Monday , March   25, 2019
Monday , March   25, 2019

കുപ്പിവെള്ള കച്ചവടത്തിൽ നിയമം പിടിമുറുക്കുന്നു

കുപ്പിവെള്ള വില നിയന്ത്രണത്തിന് കർശന നിയമം, സർക്കാരിന് 
സ്വന്തമായി കുപ്പിവെള്ള നിർമ്മാണ കേന്ദ്രം ഇവയെല്ലാം ചേർന്ന് വരുംനാളുകളിൽ
കേരളത്തിന്റെ  കുപ്പിവെള്ള ബിസിനസ് രംഗം സജീവവും സംഭവ 
ബഹുലവുമാകാനാണ് സാധ്യത.

കേരളത്തിൽ കുപ്പി വെള്ള കച്ചവടം വളരാൻ തുടങ്ങിയതോടെ നിയമത്തിന്റെ ഇടപെടലുൾപ്പെടെ  അനിവാര്യമായി. വെള്ളം വിലക്ക് വാങ്ങുകയെന്നത് സമീപ നാളുകൾ വരെ കേരളം കേട്ടറിഞ്ഞ കാര്യമായിരുന്നു. ഇപ്പോൾ അതൊരു യാഥാർഥ്യം.  വേനൽക്കാലത്ത് കേരളം 65 കോടിയുടെ കുടിവെള്ളമാണ് കച്ചവടം ചെയ്യുന്നതെന്നാണ് കണക്ക്. ജനുവരിയിൽ തുടങ്ങി മെയ്മാസത്തിൽ അവസാനിക്കുന്ന കുടിവെള്ള കച്ചവട സീസണിൽ ദിവസം ശരാശരി  ഏകദേശം മൂന്ന് ലക്ഷം കുടിവെള്ളകുപ്പികൾ വിൽക്കുന്നു. ചെറുകിടയും വൻകിടയുമായ കുടിവെള്ള നിർമ്മാണ സ്ഥാപനങ്ങളുണ്ട് കേരളത്തിൽ. ചെറുകിട സ്ഥാപനങ്ങൾ വേണ്ടത്ര ലാഭത്തിലല്ല.  ഇത്തരമൊരു സാഹചര്യത്തിലാണ് കുടിവെള്ള വില ക്രമാതീതമായി വർധിക്കുന്നത് തടയാൻ സർക്കാർ തീരുമാനിച്ചത്. വില നിയന്ത്രണത്തിനുള്ള നടപടിയാണ്  സർക്കാർ ആലോചിച്ചു തുടങ്ങിയത്. കുപ്പിവെള്ളം അവശ്യവസ്തുവായി വിജ്ഞാപനം ചെയ്യാനാണ് തീരുമാനം. വില 13 രൂപയായി നിജപ്പെടുത്തും. കുപ്പിവെള്ളം അവശ്യവസ്തുവായി വിജ്ഞാപനം ചെയ്യാൻ ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. 
കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാനുള്ള ബന്ധപ്പെട്ട നിർമാണ അസോസിയേഷന്റെ തീരുമാനം വ്യാപാരി സംഘടനകൾ അംഗീകരിക്കാത്തതിന്റെ പശ്ചാത്തലത്തിൽ വിളിച്ച യോഗത്തിലാണ് നിയമത്തിന്റെ കൈകൾ ശക്തമാക്കാനുള്ള തീരുമാനം.
ഇതോടെ  കുപ്പിവെള്ളം അവശ്യവസ്തു നിയമത്തിന്റെ പരിധിയിൽ വരും. ഇതുസംബന്ധിച്ച് വിജ്ഞാപനമിറങ്ങി വില നിശ്ചയിച്ചുകഴിഞ്ഞാൽ എം.ആർ.പിയിൽ കൂടുതൽ വില ഈടാക്കുന്നവർക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് വഴി പരിശോധനകൾ നടത്തി പിഴ ഈടാക്കാനും നടപടിയെടുക്കാനും സാധിക്കും. മന്ത്രിതലത്തിൽ എടുക്കുന്ന തീരുമാനം അംഗീകരിക്കാമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ നേരത്തെ അറിയിച്ചിരുന്നു. 
യോഗത്തിൽ കേരള കുപ്പിവെള്ള നിർമാണ അസോസിയേഷൻ ഭാരവാഹികൾ, ഭക്ഷ്യ, നിയമ, ലീഗൽ മെട്രോളജി വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ  സംബന്ധിച്ചു.  കുപ്പിവെള്ള നിർമ്മാതാക്കൾ വില 12 രൂപയായി നിജപ്പെടുത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. ഏപ്രിൽ രണ്ട് മുതൽ തീരുമാനം നടപ്പാക്കുമെന്നായിരുന്നു കരാർ. പക്ഷെ കുപ്പിവെള്ളം വിൽക്കുന്ന കടകൾ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 20 രൂപ എന്ന നിലപാടിൽ ഉറച്ചു നിന്നു. ഇതര സംസ്ഥാന ഉൽപ്പാദകർ വില കുറക്കാൻ തയ്യാറാകുന്നില്ല എന്നതാണ് കച്ചവടക്കാരുടെ വാദം. കുപ്പിയുടെ വില കൂടിയതിനാൽ 15 രൂപയെങ്കിലും വില കിട്ടണമെന്നാണ് കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെ ആവശ്യം. കുപ്പിവില നാമമാത്രമായി വർധിച്ചതിന്റെ പേരിൽ 15 രൂപ അംഗീകരിക്കാനാവില്ലെന്ന നിലപാടിൽ മന്ത്രി തിലോത്തമൻ  ഉറച്ചു നിൽക്കുകയായിരുന്നു. തുടർന്നാണ് 13 രൂപക്ക് ധാരണയായത്. ഒരു ലിറ്റർ കുപ്പി വെള്ളത്തിന് 8.50 രൂപയാണ് നിർമ്മാതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതെന്നാണ് കണക്ക്.
10 രൂപക്കാണ് നേരത്തെ ഒരു ലിറ്റർ കുപ്പിവെള്ളം വിറ്റു കൊണ്ടിരുന്നത്. അത് പിന്നീട്, 12, 15, 17 എന്നിങ്ങിനെ വർധിച്ച് ഇന്നത്തെ 20 രൂപയിലെത്തുകയായിരുന്നു. വില വർധനയുടെ സാഹചര്യത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഒരു വിഭാഗം വിതരണക്കാർ 20 രൂപയിൽ ഉറച്ചു നിന്നതിനാലാണ് നിയമം കർശനമാക്കാൻ തീരുമാനമുണ്ടായത്.  വിലക്കുറവിന്റെ പേരിൽ ഗുണനിലവാരത്തിൽ കുറവ് വരുത്താൻ അനുവദിക്കില്ലെന്നും പാളിച്ചയുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി തിലോത്തമൻ മുന്നറിയിപ്പ് നൽകി.
നിയമത്തിന്റെ കർശനാവസ്ഥ നടപ്പാകണമെങ്കിൽ അടിയന്തര ഘട്ടം തരണം ചെയ്യാൻ സർക്കാരിന് ബദൽ സംവിധാനം ആവശ്യമായി വരും. സർക്കാർ നിയന്ത്രണത്തിലുള്ള  കുപ്പിവെള്ള പദ്ധതിയുടെ പ്രസക്തി വർധിക്കുന്നതിവിടെയാണ്. 
തിരുവനന്തപുരം അരുവിക്കര അണക്കെട്ടിനടുത്ത്, ഒരേക്കർ സ്ഥലത്ത് 16 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച കുപ്പിവെള്ള പദ്ധതിയുടെ പ്രവർത്തനം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. അറുത് ശതമാനം പണി പൂർത്തിയായ പദ്ധതിയുടെ പരീക്ഷണ പ്രവർത്തനവും വിജയിച്ചിട്ടുണ്ട്. കുപ്പിവെള്ള വിപണിയിലേക്കിറങ്ങാനിരിക്കെ അതിനെതിരെ അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ് ജല അതോറിറ്റി എം.ഡി എ. ഷൈന മോൾക്കയച്ച കത്ത് മാധ്യമങ്ങളിൽ വന്നത് വിവാദമായിരുന്നു.  ഒരുപാട് കുപ്പിവെള്ള വിതരണ കമ്പനികൾ  നിലവിലുള്ളതിനാൽ പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്നായിരുന്നു കത്തിലെ ഉള്ളടക്കം. വെറുതെ ജല അതോറിറ്റി സമയം കളയേണ്ടതില്ലെന്ന കത്ത്, സ്വകാര്യ കുപ്പിവെള്ള ലോബിയെ സഹായിക്കാനാണെന്ന ആക്ഷേപം ഉയർന്നു. 
ജല അതോറിറ്റിയിലെ സർക്കാർ അനുകൂല സംഘടനകൾ പോലും ടോം ജോസിന്റെ നിലപാടിനെതിരെ രംഗത്തു വന്നതോടെ പ്രതിരോധത്തിലായ സർക്കാരിന് മുന്നിൽ ഇനി രണ്ട് കാര്യങ്ങളുണ്ട്. ഒന്നാമത്തേത് കുപ്പിവെള്ള ലോബിയെ വില നിശ്ചയിച്ച് നിയന്ത്രിക്കുക. അതിനുള്ള നീക്കമാണ് കുപ്പിവെള്ളം അവശ്യ വസ്തുവാക്കാനുള്ള തീരുമാനം. നിയന്ത്രണം കർശനമാകുമ്പോഴുള്ള പ്രതിസന്ധി നീക്കാൻ സർക്കാരിന്റെ സ്വന്തം കുപ്പിവെള്ള പദ്ധതി വഴി സാധിക്കും. മൂന്ന് മാസത്തിനകം കുപ്പിവെള്ള ഉൽപ്പാദനം തുടങ്ങാൻ കഴിയുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നത്. 2006ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. 

കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാനുള്ള  ബന്ധപ്പെട്ട നിർമാണ  അസോസിയേഷന്റെ  തീരുമാനം വ്യാപാരി  സംഘടനകൾ  അംഗീകരിക്കാത്തതിന്റെ  പശ്ചാത്തലത്തിൽ വിളിച്ച  യോഗത്തിലാണ്  നിയമത്തിന്റെ കൈകൾ  ശക്തമാക്കാനുള്ള തീരുമാനം.

2010 ൽ  പദ്ധതിക്ക് തറക്കല്ലിട്ടു. പതിവ് പോലെ കാര്യങ്ങൾ വൈകി. 2015ൽ പദ്ധതി പുതുക്കി. അതിനിടക്കാണിപ്പോൾ സർക്കാരിന്റെ പ്രതിച്ഛായ പ്രശ്‌നമായി ഇത് മാറിയിരിക്കുന്നത്. കത്ത് പുറത്തായതിന്റെ പേരിൽ ഷൈന മോളെ വാട്ടർ അതോറിറ്റി എം.ഡി സ്ഥനത്ത് നിന്ന് മാറ്റി.  വാട്ടർ അതോറിറ്റിയുടെ ടെക്ക്‌നിക്കൽ അംഗമാണിപ്പോൾ എം.ഡിയുടെ ചുമതല വഹിക്കുന്നത്. 
കത്ത് പുറത്തായതിന് താൻ ഉത്തരവാദിയല്ലെന്നും തപാലിൽ വരുന്ന എല്ലാ കത്തുകളും കാണാറില്ലെന്നുമാണ് ഷൈനമോളുടെ വിശദീകരണം. ജി.എസ്.ടി വകുപ്പിൽ അഡീഷനൽ കമ്മീഷണറായാണ് ഷൈനമോളെ നിയമിച്ചിട്ടുള്ളത്. കത്തു പുറത്തു വന്ന സംഭവുമായി ഷൈനമോളുടെ മാറ്റത്തിന് ബന്ധമില്ലെന്ന് വകുപ്പ് മന്ത്രി മാത്യു ടി. തോമസ് വിശദീകരിച്ചിട്ടുണ്ട്. സ്വാഭാവിക സ്ഥലംമാറ്റം മാത്രമെന്നാണ് മന്ത്രി പറഞ്ഞത്.
ഏതായാലും ഈ സംഭവ ഗതികളെല്ലാം കേരളത്തിലെ കുപ്പിവെള്ള ബിസിനസിനെ ഗുണപാരമായും അല്ലാതെയും ബാധിക്കും. കുടിവെള്ള വില കുറക്കാൻ കച്ചവടക്കാർ തയ്യാറായില്ലെങ്കിൽ അവരുമായി ഏറ്റുമുട്ടേണ്ടിവരും. അത്തരമൊരവസ്ഥയിൽ സർക്കാരിന് സ്വന്തമായി സ്ഥാപനം വേണം.  ദിവസം 7, 200 ലിറ്റർ കുപ്പിവെള്ളം ഉൽപ്പാദിപ്പിക്കാൻ കഴിയുന്നതാണ് അരുവിക്കരയിലെ കുപ്പിവെള്ള പദ്ധതി. അര ലിറ്റർ മുതൽ, 20 ലിറ്റർ വരെയുള്ള  കുപ്പികളിലാണ് വിതരണം ഉദ്ദേശിക്കുന്നത്. കുപ്പിവെള്ള വില നിയന്ത്രണത്തിന് കർശന നിയമം, സർക്കാരിന് സ്വന്തമായി കുപ്പിവെള്ള നിർമ്മാണ കേന്ദ്രം ഇവയെല്ലാം ചേർന്ന് വരും നാളുകളിൽ കേരളത്തിന്റെ  കുപ്പിവെള്ള ബിസിനസ് രംഗം  സജീവവും സംഭവ ബഹുലവുമാകാനാണ് സാധ്യത.


 

Latest News