത്തിയിട്ടില്ല. പ്രീമിയർ ലീഗിലും പരുങ്ങുകയാണ്. 
മത്സരങ്ങൾ
റഷ്യയിൽ ക്രാസ്‌നോദാറിലായിരിക്കും സ്‌പെയിനിന്റെ താവളം. യൂറോപ്യൻ ചാമ്പ്യന്മാരായ പോർചുഗലിനെതിരെ ജൂൺ 15 നാണ് ഉദ്ഘാടന മത്സരം. ജൂൺ 20 ന്  ഇറാനെയും ജൂൺ 25 ന് മൊറോക്കോയെയും നേരിടും.