Monday , March   25, 2019
Monday , March   25, 2019

ജെയിംസ് ഹാഡ്‌ലി ചേയ്‌സിന്റെ പരിഭാഷകൻ

73 ചേയ്‌സ് നോവലുകൾ ഇതിനോടകം കെ.കെ ഭാസ്‌കരൻ വിവർത്തനം ചെയ്തു കഴിഞ്ഞു. 66-ഓളം നോവലുകൾ പുസ്തകമായി. എൻബിഎസ് മാത്രം 20 പുസ്തകങ്ങൾ പുറത്തിറക്കി. സി.ഐ.സി.സി ബുക്‌സ് 22 പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്. കൂടാതെ പൂർണയും മറ്റു പല പ്രസാധകരും ചേയ്‌സ് നോവലുകൾ പുസ്തകമാക്കുന്നുണ്ട്. പഴയ ചേയ്‌സ് നോവലുകളുടെ റീ പ്രിന്റുകളും ഇപ്പോൾ ധാരാളമായി ഇറങ്ങുന്നു. 

മുപ്പത്തേഴ് വർഷങ്ങൾക്ക് മുമ്പാണ്. അന്നേ വരെ ഒറ്റ ഇംഗ്ലീഷ് നോവലും വായിക്കാതിരുന്ന ഒരാൾ ഒരു ട്രെയിൻ യാത്രക്കിടെ അപ്പോൾ തോന്നിയ കൗതുകത്തിന് സഹയാത്രികന്റെ കൈയിൽ നിന്നും ഒരു ഇംഗ്ലീഷ് കുറ്റാന്വേഷണ നോവൽ വാങ്ങി വായിച്ചു നോക്കുന്നു. നോവലിന്റെ പേര് ജസ്റ്റ് അനദർ സക്കർ. നോവലിസ്റ്റ,് ഇംഗ്ലീഷ് കുറ്റാന്വേഷണ സാഹിത്യത്തിലെ മുടിചൂടാമന്നൻ ജെയിംസ് ഹാഡ്‌ലി ചേയ്‌സ്. വായനക്കാരന്റെ പേര്, ഭാസ്‌കരൻ. 
വായിച്ചു തുടങ്ങിയപ്പോൾ പുസ്തകം താഴെവെക്കാൻ ഭാസ്‌കരന് തോ ന്നിയില്ല. ഇഞ്ചോടിഞ്ച് സസ്‌പെൻസ് നിറഞ്ഞ ആ നോവൽ യാത്രക്കിടെ തന്നെ അദ്ദേഹം ഒരാവർത്തി വായിച്ചു തീർത്തു. പറഞ്ഞറിയിക്കാനാകാത്ത അ നുഭൂതിയാണ് ആ വായന അദ്ദേഹത്തിന് പകർന്നു നൽകിയത്. വായനക്കാരെ ശ്വാസമടക്കിപ്പിടിച്ചിരുത്തി വായിപ്പിക്കുന്ന അസാധാരണ മാന്ത്രിക ശക്തി കുറ്റാന്വേഷണ നോവലുകൾക്കുണ്ടെന്ന് അന്നാണ് അദ്ദേഹം തിരിച്ചറിയുന്ന ത്; പ്രത്യേകിച്ചും ചേസിന്റെ നോവലുകൾക്ക്.
യാത്ര കഴിഞ്ഞ് മടങ്ങും വഴി ചേസിന്റെ ആ നോവൽ പുസ്തക ശാലയിൽനിന്നും അദ്ദേഹം സ്വന്തമായി വാങ്ങി. വീട്ടിലെത്തിയ ഉടനെ വായനയും തുടങ്ങി. ഒരു തവണയല്ല, പലതവണ വായിച്ച് ഹരം കൊണ്ടു. ആവർത്തിച്ചുള്ള ആ വായനയുടെ ഏതോ മുഹൂർത്തത്തിലാണ് എന്തുകൊണ്ട് ഈ നോവൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിക്കൂടാ എന്നൊരു ചിന്ത തലയിലുദിച്ചത്. ഭാസ്‌കരന്റെ ജീവിതത്തെ തകിടം മറിച്ച ഒരാശയമായിരുന്നു അ ത്. 1980-ലാണ് ആ സംഭവം. അദ്ദേഹമന്ന് അഹമ്മദാബാദിലെ പ്രസിദ്ധമായ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈൻ(എൻഐഡി)എന്ന സ്ഥാപനത്തി ൽ ജോലി ചെയ്യുകയായിരുന്നു.
യാദൃച്ഛികമായി മനസ്സിലുദിച്ച ആ ആഗ്രഹം വളർന്ന് പന്തലിച്ച് മനസിനെ ഇളക്കി മറിക്കുന്ന ആവേശമായി മാറിയതോടെ നോവൽ വിവർത്തനം ചെയ്തു തുടങ്ങി. ഔദ്യോഗിക ജോലിത്തിരക്കിനിടയിൽ രണ്ടു മാസത്തോളമെടുത്താണ് പരിഭാഷ പൂർത്തിയാക്കിയത്. ആദ്യ എഴുത്ത് സംരംഭം ഗംഭീരമാക്കണം എന്ന വാശിയിൽ കൃതി പലതവണ തിരുത്തുകയും പകർത്തിയെഴുതുകയും ചെയ്തു. ''മറ്റൊരു നീരാളി'' എന്ന് നോവൽ പരിഭാഷയ്ക്ക് പേരും നൽകി. പരിഭാഷകന്റെ നാമം കെ.കെ.ഭാസ്‌കരൻ പയ്യന്നൂർ എന്ന് കൈയെഴുത്തു പ്രതിയിൽ എഴുതി ചേർത്തു. പിന്നീട് ഈ പേര് ചേയ്‌സ് നോവലുകളുടെ ഏക മലയാള വിവർത്തകൻ എന്ന നിലയിൽ പ്രസിദ്ധമായി.
ഒരാവേശത്തിന് വിവർത്തനം പൂർത്തിയാക്കി കഴിഞ്ഞപ്പോഴാണ് ഏറ്റവും വലിയ വെല്ലുവിളി മുന്നിലെത്തി തുറിച്ചു നോക്കിയത്. ഇനി ഈ നോവ ൽ എന്തു ചെയ്യും? ആളുകൾ വായിക്കണമെങ്കിൽ ഒന്നുകിൽ ഏതെങ്കിലും വാരികയിൽ അച്ചടിച്ചു വരണം. അല്ലെങ്കിൽ പുസ്തകമായി ഇറക്കണം. എന്നാൽ വാരികക്കാരുമായോ പുസ്തക പ്രസാധകരുമായോ പരിചയമൊന്നുമില്ല. അന്ന് അറിയപ്പെടുന്ന പ്രസിദ്ധീകരണങ്ങളിലൊന്ന് കൊല്ലത്തു നിന്നും ഇറങ്ങുന്ന ജനയുഗം വാരികയാണ്. രണ്ടാമതൊന്നാലോചിച്ചില്ല, നോവൽ നേരെ അവർക്കയച്ചു കൊടുത്തു. പിന്നെ ദുസ്സഹമായ കാത്തിരിപ്പിന്റെ നാളുകളായിരുന്നു. മലയാളത്തിൽ ഒരു പുതിയ കുറ്റാന്വേഷണ നോവലിസ്റ്റിന്റെ പിറവി സ്വപ്‌നം കണ്ട് ദിവസങ്ങൾ തള്ളിനീക്കവെ ഒരു ദിവസം തപാലിൽ നോവൽ മടങ്ങി വന്നു; ജനയുഗത്തിന്റെ അന്നത്തെ പത്രാധിപർ തെങ്ങമം ബാലകൃഷ്ണന്റെ ഒരു ചെറുകുറിപ്പോടെ:-
'ഇത്തരം നോവലുകൾ മലയാളികൾ ഇഷ്ടപ്പെടാൻ യാതൊരു സാധ്യതയുമില്ലാത്തതിനാൽ കൈയെഴുത്തുപ്രതി തിരിച്ചയക്കുന്നു. സഹകരണത്തിന് നന്ദി.'
കത്ത് കിട്ടിയപ്പോൾ കടുത്ത നിരാശയാണ് ഭാസ്‌കരന് തോന്നിയത്. രണ്ടു മാസം കഷ്ടപ്പെട്ട് പരിഭാഷപ്പെടുത്തിയ നോവലിന്റെ ഗതി ഇതായിപ്പോയല്ലോ എന്നോർത്ത് സങ്കടപ്പെടുകയും ചെയ്തു. അപ്പോൾ തോന്നിയ ഒരു ബുദ്ധിമോശത്തിന് കൈയെഴുത്തുപ്രതി നേരെ കൊണ്ടുപോയി ജോലിസ്ഥലത്തെ ചവറ്റുകൊട്ടയിൽ തള്ളി. ഇനി ഈ പണിക്കില്ലെന്ന് മനസിൽ പലവ ട്ടം ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് എഴുത്തുകാരനാകാനു ള്ള സ്വപ്‌നം പാടെ ഉപേക്ഷിച്ച് അദ്ദേഹം ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളിൽ മുഴുകി. 
ഒരു ആറു മാസം കഴിഞ്ഞു കാണും. അപ്പോഴുണ്ട്, അപ്രതീക്ഷിതമായി ഒരു ദിവസം ജനയുഗത്തിൽ നിന്നും പത്രാധിപരുടെ കത്തു വരുന്നു-'ആ കുറ്റാന്വേഷണ നോവൽ മറ്റാർക്കും നൽകിയിട്ടില്ലെങ്കിൽ ഉടനെ അയച്ചു തരൂ, പ്രസിദ്ധീകരിക്കാം.'
അന്നു തോന്നിയ ആഹ്ലാദം ജീവിതത്തിൽ പിന്നീടൊരിക്കലും താൻ അ നുഭവിച്ചിട്ടില്ലെന്ന് ഭാസ്‌കരൻ തുറന്നു പറയുന്നു. എങ്ങനെ ആഹ്ലാദിക്കാതിരി ക്കും? തന്റെ നോവൽ പ്രസിദ്ധീകരിക്കാമെന്ന് മലയാളത്തിലെ പ്രമുഖമായ ഒ രു വാരികയുടെ പത്രാധിപർ ഉറപ്പു നൽകിയിരിക്കുന്നു. എഴുത്തുകാരനാവു ക എന്ന തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാൻ പോകുന്നു!
പക്ഷെ, അടുത്ത നിമിഷം മറ്റൊരു യാഥാർഥ്യം അദ്ദേഹത്തെ നടുക്കി. നോവലിന്റെ കൈയെഴുത്തു പ്രതി അന്നേ ജോലിസ്ഥലത്തെ ചവറ്റു കൊട്ടയിൽ തള്ളിയതാണ്. അത് വീണ്ടെടുക്കാൻ കഴിയാത്ത വിധം നഷ്ടപ്പെട്ടിരിക്കുന്നു! അതിന്റെ ഒരു കോപ്പി പോലും കൈയിലില്ല. ഇനിയെന്തു ചെയ്യും? ആ ലോചിച്ചിട്ട് ഒരു വഴിയും കണ്ടില്ല. അതുകൊണ്ടു തന്നെ നോവൽ വീണ്ടും പരിഭാഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങി. ഊണും ഉറക്കവും ഉപേക്ഷിച്ചായിരുന്നു വിവർത്തനം ചെയ്യാനിരുന്നത്. ആദ്യത്തെ പ്രാവശ്യം രണ്ടു മാസമെടു ത്ത് പൂർത്തിയാക്കിയ വിവർത്തനം ഇക്കുറി മൂന്നാഴ്ച കൊണ്ട് പണിതീർത്ത് ജനയുഗത്തിനയച്ചു. വളരെ പെട്ടെന്ന് വലിയ പ്രാധാന്യം നൽകി അവരത് പ്രസിദ്ധീകരിച്ചു തുടങ്ങുകയും ചെയ്തു.
ജനയുഗത്തിൽ നോവൽ പ്രസിദ്ധീകരിക്കുന്നതിന് മുമ്പു തന്നെ ചേയ്‌സുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ യൂറോപ്പിലെ പ്രസാധകരിൽനിന്നും മലയാള വിവർത്തനത്തിനുള്ള കോപ്പി റൈറ്റ് ഭാസ്‌കരൻ വാങ്ങിവച്ചിരുന്നു. നോവൽ പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെ വാരികയിൽ അതിനെ കുറിച്ച് വായനക്കാരുടെ ഭാഗത്തുനിന്നും നല്ല പ്രതികരണങ്ങളും വന്നു തുടങ്ങി. ഇംഗ്ലീഷ് സാഹിത്യ ലോകത്ത് ഏറെ പ്രശസ്തനായ ഒരു കുറ്റാന്വേഷണ നോവലിസ്റ്റ് തന്റെ പരിഭാഷയിലൂടെ മലയാളത്തിൽ അറിയപ്പെട്ട് തുടങ്ങിയത് ഭാസ്‌കരന് ഏറെ സന്തോഷം നൽകി. അപ്പൊഴേക്കും ചേയ്‌സിന്റെ മുഴുവൻ നോവലുകളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനുള്ള അവകാശം പ്രസാധകരിൽനിന്നും അദ്ദേഹം നേടിയെടുത്തിരുന്നു. 
ചേയ്‌സ് നോവലുകളുടെ വിവർത്തകൻ എന്ന നിലയിൽ തന്റെ കരിയറിൽ വലിയ ഉയർച്ച ഉണ്ടാക്കിയത് മനോരമ ആഴ്ചപ്പതിപ്പാണെന്ന് ഭാസ്‌കരൻ നന്ദിപൂർവം സ്മരിക്കുന്നു. പ്രസിദ്ധ സാഹിത്യകാരനായ ഉറൂബ് മനോരമ വാരികയുടെ പത്രാധിപരായിരുന്ന കാലം. ഒരിക്കൽ, ഒരു ചേയ്‌സ് നോവലിന്റെ പരിഭാഷയുമായി ഭാസ്‌കരൻ അദ്ദേഹത്തെ ചെന്നു കാണുന്നു. നോവൽ വായിച്ച് ഇഷ്ടപ്പെട്ട ഉറൂബ്, അത് വാരികയിൽ പ്രസിദ്ധീകരിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. അന്ന് വലിയ സന്തോഷത്തോടെയാണ് ഭാസ്‌കരൻ മനോരമയിൽനിന്നും മടങ്ങിയത്. പക്ഷെ, ഏറ്റവും നിർഭാഗ്യകരമായതാണ് പിന്നീട് സംഭവിച്ചത്. വൈകാതെ ഉറൂബ് അന്തരിച്ചു. അത് ഭാസ്‌കരന് വലിയൊരു ആഘാതമായി. തുടർന്ന് നോവൽ പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുക്കപ്പെടാതെ മടങ്ങിവരികയും ചെയ്തു.
പ്രമുഖ മലയാള നിരൂപകൻ കെ.എം.തരകൻ, മനോരമ വാരികയുടെ പത്രാധിപരായി ഇരിക്കുന്ന കാലത്ത് ഭാസ്‌കരൻ അതേ നോവലുമായി വീണ്ടും അവിടേക്ക് ചെന്നു. നോവൽ വായിച്ചു നോക്കിയ അദ്ദേഹം, ഇത്തരം ഒരു  നോവൽ പരിഭാഷ മലയാളി വായനക്കാർ ഇഷ്ടപ്പെടുമോ എന്ന സംശയമാണ് ആദ്യം ഉന്നയിച്ചത്. ആ നോവൽ പ്രസിദ്ധീകരിക്കാമെന്ന് ഉറൂബ് ഏറ്റ കാര്യം ഭാസ്‌കരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഏറെ നേരത്തെ ആ ലോചനക്ക് ശേഷം അർധമനസോടെ നോവൽ പ്രസിദ്ധീകരിക്കാമെന്ന് അദ്ദേഹം സമ്മതം മൂളി. 'ദി വൾച്ചർ ഈസ് എ പേഷ്യന്റ് ബേർഡ്' എന്ന ചേയ്‌സ് നോവൽ 'വിഷമോതിരം' എന്ന പേരിൽ അങ്ങനെയാണ് മനോരമ വാരികയിൽ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്.
നോവലിന്റെ ആറ് അധ്യായങ്ങൾ വന്നു കഴിഞ്ഞപ്പോൾ ഭാസ്‌കരൻ ഒരു ദിവസം തരകൻ സാറിനെ കാണാൻ മനോരമയിൽ ചെന്നു. കണ്ടപാടെ അങ്ങേയറ്റം കോപാകുലനായി അദ്ദേഹം ഭാസ്‌കരനോട് തട്ടിക്കയറി. വായനക്കാർ വിഷമോതിരം വായിക്കാൻ താൽപര്യം കാണിക്കുന്നില്ലെന്നും അതുകാരണം ആഴ്ചപ്പതിപ്പിന്റെ സർക്കുലേഷൻ തന്നെ ഇടിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 45 അധ്യായങ്ങൾ ഉള്ള നോവൽ പരീക്ഷണാർഥം ഇനിയൊരു ആറ് അധ്യായങ്ങൾ കൂടി നൽകി നോക്കുമെന്നും അതിനിടയിൽ തൽസ്ഥിതിക്ക് മാറ്റമില്ലെങ്കിൽ അതോടെ നോവലിന്റെ തുടർപ്രസിദ്ധീകരണം നിർത്തിവെക്കുമെന്നും അദ്ദേഹം തീർത്തു പറഞ്ഞു.
അക്ഷരാർഥത്തിൽ തകർന്ന മനസ്സുമായാണ് അപ്രാവശ്യം ഭാസ്‌കരൻ കോട്ടയത്തു നിന്നും അഹമ്മാദാബാദിൽ തിരിച്ചെത്തിയത്. പേടി കാരണം നാലഞ്ചു ലക്കം മനോരമ ആഴ്ചപ്പതിപ്പ് അദ്ദേഹം നോക്കിയതേയില്ല. എന്നാ ൽ ഭാഗ്യം അപ്പോഴേക്കും അദ്ദേഹത്തിന്റെ തുണക്കെത്തിയിരുന്നു. അതിനിടയിൽ നോവലിനെ കുറിച്ച് വായനക്കാരിൽ നിന്നും നല്ല അഭിപ്രായങ്ങൾ വ ന്നു തുടങ്ങി. 12 അധ്യായങ്ങൾ കൊണ്ട് നോവൽ നിർത്തേണ്ടി വന്നില്ല. ആ സംഭവം ഓർത്തു കൊണ്ട് ഭാസ്‌കരൻ ഇങ്ങനെ പറയുന്നു:-
'ആ നോവലിന്റെ പ്രസിദ്ധീകരണം അന്ന് മനോരമ നിർത്തിയിരുന്നെങ്കിൽ ഒരു പക്ഷെ, ചേയ്‌സ് നോവലുകളുടെ പരിഭാഷ ഞാൻ അതോടെ അവസാനിപ്പിക്കുമായിരുന്നു.'
വിഷമോതിരം 26 അധ്യായങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ ഉള്ള ധൈര്യമെല്ലാം സംഭരിച്ച് ഭാസ്‌കരൻ ഒരിക്കൽ കൂടി തരകൻ സാറിനെ കാ ണാൻ മനോരമയിൽ ചെന്നു. ഇപ്രാവശ്യം ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. കഴിഞ്ഞ തവണ ചെന്നപ്പോൾ മോശമായി പെരുമാറിയതിന് അദ്ദേഹം  ക്ഷമാപണം നടത്തി. ആഴ്ചപ്പതിപ്പിന്റെ സർക്കുലേഷൻ ഇപ്പോൾ വർധിച്ചിട്ടുണ്ടെന്നും വായനക്കാർക്ക് നോവൽ നന്നായി ഇഷ്ടപ്പെടുന്നുണ്ടെന്നും അതിനാൽ നോവൽ മുഴുവനായും പ്രസിദ്ധീകരിക്കുമെന്നും തരകൻ സാർ അദ്ദേഹത്തിന് ഉറപ്പു നൽകി. അതോടെ കഴിഞ്ഞ തവണ വന്നപ്പോൾ അനുഭവിച്ച എ ല്ലാ മാനസിക പ്രയാസങ്ങളും ഭാസ്‌കരൻ മറന്നു.


നന്ദി പറഞ്ഞ് പിരിയാൻ നേരം അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് തരകൻ സാർ പറഞ്ഞു:-
'ഭാസ്‌കരൻ ഉടനെ എനിക്ക് ഒരു ചേയ്‌സ് നോവൽ കൂടി വിവർത്തനം ചെയ്തു തരണം. വിഷമോതിരം കഴിഞ്ഞ ഉടനെ പ്രസിദ്ധീകരിക്കാനാണ്.'
'ഹോട്ടൽ ഹോംസ്റ്റഡിൽ അദ്ദേഹം ഭാസ്‌കരന് ഒരു മുറി ഏർപ്പാടാക്കി. വൺ ബ്രൈറ്റ് സമ്മർ മോണിങ്' എന്ന നോവൽ അദ്ദേഹം പരിഭാഷക്കായി തെരഞ്ഞെടുത്തു. 'ഭീതിയുടെ തടവറ' എന്ന് പേര് നൽകി 10 അധ്യായങ്ങൾ പരിഭാഷപ്പെടുത്തി തരകൻ സാറിനെ ഏൽപ്പിച്ച ശേഷമാണ് അപ്രാവശ്യം ഭാസ്‌കരൻ അഹമ്മദാബാദിലേക്ക് മടങ്ങി എത്തിയത്. ബാക്കി അവിടെ നിന്നും പരിഭാഷപ്പെടുത്തി മനോരമയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു. വിഷമോതിരം കഴിഞ്ഞ് പിറ്റേ ആഴ്ച മുതൽ ആ നോവലിന്റെ പ്രസിദ്ധീകരണം തുടങ്ങി.
മനോരമ ആഴ്ചപ്പതിപ്പിൽ വിഷമോതിരം വന്നു തുടങ്ങിയതോടെയാണ് കെ.കെ. ഭാസ്‌കരൻ പയ്യന്നൂർ എന്ന നാമം മലയാളികൾ കാര്യമായി തിരിച്ചറി ഞ്ഞു തുടങ്ങിയത്. അതോടെ മനോരാജ്യം, ദീപിക, മനഃശബ്ദം, ജനനി, പ ശ്ചിമതാരക തുടങ്ങി ജനപ്രിയ വാരികകളെല്ലാം ചേസ് നോവലുകളുടെ പരിഭാഷ ആവശ്യപ്പെട്ടു തുടങ്ങി. നിന്നു തിരിയാൻ കഴിയാത്ത വണ്ണം തിരക്കിന്റെ നാളുകളായിരുന്നു പിന്നീടദ്ദേഹത്തിന്.
അക്കാലത്താണ് നോവൽ പുസ്തകമാക്കണമെന്ന മോഹം ഭാസ്‌കരനുണ്ടായത്. 1984 ലാണത്. ആദ്യപടിയായി കോട്ടയത്ത് ചെന്ന് ഡി സി കിഴക്കേമുറിയെ കണ്ടു. ചേയ്‌സ് നോവലുകളുടെ വിവർത്തനം മലയാളികൾക്ക് ദഹിക്കാൻ വഴിയില്ലെന്നും അതിനാൽ അവ പുസ്തകമാക്കാൻ പറ്റില്ലെന്നും അദ്ദേ ഹം ഉറപ്പിച്ചു പറഞ്ഞു. നിരാശയോടെ എഴുന്നേറ്റ് യാത്ര പറഞ്ഞ് പിരിഞ്ഞ ഭാസ്‌കരനെ തിരിച്ചു വിളിച്ച് അദ്ദേഹം പറഞ്ഞു:-
'ഒരു കാര്യം ചെയ്യാം. താങ്കളുടെ ഒരു പുസ്തകം ഞാൻ പ്രസിദ്ധീകരിക്കാം. ഒരേ ഒരു പുസ്തകം മാത്രം.'
ആദ്യത്തെ നിരാശമാറി, സന്തോഷത്തോടെ അഹമ്മദാബാദിൽ തിരിച്ചെത്തിയ ഭാസ്‌കരൻ താമസിയാതെ ഒരു ചേയ്‌സ് നോവൽ വിവർത്തനം ചെ യ്തു തുടങ്ങി. 'ഹോങ്കോങ്ങിൽ നിന്നൊരു ശവപ്പെട്ടി' എന്നു പേര് നൽകിയ ആ നോവൽ പരിഭാഷ പൂർത്തിയായ ഉടനെ അദ്ദേഹം ഡി സിക്ക് അയച്ചു കൊടുത്തു. കാലതാമസമില്ലാതെ അത് പുസ്തകമായി പുറത്തിറങ്ങുകയും ചെയ്തു. അതുകഴിഞ്ഞ് ദിവസങ്ങൾ ഏറെ കഴിയുന്നതിന് മുമ്പ് ഭാസ്‌കരനെ അമ്പരപ്പിച്ചു കൊണ്ട് ഡി സി കിഴക്കേമുറിയുടെ ഒരു കത്തു വന്നു.
'ഞങ്ങളുടെ കൈരളീ മുദ്രാലയം താങ്കളുടെ 12 ചേയ്‌സ് നോവലുകളുടെ പരിഭാഷ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നു. അതായത് മാസം 2 പുസ്തകങ്ങൾ വീതം 6 മാസങ്ങൾ കൊണ്ട് 12 പുസ്തകങ്ങൾ. അത് വളരെ പെട്ടെന്ന് വേണം. മറുപടി ഉടനെ അറിയിക്കുക.'
കത്ത് വായിച്ച് അമ്പരന്ന് കണ്ണുതള്ളി ഇരുന്നു പോയി, ഭാസ്‌കരൻ. ഇതെന്ത് കഥ? ഒറ്റ നോവൽ മാത്രം പ്രസിദ്ധീകരിക്കാം എന്ന് മനമില്ലാമനസോടെ പറഞ്ഞ ആളാണ് ഇപ്പോൾ 12 പുസ്തകങ്ങൾ ചെയ്യാം എന്നു പറയുന്നത്. അമ്പരപ്പിന്റെ നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഉടനെ അദ്ദേഹം ഡി സി ക്കെഴുതി-തയ്യാർ! കുറച്ചു കാലത്തേക്ക് ജോലിയിൽ നിന്നും അവധി എടുക്കുകയാണ് ആദ്യം ചെയ്തത്. പിന്നെ അരയും തലയും മുറുക്കി പരിഭാഷ തുടങ്ങി. ഓ രോ പുസ്തകവും വിവർത്തനം പൂർത്തിയാകുന്ന മുറയ്ക്ക് ഡി സിക്ക് അയച്ചു കൊടുത്തു. കിട്ടുമ്പോൾ തന്നെ ചൂടപ്പം പോലെ അദ്ദേഹം അവ അച്ചടിച്ച് പുറത്തിറക്കുകയും ചെയ്തു. 6 മാസങ്ങൾ കൊണ്ട് 12 പുസ്തകങ്ങൾ തീർ ത്തു നൽകി. അതു കഴിഞ്ഞ ഉടനെ 6 പുസ്തകങ്ങൾ കൂടി വിവർത്തനം ചെ യ്യാൻ ഡി സി ആവശ്യപ്പെട്ടു. പിന്നീടൊരു 3 പുസ്തകങ്ങളും വിവർത്തനം ചെയ്തു നൽകി. അങ്ങനെ മൊത്തം 21 പുസ്തകങ്ങൾ. അതിനെ കുറിച്ച് ഭാസ്‌കരിന്റെ വിശദീകരണം ഇങ്ങനെ:-
'അത്ഭുതമെന്താണെന്നു വച്ചാൽ ചേയ്‌സ് നോവലുകളുടെ പരിഭാഷ മലയാളിക്ക് ദഹിക്കില്ലെന്ന് ആദ്യം അറുത്തു മുറിച്ചു പറഞ്ഞ ഡി സി സാറാണ് എന്റെ 21 നോവലുകൾ തുടരെ പ്രസിദ്ധീകരിച്ചത്. ഒരെഴുത്തുകാരൻ എന്ന നിലയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ എനിക്കതു നൽകിയ കരുത്ത് ചില്ലറയല്ല.' 
73 ചേയ്‌സ് നോവലുകൾ ഇതിനോടകം ഭാസ്‌കരൻ വിവർത്തനം ചെയ്തു കഴിഞ്ഞു. 66-ഓളം നോവലുകൾ പുസ്തകമായി. എൻബിഎസ് മാത്രം 20 പുസ്തകങ്ങൾ പുറത്തിറക്കി. സി. ഐ. സി. സി ബുക്‌സ് 22 പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്. കൂടാതെ പൂർണയും മറ്റു പല പ്രസാധകരും ചേയ്‌സ് നോവലുകൾ പുസ്തകമാക്കുന്നുണ്ട്. പഴയ ചേയ്‌സ് നോവലുകളുടെ റീ പ്രിന്റുകളും ഇപ്പോൾ ധാരാളമായി ഇറങ്ങുന്നു. ചില നോവലുകളുടെ 10-ാമത് പതിപ്പാണ് ഈ വർഷം പുറത്തിറങ്ങുന്നത്. അതൊക്കെ കാണിക്കുന്നത് ചേയ്‌സ് നോവലുകൾക്ക് ഇന്നും മലയാളികൾക്കിടയിൽ ഡിമാന്റ് കുറഞ്ഞിട്ടില്ലെന്നാണ്. ഈ വസ്തുതകൾ നിരത്തി, വായന മരിക്കുന്നു എന്ന മുറവിളി നിരർഥകമാണെന്ന് ആവേശപൂർവം സമർഥിക്കുകയാണ് കെ.കെ.ഭാസ്‌കരൻ പയ്യന്നൂർ എന്ന എഴുത്തുകാരൻ. 

Latest News