Monday , September   24, 2018
Monday , September   24, 2018

യുഎഇയില്‍ പൊടിക്കാറ്റ് തുടരുന്നു; കടല്‍ക്ഷോഭത്തിനും സാധ്യത

ദുബായ്- അന്തരീക്ഷം പൊടിപടലങ്ങളില്‍ മുങ്ങി ഞായറാഴ്ചയും യുഎഇയില്‍ മങ്ങിയ കാലാവസ്ഥ. പൊതുവെ പൊടിക്കാറ്റും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയാണ് തുടരുന്നത്. ദുബായ്, ഷാര്‍ജ, ഫുജൈറ എന്നിവടങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റടിക്കുമെന്ന മുന്നറിയിപ്പുണ്ട്. 
വടക്ക്-വടക്കു പടിഞ്ഞാറന്‍ കാറ്റു വീശുന്ന ശമ്മല്‍ സീസണ്‍ ആണ് ഈ കാലാവസ്ഥയ്ക്കു കാരണമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്ററോളജി അറിയിച്ചു. ഈ സീസണില്‍ രാജ്യത്തെ എല്ലാ മേഖലയിലും ശക്തമായ പൊടിക്കാറ്റും കടല്‍ ക്ഷോഭവുമുണ്ടാകും. സൗദി അറേബ്യയില്‍ നിന്നാണ് ശമ്മല്‍ സീസണ്‍ യുഎഇയിലെത്തുന്നത്. പല ഘടകങ്ങള്‍ കൊണ്ടും ഇത് എത്ര ദിവസം വരെ നീണ്ടു നില്‍ക്കുമെന്ന് പ്രവചിക്കാനാവില്ലെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.

ചൊവ്വാഴ്ച വരെ ചൂടും മൂടിക്കെട്ടിയ കാലാവസ്ഥയും തുടരും. ദുബായിലേയും അബുദബിയിലേയും ഏറ്റവും കുറഞ്ഞ താപനില 30-40 ലെത്തി. അബുദബി എയര്‍പോര്‍ട്ടില്‍ 34 ഡിഗ്രി സെല്‍ഷ്യസും, ജുമെയ്റയില്‍ 34.7 ഡിഗ്രി സെല്‍ഷ്യസും അജ്മാനില്‍ 32.8 ഡിഗ്രി സെല്‍ഷ്യസുമാണ് ചൂട്.