Monday , March   25, 2019
Monday , March   25, 2019

ഇന്തോനേഷ്യയില്‍ ചര്‍ച്ചുകള്‍ക്കു  നേരെ ആക്രമണം; ആറു മരണം

സുരബായ- ഇന്തോനേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ സുരബായയില്‍ മൂന്നിടത്ത് ചര്‍ച്ചുകള്‍ക്കു സമീപം ഉണ്ടായ സ്ഫോടനങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ചാവേറുകളാണ് സ്േഫാടനം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് സ്ഫോടന പരമ്പര ഉണ്ടായത്. 35 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ഐ.എസ് ബന്ധമുള്ള ഭീകരസംഘടനയായ ജെമാ അന്‍സാറുദൗലയാണെന്ന് സംശയിക്കുന്നതായി ഇന്റലിജന്‍സ് ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ജക്കാര്‍ത്തയിലെ അതീവ സുര്ക്ഷാ ജയിലിലുണ്ടായ ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തിനു തൊട്ടുപിറകെയാണ് സ്ഫോടന പരമ്പര. ഒരു തടവുകാരനും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നെങ്കിലും പോലീസ് ഇതു തള്ളിയിരുന്നു.