Tuesday , August   21, 2018
Tuesday , August   21, 2018

വേഷത്തെ ചോദ്യം ചെയ്തു; വിദ്യാര്‍ഥിനി വസ്ത്രമുരിഞ്ഞു

ന്യൂയോര്‍ക്ക്- ഇറക്കം കുറഞ്ഞ ഷോര്‍ട്ട് ധരിച്ചതിനെ ചോദ്യം ചെയ്ത അസി. പ്രൊഫസര്‍ക്കു മുന്നില്‍ വിദ്യാര്‍ഥിനി അടിവസ്ത്രം മാത്രം ധരിച്ചെത്തി. ഇത്താക്കയിലെ സ്വകാര്യ, ഗവേഷണ സ്ഥാപനമായ കോര്‍ണല്‍ യൂനിവേഴ്‌സിറ്റിയുടെ ഫിസിക്കല്‍ സയന്‍സ് കോണ്‍ഫറന്‍സ് റൂമിലാണ് സംഭവം. 
ലെറ്റീഷ്യ ചായ് എന്ന മുതിര്‍ന്ന വിദ്യാര്‍ഥിനിയാണ് തന്റെ ഗവേഷണ പ്രസന്റേഷനുമായി അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ട് അസി.പ്രൊഫസര്‍ റേബക്ക മഗോറിന്റെ മുന്നിലെത്തിയത്. പ്രസന്റേഷന്‍ ട്രയല്‍ അവതരിപ്പിക്കാനെത്തിയപ്പോള്‍ ലെറ്റീഷ്യ ധരിച്ച ഷോര്‍ട്ടിനോട് റബേക്ക മഗോര്‍ മുഖം ചുളിച്ചിരുന്നു. ഇതില്‍ പ്രതിഷേധിക്കാനാണ് ലെറ്റീഷ്യ വസ്ത്രമുരിഞ്ഞത്. വിദ്യാര്‍ഥിനിയെ പിന്തുണച്ചുകൊണ്ട് 28 സഹപാഠികളുമുണ്ടായിരുന്നു. 
വസ്ത്രം ശരിയല്ലെന്ന റിപ്പോര്‍ട്ട് എഴുതുമെന്ന് അസി.പ്രൊഫസര്‍ പറഞ്ഞതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. ധരിച്ചിരിക്കുന്ന വസ്ത്രത്തെ കുറിച്ച് അമ്മ എന്തു കരുതുമെന്ന് മഗോര്‍ വിദ്യാര്‍ഥിനിയോട് ചോദിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തന്റെ അമ്മ ഫെമിനിസ്റ്റാണെന്നും ജന്‍ഡര്‍ സ്റ്റഡീസ് പ്രൊഫസറായ അവര്‍ ഒന്നും കരുതില്ലെന്നുമാണ് ലെറ്റീഷ്യ മറുപടി നല്‍കിയത്. 
യൂനിവേഴ്‌സിറ്റിയില്‍ കര്‍ശന ഡ്രസ് കോഡ് ഇല്ലെങ്കിലും മഗോറിന്റെ കോഴ്‌സില്‍ വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണം പരിശോധിക്കപ്പെടുമെന്ന് വ്യക്തമാക്കുന്നുണ്ട്. ലെറ്റീഷ്യയുടെ നടപടി ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍തന്നെ രംഗത്തുവന്നു.