Monday , March   25, 2019
Monday , March   25, 2019

മലയാളി ജിദ്ദ പ്രവാസിരത്‌ന പുരസ്‌കാരം സമ്മാനിച്ചു

മലയാളി ജിദ്ദയുടെ പ്രവാസിരത്‌ന പുരസ്‌കാരം കെ.പി. മുഹമ്മദ്കുട്ടി, വി.കെ. റഊഫ്, അബ്ബാസ് ചെമ്പൻ, സലാഹ് കാരാടൻ, പി.വി ഹസൻ സിദ്ദീഖ് ബാബു, തോമസ് മാത്യു വൈദ്യൻ, മുഹമ്മദലി മുസ്‌ലിയാരകത്ത് എന്നിവർ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിൽനിന്ന് ഏറ്റുവാങ്ങിയപ്പോൾ 


ജിദ്ദ - പ്രവാസ ലോകത്തെ സാമൂഹിക സേവന രംഗത്ത് മൂന്നര പതിറ്റാണ്ട് പിന്നിട്ടവർക്ക് മലയാളി ജിദ്ദ ഏർപ്പെടുത്തിയ 'പ്രവാസിരത്‌ന പുരസ്‌കാരം' ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന പ്രൗഢമായ ചടങ്ങിൽ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് സമ്മാനിച്ചു. 1980 കാലഘട്ടത്തിൽ പൊതുപ്രവർത്തനം തുടങ്ങുകയും നിരവധി പ്രവാസികൾക്ക് ആശ്വാസമേകി നിസ്വാർഥമായി സേവനം തുടരുകയും ചെയ്യുന്ന കെ.പി. മുഹമ്മദ ്കുട്ടി, അബ്ബാസ് ചെമ്പൻ, വി.കെ റഊഫ്, സലാഹ് കാരാടൻ, പി.വി ഹസൻ സിദ്ദീഖ് ബാബു, തോമസ് മാത്യു വൈദ്യൻ, മുഹമ്മദലി മുസ്‌ലിയാരകത്ത് എന്നിവർക്കാണ് മലയാളി ജിദ്ദ പ്രവാസിരത്‌ന പുരസ്‌കാരം നൽകിയത്. ഇവരോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട പഴേരി കുഞ്ഞിമുഹമ്മദ് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയതിനാൽ നാട്ടിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് നൽകും. ജിദ്ദയിലെ തലമുതിർന്ന പ്രവാസിയായിരുന്ന വല്ലാഞ്ചിറ മുഹമ്മദലിയും അവാർഡ് ജേതാക്കളുടെ കൂട്ടത്തിലുണ്ടായിരുന്നുവെങ്കിലും അദ്ദേഹം മരണപ്പെട്ടു. 
പ്രവാസികളെ പോലെ നയതന്ത്ര കാര്യാലയങ്ങൾക്കും സന്നദ്ധ പ്രവർത്തകരുടെ സേവനം ഏറെ പ്രയോജനകരമാണെന്നും സാമൂഹിക പ്രവർത്തകർക്ക് പ്രോൽസാഹനം നൽകുന്നത് മഹത്തരമാണെന്നും കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് അവാർഡുകൾ വിതരണം ചെയ്തുകൊണ്ട് പറഞ്ഞു. ഹാജിമാർക്ക് സന്നദ്ധ പ്രവർത്തകർ നൽകിവരുന്ന സേവനം സമാനതകളില്ലാത്തതാണ്. നിതാഖാത് വേളയിലും അതുപോലെ പ്രവാസികൾ പ്രയാസങ്ങൾ നേരിട്ട അവസരങ്ങളിലുമെല്ലാം കോൺസുലേറ്റിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിൽ സന്നദ്ധ പ്രവർത്തകർ നൽകിയ സഹായങ്ങൾ പ്രശംസനീയമാണ്. ഇന്ത്യൻ സമൂഹത്തിന്റെ  ഏതു പ്രശ്‌നവും കഴിയുന്നത്ര വേഗത്തിൽ പരിഹരിക്കുന്നതിന് കോൺസുലേറ്റ്  24 മണിക്കൂറും സേവന നിരതരാണ്. ആർക്കും ഏതു സമയവും എന്താവശ്യത്തിനും കോൺസുലേറ്റിനെ സമീപിക്കാം. ദൂരദിക്കുകളിലുള്ളവർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ അതാതിടങ്ങളിലെ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ സേവനം ലഭ്യമാക്കുന്നുണ്ടെന്നും ഉംറ തീർഥാടകരായെത്തുന്നവർക്കു പോലും ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും കോൺസൽ ജനറൽ പറഞ്ഞു. മൂന്നു പതിറ്റാണ്ടിലേറെക്കാലം സാമൂഹ്യ സേവന രംഗത്ത് കർമനിരതായവരെ കണ്ടെത്തി അവാർഡ് നൽകി ആദരിക്കാൻ തയാറായ മലയാളി ജിദ്ദയുടെ നടപടി പ്രശംസനീയമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  


സി.കെ ഷാക്കിർ അധ്യക്ഷത വഹിച്ചു. ജൂറി അംഗം പി.എം മായിൻകുട്ടി അവാർഡ് തെരഞ്ഞെടുപ്പ് നടപടികളെക്കുറിച്ച് വിശദീകരിച്ചു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഹസൻ ചെറൂപ്പ, കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.എം.ഐ മേത്തർ ആശംസ നേർന്നു.  വി.പി ഹിഫ്‌സുറഹ്മാൻ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. സി.എം അഹമ്മദ് ആക്കോട് ആമുഖ പ്രസംഗം നടത്തി. ഡെപ്യൂട്ടി കോൺസൽ ജനറലും ഹജ് കോൺസലുമായ മുഹമ്മദ് ശാഹിദ് ആലം, കോൺസുലാർ കോൺസൽ ആനന്ദ്കുമാർ, വൈസ് കോൺസൽ സുരേഷ് റാവു, ഇന്ത്യൻ സ്‌കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ഷംസുദ്ദീൻ, വിവിധ സംഘടന നേതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ബഷീർ തൊട്ടിയൻ സ്വാഗതവും വി.പി സിയാസ് നന്ദിയും പറഞ്ഞു. 
പരിപാടിക്കു മുന്നോടിയായി നടന്ന ഗസൽ സന്ധ്യയിൽ അബ്ദുൽ ഹഖ്, മുംതാസ് അബ്ദുറഹ്മാൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. മുംതാസ് അബ്ദുറഹ്മാൻ, ഷിബില ബഷീർ, തുഷാര ഷിഹാബ്, സോണിയ വർഗീസ്, പ്രിയ റിയാസ്, സോണ സ്റ്റീഫൻ, അനുഷ സോണിയ വർഗീസ് തുടങ്ങിയവരുടെ ദേശഭക്തി ഗാനാലാപനത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം. സ്‌നേഹ അസീസ്, ബസ്മ ബഷീർ പരുത്തിക്കുന്നൻ എന്നിവർ അതിഥികളെ വേദിയിലേക്ക് ആനയിച്ചു.

 

 

Latest News