Monday , March   25, 2019
Monday , March   25, 2019

എന്നും കർണാടക തെരഞ്ഞെടുപ്പായിരുന്നെങ്കിൽ...

ഇന്ത്യൻ ജനത ആശ്വാസത്തിന്റെ നാളുകളിലൂടെയാണ് കടന്നു പോയത്. നിത്യേന എണ്ണ കമ്പനികൾ ഇന്ധന വില കൂട്ടിയതിന്റെ ദുരിതമില്ലാത്ത ഏതാനും ദിവസങ്ങൾ. ഏപ്രിൽ 27 മുതൽ എണ്ണ വില കൂടിയിട്ടില്ലെന്ന് മാതൃഭൂമി ന്യൂസ് കണക്കുകൾ സഹിതം റിപ്പോർട്ട് ചെയ്തു. കർണാടക തെരഞ്ഞെടുപ്പാണ് ഇതിന് നിമിത്തമായത്. എന്നാൽ അടുത്ത ദിവസം ലിറ്ററിന് രണ്ട് രൂപ വരെ വില കൂട്ടാൻ സാധ്യതയുണ്ടെന്ന് വെള്ളിയാഴ്ച പ്രഭാത വാർത്തയിൽ റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് മുമ്പ് ഗുജറാത്ത് വോട്ടെടുപ്പ് വേളയിലും ഇത് പോലെയായിരുന്നു. അതായത് കേന്ദ്രൻ മനസ്സ് വെച്ചാൽ ഏത് എണ്ണ കമ്പനിക്കാരനേയും നിലയ്ക്ക് നിർത്താമെന്നർഥം. കർണാടകയെന്ന പരീക്ഷ പാസായി കിട്ടാൻ എന്തെല്ലാം അഭ്യാസങ്ങളാണ് പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. പല സർവേ ഫലങ്ങളും കോൺഗ്രസിന് അനുകൂലമായിരുന്നു. എന്നാലിരിക്കട്ടെ, ഏറ്റവും ക്രെഡിബിലിറ്റിയുള്ള വാർത്താ മാധ്യമങ്ങളിലൊന്നായ ബിബിസിയുടെ സർവേ നമുക്ക് അനുകൂലമെന്ന് ബി.ജെ.പി തീരുമാനിച്ചു.  അത് പക്ഷേ, തിരിച്ചടിയായി. കർണാടകയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ബിബിസി സർവേ റിപ്പോർട്ട് പുറത്തു വിട്ടുവെന്ന ബിജെപിയുടെ പ്രചാരണത്തിനെതിരെ ബിബിസി തന്നെ രംഗത്തെത്തി. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി 135 സീറ്റുകൾ നേടുമെന്നും 45 സീറ്റുകൾ സ്വന്തമാക്കുന്ന ജനതാദളിന് താഴെ കോൺഗ്രസ് വെറും 35 സീറ്റിലൊതുങ്ങുമെന്നുമായിരുന്നു സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ഇന്ത്യയിൽ തെരഞ്ഞെടുപ്പിന് മുമ്പ് ബിബിസി സർവേകൾ നടത്താറില്ലെന്നും കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സർവേ വ്യാജമാണെന്നും ബിബിസി ട്വീറ്റ് ചെയ്തു. ജനതാ കീ ബാത് സർവേ കർണാടകയിൽ ബിജെപിക്ക് മികച്ച വിജയം പ്രവചിക്കുന്നു എന്ന തലക്കെട്ടോടെയാണ് ഇത് പ്രചരിപ്പിച്ചത്. 10.2 ലക്ഷം വോട്ടർമാരിലാണ് സർവേ നടത്തിയതെന്നും അവകാശപ്പെട്ടിരുന്നു. 
*** *** ***
ഭഗത് സിംഗിനെക്കുറിച്ച് പ്രധാനമന്ത്രി മോഡി കർണാടകയിൽ പ്രസംഗിച്ചു.  തൂക്കുമരം കാത്ത് തടവറയിൽ കിടന്ന  ഭഗത് സിംഗിനെ ജവാഹർലാൽ നെഹ്‌റു   സന്ദർശിച്ചില്ലത്രേ.  ഗൂഗിളിലൊന്ന് സർച്ച് ചെയ്താൽ ആർക്കും മനസ്സിലാക്കാവുന്ന കാര്യം. ജയിലിൽ തടവുകാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഭഗത് സിംഗും ഭുവനേശ്വർ ദത്തുമടക്കമുള്ളവർ നിരാഹാര സമരം ആരംഭിച്ചപ്പോൾ നെഹ്‌റു അവരെ ജയിലിൽ സന്ദർശിച്ചിരുന്നു. 1929 ഓഗസ്റ്റ് എട്ടിന്. ആ അനുഭവം ആത്മകഥയിൽ അദ്ദേഹം വിശദമായി വിവരിക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രത്തെ രാഷ്ട്രീയത്തിനു വേണ്ടി ദുരുപയോഗം ചെയ്യുന്നതിനു മുമ്പ് പോയി ചരിത്ര പുസ്തകം വായിക്കൂ എന്നാണ് ഭഗത് സിംഗിന്റെ ജീവചരിത്രമെഴുതിയ ചരിത്രകാരൻ ഇർഫാൻ ഹബീബ് ട്വിറ്ററിൽ പ്രതികരിച്ചത്. 
ജനറൽ കരിയപ്പയെക്കുറിച്ചും ജനറൽ തിമ്മയ്യയെക്കുറിച്ചും വിഡ്ഢിത്തരങ്ങളാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പു യോഗങ്ങളിൽ തട്ടിവിട്ടത്. കർണാടകയുടെ പുത്രന്മാരായിരുന്നു പ്രഗത്ഭരായ ഈ സൈനിക മേധാവിമാർ.  അവരെ ജവഹർലാൽ നെഹ്‌റു അവഹേളിച്ചു എന്നു പ്രചരിപ്പിച്ചാൽ പ്രാദേശിക വികാരമിളകി പത്ത് വോട്ടു കിട്ടുമോ എന്നാണ് മോഡിയുടെ ചിന്ത. 1948 ൽ പാക്കിസ്ഥാനുമായി യുദ്ധം ജയിപ്പിച്ചത് ജനറൽ തിമ്മയ്യയുടെ നേതൃത്വത്തിലായിരുന്നുവെന്നും അതിനു ശേഷം അദ്ദേഹത്തെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവും പ്രതിരോധ മന്ത്രിയായിരുന്ന കൃഷ്ണമേനോനും തുടർച്ചയായി അവഹേളിച്ചുവെന്നും അപമാനിതനായ ജനറൽ തിമ്മയ്യയ്ക്ക് രാജിവെയ്‌ക്കേണ്ടി വന്നു എന്നുമൊക്കെയാണ് ഒരു പൊതുയോഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞത്. ജനറൽ തിമ്മയ്യ കരസേനാ മേധാവിയായത് 1957 ൽ. 1961 വരെ ആ പദവിയിൽ തുടർന്നു. ഈ ഉദ്യോഗസ്ഥൻ 1948 ൽ രാജിവെച്ചുപോയി എന്നു പ്രഖ്യാപിക്കുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് ഓർക്കുക.  1948 ലെ യുദ്ധാനന്തരം അദ്ദേഹത്തെ ഐക്യരാഷ്ട്ര സഭയുടെ കൊറിയയിലെ പുനരധിവാസ കമ്മീഷന്റെ ചെയർമാനായി നിയോഗിക്കുകയാണ് അന്നത്തെ സർക്കാർ ചെയ്തത്. ഈ വിധത്തിലാണ് രാജ്യം ജനറൽ തിമ്മയ്യയെ ആദരിച്ചത്. അതൊക്കെ ഔദ്യോഗിക ചരിത്ര രേഖയാണ്. 1962 ലെ ചൈനാ യുദ്ധത്തിന് നേതൃത്വം നൽകിയ ജനറൽ കരിയപ്പയെയും ജവാഹർ ലാൽ നെഹ്‌റു അവഹേളിച്ചത്രേ. 1953 ൽ സർവീസിൽ നിന്ന് വിരമിച്ച ജനറൽ കരിയപ്പയെക്കുറിച്ചാണിത് പറയുന്നത്. തെരഞ്ഞെടുപ്പ് റാലികൾ കർണാടകയെ ഇളക്കി മറിക്കുന്നതിനിടയ്ക്കാണ് വ്യാഴാഴ്ച രാത്രി മനോരമ ന്യൂസിൽ ഷാനി വിഷയം  ചർച്ച ചെയ്തത്. 
'വീർ ഷഹീദ് ഭഗത് സിംഗ് ജബ് ജേൽ മേ ഥേ, മുഖദ്മാ ചൽ രഹാ ഥാ, ക്യാ കോയി കോൺഗ്രസി പരിവാർ കാ വ്യക്തി ഷഹീദ് വീർ ഭഗത് സിംഗ് കോ മിൽനേ ഗയാ ഥാ?' (വീര രക്തസാക്ഷി ഭഗത് സിംഗ് ജയിലിൽ ആയിരുന്നപ്പോൾ കോൺഗ്രസിൽ നിന്ന് ആരെങ്കിലും അദ്ദേഹത്തെ സന്ദർശിച്ചിരുന്നോ?) എന്നാണ് കർണാടകയിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ മോഡി പറഞ്ഞത്. എന്നാൽ മനോരമ ന്യൂസ് ചാനലിന്റെ ചർച്ചയിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പരിഭാഷപ്പെടുത്തിയത് ഭഗത് സിംഗ് തൂക്കിലേറ്റപ്പെട്ട ശേഷം കോൺഗ്രസുകാർ ആരെങ്കിലും അദ്ദേഹത്തെ കാണാൻ പോയിരുന്നോ എന്നാണ്. ശോഭ സുരേന്ദ്രൻ പറഞ്ഞ ഈ വിഡ്ഢിത്തം കേട്ട് ചർച്ചാ പാനലിൽ ഉണ്ടായിരുന്ന സിപിഐ നേതാവ് ആനി രാജയും മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണനും കോൺഗ്രസ് എംപി ആന്റോ ആന്റണിയും ചിരിക്കുന്നത് കാണാമായിരുന്നു. ഇത്തരത്തിൽ അപഹാസ്യമായി സംസാരിക്കുകയാണ് എങ്കിൽ ചർച്ച തുടരാൻ കഴിയില്ലെന്നും ഇത് അവസാനിപ്പിക്കുകയാണ് എന്നും പറഞ്ഞ് അവസാനം ഷാനി ചർച്ച നിർത്തി. ഷഹീദ് എന്ന വാക്കിന്റെ  അർഥം അറിയില്ലെങ്കിൽ, ഹിന്ദി അറിയില്ലെങ്കിൽ അത് പഠിച്ചിട്ട് വേണം പ്രധാനമന്ത്രിയുടെ പ്രസംഗം ചർച്ച ചെയ്യാൻ എന്നൊരു ഉപദേശവും ശോഭ സുരേന്ദ്രൻ ഷാനിക്ക് നൽകി.
*** *** ***
ദൽഹിയിൽ ദേശീയ ചലച്ചിത്ര അവാർഡ് വിതരണം അലങ്കോലപ്പെട്ട വാരമാണ് പിന്നിട്ടത്. മലയാളത്തിന്റെ അഭിമാനമായ താരങ്ങൾ പുരസ്‌കാരം തിരസ്‌കരിച്ചത് വിവാദമായി. സ്വാഭാവികമായും ടെലിവിഷൻ ചാനലുകളിൽ ഇത് സംവാദ വിഷയവുമായി. റിപ്പോർട്ടർ ടി.വിയിൽ 'വിവേചനം ആരുടെ അജണ്ട' എന്ന എഡിറ്റേഴ്‌സ് അവറിനിടെ ഭീഷണിയുമായി പാനലിസ്റ്റ് രംഗത്തു വന്നപ്പോൾ  അവതാരകന് രൂക്ഷമായി പ്രതികരിക്കേണ്ടി വന്നു. ചാനൽ ചർച്ചയ്ക്കിടെ ഭീഷണിപ്പെടുത്തിയ ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന് റിപ്പോർട്ടർ ചാനലിലെ  അഭിലാഷ് കടുത്ത ഭാഷയിൽ മറുപടി നൽകി. ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച ഫഹദ് ഫാസിലിനും സംവിധായകൻ അനീസ് മാപ്പിളക്കുമെതിരെ സംഘപരിവാർ നടത്തുന്ന സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ ചാനൽ ചർച്ചയ്ക്കിടെയായിരുന്നു സംഭവം. ഫഹദ് ഫാസിൽ അഭിനയിക്കുന്ന സിനിമ കാണില്ലെന്ന് പറഞ്ഞ നിങ്ങൾ അവാർഡ് ബഹിഷ്‌കരിച്ച ഭാഗ്യലക്ഷ്മിയുടെ കാര്യത്തിലും വി സി അഭിലാഷിന്റെ കാര്യത്തിലും ഈ നിലപാട് സ്വീകരിക്കുന്നില്ല. ഇതിനു പിന്നിൽ സങ്കുചിത മനോഭാവമല്ലേ  എന്നായിരുന്നു അവതാരകനായ അഭിലാഷിന്റെ ചോദ്യം. ഈ ചോദ്യത്തിന് കടുത്ത ഭാഷയിലാണ് ബി ഗോപാലകൃഷ്ണൻ മറുപടി നൽകിയത്. അഭിലാഷ് നിങ്ങളൊരു മാന്യനാണെന്നുള്ളതുകൊണ്ടാണ് ഞാൻ ഇതുവരെ മാന്യമായ ഭാഷയിൽ സംസാരിച്ചത്. നിങ്ങളുടെ ഈ ചോദ്യത്തിന് ഞാൻ അമാന്യമായ ഭാഷയിൽ മറുപടി പറയണം. അത് എന്നെക്കൊണ്ട് പറയിപ്പിക്കരുത്. അത് പറയുന്ന ആളാണ് ഞാൻ എന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞപ്പോൾ, ഭീഷണിയൊന്നും വേണ്ട, ചോദിച്ച ചോദ്യത്തിനുള്ള മറുപടി മാത്രം മതിയെന്നും! അങ്ങനെ ഭീഷണിപ്പെടുത്തിയാൽ പേടിക്കുന്നയാളൊന്നുമല്ല ഇവിടെ, ഈ അവാർഡ് നിരസിച്ചവരെയൊക്കെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും അവാർഡ് നിരസിച്ചവരെയായാലും ഭീഷണിപ്പെടുത്തേണ്ടതില്ലെന്ന് അവതാരകൻ തിരിച്ചടിച്ചു. കേരളം അഭിലാഷിനെ പോലെയുള്ള കുറച്ചാളുകളുടെ തറവാട്ടു സ്വത്തല്ലെന്ന് പ്രതികരിച്ച ബി ഗോപാലകൃഷ്ണനോട്, ബി ജെ പിക്കാരുടെ ഭീഷണിക്ക് മുമ്പിൽ ആലില പോലെ വിറച്ചുപോകുന്നവരൊന്നുമല്ല ഇവിടെയുള്ളതെന്നും അഭിലാഷ് പറഞ്ഞു. ദേശീയ പുരസ്‌കാരം നിരസിച്ചതിനു പിന്നാലെ ഫഹദ് ഫാസിലിനേയും സിനിമാ പ്രവർത്തകനായ അനീസ് മാപ്പിളയേയും ലക്ഷ്യം വെച്ച് സംഘപരിവാർ സൈബർ ആക്രമണം നടത്തിയിരുന്നു. 
*** *** ***
കർണാടക തെരഞ്ഞെടുപ്പ് കാമ്പയിനിടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഗോസിപ്പിൽ മുങ്ങി. രാഹുലും റായ്ബറേലി എംഎൽഎയും വിവാഹിതരാവാൻ പോകുന്നുവെന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചത്. അമേരിക്കയിലെ ഡ്യൂക്ക് സർവ്വകലാശാലയിൽ നിന്ന് അദിതി സിംഗ് എംബിഎ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയിട്ടുണ്ട്.  ആദ്യത്തെ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്ന് 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അഞ്ച് തവണ റായ്ബറേലി എംഎൽഎയായ പിതാവ് അഖിലേഷിൽ നിന്ന് ബാറ്റൺ ഏറ്റുവാങ്ങുന്നതിന് വേണ്ടിയാണ് അവർ  ഇന്ത്യയിലെത്തിയത്. പ്രിയങ്ക ഗാന്ധിയുടെ അടുത്ത സഹായിമാരിൽ ഒരാൾ കൂടിയാണ് 29 കാരിയായ അദിതി സിംഗ്. മലയാളത്തിൽ ഏഷ്യാനെറ്റും കൈരളിയും ഗോസിപ്പ് വാർത്ത  ഏറ്റുപിടിക്കുകയും ചെയ്തു. വാർത്തകൾ വ്യാപകമായതോടെ സത്യം വെളിപ്പെടുത്തി അദിതി തന്നെയാണ് ആദ്യം രംഗത്തെത്തിയത്.  രാഹുൽ ഗാന്ധി തനിക്ക് രാഖി സഹോദരനാണെന്നും ജ്യേഷ്ഠ സഹോദരനെ പോലെയാണെന്നും തങ്ങൾ തമ്മിലുള്ള ബന്ധം തെറ്റിദ്ധരിക്കപ്പെടരുതെന്നും അദിതി പറഞ്ഞു.  ന്യൂസ് 18 ചാനലിനോടാണ് അദിതി വിവാഹ വാർത്ത നിഷേധിച്ചത്. മുംബൈയിലെ ഒരു ചാനൽ ലേഖകൻ ഫ്രീക്കത്തികളോട് രാഹുലിനെ കല്യാണം  കഴിക്കുമോ എന്ന് ചോദിക്കുന്ന ദൃശ്യവും കൈരളിയിലെ കോക്ക് ടെയ്ൽ പരിപാടിയിൽ കണ്ടു. കോളേജ് കുമാരിമാരെല്ലാം നോ എന്ന് ഉത്തരം പറഞ്ഞത് കണ്ട് രസിച്ചാവും ഇത് ടെലികാസ്റ്റ് ചെയ്തത്. കൂട്ടത്തിൽ ഒരു പെൺകുട്ടി മൈക്കുമായി വന്ന വിദ്വാനോട് നിനക്കൊന്നും വേറെ പണിയില്ലേയെന്നും അന്വേഷിക്കുന്നത് കണ്ടു. 
*** *** ***
കൈരളിയിലെ കോക്ക് ടെയ്ൽ ചില എപ്പിസോഡുകൾ ഒന്നാന്തരമാവുന്നു. കഴിഞ്ഞ വാരത്തിൽ ഒരു നാൾ മാപ്പിള പാട്ടുകളെ കീറി മുറിച്ചുള്ള ഭാഗം തകർത്തു. രണ്ടാൾ സംസാരിക്കുന്നത് അതേ പടി പാട്ടും ആൽബവുമായി മാറുന്ന വിദ്യയെയാണ് സർജറി ചെയ്ത് കൊലവിളി നടത്തിയത്. അല്ലെങ്കിലും ഖൽബാണ് ഫാത്തിമയ്ക്ക് ശേഷം നല്ല ഹിറ്റൊന്നും ഈ ശാഖയിൽ നിന്ന് വരുന്നില്ലല്ലോ. അഡാർ ലൗവിന് വേണ്ടി നാൽപത് വർഷം മുമ്പ് അബ്ദുൽ ജബ്ബാർ കരൂപ്പടന്ന എഴുതിയ മാണിക്യമലരായ പൂവി മാത്രമല്ലേ വൈറലായുള്ളൂ. 
*** *** ***
മമ്മൂട്ടി നായകനായി അഭിനയിച്ച അങ്കിളിനെ രക്ഷപ്പെടുത്താൻ തിരക്കഥാ കൃത്ത് ജോയ് മാത്യു വല്ലാതെ വിയർക്കുന്നുണ്ട്. റിപ്പോർട്ടറിലെ മീറ്റ് ദ എഡിറ്റേഴ്‌സിൽ പങ്കെടുത്ത് ഈ സിനിമയുടെ കുറെ കാര്യങ്ങൾ പ്രതിപാദിച്ചു. 
കേരളത്തിലെ ഒരു സ്ത്രീ ആപൽഘട്ടത്തിൽ വിജയേട്ടനെ വിളിക്കും എന്ന് പറയുന്ന സ്ഥിതിയുണ്ട്. ഇത് നല്ല കാര്യമാണ്. പിണറായി വിജയനെ പോലൊരു മുഖ്യമന്ത്രിയെ ഏത് വീട്ടമ്മയ്ക്കും വിളിക്കാവുന്ന അവസ്ഥയുണ്ടെന്നത് നേട്ടമാണെന്ന് അദ്ദേഹം ടി.വി അഭിമുഖത്തിൽ പറയുന്നു. എല്ലാവരും മൊബൈൽ ഫോണിൽ മുഖ്യമന്ത്രിയെ വിളിക്കാൻ തുടങ്ങിയാൽ.
 

Latest News